UDF

2013, മേയ് 14, ചൊവ്വാഴ്ച

ഇനി വേണ്ടത് ആരോഗ്യത്തിനുള്ള അവകാശം

 

ഇനി വേണ്ടത് ആരോഗ്യത്തിനുള്ള അവകാശം -മുഖ്യമന്ത്രി

ഇനി വേണ്ടത് ആരോഗ്യത്തിനുള്ള അവകാശം -മുഖ്യമന്ത്രി
ഡോക്ടര്‍ മിംസ് ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് ഡോ. രാജന്‍ ജോസഫ് മാഞ്ഞൂരാന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിക്കുന്നു.

കോഴിക്കോട്: ആരോഗ്യത്തിനുള്ള അവകാശമാണ് (റൈറ്റ് ടു ഹെല്‍ത്ത്) ഇനി നമുക്കാവശ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മിംസ് (മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) ആശുപത്രിയുടെ പ്രഥമ ഡോ. മിംസ് പുരസ്കാരം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇതടക്കമുള്ള പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഇന്നുകിട്ടുന്ന എല്ലാ ചികിത്സകളും കേരളത്തില്‍ ലഭ്യമാണ്. എന്നാലത് എല്ലാവര്‍ക്കും ലഭിക്കുന്നില്ല എന്നതാണ് സര്‍ക്കാറിന്‍െറ ഏറ്റവും വലിയ വെല്ലുവിളി. സംസ്ഥാനത്ത് ആധുനിക ചികിത്സ നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് കോക്ളിയര്‍ ഇംപ്ളാന്‍റ് സൗജന്യമായി ചെയ്യുന്നത്. ജനറിക് മെഡിസിന്‍ ഈ വര്‍ഷം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ ഡോ. രാജന്‍ ജോസഫ് മഞ്ഞൂരാനും ആരോഗ്യമേഖലയിലെ നൂതനാശയങ്ങള്‍ക്കുള്ള പുരസ്കാരം റേഡിയോളജിസ്റ്റ് ഡോ. ബേബി മനോജിനും (തലശ്ശേരി), അച്ചടി/ദൃശ്യമാധ്യമ പുരസ്കാരം മാതൃഭൂമി ആരാഗ്യമാസികക്കും മുഖ്യമന്ത്രി സമ്മാനിച്ചു. സര്‍ട്ടിഫിക്കറ്റ് വിതരണം മന്ത്രി ഡോ. എം.കെ. മുനീറും ഒരു ലക്ഷം രൂപയുടെ ചെക്ക് മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനും നല്‍കി. ഡോ. രമേശ് ഭാസി സ്വാഗതവും മിംസ് എം.ഡി ഡോ. അബ്ദുല്ല ചെറയക്കാട്ട് നന്ദിയും പറഞ്ഞു.