UDF

2014, മേയ് 11, ഞായറാഴ്‌ച

സാങ്കേതികവിദ്യയുടെ പ്രയോജനം വേഗത്തില്‍ ജനങ്ങളില്‍ എത്തിക്കും

ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ നല്‍കി


തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പ്രയോജനം വേഗത്തില്‍ ജനങ്ങളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്ര സാങ്കേതിക വിദ്യയില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സെന്റര്‍ ഫോര്‍ അസിസ്റ്റീവ് ടെക്‌നോളജി ഇതിന് ഉദാഹരണമാണ്. ഗ്രാമീണ സാങ്കേതിക വിദ്യ വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2012ലെ ശാസ്ത്ര പത്രപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് 'മാതൃഭൂമി' കോഴിക്കോട് യൂണിറ്റിലെ ചീഫ് സബ് എഡിറ്റര്‍ ഡോ. കെ. ശ്രീകുമാറിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കി. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'മാലിന്യങ്ങളുടെ സ്വന്തം നാട്' എന്ന പരമ്പരയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും ഡോ. കെ. ശ്രീകുമാര്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.
2012ലെ മറ്റ് അവാര്‍ഡുകള്‍ പി.ആര്‍. മാധവ പണിക്കര്‍, ഡോ. എം.എന്‍. ശ്രീധരന്‍ നായര്‍, 'കലാകൗമുദി' ഡെപ്യൂട്ടി എഡിറ്റര്‍ വി.ഡി. സെല്‍വരാജ് എന്നിവര്‍ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.

2011ലെ അവാര്‍ഡ് ജേതാക്കളായ ഇ.എന്‍. ഷീജ, ഡോ. എസ്. ശാന്തി, കെ.കെ. വാസു, ഡോ. അനില്‍കുമാര്‍ വടവാതൂര്‍ എന്നിവരും മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. വി.എന്‍. രാജശേഖരന്‍ പിള്ള അധ്യക്ഷനായി. പ്രൊഫ. സി.ജി. രാമചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.കെ. രാമചന്ദ്രന്‍, പ്രൊഫ. ജോര്‍ജ് വര്‍ഗ്ഗീസ്, ഡോ. വി. അജിത് പ്രഭു, എ. പ്രഭാകരന്‍, ബിനുജ തോമസ് എന്നിവര്‍ പ്രസംഗിച്ചു.