UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, മേയ് 23, വെള്ളിയാഴ്‌ച

പിള്ളയുടെ ഭീഷണിക്ക് വഴങ്ങില്ല

പിള്ളയുടെ ഭീഷണിക്ക് വഴങ്ങില്ല

തിരുവനന്തപുരം: സരിതയുടെ കത്തിന്റെ പേരില്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ ഭീഷണിക്ക് വഴങ്ങുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സരിതയുടെ കത്തോ കത്തിന്റെ പകര്‍പ്പോ എന്താണ് കൈവശമുള്ളതെങ്കില്‍ അത് ആദ്യം ബാലകൃഷ്ണപിള്ള പുറത്തുവിടട്ടെ, അതുകഴിഞ്ഞെ ഇനി മന്ത്രിസഭാ പുന:സംഘടന ആലോചിക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഗണേഷിനെ മന്ത്രിയാക്കാന്‍ സരിതയുടെ കത്ത് വച്ച് വിലപേശിയ ബാലകൃഷ്ണപിള്ളയുടെ നീക്കം തിരിച്ചടിയാകുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന

'മന്ത്രിസഭ പുന:സംഘടിപ്പിക്കാന്‍ ആലോചിച്ചപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് ഗണേഷ്‌കുമാറിന്റെ കാര്യമാണ്. ഇനി അത് അങ്ങനെയാകണമെന്നില്ല. ഭീഷണിക്ക് വഴങ്ങുന്ന പ്രശ്‌നമില്ല. പിള്ളയ്ക്ക് ഇഷ്ടമുള്ളത് ചെയ്യാം. കത്ത് കൈവശമുണ്ടെങ്കില്‍ അത് അദ്ദേഹം പുറത്തുവിടട്ടെ. അതുവരെ പുന:സംഘടനയ്ക്കായി കാത്തിരിക്കാം-ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഗണേഷ്‌കുമാറിന്റെ കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കില്ല. പാര്‍ട്ടിയിലും മുന്നണിലും ഇനി അത് ചര്‍ച്ചചെയ്യണം. ജൂണ്‍ ഒമ്പതിന് നിയമസഭാ സമ്മേളനം ചേരുന്നതിന് മുമ്പായി പുന:സംഘടന നടക്കാനുള്ള സാധ്യതയാണ് ഇതോടെ അടയുന്നത്.

മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി മാധ്യമങ്ങളെ കണ്ടപ്പോഴാണ് കേരള കോണ്‍ഗ്രസ് ബിക്ക് മാത്രം മന്ത്രിസ്ഥാനം ഇനിയും നിഷേധിച്ചാല്‍ സരിതയുടെ കത്ത് പുറത്തുവിടുമെന്ന ഭീഷണി ബാലകൃഷ്ണപിള്ള പ്രയോഗിച്ചത്. സരിതയുടെ കത്തില്‍ ചില മന്ത്രിമാരുടെയും പാര്‍ലമെന്റിലേക്ക് ജയിച്ചവരുടെയും പേരുകളുണ്ടെന്നും പിള്ള സൂചിപ്പിച്ചു. ഇനി ഏതായാലും പിള്ളയുടെ ബ്ലാക്‌മെയിലിങ്ങിന് വഴങ്ങേണ്ടെന്ന ഉറച്ചനിലപാടിലാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളും.

മെയ് 31 നകം അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഗണേഷ് എം.എല്‍.എ സ്ഥാനവും രാജിവെക്കുമെന്നും പിള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗണേഷിനെതിരായ കേസുകള്‍ അവസാനിച്ചാല്‍ തിരിച്ച് മന്ത്രിസഭയിലെടുക്കാമെന്ന ഉറപ്പ് ഉമ്മന്‍ ചാണ്ടി നല്‍കിയിരുന്നുവെന്നും പിള്ള പറയുകയുണ്ടായി.
 

2014, മേയ് 17, ശനിയാഴ്‌ച

ജനങ്ങൾ നല്കിയ അംഗീകാരത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി

ജനങ്ങൾ നല്കിയ അംഗീകാരത്തിന്  എന്റെ ഹൃദയം നിറഞ്ഞ നന്ദി 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വിജയിപ്പിച്ച വോട്ടര്‍മാരോട്‌ ഐക്യജനാധിപത്യ മുന്നണിക്കുവേണ്ടി നന്ദി പറയുകയാണ്‌. ഇത്‌ യഥാര്‍ഥത്തില്‍ ജനങ്ങളുടെ വിജയമാണ്‌. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും യുഡിഎഫ്‌ പ്രവര്‍ത്തകരും കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ഈ വിജയത്തില്‍ നിശ്ചയമായും അഭിമാനിക്കാം. 

2014, മേയ് 13, ചൊവ്വാഴ്ച

സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ സമീപനം

സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ സമീപനം

 
 
 
 
 
 
 

സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ സമീപനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ 19-മത് കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സംബന്ധിച്ച് സിനിമ മന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തീയേറ്റര്‍ കോംപ്ലക്‌സ് സംബന്ധിച്ച് യോഗത്തിലുയര്‍ന്ന അഭിപ്രായം പ്രൊപ്പോസല്‍ ആയി മന്ത്രിസഭയില്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍ദ്ദേശം നല്‍കി.

സിനിമകള്‍ക്ക് ഉള്ള സബ്‌സിഡി സംബന്ധിച്ച മാനദണ്ഡം പരിഷ്‌കരിക്കുന്നത് ഉള്‍പ്പെടെ മലയാള സിനിമയ്ക്കും ഫിലിം ഫെസ്റ്റിവലിനും സമഗ്രമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായി അഞ്ചംഗ സമിതിയെയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍. കരുണ്‍, സുരേഷ് കുമാര്‍, പന്തളം സുധാകരന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയില്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് സെക്രട്ടറിയായി പ്രവര്‍ത്തിക്കും. കമ്മിറ്റി രണ്ട് മാസത്തിനുളളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സബ്‌സിഡി സംബന്ധിച്ച് മഹാരാഷ്ട്ര, കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സംബന്ധിച്ച് പൊതുവായ ചര്‍ച്ച നടന്ന യോഗത്തില്‍ ഇക്കാര്യം സംബന്ധിച്ചും വേണ്ട മാറ്റങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായുളള കമ്മിറ്റിക്ക് നിര്‍ദ്ദേശിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിസംബറില്‍ ഫിലിം ഫെസ്റ്റിവല്‍ മികച്ച നിലയില്‍ സംഘടിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ സിനിമ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അന്തര്‍ ദേശീയ രംഗത്തെ നല്ല സിനിമകളാണ് വേണ്ടത്. നന്മയുളള സിനിമകള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെസി ഡാനിയേല്‍ അവാര്‍ഡ് തുക സംബന്ധിച്ച് യോഗത്തിലുയര്‍ന്ന അഭിപ്രായങ്ങള്‍ പരിശോധിക്കും. പ്രായോഗിക വശങ്ങള്‍ പരിശോധിച്ച ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും സിനിമ മന്ത്രി പറഞ്ഞു.

ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍. കരുണ്‍, ഗാന്ധിമതി ബാലന്‍, നടന്‍ മധു, പന്തളം സുധാകരന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, നടന്‍ മധുപാല്‍, വിവിധ മാധ്യമങ്ങളുടെ ബ്യൂറോ ചീഫുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

2014, മേയ് 11, ഞായറാഴ്‌ച

സാങ്കേതികവിദ്യയുടെ പ്രയോജനം വേഗത്തില്‍ ജനങ്ങളില്‍ എത്തിക്കും

ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ നല്‍കി


തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പ്രയോജനം വേഗത്തില്‍ ജനങ്ങളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്ര സാങ്കേതിക വിദ്യയില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സെന്റര്‍ ഫോര്‍ അസിസ്റ്റീവ് ടെക്‌നോളജി ഇതിന് ഉദാഹരണമാണ്. ഗ്രാമീണ സാങ്കേതിക വിദ്യ വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2012ലെ ശാസ്ത്ര പത്രപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് 'മാതൃഭൂമി' കോഴിക്കോട് യൂണിറ്റിലെ ചീഫ് സബ് എഡിറ്റര്‍ ഡോ. കെ. ശ്രീകുമാറിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കി. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'മാലിന്യങ്ങളുടെ സ്വന്തം നാട്' എന്ന പരമ്പരയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും ഡോ. കെ. ശ്രീകുമാര്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.
2012ലെ മറ്റ് അവാര്‍ഡുകള്‍ പി.ആര്‍. മാധവ പണിക്കര്‍, ഡോ. എം.എന്‍. ശ്രീധരന്‍ നായര്‍, 'കലാകൗമുദി' ഡെപ്യൂട്ടി എഡിറ്റര്‍ വി.ഡി. സെല്‍വരാജ് എന്നിവര്‍ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.

2011ലെ അവാര്‍ഡ് ജേതാക്കളായ ഇ.എന്‍. ഷീജ, ഡോ. എസ്. ശാന്തി, കെ.കെ. വാസു, ഡോ. അനില്‍കുമാര്‍ വടവാതൂര്‍ എന്നിവരും മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. വി.എന്‍. രാജശേഖരന്‍ പിള്ള അധ്യക്ഷനായി. പ്രൊഫ. സി.ജി. രാമചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.കെ. രാമചന്ദ്രന്‍, പ്രൊഫ. ജോര്‍ജ് വര്‍ഗ്ഗീസ്, ഡോ. വി. അജിത് പ്രഭു, എ. പ്രഭാകരന്‍, ബിനുജ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
 

2014, മേയ് 6, ചൊവ്വാഴ്ച

കാര്‍ട്ടൂണ്‍ ശക്തിയേറിയ മാധ്യമം: മുഖ്യമന്ത്രി

 

കോട്ടയ: ആശയങ്ങള്‍ പ്രതിഫലിപ്പിക്കാനുള്ള ശക്തിയേറിയ മാധ്യമമാണ് കാര്‍ട്ടൂണ്‍. മനഃപൂര്‍വം വേദനിപ്പിക്കാത്തവ ആസ്വാദ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും ജവഹര്‍ ബാലഭവന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ പഠനക്കളരിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്നെക്കുറിച്ചുള്ള കാര്‍ട്ടൂണുകളുടെ ആശയം മനസ്സിലാക്കി അഭിനന്ദനം അറിയിക്കാറുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ സദസ്സില്‍ ചിരി. 

പഠനക്കളരിയില്‍ പങ്കെടുത്ത കുട്ടികള്‍ വരച്ച തന്റെ ചിത്രങ്ങളില്‍നിന്ന് മുഖ്യമന്ത്രി മൂെന്നണ്ണം തിരഞ്ഞെടുത്തു. അവ കുട്ടികള്‍ക്ക് അദ്ദേഹം ഒപ്പിട്ടുനല്‍കി. കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. കാര്‍ട്ടൂണിസ്റ്റ് ടോംസ്, കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, ജവഹര്‍ ബാലഭവന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി.ശശികുമാര്‍, ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി സി.ജി.വാസുദേവന്‍ നായര്‍, അനില്‍ വേഗ, എം.എസ്.മോഹനചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 

2014, ഏപ്രിൽ 23, ബുധനാഴ്‌ച

ഉമ്മന്‍ ചാണ്ടിയുടെ തമിഴ്‌ 'സിംപ്ലിസിറ്റി!

ഉമ്മന്‍ ചാണ്ടിയുടെ തമിഴ്‌ 'സിംപ്ലിസിറ്റി!

കെട്ടുകാഴ്‌ചകളുടേയും പ്രഭാപൂരങ്ങളുടേയും അകമ്പടിയില്ലെങ്കില്‍ തമിഴകത്തെ തെരഞ്ഞെടുപ്പുപ്രചാരണങ്ങള്‍ക്ക്‌ കൊഴുപ്പുണ്ടാവില്ല. പ്രകടനപരതയാണ്‌ ഇവിടത്തെ രാഷ്‌ട്രീയക്കാരന്റെ അസ്ഥിത്വത്തിന്റെ മാറ്റുരയ്‌ക്കുന്നത്‌. സാധാരണക്കാരനു കയറിച്ചെല്ലാന്‍ കഴിയാത്ത മേഖലയാണ്‌ തമിഴ്‌നാട്ടിലെ രാഷ്‌ട്രീയം. ഗ്ലാമറിന്റെ കത്തിവേഷങ്ങളാണ്‌ സര്‍വത്ര. അതുകൊണ്ടാണ്‌ സിനിയുടെ മടിത്തട്ടില്‍ രാഷ്‌ട്രീയം പടര്‍ന്നുപന്തലിച്ചത്‌. എന്നാല്‍ രാഷ്‌ട്രീയത്തിലെ ഗ്ലാമര്‍ കണ്ടു പകച്ചുനില്‍ക്കുന്ന തമിഴ്‌ജനതയുടെ മുന്നില്‍ സാധാരണക്കാരനായ ഒരു മുഖ്യമന്ത്രി എത്തിയപ്പോള്‍ അത്ഭുതങ്ങളുടെ കുത്തൊഴുക്കായി.

ആര്‍ഭാടങ്ങളില്ലാതെ, കൊടിതോരണങ്ങളും കൊട്ടുവാദ്യങ്ങളുമില്ലാതെ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കന്യാകുമാരിയിലും കോയമ്പത്തൂരിലും തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയപ്പോള്‍ ജനം അന്തംവിട്ടുപോയത്‌ അവര്‍ തമിഴകത്തെ താരപരിവേഷം കണ്ടുമടുത്തതിനാലാണ്‌. ഡിഎംകെക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നടി കുശ്‌ബുവിനുപോലും ആയിരക്കണക്കിനു പൊലീസ്‌അകമ്പടിയാണെന്നോര്‍ക്കണം. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ പൊലീസ്‌ ബന്തവസ്‌ ഏതാനും പൊലീസുകാരില്‍ ഒതുങ്ങി. ഇതു കണ്ടിട്ടാണ്‌ തമിഴിലെ ഒരു പ്രമുഖപത്രം എഴുതിയത്‌- ആശ്ചര്യം, ആനാല്‍ ഉണ്മൈ! (ആശ്ചര്യം, എന്നാല്‍ സത്യം!) ഇതൊക്കെ തമിഴകത്തെ രാഷ്‌ട്രീയക്കാര്‍ കണ്ടു പഠിക്കേണ്ടതാണെന്നും ആ പത്രം തട്ടിവിട്ടു. ചായക്കടയുടെ മുന്നിലിരുന്നു പത്രംവായിച്ച ഒരു തമിഴ്‌ കണ്‍സ്‌ട്രക്ഷന്‍തൊഴിലാളി പറഞ്ഞു, 'പാരുങ്കെ, എന്നാ സിംപ്ലിസിറ്റി!'

ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരെന്ന്‌ അഭിമാനിക്കുന്ന ജയലളിതക്കും കരുണാനിധിക്കും വമ്പിച്ച സുരക്ഷയാണ്‌ ഏര്‍പ്പാടാക്കിയിരിക്കുന്നത്‌. ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനങ്ങളിലാണ്‌ പുരട്‌ശ്ചിത്തലൈവി (വിപ്ലവനായിക) ജയലളിതയുടെ തെരഞ്ഞെടുപ്പുപ്രചാരണ 'പയനം'. കരിമ്പൂച്ചകളുടെ വലയമില്ലെങ്കില്‍ ഒരിഞ്ചുനീങ്ങാനാവില്ല. പക്ഷേ സാധാരണക്കാരില്‍ സാധാരണക്കാരനായി ഉമ്മന്‍ചാണ്ടി കന്യാകുമാരിയില്‍ വന്നിറങ്ങിയപ്പോള്‍ ചിലര്‍ രഹസ്യം പറഞ്ഞു, 'ഇത്‌ കേരളാ മുതല്‍ അമൈച്ചറല്ലൈ. അവരുടെ ഡ്യൂപ്പുതാന്‍.' (ഇതു കേരളാമുഖ്യമന്ത്രിയല്ല, അങ്ങോരുടെ ഡ്യൂപ്പാണ്‌ കേട്ടാ!). വമ്പന്‍ സ്റ്റേജുകളോ സന്നാഹങ്ങളോ ഇല്ല. കരിമ്പൂച്ചകളില്ല. പതാകയുമായി നില്‍ക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍മാത്രം. പലസ്ഥലങ്ങളിലും ജനം അദ്ദേഹത്തെ സാകൂതം നോക്കിനില്‍ക്കുന്നു.

കോയമ്പത്തൂരില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിക്കുവേണ്ടി ഉമ്മന്‍ചാണ്ടി എത്തിയതും ഇതേ രീതിയിലായിരുന്നു. മാത്രമല്ല മലയാളത്തില്‍ 'പേശി' വോട്ടുചോദിക്കുകയും ചെയ്‌തു. (അടുത്തകാലത്ത്‌ ഔദ്യോഗികവാഹനം താമസിച്ചപ്പോള്‍ തിരുവനന്തപുരം എയര്‍പ്പോര്‍ട്ടില്‍നിന്ന്‌ ടാക്സി കാറിൽ സെക്രട്ടേറിയേറ്റിലേക്ക്‌പോയ മുഖ്യമന്തിയുടെ നടപടി തമിഴ്‌ജനതക്ക്‌ അവിശ്വസനീയമായിരിക്കാം!)

എന്തായാലും പലരിലും ഉമ്മന്‍ചാണ്ടിയുടെ പ്രാചരണരീതി അത്ഭുതങ്ങള്‍ വാരിക്കോരിയിട്ടു. പ്രാചരണം ബഹളമയമായില്ലെങ്കില്‍ വോട്ടുകിട്ടില്ല എന്ന ദ്രാവിഡനേതാക്കന്മാരുടെ അഹന്തക്ക്‌ സ്വന്തം പ്രവര്‍ത്തനത്തിലൂടെ പ്രഹരമേല്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞു. ആര്‍ഭാടം സൃഷ്‌ടിച്ച്‌ പ്രചാരണം നടത്തുന്ന തമിഴകത്തെ നേതാക്കള്‍ ഇതു കണ്ടുപഠിക്കണമെന്ന്‌ തമിഴ്‌ പത്രം എഴുതിയത്‌ അതിനാലാണ്‌.


കേരള മുതല്‍ അമൈച്ചര്‍ ഉമ്മന്‍ ചാണ്ടി വാഴ്‌ക...

കോയമ്പത്തൂര്‍: ഓരോ പ്രധാന ജങ്ഷനിലും പോലീസിന്റെ റോഡ് ബ്ലോക്ക്. ഒരു ഡിവൈ.എസ്.പി.യുടെയും അഞ്ച് ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ 80ഓളം വരുന്ന പോലീസ്സുരക്ഷ. പൈലറ്റിനും അകമ്പടിക്കും വാഹനങ്ങളുടെ നിര. കോയമ്പത്തൂരിലെ വഴിയോരത്ത് ചോദ്യങ്ങളത്രയും ആരാണീ വി.ഐ.പി. എന്നുമാത്രമായിരുന്നു. കേരള മുതല്‍ അമൈച്ചര്‍ ഉമ്മന്‍ ചാണ്ടിയെന്ന് മറുപടി.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍. പ്രഭുവിനുവേണ്ടിയുള്ള പ്രചാരണത്തിനായാണ് ഉമ്മന്‍ചാണ്ടി ശനിയാഴ്ച കോയമ്പത്തൂരിലെത്തിയത്. അഞ്ചുലക്ഷത്തോളം മലയാളികളുള്ള നഗരത്തില്‍ പൊരിഞ്ഞ ഉച്ചവെയിലത്ത് മൂന്നിടത്ത് പൊതുയോഗങ്ങള്‍. ഗണപതിയിലും കവുംപാളയത്തും ഉക്കടത്തും. എല്ലായിടത്തും കേരള മുഖ്യമന്ത്രിയെ കാത്ത് വന്‍ജനക്കൂട്ടം. മലയാളത്തില്‍ കാര്യങ്ങളെല്ലാം വിശദീകരിച്ച് പൊടുന്നനെ അദ്ദേഹം കൈയടിവാങ്ങി. കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ പതാകകളും ചിഹ്നവുമേന്തിയ പ്രവര്‍ത്തകര്‍ വന്‍ ആരവത്തോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ ശ്രവിച്ചത്. ആട്ടവും പാട്ടുമായി വനിതാപ്രവര്‍ത്തകരും പ്രചാരണത്തിന് കൊഴുപ്പേകി.

രാവിലെ 8.30ഓടെ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ ഉമ്മന്‍ചാണ്ടി നേരെ വിശ്രമസ്ഥലത്തേക്ക്. പ്രഭാതഭക്ഷണശേഷം രാമനാഥപുരം രൂപതാധ്യക്ഷനെ നേരില്‍ക്കാണാന്‍ പുറപ്പെട്ടു. രാമനാഥപുരം ഹോളി ട്രിനിറ്റി പള്ളിയില്‍ ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട് അദ്ദേഹത്തെ സ്വീകരിച്ചു. പള്ളിയോട് തൊട്ടുചേര്‍ന്നുള്ള ബിഷപ്‌സ് ഹൗസില്‍ പത്തുമിനിറ്റ് സംഭാഷണം.

നേരെ സിദ്ധാപുതൂര്‍ അയ്യപ്പക്ഷേത്രത്തിലേക്ക്. അവിടെ ക്ഷേത്രം പ്രസിഡന്റ് കെ.കെ. രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് വി.പി. പ്രഭാകരന്‍, സെക്രട്ടറി കെ. വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സിദ്ധാപുതൂര്‍ ക്ഷേത്രത്തില്‍നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ തിരുപ്പൂര്‍ കേരളസമാജം ഭാരവാഹികള്‍ കാണാന്‍നില്‍ക്കുന്നു. കഴിഞ്ഞവര്‍ഷം തിരുപ്പൂരിലെ കോയമ്പാളയത്ത് പീഡനത്തിനിരയായ ബാലികയുടെ കുടുംബവുമുണ്ട്. കേസിലെ പ്രതികളെ കോടതി വിട്ടയച്ചു. ഇനി അവിടെ നില്‍ക്കാന്‍ ഭയമാണ്. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും സഹായം ചെയ്യണം...

തിരഞ്ഞെടുപ്പ് കഴിയട്ടെ, വിഷയത്തില്‍ ഇടപെടാമെന്ന് ഉമ്മന്‍ചാണ്ടിയുടെ ഉറപ്പ്. വാഹനവ്യൂഹം ഗണപതിയിലേക്ക്.
ഗണപതി ബസ്സ്റ്റാന്‍ഡില്‍ പ്രചാരണവാഹനത്തില്‍ ഏണസ്റ്റ് പോള്‍ കത്തിക്കയറുന്നു. സ്ഥാനാര്‍ഥി ആര്‍. പ്രഭുവും ഇവിടെ അദ്ദേഹത്തെ കാത്തുനില്‍ക്കുന്നു. ഉമ്മന്‍ചാണ്ടിയെപ്പോലെ ജനക്കൂട്ടത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരാള്‍ വരുന്നത് തനിക്ക് ഗുണകരമാണെന്ന് പ്രഭു പ്രത്യാശിച്ചു. കേരള മുതല്‍അമൈച്ചര്‍ നിങ്ങളെ നേരില്‍ക്കാണാന്‍ ഉടനെത്തുമെന്ന് അറിയിപ്പ്. തൊട്ടുപിന്നാലെ പോലീസ്വാഹനങ്ങള്‍ ജങ്ഷനിലേക്ക് ഇരമ്പി. വാഹനത്തില്‍നിന്ന് തിരക്കിനിടയിലൂടെ ഉമ്മന്‍ചാണ്ടിയെ പ്രചാരണജീപ്പിലേക്ക് കയറ്റാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പാടുപെട്ടു. ഷാള്‍ അണിയിക്കലിന്റെ ബഹളം. തുടര്‍ന്ന്, രണ്ട് മൈക്രോഫോണ്‍ കൈയിലെടുത്ത് ഉമ്മന്‍ചാണ്ടി സംസാരിക്കുന്നു. ആദ്യം പതിഞ്ഞ താളത്തില്‍. പ്രഭുവിന്റെ സ്ഥാനാര്‍ഥിത്വം എന്തുകൊണ്ട് എന്നുള്ള വിശദീകരണം, പിന്നാലെ മോദിക്കും ബി.ജെ.പി.ക്കുമെതിരായ കടന്നാക്രമണം.

15 മിനിറ്റിനുള്ളില്‍ ഗണപതിയിലെ യോഗം അവസാനിച്ചു. നേരെ കവുണ്ടംപാളയത്തേക്ക്. അവിടെയും റോഡിനിരുവശവും വന്‍ ജനക്കൂട്ടം. ഉമ്മന്‍ചാണ്ടിയെത്തിയതോടെ ഗതാഗതം സ്തംഭിച്ച അവസ്ഥ. പ്രസംഗത്തില്‍ പറയുന്നത് ഏതാണ്ട് ഒരേകാര്യങ്ങള്‍. കവുണ്ടംപാളയത്തുനിന്ന് കോവില്‍മേട്ടില്‍ അനൂപ് ആന്റണിയുടെ വീട്ടിലേക്ക്. കോയമ്പത്തൂരില്‍ ശനിയാഴ്ച ഉമ്മന്‍ചാണ്ടി സഞ്ചരിച്ച വാഹനത്തിന്റെ സാരഥിയായിരുന്നു യൂത്ത്‌കോണ്‍ഗ്രസ്സുകാരനായ അനൂപ്. ചെറിയ റിഫ്രഷ്‌മെന്റ്. ഇവിടെ കുടുംബാംഗങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമെല്ലാം ഒപ്പംനിന്ന് ഫോട്ടോ.


ബ്രൂക്ക്‌ബോണ്ട് റോഡിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലേക്കാണ് ഇനി യാത്ര. അവിടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. പെരുമാറ്റച്ചട്ടമുള്ളതിനാല്‍ പ്രഭാഷണത്തിനില്ലെന്ന് മുഖ്യമന്ത്രി. ഇവിടെയും ഇത്തിരിനേരം കുശലാന്വേഷണം. പള്ളിയില്‍നിന്ന് ഗാന്ധിപുരം നൂറടി റോഡിലെ സി.എം.എസ്. ഹാള്‍. അവിടെ എഫ്.സി.എം.എ.യുടെ വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി ദീപംതെളിച്ചു. പ്രസിഡന്റ് എം.സി. ജോസഫിന്റെയും സെക്രട്ടറി എം.ആര്‍. ദാസിന്റെയും നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഇവിടെ കേരള മുഖ്യമന്ത്രിയെ ഷാളണിയിച്ച് ആദരിക്കാന്‍ നീണ്ട ക്യൂ. സ്ഥാനാര്‍ഥിയുടെ മകന്‍ വിക്രമും അവരിലൊരാളായി. ഷാളണിയിക്കല്‍ 20 മിനിറ്റിലേറെ നീണ്ടു.

ഉച്ചവെയിലത്തും ഉക്കടത്ത് ബസ്സ്റ്റാന്‍ഡിന് മുന്നില്‍ ഉമ്മന്‍ചാണ്ടിയെ കാത്ത് വലിയ ജനക്കൂട്ടം. പാട്ടും നൃത്തവുമൊക്കെയുണ്ട്. നേതാവെത്തിയപ്പോള്‍ അണികളുടെ ആവേശം അണപൊട്ടി. പ്രചാരണവാഹനത്തിലേക്ക് കയറാന്‍ തിക്കും തിരക്കും.

ഒരുകണക്കിനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. ഇവിടെയും ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തി എടുത്തുപറഞ്ഞാണ് പ്രസംഗം. ബി.ജെ.പി.യെയും മോദിയെയും കണക്കിന് പ്രഹരിക്കുന്നുമുണ്ട്. ഓരോവാക്കിനും ജനം കൈയടിക്കുന്നു. 

ഉക്കടത്തെ യോഗം അവസാനിപ്പിച്ചശേഷം ബൈപ്പാസ്വഴി റേസ്‌കോഴ്‌സില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഓഫീസിലേക്ക്. അവിടെ തമിഴ്ചാനലുകളടക്കം വന്‍ മാധ്യമപ്പട കേരള മുഖ്യമന്ത്രിയെ കാത്തിരിക്കുന്നു. തിരഞ്ഞെടുപ്പും രാഷ്ട്രീയവുംവിട്ട് മുല്ലപ്പെരിയാറും നദീജലവും കേരളത്തില്‍ ക്രിമിനലുകള്‍ വര്‍ധിക്കുന്നതായുള്ള എന്‍.ഐ.എ. റിപ്പോര്‍ട്ടും ഒക്കെ ചോദ്യങ്ങളായി വന്നു. എല്ലാറ്റിനും ശാന്തമായി ഇംഗ്ലീഷില്‍ത്തന്നെ മറുപടി. കേരളത്തില്‍ യു.ഡി.എഫ്. മികച്ചവിജയം നേടുമെന്ന് ആത്മവിശ്വാസത്തോടെയുള്ള പറച്ചില്‍. തമിഴ്‌നാടുമായി എക്കാലത്തും കേരളം നല്ലബന്ധത്തിലാണെന്ന് ആവര്‍ത്തിക്കല്‍.

പത്രസമ്മേളനം കഴിഞ്ഞ് സ്ഥാനാര്‍ഥിക്കൊപ്പം അദ്ദേഹത്തിന്റെ വസതിയില്‍ ഉച്ചഭക്ഷണം. വിശ്രമിക്കാന്‍പോലും നേരമില്ലാതെ നേരെ എയര്‍പോര്‍ട്ടിലേക്ക്. അവിടെനിന്ന് തിരുവനന്തപുരം ഫ്ലൈറ്റ് പിടിക്കണം. എന്നിട്ട് റോഡുമാര്‍ഗം വൈകീട്ട് നാഗര്‍കോവിലില്‍ എത്തണം. ഉമ്മന്‍ചാണ്ടിയെന്ന കോണ്‍ഗ്രസ്സുകാരന് വിശ്രമമില്ല...

2014, ഏപ്രിൽ 18, വെള്ളിയാഴ്‌ച

ഉന്നതവിദ്യാഭ്യാസ മേഖലയുടെ പുരോഗതി പ്രധാനലക്ഷ്യം

ഉന്നതവിദ്യാഭ്യാസ മേഖലയുടെ പുരോഗതി പ്രധാനലക്ഷ്യം -മുഖ്യമന്ത്രി



തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്‌കൂള്‍-കോളേജ് തലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം നേടിയ പുരോഗതി, ഉന്നതസാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് കൈവരിക്കാനായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വ്യക്തിത്വ വികസന ക്യാമ്പില്‍നിന്ന് ക്ലിഫ്ഹൗസിലെത്തിയ സ്‌കൂള്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസ രംഗത്തെ പാഠ്യപദ്ധതിയില്‍ കാലാനുസൃതമായി മാറ്റങ്ങള്‍ ഉണ്ടാവണം. ഇതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാവിതലമുറയെക്കൂടി മനസ്സില്‍ കണ്ടുകൊണ്ടുള്ളതാവണം വികസനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്‍സ്‌പെറിയ അവധിക്കാല ക്യാമ്പില്‍ നിന്നെത്തിയ പതിനഞ്ചോളം കുട്ടികളാണ് മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയത്. കുട്ടികള്‍ മുഖ്യമന്ത്രിയെ വിഷുക്കണിയൊരുക്കി പൊന്നാടയണിയിച്ചു. ക്ലിഫ്ഹൗസിലെത്തിയ കുട്ടികള്‍ക്കെല്ലാം വിഷുകൈനീട്ടം നല്‍കിയാണ് മുഖ്യമന്ത്രി യാത്രയയച്ചത്.

2014, ഏപ്രിൽ 15, ചൊവ്വാഴ്ച

തിരഞ്ഞെടുപ്പ് ഫലം കേരള സര്‍ക്കാറിന്റെ വിലയിരുത്തലാകും

തിരഞ്ഞെടുപ്പ് ഫലം കേരള സര്‍ക്കാറിന്റെ വിലയിരുത്തലാകും - ഉമ്മന്‍ ചാണ്ടി


ബാംഗ്ലൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് ദേശീയ പ്രശ്‌നങ്ങളോടൊപ്പം കേരളാ ഭരണത്തിന്റെ കൂടി വിലയിരുത്തലാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാറിന്റേത് കൂട്ടായ തീരുമാനമാണെങ്കിലും ഭരണത്തിന് നേതൃത്വം നല്‍കുന്ന വ്യക്തി എന്ന നിലയില്‍ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്വം കൂടുതലായി തനിക്കാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണനേതൃത്വത്തില്‍ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തോട് ബാംഗ്ലൂരില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാംഗ്ലൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം. 

പത്തനംതിട്ടയില്‍ പോളിങ് കുറഞ്ഞുവെന്നത് ശരിയല്ല. എല്ലാകാലത്തും പത്തനംതിട്ടയില്‍ പോളിങ് കുറവാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഇത്തവണ ദശാംശം എട്ട് ശതമാനം വോട്ട് കൂടുകയാണ് ചെയ്തത്. പ്രചാരണം കുറഞ്ഞെന്നതും അംഗീകരിക്കാനാവില്ല. ഇതുസംബന്ധിച്ച ജോര്‍ജിന്റെ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ല. ഇതിനെക്കുറിച്ച് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും മണ്ഡലത്തില്‍ യു.ഡി. എഫ്. വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ കേരളത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ യു.ഡി.എഫ്. നേട്ടമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമോയെന്നതിന് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മറുപടി. 

സലീംരാജ് ഉള്‍പ്പെട്ട ഭൂമിവിവാദത്തില്‍ ഹൈക്കോടതി ഉത്തരവ് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് വിശ്വസിക്കുന്നില്ല. ഇടതുപക്ഷംപോലും ഈ വിഷയം പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ല. ഈ വിഷയത്തില്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് നേരത്തേതന്നെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കസ്തൂരിരംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. 

ബി.ജെ.പി. മോദികേന്ദ്രീകൃത പ്രചാരണമാണ് നടത്തുന്നതെന്നും കേരളത്തിലും കര്‍ണാടകത്തിലും മോദി ബി.ജെ.പി. തരംഗമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തില്‍ ഇക്കുറി ബി.ജെ.പി. അക്കൗണ്ട് തുറക്കുമോയെന്ന ചോദ്യത്തിന് അതിന് ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു മറുപടി. രാജ്യത്ത് മോദി തരംഗമില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് മുരളി മനോഹര്‍ ജോഷി തന്നെ സമ്മതിച്ചതാണ്. മോദിയെ ഉയര്‍ത്തിക്കാട്ടിയ പ്രചാരണമാണ് ബി. ജെ.പി.യുടേത്. മറ്റ് വിഷയങ്ങളൊന്നും മുന്നോട്ടുവെക്കാന്‍ ബി.ജെ.പി.ക്കില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കേരളത്തിനോടൊപ്പം കര്‍ണാടകത്തിലും കോണ്‍ഗ്രസ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കും. സ്ഥിരതയും മതേതരത്വ സ്വഭാവവുമുള്ള സര്‍ക്കാറിനായിരിക്കണം ജനങ്ങള്‍ വോട്ടുചെയ്യേണ്ടത്. കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭരണത്തില്‍ ജനങ്ങള്‍ക്ക് തൃപ്തിയുണ്ട്. കേന്ദ്രത്തില്‍ മുന്നണി ഭരണം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്ന് കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് തെളിയിച്ചതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

2014, ഏപ്രിൽ 10, വ്യാഴാഴ്‌ച

മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന സത്യവാങ്മൂലം നല്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന രീതിയില്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തീരദേശ പരിപാലന നിയന്ത്രണ നിയമം ലംഘിച്ച വേമ്പനാട് കായല്‍ തുരുത്തിലെ രണ്ടു റിസോര്‍ട്ടുകള്‍ പൊളിക്കുന്നതു സംബന്ധിച്ച കേസില്‍ അവര്‍ നടത്തിയ ലംഘനങ്ങളാണ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയത്. റിസോര്‍ട്ടുകള്‍, വന്‍കിട ഹോട്ടലുകള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വേമ്പനാട് കായലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കാനും മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ ഉറപ്പു വരുത്താനുമുള്ള നടപടികളാണ് സത്യവാങ്മൂലത്തിലുള്ളത്. വന്‍കിട റിസോര്‍ട്ടുകളെ സംരക്ഷിക്കാനാണ് ഇപ്പോള്‍ ഇടതുപക്ഷം രംഗത്തുവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.

മത്സ്യത്തൊഴിലാളികള്‍ക്കും തദ്ദേശവാസികള്‍ക്കും വേണ്ടി തീരദേശ പരിപാലന അതോറിറ്റിയുടെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുമെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിസഭ ഇതുസംബന്ധിച്ച് ഏഴു തീരുമാനങ്ങള്‍ എടുത്ത് കേന്ദ്രപരിസ്ഥിതി വനം മന്ത്രാലയത്തെ അറിയിച്ചു. അവ കേരള തീരദേശ പരിപാലന അതോറിറ്റിയുടെ ശുപാര്‍ശയ്ക്കായി കേന്ദ്രം അയച്ചുതന്നു. അതോറിറ്റിയുടെ യോഗം ചൊവ്വാഴ്ച ചേരുകയും ഏഴ് ഇളവുകള്‍ സംബന്ധിച്ച് തീരുമാനം എടുക്കുകയും ചെയ്തു.

തീരദേശ പരിപാലന അതോറിറ്റിയുടെ നിയന്ത്രണങ്ങള്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ നടപ്പിലായത് ഇടതുസര്‍ക്കാരിന്റെ വീഴ്ചകൊണ്ടായിരുന്നു. ഇടതുസര്‍ക്കാര്‍ സമയോചിതമായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്ന്, കേരളത്തിന്റെ തീരദേശത്തെ ജനങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ 2011 ജനവരി ആറിനാണ് തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനം നിലവില്‍ വന്നത്. അതിനു മുമ്പ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള നിരവധി അവസരങ്ങള്‍ ഇടതുസര്‍ക്കാര്‍ പാഴാക്കി. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ തീരദേശ നിയന്ത്രണം മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ നടപടി എടുക്കുകയും ഏഴ് തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. - മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇതനുസരിച്ച് കടലോര, പുഴയോര പ്രദേശങ്ങളില്‍ പരമ്പരാഗതമായി വസിക്കുന്നവര്‍ക്ക് വീട്/ടോയിലറ്റ് എന്നിവയ്ക്കും മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഷെഡ്ഡുകള്‍ എന്നിവ നിര്‍മിക്കുന്നതിന് അനുമതി നല്‍കണം. കടല്‍ത്തീരത്ത് വീട്‌ െവയ്ക്കുന്നതിനുള്ള 200 മീറ്റര്‍ പരിധി യാതൊരു ഉപാധികളുമില്ലാതെ 100 മീറ്ററാക്കി ചുരുക്കണം. ഉള്‍നാടന്‍ ജലാശയങ്ങളുടെ തീരത്തെ നിയന്ത്രണമേഖല നിലവിലുള്ള 100 മീറ്ററില്‍ നിന്നും 50 മീറ്ററായി ചുരുക്കണം. 60 ചതുരശ്രയടി വീടുകള്‍ എന്നത് 100 ചതുരശ്രയടി വീട് എന്നാക്കണം. തീരദേശ നിയന്ത്രണ മേഖലയില്‍ വീടുകള്‍ നിര്‍മിക്കുന്നതിന് സ്ഥലപരിമിതിയുള്ള സാഹചര്യത്തില്‍ തദ്ദേശവാസികള്‍ക്ക് തീരദേശത്ത് കുടുംബസ്വത്ത് ഭാഗിച്ചു കിട്ടുന്ന ഭൂമിയില്‍ വീടുെവയ്ക്കുന്നതിന് അനുമതി നല്‍കണം. പൊക്കാളി പാടശേഖരങ്ങളുടെ കരഭാഗം തദ്ദേശവാസികളുടെ വീട് നിര്‍മ്മാണത്തിന് വിജ്ഞാപനത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണം. പത്ത് മീറ്റര്‍ വീതിക്ക് താഴെയുള്ള തോടുകളുടെ കരയോടു ചേര്‍ന്ന പ്രദേശവും ഒഴിവാക്കണം. തദ്ദേശവാസികളുടെ വീട് പുനര്‍നിര്‍മ്മിക്കുമ്പോള്‍ നിലവിലുള്ള തറവിസ്തീര്‍ണത്തിന് ആനുപാതികമായി മാത്രം പുനര്‍നിര്‍മ്മിക്കാം എന്നത് 100 ചതുരശ്ര മീറ്റര്‍ തറവിസ്തീര്‍ണംവരെ അനുവദിക്കണം. കായല്‍ദ്വീപുകളില്‍ നിലവിലുള്ള അംഗീകൃത കെട്ടിടങ്ങളോ, റോഡുകളോ ഉള്ളതുവരെ തദ്ദേശവാസികള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് അനുവാദം നല്‍കണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ഈ ഇളവുകളെല്ലാം തീരദേശവാസികള്‍ക്കു വേണ്ടിയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.