UDF

2013, നവംബർ 17, ഞായറാഴ്‌ച

ജനങ്ങള്‍ക്ക് ആശങ്ക വേണ്ട, ആരെയും കുടിയിറക്കില്ല

ജനങ്ങള്‍ക്ക് ആശങ്ക വേണ്ട, ആരെയും കുടിയിറക്കില്ല

 ജനങ്ങള്‍ക്ക് ആശങ്ക വേണ്ട, ആരെയും കുടിയിറക്കില്ല -ഉമ്മന്‍ ചാണ്ടി
‘സംസ്ഥാനത്തെ വിശ്വാസത്തിലെടുത്തില്ല’
 

തിരുവനന്തപുരം: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയ കേന്ദ്ര തീരുമാനത്തിലെ അപാകതകള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റിപ്പോര്‍ട്ടിന്‍െറ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ വിശ്വാസത്തിലെടുത്തില്ളെന്ന് പറഞ്ഞ മുഖ്യമന്ത്രി, അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാമായിരുന്നെന്നും അഭിപ്രായപ്പെട്ടു. വിജ്ഞാപനപ്രകാരം ആരെയും കുടിയിറക്കില്ളെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


റിപ്പോര്‍ട്ടിലെ പോരായ്മ പരിഹരിക്കുകയോ നിര്‍ദേശം സമര്‍പ്പിച്ച സംസ്ഥാനങ്ങളോട് ചര്‍ച്ച ചെയ്യുകയോ ചെയ്യാതെ ഏകപക്ഷീയമായി വിജ്ഞാപനം ഇറക്കിയതാണ് പ്രതിഷേധ കാരണം. വിഷയം കേന്ദ്ര ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹരിക്കും. കേന്ദ്ര വനംമന്ത്രിയുമായി സംസാരിക്കും. ആവശ്യമെങ്കില്‍ ദല്‍ഹിയില്‍ പോകും. സര്‍വകക്ഷി യോഗവും വിളിക്കും.
ജനങ്ങളെയും കൃഷി ഉള്‍പ്പെടെ ജീവനോപാധികളെയും ബാധിക്കാതെ മാത്രമേ അവസാന രൂപം ഉണ്ടാക്കൂ. ഇപ്പോഴത്തെ വിജ്ഞാപന പ്രകാരം അഞ്ച് കാര്യങ്ങളിലൊഴികെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ല. അഞ്ച് കാര്യങ്ങളില്‍ തന്നെ മാറ്റം ഉള്‍ക്കൊള്ളാന്‍ വ്യവസ്ഥയുണ്ട്. ജനങ്ങളുടെ ആശങ്ക മാറ്റാന്‍ നടപടി സ്വീകരിക്കും.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിച്ച സമിതി തുടരും. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് മുന്നോട്ടുപോകും. കമ്മിറ്റിയോട് ജനങ്ങള്‍ സഹകരിക്കണം. ഇപ്പോഴത്തെ പോലെ കൃഷി തുടരാനും ജീവനോപാധി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും തടസ്സമില്ല. പ്രതിഷേധ സമരങ്ങള്‍ പല ഭാഗത്തും അക്രമത്തിലേക്ക് നീങ്ങിയിട്ടുണ്ട്. അക്രമങ്ങളില്‍നിന്ന് വിട്ടു നില്‍ക്കണം. പ്രതിഷേധിക്കാനും വികാരം പ്രകടിപ്പിക്കാനും അവകാശമുണ്ട്. പക്ഷേ അക്രമത്തിലേക്ക് നീങ്ങരുത്. മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കരുത്. റിപ്പോര്‍ട്ടിനെ കുറിച്ച പ്രചാരണങ്ങള്‍ ബോധപൂര്‍വമാണെന്ന് കരുതുന്നില്ല. ഭയത്തിന്‍െറ സാഹചര്യമുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍നിന്ന് വളരെ മാറ്റങ്ങളോടെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടെങ്കിലും ചില വിഷയങ്ങളില്‍ പ്രശ്നമുണ്ട്. ഈ വിവരം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്നാണ് സര്‍വകക്ഷി യോഗം വിളിക്കുകയും സംസ്ഥാന തലത്തില്‍ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തത്.


കേന്ദ്ര സര്‍ക്കാറിനെ ബോധ്യപ്പെടുത്തി വിജ്ഞാപനത്തില്‍ മാറ്റം വരുത്താനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് സര്‍ക്കാര്‍ എതിരല്ല.