UDF

2013, മേയ് 28, ചൊവ്വാഴ്ച

ഇച്ഛാശക്തിയും യോജിപ്പുമില്ലാത്തത് വികസനത്തിന് പ്രതിബന്ധം

ഇച്ഛാശക്തിയും യോജിപ്പുമില്ലാത്തത് വികസനത്തിന് പ്രതിബന്ധം 

 

ഇച്ഛാശക്തിയും യോജിപ്പുമില്ലാത്തത് വികസനത്തിന് പ്രതിബന്ധം -മുഖ്യമന്ത്രി

 ഇച്ഛാശക്തിയില്ലായ്മയും യോജിപ്പില്ലായ്മയുമാണ് സംസ്ഥാന വികസനത്തിന് പ്രതിബന്ധമാകുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൊഴില്‍ പ്രശ്നമോ പണത്തിന്‍െറ കുറവോ ഇപ്പോഴില്ല. വികസന കാര്യങ്ങളില്‍ പാര്‍ട്ടികള്‍ക്ക് ഭരണത്തിലിരിക്കുമ്പോഴത്തെ നിലപാടല്ല പ്രതിപക്ഷത്തിരിക്കുമ്പോള്‍. വികസനത്തില്‍ സ്ഥിരം നിലപാട് രാഷ്ട്രീയ കക്ഷികള്‍ സ്വീകരിക്കാത്തതാണ് പല പ്രശ്നങ്ങള്‍ക്കും കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രസ്ക്ളബ് സംഘടിപ്പിക്കുന്ന ‘സമകാലിക രാഷ്ട്രീയവും കേരള വികസനവു’മെന്ന ചര്‍ച്ചാ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാറുകള്‍ മാറിമാറി വരുമെന്നിരിക്കെ വികസന രംഗത്ത് പ്രായോഗിക സമീപനം സ്വീകരിക്കുകയാണ് വേണ്ടത്. ദുബൈ സര്‍ക്കാറിന്‍െറ വിദേശ രാജ്യത്തുള്ള ആദ്യ സംരംഭം എന്ന നിലയ്ക്കാണ് സ്മാര്‍ട്ട്സിറ്റി കൊണ്ടുവരാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചത്. അത് യാഥാര്‍ഥ്യമായെങ്കില്‍ ലോകത്തെ എല്ലാ കമ്പനികളും കൊച്ചിയിലേക്ക് വരുമായിരുന്നു. സ്മാര്‍ട്ട്സിറ്റിക്ക് നഷ്ടപ്പെട്ട ആറേഴ് വര്‍ഷങ്ങള്‍ താങ്ങാനാകാത്ത നഷ്ടമാണ് ഉണ്ടാക്കിയത്.

സുതാര്യമായാണ് കടല്‍ വിമാന പദ്ധതി തുടങ്ങിയത്. ഇപ്പോള്‍ അതിന്‍െറ പേരിലും തര്‍ക്കമായി. മത്സ്യത്തൊഴിലാളികള്‍ക്ക് ഒരുവിധ പ്രയാസവുമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകില്ല. ടൂറിസം രംഗത്ത് ഗുണമുണ്ടാകുന്ന പദ്ധതിയാണിത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കി ദോഷകരമാകുമെങ്കില്‍ പുനരാലോചിക്കാം. പദ്ധതിയെ മുന്‍വിധിയോടെ കാണുന്നത് ഗുണമാകില്ല. എല്ലാ പദ്ധതികളും സുതാര്യവും പ്രായോഗികവും പരിസ്ഥിതിക്കിണങ്ങുന്നതുമാകണം.

ആറന്മുള വിമാനത്താവളത്തിന്‍െറ റണ്‍വേക്ക് ഭൂമി നികത്തണമെന്നുണ്ടെങ്കില്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് കാര്യങ്ങള്‍ക്ക് നികത്താന്‍ അനുവദിക്കില്ല. പദ്ധതിയുമായി ബന്ധപ്പെട്ട തെറ്റായ വിജ്ഞാപനം റദ്ദാക്കും. പദ്ധതി പ്രദേശത്തെ മിച്ചഭൂമി സാങ്കേതികം മാത്രമാണ്. അപേക്ഷ കൊടുത്താല്‍ സര്‍ക്കാറിന് ഇളവ് നല്‍കാനാകും. സ്മാര്‍ട്ട്സിറ്റി പദ്ധതിക്കും ഇളവ് നല്‍കിയിരുന്നു. ഈ സര്‍ക്കാറിന്‍െറ കാലത്ത് ഒരിഞ്ച് ഭൂമി പോകും നികത്തിയിട്ടില്ല. ഭൂമി റിയല്‍ എസ്റ്റേറ്റിന് ഉപയോഗിക്കാമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് നടക്കില്ല.

വികസനത്തിന് ഭൂമിയേറ്റെടുക്കാന്‍ പുതിയ തന്ത്രം ആവിഷ്കരിക്കും. സ്ഥലം വിട്ടുനല്‍കുന്ന ആളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനൊപ്പം താങ്ങാനാകാത്ത ഭൂമി വില ഒഴിവാക്കുകയും വേണം. അവശേഷിക്കുന്ന ഭൂമിയുടെ വികസനത്തിനും കെട്ടിട നിര്‍മാണ ചട്ടത്തിലും ഇളവുകള്‍ നല്‍കുന്നത് പരിഗണിക്കും. വസ്തുവിലയും വികസനാവശ്യങ്ങളും സമന്വയിപ്പിക്കാന്‍ നോക്കും. വികസന കാര്യങ്ങളില്‍ ഭൂമി ലഭ്യത, പരിസ്ഥിതി സംരക്ഷണം എന്നിവ പ്രധാന വിഷയങ്ങളാണ്. കൊച്ചി തമ്മനത്ത് 14 കോടിയുടെ റോഡ് വികസന പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാന്‍ 120 കോടി നല്‍കേണ്ട സ്ഥിതിയാണ്. കൊച്ചി മെട്രോക്ക് ഭൂമി ഏറ്റെടുക്കാന്‍ സെന്‍റിന് 55 ലക്ഷം രൂപ നല്‍കേണ്ടി വന്നു.
വിവാദങ്ങള്‍ വികസനത്തിന് തടസ്സമാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍െറ സാധ്യത പരമാവധി ഉപയോഗപ്പെടുത്തി മുന്നോട്ട് പോകണം. വികസനത്തിന് തടസ്സം നില്‍ക്കുന്ന സമീപനം തൊഴിലാളികളോ സംഘടനാ നേതാക്കളോ സ്വീകരിക്കുന്നില്ല. നോക്കുകൂലിയെ പോലും എല്ലാവരും എതിര്‍ക്കുന്നു.

വികസനം വരാതിരിക്കുന്നതില്‍ തൊഴിലാളികളെ കുറ്റം പറയാനാകില്ല. ശ്രേഷ്ഠഭാഷാ പദവി നേടാന്‍ ഒന്നിച്ചതിന്‍െറ നേട്ടമുണ്ടായി. നഷ്ടം വരുന്നത് സമീപനത്തിലെ വ്യത്യാസം കൊണ്ടാണ്. അത് ഇനിയും കേരളത്തിന് താങ്ങാനാകില്ല. മാധ്യമങ്ങള്‍ക്ക് വികസന രംഗത്ത് കൂടുതല്‍ പോസിറ്റീവായി ഇടപെടാന്‍ കഴിയുമെന്നും നെഗറ്റീവ് സമീപനമാണുള്ളതെന്ന് പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രസ്ക്ളബ് പ്രസിഡന്‍റ് പി.പി. ജയിംസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു ചന്ദ്രശേഖര്‍ സ്വഗതവും ട്രഷറര്‍ ജയന്‍ മേനോന്‍ നന്ദിയും പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ മക്കളില്‍ എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയത്തിലും എ പ്ളസ് നേടിയവര്‍ക്ക് മുഖ്യമന്ത്രി കാഷ് അവാര്‍ഡ് നല്‍കി.