UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

വിദ്യാര്‍ഥിനികളുടെ ആത്മഹത്യ:വി.എസ്. പരാതി നല്‍കാന്‍ പ്രേരിപ്പിച്ചതെന്തിന്?-ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കോഴിക്കോട്ട് ആത്മഹത്യ ചെയ്ത രണ്ട് വിദ്യാര്‍ഥിനികളുടെ കുടുംബാംഗങ്ങള്‍ക്ക് പരാതിയില്ലാതിരിക്കെ, അവരെ വിളിച്ച് പരാതി നല്‍കാന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി. അതും ഈ കുട്ടികളുടെ കുടുംബത്തെ കാണാനില്ലെന്ന വാര്‍ത്ത പ്രചരിച്ചിരുന്ന കാലത്ത്. ഒളിവിലാണെന്ന് കരുതിയ കുട്ടിയുടെ അച്ഛനെ എങ്ങനെ വി.എസിന് ഫോണില്‍ കിട്ടി ? കുട്ടികളുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത് വീട്ടുകാര്‍ക്ക് പരിചയമില്ലാത്ത അബ്ദുള്‍ അസീസ് എന്നയാളാണ്. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു ? ഇതെല്ലാം പോരാതെ വോട്ടെണ്ണുന്നതിന്റെ തലേന്ന് ഈ കുട്ടികളുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹം ഉത്തരവിട്ടതിന്റെ കാരണമെന്താണ് ? നിയമസഭയില്‍ പതിവില്ലാത്തവിധം വികാരാധീനനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദിച്ചു.

നിയമസഭയില്‍ കുട്ടികളുടെ ആത്മഹത്യയെക്കുറിച്ച് പോലീസ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളിയെന്ന വിഷയത്തില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് അവതരണമായിരുന്നു വേദി.

ഡിവൈ.എസ്. പിയായ രാധാകൃഷ്ണപിള്ളയല്ല കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച കേസ് അന്വേഷിച്ചതെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അസി.കമ്മീഷണര്‍ ജയ്‌സണ്‍എബ്രഹാമിന്റെ റിപ്പോര്‍ട്ട് ആമുഖ കത്തോടെ രാധാകൃഷ്ണ പിള്ള കോടതിയില്‍ സമര്‍പ്പിച്ചതേയുള്ളൂ. അന്വേഷണം നടത്തിയത് ജയ്‌സണ്‍ ആയതിനാല്‍ അദ്ദേഹം തന്നെ റിപ്പോര്‍ട്ട് നല്‍കട്ടേയെന്ന് കോടതി പറഞ്ഞു.

അബ്ദുള്‍ അസീസെന്നയാള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് ഈ കുട്ടികളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടെണ്ണലിന്റെ തലേന്ന് വി.എസ് ഡി.ജി.പിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ പകര്‍പ്പ് ഉമ്മന്‍ ചാണ്ടി സഭയില്‍ വായിച്ചു. ആത്മഹത്യചെയ്ത കുട്ടിയുടെ കുടുംബത്തെ കാണാനില്ലെന്നും കത്തിലുണ്ട്. ഈ രണ്ട് കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കാനുള്ള നിര്‍ദേശം ഡി.ജി.പി. അപ്പോള്‍ തന്നെ നടപ്പാക്കി. എ.ഡി.ജി.പി. വിന്‍സന്‍ പോളിനെ കേസ് ഏല്പിച്ചു. അദ്ദേഹം ജയ്‌സണ്‍ എബ്രഹാമിനെ കേസ് അന്വേഷിക്കാന്‍ നിയോഗിച്ചു.

ജയ്‌സണ്‍ മരിച്ച കുട്ടിയുടെ അച്ഛനായ നജ്മല്‍ ബാബുവിന്റെ മൊഴിയെടുത്തു. തങ്ങള്‍ എങ്ങും ഒളിവില്‍ പോയിട്ടില്ല. വൃക്കയുടെ ശസ്ത്രക്രിയ കഴിഞ്ഞ് സാമ്പത്തിക പ്രയാസമുണ്ടായപ്പോള്‍ ഭാര്യയുടെ വീടായ വേങ്ങരയില്‍ താമസിച്ചിരുന്നു. അപ്പോഴാണ് അവിടെ താമസിക്കുമ്പോള്‍ മകളുടെ മരണത്തെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ പറയണമെന്നും അതന്വേഷിക്കാമെന്നും മുഖ്യമന്ത്രിയാണെന്ന് പരിചയപ്പെടുത്തി വി.എസ്. അച്യുതാന്ദന്‍ ഫോണില്‍ വിളിച്ചിരുന്നു. പരാതി നല്‍കിയ അസീസിനെ തങ്ങള്‍ക്ക് അറിയില്ലെന്നാണ് അച്ഛനമ്മമാരുടെ മൊഴി-മുഖ്യമന്ത്രി പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആരുംമുക്കിയിട്ടില്ല. കോടതിയിലും പോലീസ് സ്റ്റേഷനിലുമുണ്ട്. ഇതില്‍ ഒരു കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ട്രെയിനിന് മുന്നില്‍ ചാടി മരിച്ചതായതിനാല്‍ മറ്റൊരു കുട്ടിയെ ഈ രീതിയില്‍ പരിശോധിക്കാന്‍ കഴിഞ്ഞിട്ടുമില്ല. 15 കൊല്ലമായ ഈ കേസില്‍ ഒമ്പത് വര്‍ഷം ഇടതുമുന്നണിയാണ് അധികാരത്തിലിരുന്നത്-ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ക്ക് നാലക്ഷരമുള്ള ഒരു കാര്യംവേണം-മനുഷ്യത്വം. രണ്ടക്ഷരമുള്ള ഒരു കാര്യമുണ്ടെങ്കില്‍-പക-പൊതുപ്രവര്‍ത്തകന്റെ നാശത്തിന്റെ തുടക്കമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

പുതിയ ഇമിഗ്രേഷന്‍ നിയമം: സംസ്ഥാനം ഭേദഗതി നിര്‍ദേശം സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവരുന്ന ഇമിഗ്രേഷന്‍ നിയമത്തിന്റെ ഉള്ളടക്കം സംസ്ഥാനത്തിന് ലഭ്യമായിട്ടില്ലെന്നും അതറിഞ്ഞാല്‍ ഉടന്‍ തന്നെ സംസ്ഥാനത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. പുതിയ നിയമത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിനും പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്‌സിനും സംസ്ഥാനം കത്തയച്ചു. എന്‍.എ നെല്ലിക്കുന്നിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

നിലവിലുളള നിയമത്തിലെ പോരായ്മകള്‍ മുതലെടുത്ത് തൊഴില്‍ തേടിപ്പോകുന്നവരെ ചൂഷണം ചെയ്യുന്ന അവസ്ഥയുണ്ട്. അതുകൊണ്ടാണ് നിയമദേദഗതിയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ തൊഴില്‍ തേടിപ്പോകുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം - മുഖ്യമന്ത്രി പറഞ്ഞു.

2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

അനുഗ്രഹം തേടി നിര്‍മല്‍ മാധവ് എത്തി; ഇനിയാരും വേട്ടയാടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുന്നതിന് മുമ്പ് അനുഗ്രഹം വാങ്ങാന്‍ നിര്‍മല്‍ മാധവ് മുഖ്യമന്ത്രിയുടെ അടുത്തെത്തി. തന്റെ ഓഫീസില്‍ കണ്ടപാടെ നിര്‍മലിനെ ആശ്ലേഷിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു: ''വലിയ താരമായല്ലോ.'' ഇതുകേട്ട് നാണിച്ചുനിന്ന നിര്‍മലിനോട് അദ്ദേഹം തുടര്‍ന്നു. ''മനസ്സില്‍ വിഷമം തോന്നേണ്ട കാര്യമില്ല. നിന്നെയാരും ഒന്നും ചെയ്യില്ല. നല്ല കുട്ടിയായി പഠിച്ച് ഉയരത്തില്‍ എത്തണം. എല്ലാ സഹായവും ഉണ്ടാകും. ''

വ്യാഴാഴ്ച ദേശമംഗലം മലബാര്‍ കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന് ചേരുന്നതിനുമുന്നോടിയായാണ് നിര്‍മല്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ എത്തിയത്. ''എല്ലാ സഹായത്തിനും നന്ദി. പുറത്ത് മറ്റേതെങ്കിലും സംസ്ഥാനത്ത് പോകാന്‍ ഞാന്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് സാര്‍ ഇടപെട്ടത്. സാറിന്റെ സഹായമില്ലായിരുന്നെങ്കില്‍ എനിക്ക് പഠിക്കാന്‍ കഴിയുമായിരുന്നില്ല.'' തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പാദം തൊട്ട് നിര്‍മല്‍ വണങ്ങി. പിടിച്ചെഴുന്നേല്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. ''ഇനി ആരും നിന്നെ വേട്ടയാടില്ല. എന്താവശ്യമുണ്ടെങ്കിലും വിളിക്കണം.''

ഒപ്പമുണ്ടായിരുന്ന യൂത്ത് കേണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖ് കോളേജില്‍ ഫീസ് ക്രമീകരിക്കുന്നത് സംബന്ധിച്ച് കളക്ടര്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന വിവരം അറിയിച്ചു. എം.എല്‍.എ മാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത് എന്നിവരും നിര്‍മലിനൊപ്പമുണ്ടായിരുന്നു.





nirmal madhavan visits CM - visuals

2011, ഒക്‌ടോബർ 18, ചൊവ്വാഴ്ച

കുട്ടനാട്ടിലെ മാലിന്യ പ്രശ്‌നം: മൂന്ന് പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടനാട് പാക്കേജും വേമ്പനാട് ഇക്കൊ ഡെവലപ്മന്റ് അതോറിറ്റിയും അഞ്ച് നദികളുടെ ശുചീകരണവും സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിയായിരിക്കും നടപ്പാക്കുകയെന്ന് മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍, കൊടൂര്‍ നദികളുടെ ശുചീകരണമാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. ഇതിന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി ഏജന്‍സിയെ കണ്ടെത്തും. ജനവരിക്കകം ഏജന്‍സിയെ നിശ്ചിയിച്ച് നടപടികള്‍ തുടങ്ങും. ഈ പദ്ധതിക്ക് കേന്ദ്രത്തിന്റെ സഹായമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നദികളുടെ ശുചീകരണത്തിന് ഗംഗാശുചീകരണ മാതൃകയിലാണ് പദ്ധതി ആവിഷ്‌കരിക്കുക. ഈ പദ്ധതികള്‍ക്കായി 100 കോടി രൂപയുടെ കേന്ദ്ര സഹായമുണ്ട്. പത്ത് കോടി ഇതിനകം ലഭിച്ചു. പണം ഈ പദ്ധതിക്കൊരു പ്രശ്‌നമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കീടനാശിനിയുടെ അമിതമായ ഉപയോഗമാണ് കുട്ടനാടിന്റെ പാരിസ്ഥിതിക പ്രശ്‌നത്തിന് പ്രധാന കാരണം. തണ്ണീര്‍മുക്കം ബണ്ട് ശാസ്ത്രീയമായി ഉപയോഗപ്പെടുത്തണം. ഇതിനായി ഓരിന്റെ അംശവും ജലനിരപ്പും നിശ്ചയിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്. ചെന്നൈ ഐ.ഐ.ടി ഇക്കാര്യത്തെക്കുറിച്ച് പഠിച്ചുവരുന്നു. വേമ്പനാട് ആവാസ് യോജന പദ്ധതിക്ക് ലോകബാങ്കിന്റെ സഹായവും ലഭിക്കും. മുഖ്യമന്ത്രി പറഞ്ഞു.

കുട്ടനാട്ടിലെ വെള്ളത്തില്‍ കീടനാശിനിയുടെ അംശം അമിതമായ നിലയില്‍ കാണുന്നുണ്ട്. ഈയവസ്ഥ മാറ്റിയെടുക്കണം. ഈ പദ്ധതികള്‍ നടപ്പാകുന്നതോടുകൂടി കുട്ടനാടിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത് -മുഖ്യമന്ത്രി പറഞ്ഞു.

2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

നിയമം നടപ്പാക്കുന്നതിലെ കാലതാമസം ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നം

കൊച്ചി: നിയമങ്ങള്‍ നടപ്പാക്കുന്നതിലെ പരാജയവും കാലതാമസവും ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായി മാറിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമങ്ങളില്ലാത്തതല്ല അത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതു പരിഹരിക്കാന്‍ കോടതികളിലേക്ക് പോകുന്ന കേസുകളുടെ എണ്ണം കുറച്ച് ചെറിയ തര്‍ക്കങ്ങള്‍ക്കും മറ്റും ജനപ്രതിനിധികളുടെ മധ്യസ്ഥതയില്‍ പരിഹാരം കാണണം.

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിട്ടിയുടെയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടിയുടെയും ആഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച നിയമസാക്ഷരതാ ശില്‍പ്പശാല ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലതാമസം കൂടാതെ തന്നെ ജനങ്ങള്‍ക്ക് നീതി ലഭ്യമാകുന്നതിലൂടെ സമൂഹത്തില്‍ വളരെയേറെ ഗുണകരമായ മാറ്റമാണുണ്ടാകുക. പരാതിയുമായെത്തുന്ന ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ ക്ഷമാപൂര്‍വം കേട്ട് ശ്രദ്ധയോടെ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണം. കോടതി മുറികളില്‍ നിന്ന് മാറി ജനങ്ങള്‍ക്കിടയിലേക്കിറങ്ങി നീതി ലഭ്യമാക്കുന്നതിനുള്ള അതോറിട്ടിയുടെ പ്രയത്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാനും ആക്ടിങ്ങ് ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.

കയ്യാങ്കളി: വിഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി

കൊച്ചി: നിയമസഭയില്‍ വെള്ളിയാഴ്ച നടന്ന ബഹളത്തിന്റെയും കയ്യാങ്കളിയുടേയും വീഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വീഡിയോ പരിശോധനയ്ക്ക് ശേഷവും ഇരുപക്ഷവും ആരോപണപ്രത്യാരോപണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ എന്താണ് സത്യമെന്ന് ഏവര്‍ക്കും ബോധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

ജനങ്ങള്‍ ഇത് കാണണം. ദൃശ്യങ്ങളുടെ പരിശോധന മാധ്യമങ്ങളുടെ മുമ്പാകെ വേണമെന്ന് തങ്ങള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷമാണ് ഇത് എതിര്‍ത്തത്. നിയമസഭാ നടപടിക്രമങ്ങള്‍ മുഴുവനും മാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യണം. വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായകരമാകും. ടി.വി രാജേഷ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിയമസഭയിലെ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് പറയുന്നവര്‍ ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത് അപഹാസ്യമാണ്. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യം. പ്രതിപക്ഷം ആരെയാണ് ഭയക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു

2011, ഒക്‌ടോബർ 15, ശനിയാഴ്‌ച

കെ.എസ്.ആര്‍.ടി.സി ലാഭത്തിലാക്കേണ്ടത് തൊഴിലാളികള്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് ധനവകുപ്പ് നല്‍കുന്ന സഹായം ഉണ്ടായിട്ട് നല്‍കുന്നതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവേഴ്‌സ് യൂണിയന്റെ 38-ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കേണ്ടത് തൊഴിലാളികളുടെ കടമയാണ്. സ്വയംപര്യാപ്തമാകാന്‍ ജീവനക്കാരുടെ സഹായമില്ലതെ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.എം. മാണി നിര്‍വഹിച്ചു. കെ.എസ്.ആര്‍.ടി.സിയെ സഹായിച്ചുകൊണ്ടിരുന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പാപ്പരാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈസ്ഥിതി തുടര്‍ന്നാല്‍ സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയെപോലെയാകും. പ്രതിമാസം 30 കോടി രൂപ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കുന്നുണ്ട്. ഈസ്ഥിതി അധികകാലം തുടരാനാകില്ല. സ്വന്തംകാലില്‍ നില്‍ക്കുന്ന അവസ്ഥയുണ്ടാകണം. കോര്‍പ്പറേഷനെ സ്വയംപര്യാപ്തമാക്കുന്നതില്‍ ജീവനക്കാര്‍ക്ക് പ്രധാന പങ്കുണ്ട്. രാഷ്ട്രീയവേര്‍തിരിവില്ലാതെ തൊഴിലാളികള്‍ ചേര്‍ന്നിരുന്ന് കെ.എസ്.ആര്‍.ടി.സി.യെ പുനരുജ്ജീവിപ്പിക്കാന്‍ ഒരുപാക്കേജ് ഉണ്ടാക്കണം. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്കുള്ള കോര്‍പ്പറേഷന്റെ യാത്ര അവസാനിപ്പിക്കേണ്ടതുണ്ടെന്നും കെ.എം.മാണി പറഞ്ഞു.

വീടുകളിലെ ബയോഗ്യാസ് പ്ലാന്റിന് പകുതി തുക സര്‍ക്കാര്‍ ഗ്രാന്റ് -മുഖ്യമന്ത്രി

തിരുവനന്തപുരം: വീടുകളില്‍ ബയോഗ്യാസ് പ്ലാന്റ് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നേരിട്ട് അമ്പതു ശതമാനം ഗ്രാന്റ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്റെ പന്ത്രണ്ടാം പദ്ധതി നയരേഖയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബയോഗ്യാസ് പദ്ധതിയുടെ 25 ശതമാനമാണ് ഗുണഭോക്താവ് വഹിക്കേണ്ടത്. ബാക്കി 25 ശതമാനം തദ്ദേശസ്ഥാപനങ്ങള്‍ നല്‍കും. പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതിക്ക് 75 ശതമാനം തുക (പരമാവധി 35 ലക്ഷം രൂപ) സര്‍ക്കാര്‍ ഗ്രാന്റ് നല്‍കും. ബാക്കി തുക തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കണം. ഈ വര്‍ഷം ഫണ്ട് കണ്ടെത്താനായില്ലെങ്കില്‍ തുക സര്‍ക്കാര്‍ മുന്‍കൂര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പില്‍ സാങ്കേതിക സമിതികള്‍ തീര്‍ക്കുന്ന പ്രതിബന്ധം ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ സഹായിക്കും. ആശ്രയ പദ്ധതിക്ക് അഖിലേന്ത്യാതലത്തില്‍ അംഗീകാരം നേടാന്‍ സംസ്ഥാനം ശ്രമിച്ചുവരുകയാണ്. പഞ്ചായത്ത് അംഗങ്ങളുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ച് ഒരാഴ്ചക്കകം ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമീപനരേഖയുടെ ആദ്യപ്രതി മന്ത്രി കെ.സി. ജോസഫ് ഏറ്റുവാങ്ങി.

വനിതയെ ആക്രമിച്ചത് നാട്ടിനപമാനം - മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും പ്രതിപക്ഷം വെള്ളിയാഴ്ച വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റംചെയ്ത സംഭവം നാട്ടിനാകെ അപമാനമാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ''എന്റെ നാല്‍പ്പത്തൊന്നു വര്‍ഷത്തെ നിയമസഭാ ജീവിതത്തില്‍ ഒരിക്കലും ഇത്തരം ഒരു സംഭവത്തിനു ദൃക്‌സാക്ഷിയാകേണ്ടി വന്നിട്ടില്ല'' - അദ്ദേഹം വ്യക്തമാക്കി

''സംഘര്‍ഷഭരിതമായ സംഭവങ്ങള്‍ മുമ്പും സഭയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു വനിതയെ ആക്രമിക്കുന്ന സംഭവം ആദ്യമായാണ്. വാച്ച് ആന്‍ഡ് വാര്‍ഡ് ആക്രമിച്ചു എന്നാണ് പ്രതിപക്ഷം പറയുന്നത്. ഞങ്ങളാരും അത് കണ്ടിട്ടില്ല. എന്നാല്‍ ഇരുപക്ഷവും അവരുടെ വാദവുമായി നില്‍ക്കുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ വീഡിയോദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് ഞങ്ങള്‍ സ്​പീക്കറോട് ആവശ്യപ്പെടുന്നത്''. - മുഖ്യന്ത്രി പറഞ്ഞു

''നിയമസഭയില്‍ എന്തും കാണിക്കാം എന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. അതംഗീകരിക്കാന്‍ പറ്റില്ല. കഴിഞ്ഞ സമ്മേളനകാലത്ത് വോട്ടിങ് സംബന്ധിച്ച് അവര്‍ ഉയര്‍ത്തിയ വിവാദവും അങ്ങനെയായിരുന്നു. സത്യം പുറത്തുവന്നപ്പോള്‍ ഓടി യൊളിക്കുകയാണ് അവര്‍ ചെയ്തത്. നിര്‍ഭാഗ്യകരമായ സമീപനമാണ് അവര്‍ ഈ സമ്മേളനത്തിലുടനീളം കൈക്കൊണ്ടിട്ടുള്ളത്. ഇല്ലാത്തപ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സഭ തടസ്സപ്പെടുത്തുകയാണ് അവര്‍ ചെയ്തത്''.

''കുറ്റം ചെയ്യുന്നവരെ സര്‍ക്കാര്‍ ഒരിക്കലും സംരക്ഷിക്കില്ല. അതുപോലെ തെറ്റുചെയ്യാത്തവരെ ശിക്ഷിക്കയുമില്ല. അതാണ് സര്‍ക്കാറിന്റെ നിലപാട്. റാഗിങ്മൂലം രണ്ടുവര്‍ഷം നഷ്ടപ്പെട്ട കുട്ടിക്ക് പഠിക്കാനുള്ള അവസരം ഉണ്ടാക്കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. അതിനാണ് പ്രതിപക്ഷം ബഹളം വെയ്ക്കുന്നത്. അത്തരം ഭീഷണിക്കുമുന്നില്‍ വഴങ്ങില്ല. പ്രതിപക്ഷത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പക്ഷെ അവര്‍മാത്രം പറയുന്നതാണ് ശരിയെന്ന നിലപാട് ശരിയല്ല. അതംഗീകരിക്കാനും പറ്റില്ല'' - മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്ടെ സംഭവത്തില്‍ അഡീഷണല്‍ സെക്രട്ടറിക്ക് ശബരിമല സംബന്ധിച്ച് അടിയന്തര യോഗത്തില്‍ പങ്കെടുക്കാനുള്ളതുകൊണ്ടാണ് കോഴിക്കോട്ട് പോയി റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയാഞ്ഞത്. അല്ലാതെ മനഃപൂര്‍വം വൈകിപ്പിക്കുന്നതല്ല. ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടും നടപടി എടുക്കാതെ മറ്റൊരു റിപ്പോര്‍ട്ടിനായി ഒരാളെ ചുമതലപ്പെടുത്തിയതെന്തിനാണെന്ന ചോദ്യത്തിന് അക്കാര്യം റിപ്പോര്‍ട്ട് വരുമ്പോള്‍ വിശദീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ വനിതാമെമ്പറായ കെ.കെ. ലതികയെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്തു എന്ന ആരോപണം ശരിയല്ലെന്നു കെ.എം. മാണി പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ലതിക മാറി നില്‍ക്കകയായിരുന്നു. അവരുടെ ദേഹത്ത് ആരും സ്​പര്‍ശിക്കുന്ന സാഹചര്യമുണ്ടായിട്ടില്ല- കെ.എം. മാണി പറഞ്ഞു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.




Minister PK Kunjalikutty at question hour

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

മരുന്നു കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം : നിത്യോപയോഗ സാധനങ്ങളുടെയും മരുന്നിന്റെയും വില ക്രമാതീതമായി ഉയരുകയാണെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്. വിപണിയില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്നും വളത്തിനും മറ്റുമുള്ള സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാനം ശബ്ദമുയര്‍ത്തുന്നില്ലെന്നും ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.

വി.എസ്.സുനില്‍കുമാറാണ് ഇതുസംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി യത്. ഇന്ത്യയില്‍ ബമ്പര്‍ വിളവെടുപ്പ് നടന്നിട്ടും അരിയടക്കമുള്ള സാധനങ്ങളുടെ വില കുറഞ്ഞില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി. വളത്തിന്റെ വില നിര്‍ണയിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് കേന്ദ്രം കൈമാറിയതോടെ കര്‍ഷകരുടെ ചരമക്കുറിപ്പെഴുതി. വളത്തിന് നാമമാത്രമായി നല്‍കുന്ന സബ്‌സിഡിക്കാകട്ടെ വില്പന നികുതിയും ഏര്‍പ്പെടുത്തിയിരിക്കയാണ്. ഇപ്പോള്‍ കരാര്‍ കൃഷിസമ്പ്രദായം ഏര്‍പ്പെടുത്താന്‍ പോകുന്നു. മരുന്നിന്റെ വില കമ്പനികള്‍ സീസണ്‍ അനുസരിച്ച് വര്‍ധിപ്പിക്കുകയാണെന്നും സുനില്‍കുമാര്‍ കുറ്റപ്പെടുത്തി.

നൂറു ദിവസത്തിനുള്ളില്‍ തന്നെ ഒരു രൂപയ്ക്ക് അരി നല്‍കി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് കൈത്താങ്ങായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അരിക്ക് മുന്‍ വര്‍ഷം ഇതേസമയത്തുണ്ടായിരുന്ന വിലതന്നെയാണ് ഇപ്പോഴുമുള്ളത്. വളത്തിന്റെ സബ്‌സിഡി കൂട്ടാഞ്ഞതിനാല്‍ വില കൂടിയിട്ടുണ്ട്. എന്നാല്‍ നെല്ല്, തെങ്ങ് കൃഷികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികളിലൂടെ സബ്‌സിഡി നല്‍കിവരുന്നു.

മരുന്നു കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. അമിതമായ ചൂഷണമാണ് കമ്പനികള്‍ നടത്തുന്നത്. ക്യാന്‍സറിന് സര്‍ക്കാര്‍ 700 രൂപയ്ക്ക് വാങ്ങിനല്‍കുന്ന മരുന്നിന് കമ്പനികള്‍ 10,000 രൂപ ഈടാക്കുന്നു. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനെ കൂടുതല്‍ ശക്തമാക്കി ഈ രംഗത്ത് ഇടപെടാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭതുടങ്ങിയശേഷം ആദ്യമായാണ് ജനങ്ങളെ ബാധിക്കുന്ന ഒരു കാര്യം പ്രതിപക്ഷം കൊണ്ടുവരുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.