UDF

2015, ജൂലൈ 13, തിങ്കളാഴ്‌ച

അറ്റോര്‍ണിയുടെ നടപടിക്കെതിരെ പ്രധാനമന്ത്രിക്കു കത്തയയ്ക്കും


തിരുവനന്തപുരം : കേരളത്തിലെ ബാര്‍ ഉടമകള്‍ക്കുവേണ്ടി കേന്ദ്ര അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ ഹാജരായതിനെതിരേ കേരളത്തിന്റെ കടുത്ത പ്രതിഷേധം അറിയിച്ചുകൊണ്ട്  പ്രധാനമന്ത്രിക്ക്  കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കേസ് ജൂലൈ 28നു വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വരുമ്പോള്‍ ഒരു കാരണവശാലും ഇതാവര്‍ത്തിക്കരുതെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. 

സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിക്കൊണ്ടാണ് എജി ഇപ്രകാരം ചെയ്തത് എന്നത് നീതിബോധമുള്ളവരെ ഞെട്ടിപ്പിക്കുന്നതാണ്.  ഇത് അതീവ ഗുരുതരമായ വിഷയമാണെന്നും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും  മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക ഉത്തരവാദിത്വത്തോടെ നടപ്പാക്കുന്ന ഘട്ടംഘട്ടമായ മദ്യനിരോധന പരിപാടിക്ക് പൂര്‍ണ പിന്തുണ നല്കാനുള്ള ഉത്തരവാദിത്വമാണ് കേന്ദ്രത്തിനുള്ളത്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട യാതൊരു വിഷയവും ഇതിലില്ല. രാജ്യത്തോടും ജനങ്ങളോടും പ്രതിബദ്ധതയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ഉറച്ച പിന്തുണയാണു നല്‌കേണ്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

എജി ഹാജരാകുന്നതിനെക്കുറിച്ച് സുപ്രീം കോടതി തന്നെ ചോദ്യമുന്നയിച്ചിട്ടും അദ്ദേഹം മുന്നോട്ടു പോകുകയാണു ചെയ്തത്. ഇത് കേരളത്തോടു ചെയ്ത അനീതിയാണെന്ന്  മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.