UDF

2015, മാർച്ച് 31, ചൊവ്വാഴ്ച

മൂന്നു പദ്ധതികളില്‍ കൂടി യു.എ.ഇ. നിക്ഷേപം

  

യുഎഇ കേരളത്തിലെ 3 പദ്ധതികളില്‍ കൂടി മുതല്‍മുടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഎഇ സാമ്പത്തികകാര്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍മന്‍സൂരിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം . വല്ലാര്‍പാടം, സ്മാര്‍ട് സിറ്റി പദ്ധതികള്‍ക്ക് പുറമെ മൂന്ന് പദ്ധതികള്‍ക്ക് കൂടിയാണ് ധനസഹായം നല്‍കുക. പദ്ധതികളുടെ മുന്‍ഗണനാക്രമം കേരളമാണ് തീരുമാനിക്കേണ്ടതെന്നും സാമ്പത്തിക മന്ത്രി പറഞ്ഞു. ദുബായില്‍ നടക്കുന്ന രാജ്യാന്തര നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി . 

അന്താരാഷ്ട്ര നിക്ഷേപക സംഗമത്തില്‍ പ്രത്യേക ക്ഷണിതാവായാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ദുബായ് സര്‍ക്കാര്‍ ഒരുക്കിയ അത്താഴവിരുന്നിലും മുഖ്യമന്ത്രി പങ്കെടുത്തു.   സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ജൂണ്‍ ആദ്യവാരം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ദുബായില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തൃപ്തി രേഖപ്പെടുത്തി. ആദ്യഘട്ടത്തില്‍ ആറര ലക്ഷം സ്ക്വയര്‍ ഫീറ്റാണ് സ്മാര്‍ട്ട് സിറ്റിയില്‍ പൂര്‍ത്തിയാവുക. ഇതിന്റെ ഉദ്ഘാടനത്തോടൊപ്പം രണ്ടാം ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങും. 40 ലക്ഷം സ്ക്വയര്‍ ഫീറ്റിലാണു രണ്ടാം ഘട്ടത്തില്‍ സ്മാര്‍ട്ട് സിറ്റി ഉയരുക. 50,000ലധികം പേര്‍ക്ക് ജോലി ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 


അതേസമയം വല്ലാര്‍പാടത്തിനും സ്മാര്‍ട് സിറ്റിക്കും പുറമെയാണ് കേരളത്തില്‍ മൂന്നു പ്രധാന പദ്ധതികളില്‍ നിക്ഷേപം നടത്താനുള്ള താല്‍പര്യം യുഎഇ ധനമന്ത്രി അറിയിച്ചിരിക്കുന്നത്‌ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച ചര്‍ച്ച നടത്തി . 140 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും മന്ത്രിമാരുമാണ് മൂന്ന് ദിവസത്തെ സംഗമത്തില്‍ പങ്കെടുക്കുന്നത്. ആഗോള നിക്ഷേപകസംഗമത്തിന്റെ ഭാഗമായി ഒരുക്കുന്ന വിപുലമായ പ്രദര്‍ശനത്തില്‍ കേരള വ്യവസായവകുപ്പിന്റെ പവലിയനുമുണ്ട്. ടൂറിസം, ഐ.ടി., വ്യവസായം, ആയുര്‍വേദം തുടങ്ങിയ മേഖലകളിലെ കേരളത്തിലെ നിക്ഷേപസാധ്യതകള്‍ ലോകത്തിന് പരിചയപ്പെടുത്താനുദ്ദേശിച്ചുള്ളതാണ് പവലിയന്‍. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ വിവിധ തലങ്ങളിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളും മുഖ്യമന്ത്രിക്കായി ഒരുക്കുന്നുണ്ട്. കേരളത്തിലെ ഐ.ടി. പാര്‍ക്കുകളിലേക്ക് കൂടുതല്‍ കമ്പനികളെ ക്ഷണിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കും. ചൊവ്വാഴ്ച കാലത്ത് ഇന്ത്യ-യു.എ.ഇ. വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചുള്ള മറ്റൊരു സെമിനാറിലും മുഖ്യമന്ത്രി സംബന്ധിക്കുന്നുണ്ട്. കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൊവ്വാഴ്ച നാലരയ്ക്ക് സമ്മേളനത്തില്‍ സംസാരിക്കും. രണ്ടാം തിയ്യതി അദ്ദേഹം കേരളത്തിലേക്ക് മടങ്ങും. ഞായറാഴ്ച രാത്രി പത്തരയോടെ ഷാര്‍ജയില്‍ എത്തിയ ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ ധാരാളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.