UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ജനുവരി 11, ഞായറാഴ്‌ച

എയര്‍കേരള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി



ഗാന്ധിനഗര്‍: എയര്‍ കേരള വിമാനക്കമ്പനി കേരളത്തില്‍ ആഭ്യന്തര സര്‍വീസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എയര്‍കേരളപദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മലയാളി പ്രവാസികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. 20 വിമാനങ്ങള്‍ വേണമെന്നും അഞ്ചുവര്‍ഷം ആഭ്യന്തര സര്‍വീസുകള്‍ നടത്തണമെന്നുമുള്ള നിബന്ധനകളില്‍ ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇരുപത് വിമാനങ്ങളുമായി അഞ്ച് വര്‍ഷം സര്‍വീസ് നടത്തിയാല്‍ മാത്രമേ എയര്‍ കേരളക്ക് അന്താരാഷ്ട്ര സര്‍വീസ് സാധ്യമാകൂ. ഇക്കാരണത്താലാണ് എയര്‍ കേരളയുടെ ആഭ്യന്തര സര്‍വീസ് എന്ന സാഹസത്തിന് കേരളം മുതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എയര്‍ ഇന്ത്യ യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ദീര്‍ഘനാളായി കേരളം ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും നിരക്ക് കൂടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഗുണനിലവാരം ഉയര്‍ത്താനായി തിരഞ്ഞെടുത്ത രാജ്യത്തെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കേരളത്തില്‍ നിന്ന് ഒന്നുപോലും ഉള്‍പ്പെട്ടിട്ടില്ല. ഇത് പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിറ്റി ക്ഷേമനിധി സംബന്ധിച്ച് അംബാസഡര്‍മാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിനോടും ഈ ആവശ്യമുന്നയിക്കും. നിക്ഷേപവുമായി പ്രവാസികള്‍ മുന്നോട്ടുവന്നാല്‍ സംസ്ഥാനത്തിന് സ്വന്തമായി കണ്‍വെന്‍ഷന്‍ സെന്റര്‍ വേണമെന്ന ആവശ്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാന്‍സര്‍ കെയര്‍ സെന്ററിനായി പ്രവാസികള്‍ സഹായം ചെയ്യണമെന്നും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി പ്രവാസികളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ പ്രവാസി പ്രതിനിധികളെപ്പോലെ സാധാരണക്കാരായ തൊഴിലാളികളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിനഗര്‍ മഹാത്മാ മന്ദിറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിലെ കേരള സെഷനില്‍ പ്രവാസികളുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നോര്‍ക്ക മന്ത്രി കെ സി ജോസഫ് അധ്യക്ഷത വഹിച്ചു. 

പ്രവാസിതൊഴിലാളികള്‍ക്കായി ഒരു ദിവസത്തെ പ്രത്യേക സെഷന്‍ വേണമെന്ന് സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് രാവിലെ പ്രധാന വേദിയില്‍ നടന്ന മുഖ്യമന്ത്രിമാരുടെ സെഷനില്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. പ്രവാസി ഭാരതീയ ദിവസില്‍ സാധാരണക്കാരെ പ്രതിനിധാനം ചെയ്യാന്‍ ആരുംതന്നെ ഇല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സെഷനിലെ തുറന്ന ചര്‍ച്ചാവേളയില്‍ നോര്‍ക്കാ റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് സാധാരണ തൊഴിലാളികള്‍ ആവശ്യമുന്നയിച്ചു. ഓരോ രാജ്യത്തുനിന്നും പ്രതിനിധികളെ മാറിമാറി ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. 



2015, ജനുവരി 10, ശനിയാഴ്‌ച

കേരളത്തിലെ ഗള്‍ഫ് റിക്രൂട്ടിങ് സര്‍ക്കാര്‍ വഴിയാക്കാന്‍ നിര്‍ദേശം




ഗാന്ധിനഗര്‍: ഗള്‍ഫിലേക്ക് കേരളത്തില്‍ നിന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍വഴി റിക്രൂട്ട്‌മെന്റുകള്‍ നടത്താന്‍ പ്രവാസി ഭാരതീയസമ്മേളനത്തില്‍ നിര്‍ദേശം. ആദ്യഘട്ടമായി കുവൈത്തിലേക്കുള്ള നിയമനങ്ങള്‍ക്ക് നോര്‍ക്കയെ ചുമതലപ്പെടുത്താനാണ് ആലോചന. കുവൈത്ത് അധികാരികളുമായി ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ കേരളം വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

അംഗീകൃത ഏജന്‍സികള്‍പോലും നിയമവിരുദ്ധമായ പ്രവൃത്തികള്‍ ചെയ്യുന്നതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി കേരളസര്‍ക്കാറിനെ നേരത്തേ അറിയിച്ചിരുന്നു. നോര്‍ക്കവഴി തൊഴില്‍ നിയമനങ്ങള്‍ നടത്താമെന്ന നിര്‍ദേശമാണ് ഇതിന് മറുപടിയായി കേരളം നല്‍കിയത്. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരും ഗള്‍ഫിലെ പ്രമുഖ സംഘടനാപ്രതിനിധികളും ഉള്‍പ്പെട്ട യോഗം മഹാത്മാമന്ദിറില്‍ ചേര്‍ന്ന് ഈ നയവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. 

കേരളീയര്‍ കുടുങ്ങുന്ന നിയമനത്തട്ടിപ്പുകളെപ്പറ്റി കുവൈത്ത് അംബാസഡര്‍ സുനില്‍ ജയിന്‍ വിശദീകരിച്ചു. നിയമനത്തിന് 15-20 ലക്ഷം രൂപ വരെ ഈടാക്കുന്ന സ്വകാര്യ ഏജന്‍സികളുണ്ട്. ഇതിന്റെ ഒരു വിഹിതം വിദേശരാജ്യത്തെ ഏജന്റിനും കിട്ടുന്നു. കുവൈത്തില്‍ നഴ്‌സുമാരുടെ ധാരാളം ഒഴിവുകള്‍ വരുന്നുണ്ട്. ഉടന്‍തന്നെ നാലായിരത്തോളം പേരുടെ റിക്രൂട്ട്‌മെന്റിന് സാധ്യതയുണ്ട്. 

നിലവില്‍ തൊഴില്‍വകുപ്പിന് കീഴിലുള്ള ഒഡേപ്പെക് ആണ് നിയമനം നടത്തുന്ന കേരളസര്‍ക്കാര്‍ ഏജന്‍സി. സൗദിയിലേക്ക് 166 നഴ്‌സുമാരുടെ നിയമനങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. നോര്‍ക്കയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്. കുവൈത്തിനുശേഷം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിയമനങ്ങളും നോര്‍ക്ക പരിഗണിക്കുമെന്ന് തീരുമാനങ്ങള്‍ വിശദീകരിച്ച് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഇനി മുതല്‍ സാധാരണക്കാരായ ഗള്‍ഫ് പ്രവാസികളുടെ പ്രതിനിധിയെയും ഉള്‍പ്പെടുത്തും. യു.എ.ഇ.യിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യാ തടവുകാരെ ഇന്ത്യയിലെ ജയിലുകളിലേക്ക് മാറ്റുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ഗള്‍ഫ് മേഖലയിലെ തൊഴില്‍പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും വിദേശകാര്യസഹമന്ത്രി വി.കെ. സിങ്ങിന്റെയും സാന്നിധ്യത്തില്‍ നടത്തിയ പൊതുചര്‍ച്ചയില്‍ വ്യക്തമാക്കി. ഇപ്പോള്‍ 900 പേരാണ് തടവിലുള്ളത്. 

നിക്ഷേപസാധ്യതകള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ എയര്‍ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ അവധിക്കാലത്ത് യാത്രക്കൂലി കുത്തനെ കൂട്ടുന്നതിനെ ഉമ്മന്‍ചാണ്ടി ശക്തമായി വിമര്‍ശിച്ചു. ഗള്‍ഫ് പുനരധിവാസപാക്കേജിന് കേന്ദ്രസഹായം തേടി. പ്രവാസികള്‍ക്ക് നാട്ടില്‍ റിയല്‍എസ്റ്റേറ്റ്, അടിസ്ഥാനസൗകര്യ രംഗങ്ങളില്‍ പങ്കാളികളാകാന്‍ ട്രസ്റ്റുകളും, സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍പോലുള്ള സംരംഭങ്ങളും രൂപവത്കരിക്കാന്‍ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിങ്ങിന് അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പാമോലിന്‍: തിരിച്ചടിയല്ല



ഗാന്ധിനഗര്‍:(ഗുജറാത്ത്) പാമോലിന്‍ കേസ് സംബന്ധിച്ച ഹൈക്കോടതിവിധി സര്‍ക്കാറിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രവാസിഭാരതീയ സമ്മേളനത്തിന് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ഹൈക്കോടതിവിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും. കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയാണ് ഹൈക്കോടതി തള്ളിയിട്ടുള്ളത്. മുമ്പ് യു.ഡി.എഫ്. ഭരിച്ചിരുന്നപ്പോഴേ ഈ കേസ് പിന്‍വലിക്കണമെന്ന അഭിപ്രായമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വി.എസ്. സര്‍ക്കാറാണ് അതിനെതിരായ നിലപാടെടുത്തത്-അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഇടപെട്ടു അല്ലിഅമ്മക്ക് സഹായം ഉറപ്പാക്കി



ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ കൊച്ചി കോര്‍പ്പറേഷന്‍ അധികൃതര്‍ വീട് പൊളിച്ചതിനെ തുടര്‍ന്ന് പെരുവഴിയിലായ അല്ലിയമ്മക്ക് അടിയന്തരമായി പുനരധിവാസം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എംജി രാജമാണിക്യം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശമനുസരിച്ച് അല്ലിയമ്മയെ സന്ദര്‍ശിച്ച ശേഷമാണ് ജില്ലാ കളക്ടര്‍ ഇക്കാര്യമറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അടിയന്തരസഹായമായി 5000 രൂപയും ജില്ലാ കളക്ടര്‍ കൈമാറി.

ഇന്നലെ വൈകീട്ടാണ് ജില്ല കളക്ടര്‍ തേവര കായല്‍ത്തീരത്തെ അല്ലിയമ്മയുടെ വീട്ടിലെത്തിയത്. തകര്‍ന്ന വീടിന്റെ ഇപ്പോഴത്തെ അവസ്ഥ ജില്ല കളക്ടര്‍ വിലയിരുത്തി. ഇക്കാര്യത്തില്‍ കൂടുതല്‍ നടപടിക്കായി മന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

പി.ഐ.ഷെയ്ക് പരീത് ജില്ല കളക്ടറായിരുന്നപ്പോള്‍ ഇക്കാര്യത്തില്‍ ഇവര്‍ക്കനുകൂലമായി ഒരു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തേവര ഭാഗത്തുതന്നെ പുനരധിവാസത്തിന് യോജിച്ച സ്ഥലമുണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കൂടുതല്‍ സഹായം ലഭ്യമാക്കുന്നതിനു മുഖ്യമന്ത്രി, റവന്യു മന്ത്രി എന്നിവരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഡിംസബര്‍ 31നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ തേവര മട്ടമേലിലുള്ള അല്ലിയമ്മയുടെ വീട് പൊളിച്ചത്. കൊച്ചിയില്‍ വന്‍കിട ഫഌറ്റുടമുകളും ഹോട്ടലുടമകളും കായല്‍ കയ്യേറിയ പരാതിയില്‍ നടപടിയെടുക്കാത്ത കോര്‍പ്പറേഷന്‍ അല്ലിയമ്മയുടെ വീട് പൊളിച്ചത് വലിയ പ്രതിഷേധത്തിനിടായാക്കിയിരുന്നു.

8 വര്‍ഷം മുമ്പ് അയല്‍വാസി നല്‍കിയ പരാതിയിലാണ് വീട് പൊളിക്കാനുള്ള കോടതി ഉത്തരവുണ്ടായത്. വീടിന് മുകളിലേക്ക് ചാരിനിന്നിരുന്ന അയല്‍വാസിയുടെ പറമ്പിലെ തെങ്ങ് മുറിപ്പിച്ചതിലുള്ള പ്രതികാരമായാണ് ഇയാള്‍ അല്ലിയമ്മക്കെതിരെ കേസ് കൊടുത്തത്. പരാതി നല്‍കിയ അയല്‍വാസിയുടെ ഭൂമിയുടെ പകുതിയോളം പുറമ്പോക്കാണെന്ന് അല്ലിയമ്മയുടെ ബന്ധുക്കള്‍ പറയുന്നു.

നേരത്തെ രണ്ട് തവണ വീട് പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ ഉത്തരവിനെതിരെ ബന്ധുക്കളുടെ സഹായത്തോടെ അല്ലിയമ്മ സ്‌റ്റേ സമ്പാദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിംസബറില്‍ വീടിന്റെ ചായ്പ്പ് പൊളിക്കാനുള്ള കോര്‍പ്പറേഷന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും അന്ന് ജില്ലാ കളക്ടറായിരുന്നു ഷെയ്ക് പരീത് ഇടപ്പെട്ട് തടഞ്ഞു.

2015, ജനുവരി 9, വെള്ളിയാഴ്‌ച

കുഞ്ഞുനന്ദനയ്ക്ക് മുഖ്യമന്ത്രി താങ്ങായി; 'ഒരു ലക്ഷം' ആശ്വാസം



തിരുവനന്തപുരം* ഏഴു വയസ്സുകാരി നന്ദനയുടെ സഹായ അഭ്യര്‍ഥനയ്ക്കു മുന്നില്‍ ചുവപ്പുനാടയുടെ കുരുക്കുകള്‍ തനിയെ അഴിഞ്ഞു. ഒരിക്കല്‍ സഹായം കിട്ടിയെന്ന പരിഗണന റവന്യു അദാലത്തിലെത്തിയ നന്ദനയ്ക്കു സഹായം ലഭിക്കുന്നതിനു തടസ്സമായില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മനസ്സലിവു കൂടിയായപ്പോള്‍ ചികില്‍സയ്ക്കായി ചെലവാക്കിയ തുകയുടെ ചെറിയൊരു പങ്ക് സര്‍ക്കാര്‍ സഹായമായി നന്ദനയ്ക്കുലഭിച്ചു. നന്ദനയ്ക്ക് ഒരു ലക്ഷം രൂപയുടെ സഹായം നല്‍കിയാണു ജില്ലാതല റവന്യു സര്‍വേ അദാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചത്. 

ബാലരാമപുരം ശ്രീകലാ ഭവനില്‍ വസന്തകുമാറിന്റെയും അനിതാകുമാരിയുടെയും മകളാണു നന്ദന. തട്ടുകട നടത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണു വസന്തകുമാര്‍ കുടുംബം പോറ്റുന്നത്. നന്ദനയുടെ ഒരു കാലിനു ജന്മനാ ചെറിയ വൈകല്യമുണ്ടായിരുന്നു. വിദഗ്ധ പരിശോധനയില്‍ നന്ദനയെ എല്ല് പൊടിയുന്ന രോഗമാണു പിടികൂടിയിരിക്കുന്നതെന്നു ബോധ്യമായി. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ശസ്ത്രക്രിയ നടത്തിയെങ്കിലും പൂര്‍ണമായി ഭേദമാക്കാന്‍ കഴിഞ്ഞില്ല. ശസ്ത്രക്രിയയ്ക്ക് ആറു ലക്ഷം രൂപയോളം ചെലവായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ചികില്‍സാസഹായമായി ഒരു ലക്ഷം രൂപ മുന്‍പു ലഭിച്ചിട്ടുണ്ട്. ഉദ്ഘാടനവേദിയില്‍ നന്ദനയെയും ഒക്കത്തേറ്റി വസന്തകുമാര്‍ എത്തിയപ്പോള്‍ ഒരിക്കല്‍ സഹായം കിട്ടിയതാണെന്ന സര്‍ക്കാര്‍ ഓഫിസുകളിലെ പൊതുന്യായം മാറ്റിവച്ച് ഒരു ലക്ഷം രൂപ കൂടി മുഖ്യമന്ത്രി 
അനുവദിച്ചു. 

ചികില്‍സാസഹായമായി നല്‍കിയ അഞ്ചു ലക്ഷം രൂപയാണ് ഇന്നലെ നടത്തിയ റവന്യു അദാലത്തില്‍ വിതരണം ചെയ്ത ഏറ്റവും കൂടിയ ധനസഹായം. കാട്ടാക്കട സ്വദേശിക്കാണ് അഞ്ചു ലക്ഷം രൂപ ലഭിച്ചത്. 


പ്രവാസികളുടെ പുനരധിവാസത്തിന് നടപടികള്‍ സ്വീകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി


ഗാന്ധിനഗര്‍: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗള്‍ഫ് മേഖലയിലെ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിതാഖാത് പോലെയുള്ള നടപടികള്‍ മൂലം പ്രവാസികള്‍ മടങ്ങിവരാന്‍ നിര്‍ബന്ധിതരാകുകയാണ്. അവരെ എങ്ങനെ പുനരധിവിസിപ്പിക്കാമെന്നും അവരുടെ കഴിവുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കേരള സര്‍ക്കാര്‍ ചില പുനരധിവാസ പാക്കേജുകള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അവ പൂര്‍ണ്ണമായി വിജയത്തിലെത്തിക്കാന്‍ സാധിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ഇക്കാര്യത്തില്‍ ആവശ്യമാണ്. മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂള്‍ അവധിക്കാലം പോലെ പ്രവാസികള്‍ നാട്ടില്‍ വരാന്‍ ഏറ്റവും തിരക്കു കൂട്ടുന്ന സമയത്ത് എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ അഞ്ചു മുതല്‍ 10 ശതമാനം വരെ ടിക്കറ്റ് നിരക്ക് കൂട്ടാറുണ്ടെന്നും ഈ ചൂഷണം കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്നും പ്രവാസികള്‍ക്ക് ഓണ്‍ലൈനായി വോട്ട് ചെയ്യാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കണമെന്നും തിരഞ്ഞെടുപ്പ് നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എല്ലാ ജില്ലകളിലും റവന്യൂ അദാലത്ത് സംഘടിപ്പിക്കും


തിരുവനന്തപുരം: റവന്യൂവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് എല്ലാ ജില്ലകളിലും പരാതിപരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്തിയ റവന്യൂ അദാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരിഹരിക്കാവുന്ന എല്ലാ കാര്യങ്ങള്‍ക്കും പരിഹാരമുണ്ടാക്കുക എന്ന വലിയ ലക്ഷ്യമാണ് അദാലത്തിലൂടെ പ്രാവര്‍ത്തികമാക്കുന്നത്. പരിഗണിക്കുന്ന കാര്യങ്ങള്‍ മാത്രമല്ല എന്തെല്ലാം തടസ്സങ്ങളും പ്രതിബന്ധങ്ങളുമാണ് ഈ വിഷയത്തില്‍ ഉള്ളതെന്ന് ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും മനസ്സിലാക്കാന്‍ കൂടി അദാലത്ത് ഉപകരിക്കും. - മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു.

2015, ജനുവരി 7, ബുധനാഴ്‌ച

എഴുത്തുകാര്‍ സാമൂഹിക പരിഷ്‌കരണവും ലക്ഷ്യമാക്കണം



ഇന്ദുലേഖയുടെ 125-ാം വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു


പരപ്പനങ്ങാടി: സാഹിത്യകൃതികളുടെ ആത്യന്തികലക്ഷ്യം സമൂഹത്തിന്റെ പുനഃസൃഷ്ടിയാണെന്നും നല്ലഎഴുത്തുകാര്‍ ആത്മാവിഷ്‌കാരത്തോടൊപ്പം സാമൂഹികപരിഷ്‌കരണവും ലക്ഷ്യമാക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സ്ത്രീശാക്തീകരണത്തിനുള്ള ആദ്യത്തെ ശ്രമമായിവേണം ഇന്ദുലേഖയുടെ രചനയെ വിലയിരുത്താനെത്തും അദ്ദേഹംപറഞ്ഞു. ഒരാഴ്ചനീണ്ടുനിന്ന ഇന്ദുലേഖയുടെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷതവഹിച്ചു. സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി. ജോസഫ് മുഖ്യാതിഥിയായി. എം.പി. അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണംനടത്തി. കെ.കെ. സെയ്തലവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി പത്രവും വെബ് പോര്‍ട്ടലും തുടങ്ങുന്നു.

സംസ്ഥാന സര്‍ക്കാരിന് ഇനി സ്വന്തം പത്രവും




സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി പത്രവും വെബ് പോര്‍ട്ടലും തുടങ്ങുന്നു. ദിനപ്പത്രമാണ് ഉദ്ദേശിക്കുന്നതെങ്കിലും ആദ്യഘട്ടത്തില്‍ പ്രതിവാരമായിട്ടാകും പ്രസിദ്ധീകരിക്കുക. ഫിബ്രവരിയില്‍ പത്രവും പോര്‍ട്ടലും നിലവില്‍വരുംവിധമാണ് നടപടി പുരോഗമിക്കുന്നത്. 

'വികസന സമന്വയം' എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന് ന്യൂസ് പേപ്പര്‍ രജിസ്‌ട്രേഷന്‍ നേരത്തെ തന്നെയുണ്ട്. ഈ പേരാകും തത്കാലം ഉപയോഗിക്കുക. പുതിയ പേരുകളും പരിഗണിക്കുന്നു. പേരിന് രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ മാസങ്ങളെടുക്കുമെന്നതിനാലാണ് കൈവശമുള്ള പേര് ഉപയോഗിക്കുന്നത്. keralanews.in എന്നതാണ് പോര്‍ട്ടലിന് പരിഗണിക്കുന്ന പേര്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പത്രവും പോര്‍ട്ടലും തുടങ്ങുന്നത്. ഇതിനുള്ള നടപടികള്‍ക്കായി പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മനോജ്കുമാറിനെ ചുമതലപ്പെടുത്തി. 
സര്‍ക്കാരിന്റെ വികസന വാര്‍ത്തകളും മുതല്‍ക്കൂട്ടാകേണ്ട പദ്ധതികളും മാധ്യമങ്ങളില്‍ വേണ്ടത്ര വരുന്നില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വരുന്ന വാര്‍ത്തകള്‍ തന്നെ പലപ്പോഴും പല എഡിഷനുകളിലായിപ്പോകുന്നു. ഇതാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പത്രവും പോര്‍ട്ടലും തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കാരണമെന്ന് ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. 
വാര്‍ഷിക പദ്ധതിയുടെ 40 ശതമാനം തദ്ദേശസ്ഥാപനങ്ങളിലൂടെ ചെലവിടാന്‍ തുടങ്ങിയതോടെ പ്രാദേശികാടിസ്ഥാനത്തില്‍ ധാരാളം വിജയകരമായ വികസന മാതൃകകള്‍ ഉണ്ടാകുന്നുണ്ട്. ഇവയ്ക്ക് പ്രചാരണം നല്‍കും. വിജയഗാഥകള്‍, പുതിയ സംരംഭങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഇടം നല്‍കുകയെന്നതാണ് പത്രത്തിന്റെ പ്രധാന ലക്ഷ്യം.

ജേണലിസം പഠിച്ച ചെറുപ്പക്കാരെ ബ്ലോക്ക് തലത്തില്‍ പ്രാദേശിക ലേഖകരായി നിയമിച്ച്, പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത അടിസ്ഥാനമാക്കി പ്രതിഫലം നല്‍കാമെന്ന ശുപാര്‍ശയുമുണ്ട്. കുടുംബശ്രീയടക്കമുള്ള സര്‍ക്കാര്‍ സംവിധാനത്തിലൂടെ പത്രം വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ തപാല്‍ വകുപ്പുമായി ധാരണയുണ്ടാക്കി 35 പൈസ നിരക്കില്‍ പോസ്റ്റലായി അയയ്ക്കാനും ഉദ്ദേശിക്കുന്നു. എല്ലാ പഞ്ചായത്തംഗങ്ങള്‍ക്കും പത്രത്തിന്റെ കോപ്പി നിര്‍ബന്ധമായും എത്തിക്കും. അച്ചടി സര്‍ക്കാര്‍ പ്രസ്സിലായിരിക്കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തുനിന്നായിരിക്കും പ്രസിദ്ധീകരണം. 

സര്‍ക്കാര്‍ വകുപ്പിന്റെ പദ്ധതിയായതിനാല്‍ ചുവപ്പുനാട മുറുകുമെന്നതിനാല്‍ പി.ആര്‍. വകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് സിസ്റ്റം മാനേജ്‌മെന്റ് (പ്രിസം) എന്ന പേരില്‍ സ്വയംഭരണ സ്ഥാപനം രൂപവത്കരിക്കാനും അതിന്റെ കീഴില്‍ പത്രം, വെബ് പോര്‍ട്ടല്‍, വീഡിയോ വിഭാഗം എന്നിവ കൊണ്ടുവരുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. 

2015, ജനുവരി 6, ചൊവ്വാഴ്ച

ദേശീയ ഗെയിംസ്: ആരോപണങ്ങള്‍ അനാവശ്യമെന്ന് മുഖ്യമന്ത്രി

ദേശീയ ഗെയിംസ്: ആരോപണങ്ങള്‍ അനാവശ്യമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗെയിംസ് നടത്തിപ്പിലെ വീഴ്ചകള്‍ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. 

ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കും. എന്നാല്‍, ആരെങ്കിലും ആരോപണം ഉന്നയിച്ചുവെന്ന് കരുതി പരിപാടികള്‍ നടത്താതിരിക്കാന്‍ കഴിയില്ല. ദേശീയ ഗെയിംസിന്റെ കൗണ്ട് ഡൗണ്‍ പരിപാടിയില്‍ ഒന്നിച്ച് പങ്കെടുത്തവരാണ് പിറ്റേദിവസം ആരോപണങ്ങളുമായി രംഗത്തുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഗെയിംസ് നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എം എല്‍ എമാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചത്.