UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, മേയ് 18, വെള്ളിയാഴ്‌ച

മണ്ണെണ്ണ പ്രശ്‌നം പരിഹരിച്ചു; സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

മണ്ണെണ്ണ പ്രശ്‌നം പരിഹരിച്ചു; സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി
Image
വൈദ്യുതിയില്ലാത്തവര്‍ക്ക് നാലുലിറ്റര്‍, വൈദ്യുതിയുള്ളവര്‍ക്ക് ഒരുലിറ്റര്‍
തിരുവനന്തപുരം: വൈദ്യുതി ഇല്ലാത്ത വീടുകള്‍ക്ക് നാലു ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതി ഉള്ള വീടുകള്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണയും
ഈമാസം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന മണ്ണെണ്ണ വിഹിതത്തില്‍ ഒരുമാറ്റവും വന്നിട്ടില്ലെന്നും നേരത്തേ കൊടുത്ത അളവില്‍ തന്നെ അത് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
 
മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് താനും സിവില്‍ സപ്ലൈസ്മന്ത്രിയും കേന്ദ്രമന്ത്രി ജയ്പാല്‍ റെഡിയുമായി ബന്ധപ്പെട്ടിരുന്നു. സബ്‌സിഡി പുനസ്ഥാപിക്കാനുള്ള തീരുമാനം അദ്ദേഹത്തിനു മാത്രമായി കൈക്കൊള്ളാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്. അതുവരെ വിപണി വിലയ്ക്ക് ആവശ്യമായ മണ്ണെണ്ണ ലഭിക്കും. ഇത് സബ്‌സിഡി നിരക്കില്‍ ഈമാസം സംസ്ഥാനം വിതരണം ചെയ്യും. സബ്‌സിഡി പുനസ്ഥാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പത്തു നിര്‍ദ്ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ സംസ്ഥാന വികസനത്തിന്റെ മെന്‍ഡര്‍ ആയ സാംപിട്രോഡയും സംഘവും ഈമാസം 28ന് കേരളത്തില്‍ എത്തും. മൂന്നുമാസം മുമ്പ് മന്ത്രിമാരും ആസുത്രണ ബോര്‍ഡ് അംഗങ്ങളും ഉന്നതഉദ്യോഗസ്ഥരുമടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ നിര്‍ദ്ദേശങ്ങളാവും പരിഗണിക്കുക. ഇവയ്ക്ക് 90 ദിവസത്തിനുള്ളില്‍ പദ്ധതി രേഖ തയ്യാറാക്കി നല്‍കുമെന്ന് അന്ന് അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. അതനുസരിച്ചാണ് 28ന് യോഗം ചേരുന്നത്.
 
പാലക്കാട് മുതലമടയില്‍ സ്വകാര്യ ഡിസ്റ്റലറിക്ക് ലൈസന്‍സ് നല്‍കേണ്ടെന്ന പഞ്ചായത്തിന്റെ തീരുമാനത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം പഞ്ചായത്തിന്റെ അധികാരപരിധിയില്‍പ്പെട്ട കാര്യമാണ്. ഇതില്‍ സര്‍ക്കാരിന് യാതൊരു നിലപാടും ഇല്ല. പഞ്ചായത്തിന്റെ അനുമതി ഉള്‍പ്പടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കാതെ ഡിസ്റ്റിലറിക്ക് പ്രവര്‍ത്തനം ആരംഭിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ പത്തേക്കര്‍ സ്ഥലം 8.76 കോടി രൂപയ്ക്ക് സണ്‍ടെക് എന്ന സ്ഥാപനത്തിന് പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ 2011ലെ ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ കോഴിക്കോട് സ്വദേശി അന്‍ഷിഫിന് വീട് വയ്ക്കാന്‍ മൂന്നുലക്ഷം രൂപ നല്‍കും. അന്തരിച്ച നാടകകലാകാരന്‍ ചങ്ങനാശ്ശേരി നടരാജന്റെ ഭാര്യ പൊന്നമ്മാളിന് പ്രതിമാസം 2000 രൂപ പെന്‍ഷന്‍ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ചന്ദ്രശേഖരന്‍ വധം; സാംസ്‌കാരിക നായകരുടെ മൗനം അത്ഭുതകരം:

ചന്ദ്രശേഖരന്‍ വധം; സാംസ്‌കാരിക നായകരുടെ മൗനം അത്ഭുതകരം: ഉമ്മന്‍ ചാണ്ടി
Image
തിരുവനന്തപുരം: ചെറിയ പ്രശ്‌നങ്ങളില്‍ പോലും പ്രതികരിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ മനുഷ്യജീവനുപോലും വിലയില്ലാതാവുന്ന പ്രശ്‌നങ്ങളില്‍ നിശബ്ദദത പാലിക്കുന്നത് അത്ഭുതകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഇതിനു മുമ്പും പല നിശബ്ദദകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതെല്ലാം ജനം ശ്രദ്ധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്് സി.പി.എം പറയുന്ന കാര്യങ്ങള്‍ സ്വന്തം നേതാക്കളെയും അണികളെയും പോലും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
പ്രതികരിക്കുന്നവര്‍ക്കും പ്രതികരിക്കാത്തവര്‍ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കും. പ്രതികരിക്കാതിരിക്കുന്നത് ഭയം കൊണ്ടാണെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോള്‍ യു.ഡി.എഫിനെ പേടിക്കേണ്ട കാര്യമുണ്ടോയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എവിടുന്നാണ് ഭീഷണി വരുന്നതെന്ന് എല്ലാവര്‍ക്കും മനസിലാകും. സംരക്ഷണം നല്‍കി പ്രതികരിപ്പിക്കേണ്ട സംസ്ഥാനമല്ല കേരളം. കേരളത്തെ ആ രീതിയിലേക്ക് കൊണ്ടുപോകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊന്നവരെ മാത്രം പിടികൂടി കേസ് അവസാനിപ്പിക്കുന്ന കാലം മാറി. കൊല്ലിച്ചവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരും.
 
ജനങ്ങളില്‍ നിന്നും സി.പി.എം ഇത്രയും ഒറ്റപ്പെട്ടകാലഘട്ടം മുമ്പുണ്ടായിട്ടില്ല. ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊല സാംസ്‌കാരികപാരമ്പര്യത്തിന് നിരക്കുന്നതല്ല. കാസര്‍കോഡ് ജബ്ബാര്‍കേസ്, തലശേരി ഫസല്‍വധം, തളിപ്പറമ്പിലെ ഷുക്കൂര്‍ വധം എന്നിവയിലെല്ലാം സി.പി.എമ്മുകാരുടെ നേര്‍ക്കാണ് വിരല്‍ചൂണ്ടുന്നത്. ഒഞ്ചിയത്തെ കഴിഞ്ഞ നാലുവര്‍ഷത്തെ ചരിത്രം പരിശോധിക്കണം. ഒഞ്ചിയം രക്തസാക്ഷിദിനത്തില്‍പ്പോലും ചന്ദ്രശേഖരനെതിരെ ഭീഷണി മുഴക്കിയതും മുദ്രാവാക്യം വളിച്ചതും യു.ഡി.എഫുകാരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാലിന്യസംസ്കരണം: വാര്‍ഡുകള്‍ക്ക് 25,000 രൂപ വീതം

മാലിന്യസംസ്കരണം: വാര്‍ഡുകള്‍ക്ക് 25,000 രൂപ വീതം -മുഖ്യമന്ത്രി


ചെലവ് മുക്കാല്‍ഭാഗം സര്‍ക്കാര്‍ വഹിക്കും

കോഴിക്കോട്: മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാനുള്ള മുന്‍കരുതലുകളുടെ ഭാഗമായി ഈ വര്‍ഷം കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ വാര്‍ഡുകളിലും 25,000 രൂപ വീതം അനുവദിക്കുമെന്നും ഉറവിടമാലിന്യ സംസ്കരണത്തിന് വ്യക്തികളും സ്ഥാപനങ്ങളും ചെലവാക്കുന്ന തുകയുടെ 75 ശതമാനം സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് 'മഴയെത്തുംമുമ്പേ' മഴക്കാലപൂര്‍വ ശുചീകരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പഞ്ചായത്ത്-സാമൂഹികക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു.

 
ഓരോ വാര്‍ഡിനും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍.ആര്‍.എച്ച്.എം) ഫണ്ടില്‍നിന്ന് 10,000 രൂപയും സംസ്ഥാന ശുചിത്വ മിഷന്‍ വിഹിതമായി 10,000 രൂപയും നല്‍കും. ഇതിനു പുറമെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്വന്തംനിലയില്‍ ചുരുങ്ങിയത് 5000 രൂപ അനുവദിക്കാനും അനുമതി നല്‍കും. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ആധുനിക സാങ്കേതിക വിദ്യകളോടെ കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കും.

 
മാലിന്യത്തില്‍നിന്ന് പ്ലാസ്റ്റിക് വേര്‍തിരിച്ചെടുക്കുക, വേര്‍തിരിച്ച പ്ലാസ്റ്റിക്കില്‍ നിന്ന് പുതിയ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനുളള സാധ്യത ആരായുക, ഉറവിടമാലിന്യ സംസ്കരണം എന്നിവയാണ് മാലിന്യ സംസ്കരണത്തിന്റെ വിവിധ ഘട്ടങ്ങളായി സര്‍ക്കാര്‍ കാണുന്നത്.
മാലിന്യപ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബജറ്റില്‍ ഈ വര്‍ഷം 236 കോടി രൂപ നീക്കിവെച്ചിട്ടുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.


മുഴുവന്‍ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരും

മുഴുവന്‍ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരും-മുഖ്യമന്ത്രി

 

 




വടകര: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ഇതില്‍ രാഷ്ട്രീയപരിഗണനയില്ലെന്നും കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിനുമുമ്പില്‍ കൊണ്ടുവരുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകരാഷ്ട്രീയത്തിനെതിരെ ജനമനഃസാക്ഷി ഉണര്‍ത്താന്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ വടകര കോട്ടപ്പറമ്പില്‍ നടന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കൊലപാതക രാഷ്ട്രീയപരമ്പരയിലെ അവസാനത്തേതാകണം ടി.പി. ചന്ദ്രശേഖരന്റെ വധമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ആശയപരമായ സംഘട്ടനത്തെ കൊലപാതകത്തിലേക്ക് നയിക്കുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ല. ചന്ദ്രശേഖരനെ വധിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനായാണ് കേരളജനത ഓരോ ദിവസവും കാത്തിരിക്കുന്നത്.

ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കരയില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ എല്‍.ഡി.എഫ്. പരാതി നല്‍കിയതിനാല്‍ എടുത്തുമാറ്റിയിട്ടുണ്ട്. ബോര്‍ഡുകള്‍ മാറ്റാനേ കഴിയൂ. മൃഗീയമായ കൊലപാതകം ഉളവാക്കിയ വികാരം ജനമനസ്സില്‍നിന്നും മാറ്റാനാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ടി.പി. ചന്ദ്രശേഖരനെ വധിച്ചതിനുപിന്നില്‍ സി.പി.എം. തന്നെയാണെന്ന പ്രസ്താവനയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നേരത്തേ ഇക്കാര്യം പറഞ്ഞതിന് പിണറായി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തനിക്കെതിരെ തിരിഞ്ഞു. ഈ കൊലപാതകത്തില്‍ പങ്കില്ലെന്ന് പിണറായിക്ക് നെഞ്ചില്‍ കൈവെച്ച് പറയാന്‍ കഴിയുമോ? സി.പി.എം. നേതൃത്വത്തിന്റെ അറിവില്ലാതെ ഈ കൊല നടക്കില്ല. കേസില്‍ പരല്‍മീനുകളെ മാത്രമല്ല വമ്പന്‍സ്രാവുകളെയും പിടികൂടണം. പാര്‍ട്ടിക്കാര്‍ ഹാജരാക്കുന്ന പ്രതികളെ പിടികൂടുന്ന രീതി മാറണമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

ചന്ദ്രശേഖരന്റെ കൊലപാതകം സാംസ്‌കാരികകേരളത്തിന് അപമാനം വരുത്തിവെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പറഞ്ഞു. മരണശേഷം ചന്ദ്രശേഖരനെ അധികാരമോഹിയായി വിശേഷിപ്പിച്ച സി.പി.എമ്മിന്റെ നടപടി ദൗര്‍ഭാഗ്യകരമാണ്. ഇത് ആരും വിശ്വസിക്കില്ല. കേരളത്തില്‍ വളര്‍ന്നുവരുന്ന ക്വട്ടേഷന്‍ സംഘങ്ങളെ അടിച്ചമര്‍ത്തണം. ഗുണ്ടാനിയമത്തില്‍ ഭേദഗതിവരുത്തേണ്ട കാലവും അതിക്രമിച്ചു. ജയിലുകള്‍ ക്രിമിനല്‍സംഘങ്ങളുടെ ഗൂഢാലോചനാകേന്ദ്രമാകുന്നത് ആശങ്കാജനകമാണെന്ന് സുധീരന്‍ പറഞ്ഞു.

ഉന്മൂലനസിദ്ധാന്തം കൈമുതലാക്കിയ കല്‍ക്കട്ട തീസിസിന്റെ സന്തതികള്‍ ഇപ്പോഴും സി.പി.എമ്മിലുണ്ടെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു. ടി.പി.യുടെ വധം അതിന്റെ തെളിവാണ്. ജനനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കലാണ് രാഷ്ട്രീയപാര്‍ട്ടികളുടെ കടമ. പക്ഷേ, സി.പി.എം. അതില്‍നിന്നും മാറിപ്പോകുന്നു എന്നതാണ് കേരളത്തിന്റെ ദുര്‍വിധി. കേളപ്പജിയെപ്പോലും വധിക്കാന്‍ ശ്രമിച്ചവരാണ് ഇവര്‍. കെ.മാധവന്റെ 'ഒരു ഗാന്ധിയന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മകള്‍' എന്ന പുസ്തകത്തില്‍ ഇക്കാര്യം പറയുന്നുണ്ട്.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രകാശ് കാരാട്ട് മൗനം വെടിയണം. വധത്തില്‍ സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് തെളിഞ്ഞാല്‍ നടപടി സ്വീകരിക്കാന്‍ കാരാട്ട് തയ്യാറാകുമോ? വി.എസ്. തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട ദിവസം സി.പി.എം. പ്രാദേശികനേതാക്കള്‍ മാറിനിന്നു എന്ന് പറഞ്ഞതിന്റെ പേരില്‍ തനിക്കെതിരെ വക്കീല്‍നോട്ടീസ് അയച്ചിട്ടുണ്ട്. ആ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. വക്കീല്‍നോട്ടീസിനെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ഉപവാസത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ എഴുത്തുകാരി കെ.പി. സുധീര സമരപ്പന്തലിലെത്തി. കഴിഞ്ഞദിവസം സുധീര ടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചിരുന്നു.

സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ക്ക് മുന്‍ഗണന

സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ക്ക് മുന്‍ഗണന -മുഖ്യമന്ത്രി

 

 


കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്‍കിവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും അത്തരം കോഴ്‌സുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

കോഴിക്കോട് മാളിക്കടവിലെ ഗവ. വനിതാ ഐ.ടി. ഐ.ക്ക് ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഔദ്യോഗികപ്രഖ്യാപനവും വെര്‍ച്വല്‍ക്ലാസ് റൂമുകളുടെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം സ്‌കില്‍ ഡെവലപ്‌മെന്റ്മിഷന്‍ രൂപവത്കരിച്ചത്. 2020 ആവുമ്പോഴേക്കും അഞ്ഞൂറ് ദശലക്ഷം പേര്‍ക്ക് പരിശീലനം നല്‍കി സജ്ജരാക്കുകയെന്നതാണ് മിഷന്റെ ലക്ഷ്യം. ആ ലക്ഷ്യം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തും നടത്തേണ്ടതുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

വെര്‍ച്വല്‍ ക്ലാസ്‌റൂം കഴക്കൂട്ടം വനിതാ ഐ.ടി.ഐ. വിദ്യാര്‍ഥികളുമായി വിഡീയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്തു.

ഐ.ടി.ഐ. മേഖലയുടെ വികസനത്തിനും കരിക്കുലം മാറ്റത്തിനുമായി 65 കോടിരൂപയാണ് ഈ വര്‍ഷം നീക്കിവെച്ചതെന്ന് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ഈവര്‍ഷംതന്നെ 20 ഗവ. ഐ.ടി.ഐ.കള്‍ക്കുകൂടി ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു. 

അന്താരാഷ്ട്രതലത്തില്‍ തൊഴില്‍പരിശീലനം നല്‍കുന്ന ഐ.ടി.ഐ.കളെമാത്രമേ ഇനി സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. ഐ.ടി.ഐ.വിദ്യാഭ്യാസത്തില്‍ വലിയമാറ്റത്തിനാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. ആ മാറ്റം വെര്‍ച്ച്വല്‍ ക്ലാസ്‌റൂമില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. മറിച്ച് കഴിവുള്ളവരാണ് ഐ.ടി.ഐ. മേഖലയിലേക്ക് വരേണ്ടത് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള മാറ്റമാണ് ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയില്‍ ആദ്യമായി ഐ.എസ്.ഒ. അംഗീകാരം നേടിയെടുക്കാന്‍ കോഴിക്കോട് ഗവ. വനിതാ ഐ.ടി.ഐ.യെ പ്രാപ്തമാക്കിയ പ്രിന്‍സിപ്പലിനെയും മറ്റ് അധ്യാപകരെയും ഗുഡ്‌സ് സര്‍വീസ് എന്‍ട്രിക്ക് ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുന്നെും മന്ത്രി പറഞ്ഞു.

ജോബ് പോര്‍ട്ടല്‍ ലോഞ്ചിങ് എം.കെ. രാഘവന്‍ എം.പി. നിര്‍വഹിച്ചു.

ചടങ്ങില്‍ ഐ.ടി.ഐ. പ്രിന്‍സിപ്പല്‍ എന്‍. മുഹമ്മദലിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപഹാരം സമ്മാനിച്ചു. 

2012, മേയ് 16, ബുധനാഴ്‌ച

കേരളം പഴയ കേരളമല്ല, നിക്ഷേപങ്ങള്‍ നൂറുമേനി വിളയും

കേരളം പഴയ കേരളമല്ല, നിക്ഷേപങ്ങള്‍ നൂറുമേനി വിളയും: ഉമ്മന്‍ ചാണ്ടി

 

 

മുംബൈയില്‍ നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്ന മന്ത്രി കെ.എം.മാണി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍.

മുംബൈ * തൊഴില്‍ പ്രശ്‌നങ്ങള്‍ പഴങ്കഥയാണെന്നും ഐടി ഉള്‍പ്പെടെ പുതുതലമുറ വ്യവസായങ്ങള്‍ക്ക് ഏറ്റവും വളക്കൂറുളള മണ്ണാണ് ഇപ്പോള്‍ കേരളമെന്നും വിശദീകരിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംഘവും നിക്ഷേപകര്‍ക്കു മുന്നില്‍ വാതായനങ്ങള്‍ തുറന്നിട്ടു. മുംബൈയില്‍ നൂറിലേറെ  ബിസിനസ്-വ്യവസായ പ്രമുഖരുമായുളള കൂടിക്കാഴ്ചയിലുടനീളം കേരളം നിക്ഷേപ സൗഹൃദമല്ലെന്ന ധാരണ തിരുത്താനാണു മുഖ്യമന്ത്രി ശ്രമിച്ചത്. സുസ്ഥിരവും വേഗത്തിലുമുള്ള വികസനമാണു കേരളം ലക്ഷ്യമിടുന്നതെന്നും നിക്ഷേപകര്‍ക്ക് ഏറ്റവും അനുകൂലമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 

 

സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടത്തുന്ന 'എമര്‍ജിങ് കേരള രാജ്യാന്തര നിക്ഷേപക സംഗമത്തിലേക്ക് കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉമ്മന്‍ ചാണ്ടി, വ്യവസായ-ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ധനമന്ത്രി കെ.എം. മാണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വ്യവസായ പ്രമുഖരെ കണ്ടത്. തീരദേശ മേഖല കേന്ദ്രീകരിച്ചുള്ള 'സീ പ്ലെയിന്‍ പദ്ധതി നടത്തിപ്പു സംബന്ധിച്ചു സര്‍ക്കാര്‍ അനുമതി ലഭിക്കുകയാണെങ്കില്‍ ഉടന്‍ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സന്നദ്ധമാണെന്നു മെഹ് എയര്‍ കമ്പനി പ്രതിനിധികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. വിഴിഞ്ഞം പദ്ധതിക്കു ടെന്‍ഡര്‍ സമര്‍പ്പിച്ചിരിക്കുന്ന ഗുജറാത്ത് ആസ്ഥാനമായുള്ള വെല്‍സ്പണ്‍ കമ്പനി പ്രതിനിധികളും ചര്‍ച്ച നടത്തി. 

 

കൊടക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊടക് ഉള്‍പ്പെടെയുള്ള ഒട്ടേറെ വ്യവസായികള്‍ എമര്‍ജിങ് കേരളയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. ടാറ്റാ ഇന്‍ഫ്രാസ്ട്രക്ചര്‍ സിഇഒ സഞ്ജയ് ഉപാലെ മോണോ റയില്‍ പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഗോദ്‌റജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മേധാവി ആദി ഗോദ്‌റജ്, കുമാരമംഗലം ബിര്‍ല ഗ്രൂപ്പിലെ രാജശ്രീ ബിര്‍ല, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അരുണ്‍ നന്ദ തുടങ്ങിയ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. 

 

തിരുവനന്തപുരം-മംഗലാപുരം അതിവേഗ റയില്‍വേ ഇടനാഴി, 52000 കോടി രൂപ ചെലവു കണക്കാക്കുന്ന ദേശീയ നിക്ഷേപക-ഉല്‍പാദന മേഖല, കൊച്ചി മെട്രോ റയില്‍, കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം, കോഴിക്കോട്ടെയും തിരുവന്തപുരത്തെയും മോണോ റയില്‍ എന്നിങ്ങനെ നടപ്പാക്കാനിരിക്കുന്ന പദ്ധതികളില്‍ നിക്ഷേപകര്‍ക്കുള്ള സാധ്യതകള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. ഇവ  നിലവില്‍ വന്നാല്‍, അടിസ്ഥാന സൗകര്യമേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ക്കു സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

 

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുജ ഗ്രൂപ്പ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് , ടാറ്റാ ഇന്റര്‍നാഷനല്‍, ജെപി മോര്‍ഗന്‍, ബിപിസിഎല്‍, എന്‍പിസിഎല്‍, മാരികോ ഇന്ത്യ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഐഗേറ്റ്, യുഎസ് ഏഷ്യാ ബിസിനസ് ഫോറം, അര്‍ജന്റീന, കനഡ എന്നിവിടങ്ങളില്‍ നിന്നുള്ള കോണ്‍സുലേറ്റ് ജനറല്‍മാര്‍, മെക്‌സിക്കന്‍ ട്രേഡ് കമ്മിഷണര്‍, എക്‌സിം ബാങ്ക്, യെസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്  കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

 

മുന്‍പുണ്ടായിരുന്ന തൊഴിലാളി യൂണിയന്‍ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ഇല്ലെന്നും പുകക്കുഴലുകളുമായി മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളേക്കാള്‍ നൂതന ആശയങ്ങളും പദ്ധതികളുമായി പുതിയ തലമുറ മുന്നോട്ടുവരുന്നുണ്ടെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരിസ്ഥിതിക്ക് ഇണങ്ങിയ വ്യവസായങ്ങളെയാണു കേരളം പ്രോല്‍സാഹിപ്പിക്കുന്നത്. മികച്ച വിദ്യാഭ്യാസവും വിദഗ്ധ തൊഴിലാളി ലഭ്യതയും മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷവുമുള്ള സംസ്ഥാനത്തെ ആഗോള വ്യാപാര കേന്ദ്രമാക്കുകയാണു ലക്ഷ്യമെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു. 

 

തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ 10,000 പേര്‍ക്ക് ഒരേസമയം പരിശീലന സൗകര്യമുള്ള പുതിയ കേന്ദ്രം തുറക്കുന്നകാര്യം ബിസിനസ് മീറ്റില്‍ അറിയിച്ച ടിസിഎസ് അധികൃതര്‍ കേരളത്തിലെ മികച്ച തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചു വിശദീകരിച്ചു. 9000 പേര്‍ക്കു തൊഴിലവസരമേകുന്ന കൊച്ചിയിലെ ടിസിഎസ് സമുച്ചയനിര്‍മാണം ഏഴു മാസത്തിനകം പൂര്‍ത്തിയാകുമെന്നും അധികൃതര്‍ പറഞ്ഞു. നാസ്‌കോം പ്രതിനിധികളുമായും  കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തി. 

 

ജിടിഎന്‍ ടെക്‌സ്‌റ്റൈല്‍സ് സിഎംഡി ബി.കെ. പട്ടോഡിയ, കാന്‍കോര്‍ ഇന്‍ഗ്രെഡിയന്റ്‌സ് മാനേജിങ് എഡിറ്റര്‍ സഞ്ജയ് മാരിവാല, ഈസ്‌റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ എന്നിവര്‍ കേരളത്തിലെ സംരംഭകത്വ അനുഭവങ്ങള്‍ വിശദീകരിച്ചു. വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരം, വ്യവസായ വകുപ്പ് സെക്രട്ടറിയും കെഎസ്‌ഐഡിസി എംഡിയുമായ അല്‍കേഷ് ശര്‍മ, സിഐഐ കേരള വൈസ് ചെയര്‍മാന്‍ സി.ജെ. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

 

സി.പി.എം കേരളത്തില്‍ ഒറ്റപ്പെട്ടു

 

സി.പി.എം കേരളത്തില്‍ ഒറ്റപ്പെട്ടു

 

സി.പി.എം കേരളത്തില്‍ ഒറ്റപ്പെട്ടു

 

 ജനങ്ങളില്‍ നിന്നും ഇത്രയധികം ഒറ്റപ്പെട്ട കാലഘട്ടം സി.പി. എമ്മിനുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ടി.പി ചന്ദ്രശേഖരന്റെ കൊലപാതവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിലാണ്. അതിനാല്‍ അതേക്കുറിച്ചുള്ള വിശദാംശങ്ങളിലേക്ക് പോകുന്നില്ല. എന്നാല്‍ ഒഞ്ചിയത്തിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ ചരിത്രം കേരള ജനതക്കറിയാം. കുറ്റം ചെയ്തവരാരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം- മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫിന്റേത് കൊലപാതക രാഷ്ട്രീയമല്ല. യു.ഡി.എഫ് ആരെയെങ്കിലും പഴിചാരി രക്ഷപ്പെടാനും ശ്രമിക്കുന്നില്ല. അത് കേരള ജനതക്കറിയാം. കാസര്‍കോഡ് ജബ്ബാര്‍ വധത്തിലും ഫസല്‍ വധത്തിലും പ്രതികളാരാണെന്നും അവര്‍ക്കറിയാം- ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പിണറായിയുടെ അഭിപ്രായം സ്വന്തം പാര്‍ട്ടി നേതാവിനെയോ അണികളെയോ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനുശോചനയോഗങ്ങളും പ്രതിഷേധ പരിപാടികളും നടത്തുന്നത് ആരാണെന്നും അദ്ദേഹം ചോദിച്ചു.

കൊച്ചു കൊച്ചു പ്രശ്നങ്ങളില്‍ പോലും പ്രതികരിക്കുന്ന സാംസ്കാരിക നായകര്‍ മനുഷ്യജീവന് വിലകല്‍പിക്കാത്ത സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. സംരക്ഷണം നല്‍കി പ്രതികരിപ്പിക്കേണ്ട ആവശ്യമില്ല.

യു.ഡി.എഫില്‍ ഭിന്നിപ്പുണ്ടെന്ന് പ്രചരണം നെയ്യാറ്റിന്‍കരയിലും വിജയിക്കില്ല. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിന് വിജയം സുനിശ്ചിതമാണെന്നും പിറവത്തെ കൂട്ടായ്മ നെയ്യാറ്റിന്‍കരയിലും കാണാമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

 

2012, മേയ് 15, ചൊവ്വാഴ്ച

നെയ്യാറ്റിന്‍കരയില്‍ അക്രമരാഷ്ട്രീയത്തിനെതിരെ വിധിയെഴുത്തുണ്ടാവും:

നെയ്യാറ്റിന്‍കരയില്‍ അക്രമരാഷ്ട്രീയത്തിനെതിരെ വിധിയെഴുത്തുണ്ടാവും: 
 
പുതുപ്പള്ളി* സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ വിധിയെഴുത്തായി മാറും നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ഫലമെന്നും ഒഞ്ചിയം സംഭവത്തോടെ കേരളത്തില്‍ സിപിഎം ഒറ്റപ്പെട്ടുപോയതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 
ഒഞ്ചിയത്ത് നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ നാലുവര്‍ഷമായി ജനങ്ങള്‍ അനുഭവിക്കുന്നതിന്റെ തുടര്‍ച്ചയാണിത്. സിപിഎം എത്ര പറഞ്ഞിട്ടും ജനങ്ങള്‍ വിശ്വസിക്കുന്നില്ല. അണികളും കൂടെയുള്ള പാര്‍ട്ടികളും വിശ്വസിക്കാത്ത സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രവര്‍ത്തക ക്യാംപിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അധികാരത്തിലിരുന്നപ്പോള്‍ ജനങ്ങളെ പൂര്‍ണമായും മറന്ന പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് കാഴ്ചവച്ചത്. 
ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുമ്പോഴും പാര്‍ട്ടിക്കകത്ത് വിഭാഗീയതയും തുറന്നപോരും നടക്കുകയാണ്. പാര്‍ട്ടി കോടതികള്‍ ശിക്ഷ വിധിക്കുകയും അവ നടപ്പാക്കുകയും ചെയ്യുന്നത് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന് ചേര്‍ന്നതാണോ എന്നു മുഖ്യമന്ത്രി ചോദിച്ചു.

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മാലിന്യം: മുഖ്യമന്ത്രി

 

സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സാമൂഹികശുചിത്വവും മാലിന്യസംസ്‌കരണവുമാണെന്നും ഇതു നേരിടാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും ചേര്‍ന്ന കൂട്ടായ്മ ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിര്‍മല്‍ ഗ്രാമ പുരസ്‌കാരം നേടിയ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സമ്മാനദാനവും ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശുചിത്വത്തില്‍ മാതൃകകളായി നിര്‍മല്‍ പുരസ്‌കാരം നേടിയ പഞ്ചായത്തുകള്‍ ആ നേട്ടം നിലനിര്‍ത്താന്‍ പദ്ധതികളൊരുക്കണം. 

 

ചിലരെങ്കിലും ഇതില്‍ വിട്ടുവീഴ്ച വരുത്തിയതുകൊണ്ടാണു സംസ്ഥാനത്തെ ആറു ജില്ലാ പഞ്ചായത്തുകളും 33 ബ്ലോക്ക് പഞ്ചായത്തുകളും ഇപ്പോഴും നിര്‍മല്‍പുരസ്‌കാരം ലഭിക്കാതെ അവശേഷിക്കുന്നത്. 17നു സമ്പൂര്‍ണ ശുചിത്വ യജ്ഞത്തിനു തുടക്കം കുറിക്കുകയാണ്. അതിന് എല്ലാം മറന്നു കേരളം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വരുത്തുന്നതു വന്‍ വിപത്തുകളെ ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാണ്. മാലിന്യസംസ്‌കരണ രംഗത്ത് ഉയര്‍ത്തിക്കാട്ടാന്‍ ഒരു മാതൃക ഇല്ലാത്തതാണ് സംസ്ഥാനത്തിന്റെ പ്രശ്‌നം. ഉറവിടങ്ങളില്‍തന്നെ മാലിന്യസംസ്‌കരണ നവീന പദ്ധതികള്‍ക്ക് 90 % സബ്‌സിഡി നല്‍കി പ്രോല്‍സാഹനം നല്‍കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇതു പ്രയോജനപ്പെടുത്താം. കേന്ദ്രീകൃത മാലിന്യസംസ്‌കരണ പദ്ധതി ആദ്യം തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളിലാണു തുടങ്ങാനുദ്ദേശിക്കുന്നത്-  മുഖ്യമന്ത്രി പറഞ്ഞു. 

 

2011-12 വര്‍ഷത്തില്‍ നിര്‍മല്‍ പുരസ്‌കാരത്തിന് അര്‍ഹരായ എറണാകുളം, കാസര്‍കോഡ് ജില്ലാ പഞ്ചായത്തുകളുടെയും വണ്ടിപ്പെരിയാര്‍, മൂന്നാര്‍, നീണ്ടൂര്‍, പുതുശേരി, കൊടുമ്പ, പള്ളിക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും ഇടപ്പള്ളി, പള്ളുരുത്തി, ഇടുക്കി, കാഞ്ഞങ്ങാട്, കാസര്‍കോഡ്, മഞ്ചേശ്വരം, ളാലം പാമ്പാടി, തിരൂര്‍, നെന്മാറ എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും പ്രതിനിധികളാണ് മുഖ്യമന്ത്രിയില്‍നിന്നു സമ്മാനം ഏറ്റുവാങ്ങിയത്. 

 

പുരസ്‌കാര തുക ഒന്നാം ഗഡു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിതരണം ചെയ്തു. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷനായിരുന്നു. ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് ചാക്കച്ചേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ രാധാ.വി. നായര്‍, ശ്യാമളാദേവി, എല്‍ദോ കുന്നപ്പള്ളി, കലക്ടര്‍ മിനി ആന്റണി, നഗരസഭ കൗണ്‍സിലര്‍മാരായ വി.കെ. അനില്‍കുമാര്‍, അനീഷ തങ്കപ്പന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

 

2012, മേയ് 9, ബുധനാഴ്‌ച

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മലയാളികള്‍ക്ക് പ്രഹേളിക

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മലയാളികള്‍ക്ക് പ്രഹേളിക 

 



വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മലയാളികളെപ്പോലുള്ളവരെ സംബന്ധിച്ചിടത്തോളം എന്നും പ്രഹേളികയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മളില്‍ നിന്നു വളരെ അകലെയാണെന്നതിനാല്‍ അന്നാട്ടുകാരെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. യുദ്ധകാലത്തും സമാധാനകാലത്തും സൈന്യം നല്‍കുന്ന സേവനങ്ങള്‍ വളരെ മഹത്തരമാണ്. ഇപ്പോഴുള്ള ശ്രമവും സമാനമാണെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. 
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പരിചയപ്പെടുത്തുന്നതിന് കരസേന നടപടികള്‍ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ മൂന്നു പുസ്തകങ്ങളടങ്ങിയ 'നോര്‍ത്ത് ഈസ്റ്റ് ട്രൈലജി' മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു. കരസേനാ മേധാവി ജനറല്‍ വി.കെ. സിങ് പുസ്തകങ്ങളുടെ ആദ്യ പ്രതി ഏറ്റുവാങ്ങി. 

മൂന്നു വര്‍ഷം മുമ്പ് കരസേന തുടക്കമിട്ട പ്രവര്‍ത്തനമാണ് ഇപ്പോള്‍ സഫലമാകുന്നതെന്ന് ജനറല്‍ വി. കെ. സിങ് പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അഭൗമസൗന്ദര്യത്തെക്കുറിച്ചും അവിടത്തെ ജനങ്ങളെക്കുറിച്ചും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ അവസരമൊരുക്കുകയായിരുന്നു ലക്ഷ്യം. രാജ്യത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ജോലി സംബന്ധമായും മറ്റും താമസിക്കുന്നുണ്ട്. അവരെ വ്യക്തമായി മനസ്സിലാക്കുന്നതിന് ഈ പുസ്തകങ്ങള്‍ ഉപകരിക്കും. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിലാണ് ഇംഗ്ലീഷിലുള്ള മൂന്നു പുസ്തകങ്ങള്‍ പുറത്തിറക്കുന്നത്. അടുത്ത ഘട്ടത്തില്‍ ഈ പുസ്തകങ്ങള്‍ പ്രാദേശിക ഭാഷകളില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

കരസേനയുടെ ദക്ഷിണ കമാന്‍ഡ് മേധാവി ലെഫ്. ജനറല്‍ എ. കെ. സിങ്, മേജര്‍ ജനറല്‍ അമിത് ശര്‍മ്മ, പുസ്തകങ്ങളുടെ രചയിതാക്കളില്‍ ഒരാളായ കുനാല്‍ വര്‍മ്മ എന്നിവരും സംബന്ധിച്ചു.