UDF

2014, ജൂൺ 3, ചൊവ്വാഴ്ച

പശ്ചിമഘട്ടം : മുഖ്യമന്ത്രി കേന്ദ്ര വനം-പരിസ്ഥിതിമന്ത്രിയുമായി ചര്‍ച്ച നടത്തി.

പശ്ചിമഘട്ടം : മുഖ്യമന്ത്രി കേന്ദ്ര വനം-പരിസ്ഥിതിമന്ത്രിയുമായി ചര്‍ച്ച നടത്തി. 
 
 

ന്യൂഡല്‍ഹി : പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് കേന്ദ്രം അനുകൂലമാണെന്ന വാര്‍ത്തകള്‍ക്കിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്‌ദേക്കറുമായി ചര്‍ച്ച നടത്തി. 

ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചു മാത്രമേ കേന്ദ്രം അന്തിമതീരുമാനമെടുക്കൂവെന്നാണ് മുഖ്യന്ത്രിക്ക് ലഭിച്ച മറുപടി. ബുധനാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാവുമെന്ന വാര്‍ത്തകള്‍ മന്ത്രി ജാവ്‌ദേക്കര്‍ നിഷേധിച്ചു. 

കേരളത്തിന്റെ ആശങ്കകള്‍ പരിസ്ഥിതിമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോഴും മുഖ്യമന്ത്രി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യം ഉന്നയിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തില്‍ നിന്ന് കാര്യമായി ഉറപ്പോ മറുപടിയോ ഒന്നും ലഭിച്ചില്ല. ഉച്ചയ്ക്ക് പരിസ്ഥിതിമന്ത്രി ജാവ്‌ േദക്കറുമായി ഉമ്മന്‍ചാണ്ടി വിഷയം ചര്‍ച്ച ചെയ്തു. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും പരിഗണിച്ചുകൊണ്ടല്ലാതെ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാവില്ലെന്ന് ജാവ്‌ദേക്കര്‍ വ്യക്തമാക്കി. 

പരിസ്ഥിതി സംരക്ഷണത്തിന് കേരളം വലിയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍, റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ പശ്ചിമഘട്ടമേഖലയിലെ കര്‍ഷകരെയും അവരുടെ ജീവനോപാധികളെയും ബാധിക്കുമോയെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. 

ജനങ്ങളുടെ ആശങ്ക പരിഗണിച്ച് പശ്ചിമഘട്ട സംരക്ഷണം ഉറപ്പാക്കുമെന്നായിരുന്നു ജാവ്‌ദേക്കര്‍ നല്‍കിയ മറുപടി. പരിസ്ഥിതി സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതുപോലെ ജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കും. പരിസ്ഥിതിസംരക്ഷണവും വികസനവും ഒന്നിച്ചുകൊണ്ടുപോവുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. പശ്ചിമഘട്ട സംരക്ഷണത്തിനായി നാലു സംസ്ഥാനങ്ങളുമായി വിശദമായി ചര്‍ച്ച നടത്തും. അതുകഴിഞ്ഞേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവൂ - ജാവ്‌ദേക്കര്‍ അറിയിച്ചു.

ചര്‍ച്ച തൃപ്തികരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.