കുട്ടിക്കൂട്ടത്തിന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് വഴികാട്ടി -മുഖ്യമന്ത്രി

തിരുവനന്തപുരം: കേരം കാക്കാന്‍ കുട്ടിക്കൂട്ടമെത്തി. അവര്‍ക്കായി പാര്‍ലമെന്റ് ഒരുങ്ങി. പാര്‍ലമെന്റില്‍ അവര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കൃഷിസംരക്ഷണത്തിന് സര്‍ക്കാരിനുപോലും വഴികാട്ടിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
'മാതൃഭൂമി'യുടെ 'കേരം കാക്കാന്‍ കുട്ടിക്കൂട്ടം' പരിപാടിക്കായി വിവിധ മത്സരങ്ങളിലൂടെ തിരഞ്ഞെടുത്ത 70 മിടുക്കരാണ് പാര്‍ലമെന്റിനെത്തിയത്. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലം, കുട്ടിപാര്‍ലമെന്റായി മാറി. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു. ഓരോ ജില്ലയ്ക്കും അഞ്ചുപേര്‍ വീതമുള്ള ടീമുകള്‍ പാര്‍ലമെന്റില്‍ കേരസംരക്ഷണത്തിനായി തങ്ങള്‍ നടത്തിയ പരിശ്രമങ്ങളെയും ഗവേഷണങ്ങളെയും കുറിച്ച് സംസാരിച്ചു.
മലപ്പുറം ജില്ലയുടെ അവതരണം നടക്കവെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെത്തിയത്. ഒരുമണിക്കൂറോളം അദ്ദേഹം കുട്ടിപാര്‍ലമെന്റില്‍ ചെലവഴിച്ചു. നിങ്ങളുടെ നിര്‍ദേശങ്ങള്‍ കൃഷിയിലേയ്ക്കുള്ള ഒരു തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന് ഞാന്‍ കരുതുന്നു. 'മാതൃഭൂമി'യുടെ ഈ പദ്ധതി കുഞ്ഞുങ്ങളില്‍ കൃഷിയുടെ പ്രാധാന്യം വളര്‍ത്താന്‍ ഉപകരിക്കും'' -മുഖ്യമന്ത്രി പറഞ്ഞു.
സ്‌കൂളുകളില്‍ പാലിനും മുട്ടയ്ക്കും പകരം ഇളനീര്‍ നല്‍കുക, നീര ബോര്‍ഡ് തുടങ്ങുക, കേര ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും കര്‍ഷകരെ സഹായിക്കാനും കേരകൂടാരം തുടങ്ങുക, കേര വികസന സഹകരണസംഘം രൂപവത്കരിക്കുക, തുടങ്ങിയ നിര്‍ദേശങ്ങള്‍ മികച്ചതാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി.
കുട്ടിപാര്‍ലമെന്റില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് വേണ്ടതെല്ലാം ചെയ്യുമെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാന്‍, കൃഷി ഡയറക്ടര്‍ ആര്‍.അജിത്കുമാര്‍, 'മാതൃഭൂമി' ബ്യൂറോ ചീഫ് ജി.ശേഖരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.