UDF

2015, മാർച്ച് 12, വ്യാഴാഴ്‌ച

ഗോവധ നിരോധനം കേരളത്തില്‍ നടപ്പാക്കില്ല


 ഗോ വധം നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കില്ലെന്നും  ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്നും ശമ്പളപരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് സമയബന്ധിതമായി നടപ്പാക്കുമെന്നും വ്യക്തമാക്കി.  നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ ബാധിക്കുന്ന മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെയും തീരപരിപാലന നിയമത്തിനെതിരെയും കേരളത്തിനു ശക്തമായ നിലപാടാണെന്നും വ്യക്തമാക്കി.

റബര്‍ വിലയിടിവിനു പരിഹാരം കാണാന്‍ സാധ്യമായ എല്ലാ വഴിയും തേടും. വികസന പ്രവര്‍ത്തനങ്ങള്‍ക്കു കടം വാങ്ങും, വേണ്ടവിധം ഉപയോഗിക്കും. ഈ സര്‍ക്കാര്‍ ഇതുവരെ പിഎസ്‌സി വഴി 1,20,316 പേര്‍ക്കു ജോലി നല്‍കി. 22,058 പുതിയ തസ്തിക സൃഷ്ടിച്ചു. വിഭിന്ന ശേഷിയുള്ള 2677 പേരെ നിയമിച്ചു. പാലക്കാട് ഐഐടിയില്‍ ഈ വര്‍ഷം തന്നെ പ്രവേശനം നടത്തി ക്ലാസുകള്‍ ആരംഭിക്കും. കേരളത്തിന് അര്‍ഹതപ്പെട്ട ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നേടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന പദവി നേടിയെടുക്കും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി അല്‍പം വൈകിയെങ്കിലും സമയനഷ്ടം പരിഹരിക്കത്തക്ക നിലയില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും.  സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയതു കെ.എം. മാണിയുടെ ലോട്ടറി പദ്ധതിയാണ്. കാരുണ്യ ഫണ്ടിലൂടെ 650.37 കോടി രൂപ പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു 412 കോടി രൂപയും. കൃഷി മേഖലയില്‍ ഉല്‍പാദനം വര്‍ധിച്ചെന്നും നീര ഉല്‍പാദനം കേര കര്‍ഷകരുടെ സാമ്പത്തികസ്ഥിതി മാറ്റിമറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.