UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, മാർച്ച് 12, തിങ്കളാഴ്‌ച

പത്രസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ക്ഷേമനിധി ഉടന്‍

പത്രസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ക്ഷേമനിധി ഉടന്‍

 



കോട്ടയം: പത്രസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സമഗ്രമായ ക്ഷേമനിധി ഉടന്‍ തന്നെ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത് കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമനിധി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ ഉടന്‍ തന്നെ രൂപരേഖ തയ്യാറാക്കും. ഈ മേഖലയിലെ പെന്‍ഷനിലെ അപാകങ്ങള്‍പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പത്രസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടായിരിക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. കെ.എന്‍.ഇ.എഫ്. സംസ്ഥാന പ്രസിഡന്റ് കെ.എന്‍.ലതാനാഥന്‍ അധ്യക്ഷനായിരുന്നു. കോട്ടയം നഗരസഭാ ചെയര്‍മാന്‍ സണ്ണി കല്ലൂര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതിയംഗം ചെറുകര സണ്ണിലൂക്കോസ്, കെ. എന്‍.ഇ.എഫ്. ജനറല്‍ സെക്രട്ടറി ബാലഗോപാല്‍, ഗോപന്‍ നമ്പാട്ട്, ജയിംസ്‌കുട്ടി ജേക്കബ് എന്നിവര്‍ സംസാരിച്ചു.

വീടില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ്: 'സാഫല്യം' പദ്ധതിക്ക് തുടക്കം

വീടില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ്: 'സാഫല്യം' പദ്ധതിക്ക് തുടക്കം

 


അകലക്കുന്നം(കോട്ടയം):സ്വന്തമായി ഭൂമിയും വീടുമില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ് നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ 'സാഫല്യം' ഭവന പദ്ധതിക്ക് തുടക്കമായി. ഭവനനിര്‍മ്മാണരംഗത്തെ വലിയ മാറ്റത്തിന്റെ തുടക്കമാണിതെന്ന് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഗ്രാമങ്ങളില്‍പ്പോലും ഭൂമിവില വളരെക്കൂടുതലാണ്. സാഫല്യം പദ്ധതി പാവപ്പെട്ടവരുടെ ഭവനമോഹങ്ങള്‍ സാക്ഷാത്കരിക്കും- അദ്ദേഹം പറഞ്ഞു. 

പാവപ്പെട്ടവര്‍ക്ക് ഫ്‌ളാറ്റ് നല്‍കുന്ന പദ്ധതി, രാജ്യത്ത് ആദ്യമാണെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ. എം. മാണി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് വീടില്ലാത്ത ഏഴു ലക്ഷത്തോളം ആളുകളുണ്ട്.സ്വന്തമായി ഒരു വീടുണ്ടാകുക അവരുടെ പ്രതീക്ഷയാണ്. അത് സഫലീകരിക്കുകയാണ് സാഫല്യം പദ്ധതിയിലൂടെ- മന്ത്രി പറഞ്ഞു.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മോന്‍സ് ജോസഫ് എം. എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, ഭവനനിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ അറക്കല്‍ ബാലകൃഷ്ണപിള്ള, ഭവനസെക്രട്ടറി എ.അജിത്ത് കുമാര്‍, ജനപ്രതിനിധികളായ സൂസമ്മ കുര്യന്‍, മേരി ഫിലിപ്പ്, ബെന്നി വടക്കേടം, റോസമ്മ സാബു, മാത്തുക്കുട്ടി ഞായര്‍കുളം, ഷൈനി ജോസ്, ജിജി ജോസ്,വിക്ടര്‍ ടി. തോമസ്, ആര്‍. കെ. രവീന്ദ്രനാഥ്, ജയിംസ് ജോസഫ്, സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് ജോസഫ് ചാവറ, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് അപ്പച്ചന്‍ വെട്ടിത്താനം എന്നിവര്‍ പ്രസംഗിച്ചു.

സിന്ധു ജോയിയെക്കുറിച്ചുള്ള പരാമര്‍ശം അപമാനകരം

സിന്ധു ജോയിയെക്കുറിച്ചുള്ള പരാമര്‍ശം അപമാനകരം

 

കൂത്താട്ടുകുളം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സിന്ധു ജോയിയെക്കുറിച്ച് നടത്തിയ പരാമര്‍ശം കേരളത്തിന് അപമാനമായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂത്താട്ടുകുളത്ത് പറഞ്ഞു.

'കേരളത്തിന്റെ സംസ്‌കാരത്തിന് യോജിക്കാത്തതാണിത്. പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. വിഎസ് അത് പിന്‍വലിക്കണം' -അദ്ദേഹം പറഞ്ഞു.

അനൂപ് ജേക്കബിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് നിയമപരമായി യാതൊരു അപാകങ്ങളുമില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വിലകുറഞ്ഞ പ്രചാരണങ്ങളാണ് ഇടതുമുന്നണി നടത്തുന്നത്.

സെല്‍വരാജ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ വിവാദങ്ങള്‍ സൃഷ്ടിച്ച് ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ് സിപിഎം. പണം കൊടുത്താല്‍ കിട്ടുന്നവരാണ് സിപിഎമ്മിന്റെ എംഎല്‍എമാരെന്നു പറഞ്ഞ് പാര്‍ട്ടിയുടെ എംഎല്‍എമാരെത്തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണ, പ്രതിപക്ഷ വ്യത്യാസം നോക്കാതെ കേരളമൊട്ടാകെയുള്ള വികസനമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. സെല്‍വരാജ് സബ്മിഷനിലൂടെ ഉന്നയിച്ച പദ്ധതിക്ക് അനുമതി കൊടുക്കുക മാത്രമാണുണ്ടായിട്ടുള്ളതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

2012, മാർച്ച് 8, വ്യാഴാഴ്‌ച

ചൈനീസ് കപ്പല്‍ ഇടിച്ചു മരണം പുനരന്വേഷിക്കും

ചൈനീസ് കപ്പല്‍ ഇടിച്ചു മരണം പുനരന്വേഷിക്കും 

 കണ്ണൂരില്‍ 2008ല്‍ ചൈനീസ് കപ്പല്‍ ഇടിച്ച് ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത കേസ് പുനരന്വേഷിക്കാനും മതിയായ നഷ്ടപരിഹാരം നേടിയെടുക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കഴിഞ്ഞ ദിവസം ബോട്ടില്‍ കപ്പല്‍ ഇടിച്ചു മരിച്ച മൂന്നു മല്‍സ്യത്തൊഴിലാളികളുടെയും കുടുംബങ്ങള്‍ക്ക്  അഞ്ചു ലക്ഷം രൂപ വീതം നല്‍കാനും  മന്ത്രിസഭ തീരുമാനിച്ചു. പരുക്കേറ്റ രണ്ടു പേര്‍ക്ക് 25000 രൂപ വീതം നല്‍കും. 

 

എട്ടു തീരദേശ പൊലീസ് സ്‌റ്റേഷനുകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ക്കായി 56 പേരെ നിയമിക്കും.  നാവികസേനയില്‍ നിന്നും കോസ്റ്റ് ഗാര്‍ഡില്‍ നിന്നും വിരമിച്ച മൂന്നു പേരെ ഒരു സ്‌റ്റേഷനില്‍ എന്ന ക്രമത്തില്‍ 24 പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.  പുറമെ പരിചയസമ്പന്നരും തദ്ദേശീയരുമായ 32 മല്‍സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിനു നിയോഗിക്കും. ഒരു സ്‌റ്റേഷനില്‍ നാലു പേരെന്ന ക്രമത്തിലായിരിക്കും ഇത്. 

 

കേന്ദ്ര സര്‍ക്കാര്‍ പുതിയതായി അനുവദിച്ച 10 തീരദേശ പൊലീസ് സ്‌റ്റേഷനുകള്‍ തുടങ്ങുന്നതിന്റെ വിശദാംശം തയാറാക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കി. ബോട്ടുകള്‍ക്ക് ആശയവിനിമയ സൗകര്യം മെച്ചപ്പെടുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഉപകരണങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചു പഠിച്ചു ശുപാര്‍ശ നല്‍കാനും ഇവരോടു നിര്‍ദേശിച്ചിട്ടുണ്ട്. ബോട്ടില്‍ കപ്പലിടിച്ചു കാണാതായവരെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നു മുഖ്യമന്ത്രി പറഞ്ഞു. നേവിയുടെ പുതിയ ടീം രംഗത്തിറങ്ങിയിട്ടുണ്ട്. 

 

2008ലെ ചൈനീസ് കപ്പല്‍ 25 ലക്ഷം രൂപ കോടതിയില്‍ കെട്ടിവച്ചു പോയെങ്കിലും മരിച്ചയാളിന്റെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് ഒന്നും കിട്ടിയിട്ടില്ല.  അന്നത്തെ സര്‍ക്കാര്‍ ഇങ്ങനെ ഒരു പ്രശ്‌നം ഉള്ളതായി പോലും ഭാവിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഈ പ്രശ്‌നം വീണ്ടും ഏറ്റെടുക്കുന്നത്. ഇറ്റാലിയന്‍ നാവികര്‍ക്ക് ഇന്ത്യന്‍ നിയമം ബാധകമല്ലെന്ന നിലപാട് ഒരു കാരണവശാലും അംഗീകരിക്കില്ല. ഇന്ത്യന്‍ നിയമത്തിനു വിധേയമായി മാത്രമേ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാവൂ- മുഖ്യമന്ത്രി പറഞ്ഞു.

 

2012, മാർച്ച് 7, ബുധനാഴ്‌ച

നിയമസഭാ തിരഞ്ഞെടുപ്പ്: പ്രതീക്ഷിച്ച നേട്ടം കിട്ടിയില്ല

നിയമസഭാ തിരഞ്ഞെടുപ്പ്: പ്രതീക്ഷിച്ച നേട്ടം കിട്ടിയില്ല

 


 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗോവ ഒഴികെ മറ്റ് നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന് നില മെച്ചപ്പെടുത്താനായെങ്കിലും അത് നേട്ടമായി അവകാശപ്പെടാനാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പിറവത്ത് പ്രചാരണത്തിന് രാഹുല്‍ഗാന്ധി വരുമോ എന്ന ചോദ്യത്തിന് ഉപതിരഞ്ഞെടുപ്പുകളില്‍ ദേശീയ നേതാക്കള്‍ പ്രചാരണം നടത്തുന്ന പതിവ് കോണ്‍ഗ്രസ്സിനില്ലെന്നായിരുന്നു മറുപടി.

ഓഡിയോ വിഷ്വല്‍ റിപ്രോഗ്രാഫിക് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറെ മാറ്റിയോ എന്ന ചോദ്യത്തിന് തീരുമാനമെടുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവെച്ച് കൊന്ന കേസ്സിലുള്‍പ്പെട്ട ഇറ്റാലിയന്‍ നാവികസേനാംഗങ്ങള്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് വിധേയരാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജയിലിന് പുറത്ത് താമസിക്കണമെന്ന് ഇറ്റാലിയന്‍ അധികാരികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യന്‍ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായേ കേരള സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകൂ. എന്തെങ്കിലും ആനുകൂല്യം ഇറ്റാലിയന്‍ നാവികസേനാംഗങ്ങള്‍ക്ക് വേണമെങ്കില്‍ അത് കോടതി ഉത്തരവിലൂടെ മാത്രമേ നല്‍കാനാവൂയെന്ന് അവരെ അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ വായ്‌പയ്ക്ക് പിഴപ്പലിശ ഈടാക്കില്ലെന്ന് ബാങ്കുകള്‍ സമ്മതിച്ചു

വിദ്യാഭ്യാസ വായ്‌പയ്ക്ക് പിഴപ്പലിശ ഈടാക്കില്ലെന്ന് ബാങ്കുകള്‍ സമ്മതിച്ചു 

 

വിദ്യാഭ്യാസ വായ്പയ്ക്ക് പിഴപ്പലിശ ഒരു കാരണവശാലും വാങ്ങരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ബാങ്കുകള്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. വിദ്യാഭ്യാസവായ്പ എടുത്ത വിദ്യാര്‍ഥികളും രക്ഷിതാക്കളും അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പി.സി ജോര്‍ജ് അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

പലിശനിരക്ക് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസബ്‌സിഡി 2009 നു മുമ്പുള്ള വായ്പയ്ക്കും നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേന്ദ്രത്തിന്റെ മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രം സഹകരിക്കാന്‍ തയാറായാല്‍ സബ്‌സിഡിയുടെ ഒരു വിഹിതം വഹിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. 

മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന അഭിപ്രായത്തോട് സര്‍ക്കാരിന് വിയോജിപ്പില്ലെങ്കിലും അത് ഇപ്പോള്‍ പെട്ടെന്ന് എടുക്കാവുന്ന തീരുമാനമല്ല. അണ്‍എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ബാങ്ക് മുഖേന ശമ്പളം നല്‍കാന്‍ തൊഴില്‍ വകുപ്പ് നിര്‍ദ്ദേശിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

നദീസംയോജന വിധി ബാധകമല്ലെങ്കിലും കരുതലായി നിയമനടപടി സ്വീകരിക്കും

നദീസംയോജന വിധി ബാധകമല്ലെങ്കിലും കരുതലായി നിയമനടപടി സ്വീകരിക്കും

 

 


നദീസംയോജനം കേരളത്തിനു ബാധകമാവില്ലെന്നാണ് നിയമോപദേശമെങ്കിലും സുപ്രീംകോടതി ഈ ആശയത്തെ പൊതുവില്‍ ഗുണകരമെന്ന് വിശേഷിപ്പിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ കരുതല്‍, നിയമനടപടികള്‍ സംസ്ഥാനം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. 

സുപ്രീംകോടതിയെ വീണ്ടും സമീപിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ അതും ചെയ്യും. കെ. ശിവദാസന്‍നായരുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. നദീസംയോജനം കേരളത്തിന് ഒരു കാരണവശാലും സ്വീകാര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പമ്പയും അച്ചന്‍കോവിലും ഇവിടെത്തന്നെ ഉത്ഭവിച്ച് ഇവിടെ അവസാനിക്കുന്ന നദികളാണ്. സുപ്രീംകോടതിയുടെ ഉത്തരവില്‍ത്തന്നെ കേരളത്തിന് ഇത് സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

നമുക്ക് കിട്ടിയിട്ടുള്ള ഉപദേശവും സംസ്ഥാനത്തിനു ബാധകമാവില്ല എന്നാണ്. എങ്കിലും ഇതു കേരളത്തിന്റെ ജീവന്മരണപ്രശ്‌നമാണ്. അതുകൊണ്ടു തന്നെ മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച ചെയ്യും. സുപ്രീംകോടതിയെ വീണ്ടും സമീപിക്കാന്‍ തയാറാകുമോ എന്നു കോടിയേരി ബാലകൃഷ്ണന്‍ ആരാഞ്ഞപ്പോഴാണ് ആവശ്യമെങ്കില്‍ അതും ചെയ്യുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചത്.

പാതയോരത്തെ സംഘം ചേരല്‍ നിയന്ത്രണം: പൊങ്കാലയെ ബാധിക്കില്ല

പാതയോരത്തെ സംഘം ചേരല്‍ നിയന്ത്രണം: പൊങ്കാലയെ ബാധിക്കില്ല

 

 പാതയോരത്തെ സംഘം ചേരലും ജാഥകളും നിയന്ത്രിക്കുന്നതുസംബന്ധിച്ച ഹൈക്കോടതി വിധി ആറ്റുകാല്‍ പൊങ്കാലയെ ഒരു തരത്തിലും ബാധിക്കുകയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. സംഘം ചേരലും ജാഥകളും നിയന്ത്രിക്കുന്നതിനായി കേരള നിയമസഭ ഐകകണേ്ഠന പാസ്സാക്കിയ നിയമം നടപ്പിലാക്കുന്നതിനെതിരെ രണ്ടുപേര്‍ കേരള ഹൈക്കോടതിയെ സമീപിച്ചതിനാലാണ് ഹൈക്കോടതിയുടെ നിരോധന ഉത്തരവുണ്ടായത്.

എന്നാല്‍ ഈ വ്യവസ്ഥ പൊങ്കാലയെ ബാധിക്കാതിരിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. പൊങ്കാലയില്‍ പങ്കെടുക്കുന്ന ജനക്കൂട്ടം സംഘം ചേരുകയല്ല, മറിച്ച് ഓരോ കുടുംബമായാണ് എത്തുന്നത്. ഓരോ കുടുംബവും മറ്റൊരു കുടുംബവുമായി ചേര്‍ന്നാണ് പൊങ്കാല സമര്‍പ്പിക്കുന്നത്. ഇത് ഇത്തരത്തിലാണ് വ്യാഖ്യാനം ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഹൈക്കോടതി വിധികാരണം നിയമം നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തെ മറികടക്കാന്‍ സുപ്രീംകോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയതായി മുഖ്യമന്ത്രി  ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

മുമ്പ് ചൈനീസ് കപ്പലിനെ വിട്ടയച്ചതുപോലെ ചെയ്യില്ല

മുമ്പ് ചൈനീസ് കപ്പലിനെ വിട്ടയച്ചതുപോലെ ചെയ്യില്ല 

 

തിരുവനന്തപുരം: മുമ്പ് മത്സ്യതൊഴിലാളികളുടെ ബോട്ട് തകര്‍ത്ത ചൈനീസ് കപ്പലിനെ ഇടതുമുന്നണി സര്‍ക്കാര്‍ വെറുതെവിട്ടതുപോലെ ഇറ്റാലിയന്‍ കപ്പലിനെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 2008 ല്‍ കണ്ണൂരില്‍ ചൈനീസ് കപ്പല്‍ നമ്മുടെ ബോട്ട് തകര്‍ക്കുകയും അബ്ദുള്‍ജലീല്‍ എന്ന മത്സ്യതൊഴിലാളി മരിക്കുകയും ചെയ്തു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ 25 ലക്ഷം രൂപ കെട്ടിവെച്ച് അവര്‍ പോയി. ഒരു നടപടിയുമുണ്ടായില്ല. 

2010 ല്‍ കണ്ണൂരില്‍ തന്നെ മറ്റൊരു കപ്പല്‍ ബോട്ടിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒരു കേസ് പോലുമെടുത്തില്ല. 2010 ല്‍ കൊല്ലത്ത് ഇതുപോലൊരപകടത്തില്‍ ബോട്ട് തകര്‍ന്നു. ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കുക മാത്രമാണ് ചെയ്തത്. ഈ സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇറ്റാലിയന്‍ കപ്പലിനെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. നിയമം അതിന്റെ വഴിക്ക് തന്നെ നീങ്ങും. 

ഇറ്റലിയെന്ന് കേള്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെ മുട്ടുവിറയ്ക്കുകയാണെന്ന പ്രതിപക്ഷ വിമര്‍ശത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 
ഇറ്റാലിയന്‍ നാവികര്‍ക്ക് വി.ഐ.പി. പരിഗണനയാണ് നല്‍കുന്നതെന്നും ഗസ്റ്റ്ഹൗസില്‍ താമസിപ്പിച്ച് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിക്കുകയാണെന്നുമുള്ള പ്രതിപക്ഷ വിമര്‍ശത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. 

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതികളെയും നാവികരെ താമസിപ്പിക്കുന്ന പോലീസ് ക്ലബ്ബിലാണ് താമസിപ്പിച്ചത്. പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതികളെ ചോദ്യം ചെയ്യാനുള്ള സൗകര്യം പോലീസിനുണ്ടാകണം. അവരോട് മാന്യമായാണ് പെരുമാറുന്നത്. എന്നാല്‍ ഇറ്റലി ഇന്ത്യന്‍ നിയമത്തിന് മുന്നില്‍ കീഴടങ്ങുക തന്നെ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നയതന്ത്രബന്ധത്തിന്റെ മറവില്‍ നാവികര്‍ രക്ഷപ്പെടില്ല

നയതന്ത്രബന്ധത്തിന്റെ മറവില്‍ നാവികര്‍ രക്ഷപ്പെടില്ല

 

 


തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ നാവികരെ നയതന്ത്ര ബന്ധത്തിന്റെ മറവില്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇറ്റാലിയന്‍ അധികൃതരുടെ തടസ്സവാദങ്ങള്‍ക്ക് വഴങ്ങാതെ ശക്തമായ നടപടിയാണ് ഈ കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ നിയമത്തിന് ഇറ്റലി കീഴടങ്ങിയേ മതിയാകൂ. ഇക്കാര്യം കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയുള്ള നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച കര്‍ശനമായ നടപടികളുടെ അടിസ്ഥാനത്തിലാണ് ഇറ്റാലിയന്‍ കപ്പല്‍ പിടിച്ചെടുക്കാനും പ്രതികളെ കസ്റ്റഡിയിലെടുക്കാനും കഴിഞ്ഞത്. ആയുധങ്ങളും കണ്ടെടുത്തു. 

കേസന്വേഷണം സുതാര്യമാണെന്ന് ബോധ്യപ്പെടുത്തുന്നതിനാണ് ആയുധ പരിശോധനയില്‍ ഇറ്റാലിയന്‍ അധികൃതരുടെ സാന്നിധ്യം അനുവദിച്ചത്. നമുക്ക് കൃത്രിമ തെളിവ് ഉണ്ടാക്കേണ്ട കാര്യമില്ല. എന്നാല്‍ സംയുക്ത അന്വേഷണം വേണമെന്ന ഇറ്റലിയുടെ ആവശ്യം അംഗീകരിച്ചിട്ടില്ല. അത് നമ്മുടെ പോലീസ് തന്നെ നടത്തും. ക്യാപ്റ്റനെ ആവശ്യമെങ്കില്‍ പ്രതിയാക്കും. 

ഇറ്റലിയുടെ രേഖകള്‍പ്രകാരം തന്നെ അവര്‍ കുറ്റക്കാരാണെന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചരക്ക് കപ്പലില്‍ സാധാരണ ആവശ്യമുള്ളതിലധികം ആയുധങ്ങള്‍ എന്റിക്ക ലക്‌സിയില്‍ ഉണ്ടായിരുന്നതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇറ്റിലിയുടെ വാദമുഖങ്ങളെ ഓരോന്നായി ഖണ്ഡിക്കാന്‍ നമുക്ക് കഴിഞ്ഞു. ആദ്യം വെടിവെച്ചിട്ടില്ലെന്നായിരുന്നു അവരുടെ വാദം. പിന്നീട് കൊള്ളക്കാരെയാണ് വെടിവെച്ചതെന്നായി. സംഭവം നടന്നത് അന്താരാഷ്ട്ര അതിര്‍ത്തിയിലാണെന്ന വാദവും അവരുയര്‍ത്തി. എന്നാല്‍ ഈ വാദങ്ങളൊന്നും തന്നെ വിലപ്പോയില്ല. 

12 നോട്ടിക്കല്‍ മൈല്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ നിയമം ബാധകമല്ലെന്ന വാദം ശരിയല്ല. ഈ ദൂരത്ത് കപ്പലിനകത്ത് നടക്കുന്ന സംഭവമാണെങ്കില്‍ ഒരുപക്ഷേ ഇത് ശരിയായേനെ. എന്നാല്‍ ബോട്ടിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചതെന്നതുകൊണ്ട് ഇന്ത്യന്‍ നിയമം ബാധകമായി. ഇത് സംബന്ധിച്ച എഫ്.ഐ.ആറില്‍ തകരാറുണ്ടെന്ന വിമര്‍ശവും ശരിയല്ല. 

ബോട്ടിലുണ്ടായിരുന്നവര്‍ 33 കിലോമീറ്റര്‍ സഞ്ചരിച്ച് പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞുവെന്നാണ് എഫ്.ഐ.ആറില്‍ എഴുതിയിരിക്കുന്നത്. ഈ ദൂരം ശരിയാണ്. ഇതിനര്‍ഥം സംഭവം നടന്നത് ഈ ദൂരത്താണെന്നല്ല. പോലീസ് അന്വേഷണം നടത്തി ബോധ്യപ്പെട്ട വിവരമല്ല എഫ്.ഐ.ആറില്‍ എഴുതിയിരിക്കുന്നതെന്നും മൊഴിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

രണ്ടാമത്തെ സംഭവത്തില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ കൂടുതല്‍ സാങ്കേതികമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് നേവിയുടെ കപ്പല്‍ തടുരുകയാണ്. ഇടിച്ച കപ്പല്‍ കണ്ടെത്താനുള്ള പരിശോധനകളും നടന്നുവരുന്നു. ഉമ്മന്‍ ചാണ്ടി പറഞ്ഞു.