UDF

2013, മേയ് 14, ചൊവ്വാഴ്ച

'വിഷന്‍ 2030' ലക്ഷ്യമാക്കുന്നതു കരുതലോടെയുള്ള വികസനം

 

'വിഷന്‍ 2030' ലക്ഷ്യമാക്കുന്നതു കരുതലോടെയുള്ള വികസനം

 സാമൂഹിക വികസനത്തില്‍ മുന്നേറുകയും സാമ്പത്തിക വളര്‍ച്ചയില്‍ പിന്നോട്ടാവുകയും ചെയ്ത കേരളത്തെ സാമ്പത്തിക വളര്‍ച്ചയിലും കരുതലോടെ മുന്നിലെത്തിക്കാനാണു വിഷന്‍ 2030ലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രണ്ടാം വാര്‍ഷികത്തിനു മുന്നോടിയായി സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിനെക്കുറിച്ചു പത്രാധിപന്മാരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. പഞ്ചവത്സര പദ്ധതികള്‍ക്കതീതമായി 20 വര്‍ഷത്തെ വികസനം ലക്ഷ്യംവച്ചുള്ളതാണു വിഷന്‍ 2030. ഇതില്‍ തുറന്ന സംവാദം നടത്തി കരട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

പൊതു ധാരണ ഉണ്ടാക്കി ജൂണ്‍ അവസാനം വിഷന്‍ 2030 പ്രഖ്യാപിക്കും. സാമൂഹിക വികസനത്തില്‍ രാജ്യം ആഗോളതലത്തില്‍ 108-ാം സ്ഥാനത്താണെങ്കിലും കേരളം  ഫ്രാന്‍സിനൊപ്പം 40-ാം സ്ഥാനത്താണ്. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഗുജറാത്ത്  ഉള്‍പ്പെടെ പല സംസ്ഥാനങ്ങളെക്കാളും പിന്നിലാണു നാം. ഉല്‍പാദന ഘടന മാറ്റാനും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും കഴിയാതെപോയതാണു കാരണം. പൊതു വിദ്യാഭ്യാസത്തില്‍ രാജ്യത്ത് ഒന്നാമതെത്തിയപ്പോള്‍ ഉന്നത വിദ്യാഭ്യാസത്തില്‍ പിന്നാക്കം പോയി. അതു പരിഹരിക്കാനുള്ള ആദ്യ ചുവടുവയ്പായിരുന്നു. സ്വാശ്രയ പ്രഫഷനല്‍ കോളജുകള്‍.  കോളജുകള്‍ക്കു സ്വയംഭരണാവകാശം നല്‍കാനുള്ള തീരുമാനമാണു മറ്റൊന്ന്. വിവര സാങ്കേതികവിദ്യയിലൂടെ വിവരം കൈമാറുന്നതിനു പകരം വിവരം ഉല്‍പാദിപ്പിക്കാനാണ് അടുത്തതായി ലക്ഷ്യമിടുന്നത്. നമ്മുടെ സംസ്ഥാനത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തങ്ങളുടെ ഗവേഷണ വികസന വിഭാഗത്തിലൂടെ  പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തി ലോകത്തിനു കൈമാറണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തി ഇവിടം വിജ്ഞാനകേന്ദ്രങ്ങളാക്കണം. സംസ്ഥാനത്തു നല്ല വിജ്ഞാന നഗരങ്ങള്‍ വിഭാവന ചെയ്യുന്നതുവഴി വിഷന്‍ 2030 ഇതാണു ലക്ഷ്യംവയ്ക്കുന്നതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. ഏറ്റവും വലിയ പ്രശ്‌നമായി താന്‍ കാണുന്നതു രോഗവും ചികില്‍സയുമാണ്. അതു കൊണ്ടു ജനങ്ങള്‍ക്കു പരമാവധി നല്ല ചികില്‍സ ലഭ്യമാക്കുകയും സര്‍ക്കാരിന്റെ ചുമതലയാണ്. വിവരാവകാശവും സേവനാവകാശവും പോലെ ആരോഗ്യവും ജനങ്ങളുടെ അവകാശമാകണം. ആ ലക്ഷ്യം കൈവരിക്കുന്നതു വരെ പരമാവധി നല്ല ചികില്‍സ പാവപ്പെട്ടവര്‍ക്കു കൂടി ലഭ്യമാക്കാനാണു ശ്രമം. ആ ലക്ഷ്യത്തോടെയാണ് ആരോഗ്യ ഇന്‍ഷുറന്‍സും കാരുണ്യ ചികില്‍സാസഹായ നിധിയുമൊക്കെ.  കൂടുതല്‍ പ്രഖ്യാപനങ്ങള്‍ രണ്ടാം വാര്‍ഷികത്തില്‍ ഉണ്ടാകും.

ലോകത്തെവിടെയും കിട്ടുന്ന മെച്ചപ്പെട്ട ചികില്‍സ ഇന്നു കേരളത്തിലും ലഭ്യമാണ്. പക്ഷേ ചെലവ് താങ്ങാന്‍ സാധാരണക്കാര്‍ക്കാവില്ല. ഇതിനു ശാശ്വത പരിഹാരം ഉണ്ടാവണമെങ്കില്‍ ആരോഗ്യം പൗരന്റെ അവകാശമാകണം. കേന്ദ്ര സര്‍ക്കാരാണ് അതിനു മുന്‍കയ്യെടുക്കേണ്ടത്-മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രണ മന്ത്രി കെ.സി. ജോസഫ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖരന്‍, അംഗങ്ങളായ ജി. വിജയരാഘവന്‍, സി.പി. ജോണ്‍ എന്നിവരും പങ്കെടുത്തു.