UDF

2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

പൈതൃക സംരക്ഷണത്തിലൂടെ കാര്‍ഷിക സമൃദ്ധി ഉറപ്പാക്കും

പൈതൃക സംരക്ഷണത്തിലൂടെ കാര്‍ഷിക സമൃദ്ധി ഉറപ്പാക്കും

സംസ്ഥാനത്തെ പൊതു പൈതൃകങ്ങളായ ചിറകള്‍ സംരക്ഷിക്കുമെന്നും അതിലൂടെ കാര്‍ഷിക സമൃദ്ധിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൂത്തുപറമ്പ് കോട്ടയംചിറ നവീകരണ പ്രവൃത്തി ഉദ്ഘാടനവും സഹസ്ര സരോവര്‍ പദ്ധതി സംസ്ഥാനതല പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

 
ജൈവകൃഷി, ഔഷധകൃഷി, മത്സ്യസമ്പത്തിന്റെ ലഭ്യത എന്നിവ ഉറപ്പാക്കാന്‍ ചിറകളുടെ സംരക്ഷണത്തിലൂടെ കഴിയും. പച്ചക്കറി ലഭ്യത വര്‍ധിക്കാനും തരിശുഭൂമി കൃഷിയോഗ്യമാക്കാനും സുലഭമായ ജലസമ്പത്തിനും ഈ പദ്ധതി വഴി സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ.കെ. നാരായണന്‍, അഡ്വ. സണ്ണിജോസഫ്, എ.പി അബ്ദുല്ലക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.കെ.എ. സരള സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. കെ.എല്‍.ഡി.സി ചെയര്‍മാന്‍ ബെന്നി കക്കാട് ഏറ്റുവാങ്ങി. മാനേജിങ് ഡയറക്ടര്‍ ഡോ.പി.ജി രവീന്ദ്രനാഥ് പദ്ധതി വിശദീകരിച്ചു. കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. നസീര്‍ സ്വാഗതവും കെ.ഭാസകരന്‍ നന്ദിയും പറഞ്ഞു.


കാര്‍ഷിക സമൃദ്ധിയും പൈതൃകസംരക്ഷണവും ഉറപ്പാക്കാന്‍ 250 കോടിയോളം രൂപ ചെലവില്‍ സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയാണ് സഹസ്ര സരോവര്‍. നബാര്‍ഡിന്റെ സഹായത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആര്‍.കെ.വി.വൈ പദ്ധതി വഴിയാണ് നടപ്പിലാക്കുന്നത്. ആദ്യവര്‍ഷം 100, തുടര്‍ന്ന് 300, 600 ചിറകള്‍ എന്നിങ്ങനെയാണ് ആയിരംചിറ സംരക്ഷണം പൂര്‍ത്തിയാക്കുക. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും അഞ്ചുസെന്റോ അതില്‍ കൂടുതലോ ഉള്ള ചിറകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. കൃഷിവകുപ്പിനു കീഴിലെ കേരള ലാന്‍ഡ് ഡവലപ്മെന്റ് കോര്‍പറേഷനാണ് പദ്ധതി ചുമതല.