UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

കിളിരൂര്‍ കേസ്: പുനരന്വേഷണ ആവശ്യം ജാള്യത മറക്കാനെന്ന് മുഖ്യമന്ത്രി

കിളിരൂര്‍ കേസ്: പുനരന്വേഷണ ആവശ്യം ജാള്യത മറക്കാനെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം:കിളിരൂര്‍ കേസ് പുനരന്വേഷണ ആവശ്യം വി. എസ് സര്‍ക്കാര്‍ അഞ്ചുകൊല്ലം ഒന്നും ചെയ്യാതിരുന്നതിന്‍്റെ ജാള്യത മറക്കാനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആറുമാസം കൊണ്ട് കിളിരൂര്‍ കേസിലെ കുറ്റവാളികളെ കയ്യാമം വെക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ വിഎസ്. അഞ്ചുവര്‍ഷവും യാതൊന്നും ചെയ്തില്ല.

കേസിലുള്‍പ്പെട്ടെന്ന് പറഞ്ഞ വിഐപിയുടെ പേര് വെളിപ്പെടുത്തിയില്ല, യുഡിഎഫ് മന്ത്രിസഭാകാലത്ത് നടന്ന അന്വേഷണത്തില്‍ നിന്ന് മുന്നോട്ട് പോയില്ല.

ശാരിയുടെ മരണത്തിന്‍്റെ അഞ്ചാം വാര്‍ഷികത്തില്‍ വിഎസിനു പരാതി നല്‍കാനെത്തിയ ശാരിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയാണുണ്ടായത്. മുഖ്യമന്ത്രി പറഞ്ഞു. കോടതിയോടുള്ള സി.പി എമ്മിന്‍്റെ സമീപനം മാറേണ്ട സമയമായെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു


നോക്കുകൂലി വാങ്ങുന്നവരെ ഒറ്റപ്പെടുത്തണം -മുഖ്യമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായവളര്‍ച്ചക്ക് തടസ്സം തൊഴില്‍പ്രശ്നങ്ങളാണെന്ന് മുമ്പ് പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ തൊഴിലാളികളെ കുറ്റപ്പെടുത്തുന്നില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വികസനത്തിന് തടസ്സം തൊഴില്‍പ്രശ്നമല്ളെന്ന് എല്ലാവരും സമ്മതിക്കും.

എന്നാല്‍, നോക്കുകൂലിയുടെ പേരില്‍ ഇന്ന് തൊഴിലാളികള്‍ പഴി കേള്‍ക്കുന്നുണ്ട്. തിരുവനന്തപുരം നഗരത്തെ നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.

നോക്കുകൂലിയെ തൊഴിലാളി സംഘടനകളും തൊഴിലാളികളും അംഗീകരിക്കുന്നില്ല. ഇത് വാങ്ങുന്നവരെ ഒറ്റപ്പെടുത്തണം. നോക്കുകൂലി വാങ്ങുന്ന തൊഴിലാളികളല്ലാത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

നോക്കുകൂലി ഇല്ലാതായാല്‍ അതിന്‍െറ ക്രെഡിറ്റ് തൊഴിലാളികള്‍ക്കും നേതാക്കള്‍ക്കുമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരുദേവചിന്ത മതസൗഹാര്‍ദത്തിന് ശക്തിപകരുന്നു

ഗുരുദേവചിന്ത മതസൗഹാര്‍ദത്തിന് ശക്തിപകരുന്നു

തിരുവനന്തപുരം: മറ്റ് വിശ്വാസങ്ങളെ നിന്ദിക്കാതെ മാനിക്കുന്ന വലിയ സന്ദേശമായ ഗുരുചിന്ത സമുദായ സൗഹാര്‍ദത്തിനും പരസ്​പര വിശ്വാസത്തിനും ശക്തി പകരുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ നടന്ന 157-ാമത് ശ്രീനാരായണഗുരു ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം മതസൗഹാര്‍ദരംഗത്ത് മാതൃകാപരമായ നേട്ടം കൈവരിച്ചതിന് പിന്നില്‍ ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ ചിന്തകളുമാണ്. ഗുരുദേവ സന്ദേശത്തിന്റെ മഹത്വം വരുംതലമുറയ്ക്ക് പകര്‍ന്നുനല്‍കാന്‍ യത്‌നിക്കുകയെന്നതാണ് ഗുരദേവന് നല്‍കാനാവുന്ന സ്മരണാഞ്ജലിയെന്ന് അദ്ദേഹം പറഞ്ഞു.

ചെമ്പഴന്തിയിലെ ശ്രീനാരായണ പഠനകേന്ദ്രം വിഭാവന ചെയ്ത രീതിയില്‍ നടത്താന്‍ ആവശ്യമായ ഫണ്ടും മറ്റ് സഹായങ്ങളും സര്‍ക്കാര്‍ നല്‍കും. ഗുരുകുലം വികസിപ്പിക്കുന്നതിനായി അവിടെ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടതുണ്ട്. അതിന് സ്ഥലം കണ്ടെത്തി നല്‍കിയാല്‍ സര്‍ക്കാര്‍ ചെലവില്‍ സ്‌കൂള്‍ മാറ്റി സ്ഥാപിച്ച് സ്‌കൂള്‍ നില്‍ക്കുന്ന സ്ഥലം ഗുരുകുലത്തിന് വിട്ടുനല്‍കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ശ്രീനാരായണ ഗുരുവിന്റെ ജന്മഗൃഹമായ വയല്‍വാരം വീട് സന്ദര്‍ശിച്ചു.

സമ്മേളനത്തില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷത വഹിച്ചു.

2011, സെപ്റ്റംബർ 11, ഞായറാഴ്‌ച

ജഡ്‌ജിമാരെ വിധിയുടെ അടിസ്‌ഥാനത്തില്‍ വിലയിരുത്തുന്നതു ശരിയല്ല

ജഡ്‌ജിമാരെ വിധിയുടെ അടിസ്‌ഥാനത്തില്‍ വിലയിരുത്തുന്നതു ശരിയല്ല
കോട്ടയം: കോടതിവിധിയുടെ അടിസ്‌ഥാനത്തില്‍ ജഡ്‌ജിമാരെ വിലയിരുത്തുന്നതു ശരിയല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതിയേയും നിയമവ്യവസ്‌ഥയേയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാമൊലിന്‍ കേസ്‌ വിചാരണ നടത്തിയ ജഡ്‌ജിക്കെതിരേ പി.സി. ജോര്‍ജ്‌ പരാതി അയച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. പി.സി. ജോര്‍ജ്‌ കത്ത്‌ നല്‍കിയ കാര്യം അറിയില്ല. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ്‌ ഇക്കാര്യം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ജഡ്‌ജിയെക്കുറിച്ചു തനിക്കു പരാതിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

2011, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

കുടുംബസ്വത്ത് പിതാവിന്റെ പേരിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്റെ കുടുംബസ്വത്ത് ഇപ്പോഴും പിതാവിന്റെ പേരിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുടുംബസ്വത്ത് താന്‍ വെളിപ്പെടുത്തിയില്ലെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വില്ലേജ് രേഖകളില്‍ എന്റെ പേര് ചാണ്ടി ഉമ്മന്‍ എന്നാണ്. കരോട്ട് വള്ളക്കാലില്‍ ഉമ്മന്‍ചാണ്ടി എന്നത് എന്റെ പിതാവിന്റെ പേരാണ്. അത് താനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിതാവ് കുറേ ഭൂമി നേരത്തെ എഴുതി നല്‍കിയിരുന്നു. അത് താന്‍ വിറ്റു. പിന്നെ ഒന്നും എഴുതി ത്തന്നിട്ടില്ല. എന്റെ പേരിലുള്ള എല്ലാ സ്വത്തും വെളിപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാര്‍ സ്വത്ത് വെളിപ്പെടുത്തിയതില്‍ ഭൂസ്വത്തിന്റെ മൂല്യമില്ലാത്തത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ നിലവിലുള്ള ഫോമില്‍ ഇതുണ്ടായിരുന്നിലെന്നും അടുത്ത വര്‍ഷം മുതല്‍ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വി.എസും ചുറ്റുമുള്ള ക്രിമിനല്‍സംഘവുമാണ് കേസുകള്‍ക്ക് പിന്നിലെന്ന മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കുറച്ച് കൂടി സമയമെടുത്ത് പറയേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വാശ്രയ കോളജുകളിലെ സാമുദായിക ക്വോട്ട നിശ്ചയിച്ചതിലുണ്ടായ പ്രശ്‌നങ്ങള്‍ സ്വാശ്രയ പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം ഉണ്ടാക്കുന്ന ഘട്ടത്തില്‍ പരിഹരിക്കും. 15 ശതമാനം സാമുദായിക ക്വോട്ട ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് കിട്ടിയിരുന്നത്. അത് ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് കൂടി നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചത്. ഇക്കൊല്ലം കമ്യൂണിറ്റി ക്വോട്ടയുടെ കാര്യം ബന്ധപ്പെട്ട കോളജ് മാനേജ്‌മെന്റുകളുടെ തീരുമാനം അനുസരിച്ചായിരിക്കും. എയ്ഡഡ് കോളജുകളിലും 15 ശതമാനം കമ്യൂണിറ്റി ക്വോട്ട ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാറശ്ശാല എം.എല്‍.എ 108 ആംബുലന്‍സുകാരെ മര്‍ദിച്ചെന്ന പരാതിയില്‍ കേസ് എടുത്തിട്ടുണ്ടെന്നും നിയമപരമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മണല്‍വില നിയന്ത്രിക്കും

മണല്‍വില നിയന്ത്രിക്കും

തിരുവനന്തപുരം: മണല്‍വില നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ദേശീയ കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മേഴ്‌സി രവി ശ്രമിക്ക് അവാര്‍ഡ്ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണമേഖല നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി മണലിന്റെ വിലക്കയറ്റമാണ്. മണലൂറ്റിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീളുംതോറും വിലയും ഉയരുകയാണ്. പരിസ്ഥിതിപ്രശ്‌നം നോക്കിയാണ് മണലൂറ്റ് നിയന്ത്രിച്ചത്.

രാഷ്ട്രീയനേതാവ് എന്ന നിലയിലല്ല, ആത്മാര്‍ഥതയുള്ള പൊതുപ്രവര്‍ത്തക എന്നതാണ് മേഴ്‌സി രവിയുടെ മുഖമുദ്ര. ആത്മാര്‍ഥതയാണ് മേഴ്‌സിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍.എസ്.പി നേതാവ് കെ. പങ്കജാക്ഷന് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിച്ചു.

മത്സ്യത്തൊഴിലാളി സമശ്വാസ പദ്ധതി; കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് യോജിപ്പില്ല

മത്സ്യത്തൊഴിലാളി സമശ്വാസ പദ്ധതി; കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് യോജിപ്പില്ല

മാള: മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി ബി.പി.എല്‍. വിഭാഗത്തിലുള്ളവര്‍ക്ക് മാത്രമാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തീരുമാനം തിരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പൊയ്യ ഫിഷ്ഫാമില്‍ നടന്ന മത്സ്യകേരളം കരിമീന്‍ വര്‍ഷം പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മികച്ച മത്സ്യക്കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകളും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യങ്ങളും അദ്ദേഹം വിതരണം ചെയ്തു. പൊയ്യ നെയ്തല്‍ പൈതൃക മത്സ്യഗ്രാമം പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ കൃഷിമന്ത്രി കെ.പി. മോഹനനില്‍നിന്നു അദ്ദേഹം ഏറ്റുവാങ്ങി.

രാഷ്ട്രീയമായി യോജിപ്പുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ എല്ലാ നയങ്ങളെയും കണ്ണടച്ച് അംഗീകരിക്കാനാവില്ല. പട്ടിണിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മൂലം ദുരിതമനുഭവിക്കുന്ന തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികളെ ബി.പി.എല്‍-എ.പി.എല്‍. എന്നായി വേര്‍തിരിക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. ബി.പി.എല്‍. വിഭാഗത്തെ നിശ്ചയിച്ചതില്‍ ഏറെ അപാകങ്ങള്‍ ഉള്ളതായി ബോധ്യപ്പെട്ടിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ 300 രൂപയില്‍ നിന്നു 400 രൂപയായി കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഉയര്‍ത്തിയിട്ടുണ്ട്. ജനവരി മുതലുള്ള പെന്‍ഷന്‍ കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യും. സുനാമി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2006ല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നു ലഭിച്ച 1445 കോടി രൂപയുടെ വിനിയോഗം തൃപ്തികരമായിരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

അട്ടപ്പാടിയിലെ ഭൂമികൈയേറ്റം അളന്ന് തിട്ടപ്പെടുത്തും


ആലുവ: അട്ടപ്പാടിയിലെ വിവാദ ഭൂമി വീണ്ടും അളന്ന് തിട്ടപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അട്ടപ്പാടിയില്‍ സുസ്‌ലോണ്‍ കമ്പനി സ്ഥാപിച്ച കാറ്റാടി യന്ത്രങ്ങള്‍ മറിച്ചുവിറ്റത് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഭൂമി വീണ്ടും അളക്കുന്നത്. കമ്പനി 125 ഏക്കര്‍ വനഭൂമി കൈയേറിയെന്നാണ് അവിടുത്തെ ആദിവാസികള്‍ പറയുന്നത്. എന്നാല്‍, കലക്ടറുടെ നേതൃത്വത്തില്‍ നടന്ന സര്‍വേയില്‍ 85 ഏക്കര്‍ കൈയേറിയതായാണ് കാണുന്നത്. ഇത് പുനഃപരിശോധിക്കും. കൈയേറിയതായി ഉന്നതതല സമിതി കണ്ടെത്തിയ ഭൂമിയില്‍ 31 കാറ്റാടി യന്ത്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. സര്‍വേ നടപടി അവസാനിക്കുമ്പോള്‍ ഇവ കൈമാറ്റം ചെയ്ത രീതിയെക്കുറിച്ചും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആലുവ പാലസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

പഞ്ചായത്തുകള്‍ക്ക് പഞ്ചവത്സരപദ്ധതി പരിഗണിക്കും


തിരുവനന്തപുരം: പദ്ധതിവിഹിതം വര്‍ഷംതോറും ചെലവഴിക്കുന്നതിന്റെ സങ്കീര്‍ണത ഒഴിവാക്കാന്‍ പഞ്ചായത്തുകള്‍ക്ക് പഞ്ചവത്സരപദ്ധതി നടപ്പിലാക്കുന്ന കാര്യത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പഞ്ചായത്ത് വകുപ്പിലെ പൗരാവകാശ രേഖയുടെയും പൊതുമൊബൈല്‍ സംവിധാനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ഷികപദ്ധതി വിഹിതം ചെലവഴിക്കുന്നത് പഞ്ചായത്തുകളെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നമാണ്. വര്‍ഷത്തിലെ ആദ്യത്തെ ആറുമാസം തുകമാറിക്കിട്ടാനുള്ള നടപടിക്രമങ്ങള്‍ക്കായി ചെലവഴിക്കണം. ചുവപ്പുനാട അഴിയ്ക്കാനുളള പാടാണ് പിന്നീട്. തുക പാസ്സാകുമ്പോഴേയ്ക്കും വര്‍ഷത്തില്‍ മുക്കാല്‍ ഭാഗവും പിന്നിടും. പഞ്ചായത്തുകളുടെ വികസന പ്രക്രിയയ്ക്ക് തടസ്സമുണ്ടാക്കുന്ന പ്രശ്‌നമാണിത്. ഇതൊഴിവാക്കാന്‍ പഞ്ചായത്തുകള്‍ക്ക് പഞ്ചവത്സര പദ്ധതി നടപ്പിലാക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കണം. പഞ്ചായത്തുകളുടെ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ ഫണ്ടിന് കുറവുണ്ടെന്ന് സര്‍ക്കാരിന് അറിയാം. സര്‍ക്കാരില്‍ നിന്ന് പണം ലഭ്യമാക്കുന്നതിന് അനാവശ്യ നടപടിക്രമങ്ങളുണ്ടെന്നും മനസിലാക്കുന്നു. ഈ രണ്ടുപ്രശ്‌നങ്ങളും അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. വിവിധ കേന്ദ്രപദ്ധതികളുടെ ഫണ്ട് പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമോയെന്നകാര്യവും സര്‍ക്കാര്‍ ആലോചിക്കും -മുഖ്യമന്ത്രി പറഞ്ഞു. പഞ്ചായത്തുകളുടെ ഹൃദയമായ ഗ്രാമസഭകള്‍ കാര്യക്ഷമതയോടെ നടപ്പിലാക്കാന്‍ ഭരണ സമിതി ശ്രമിക്കണം. രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകള്‍ വന്‍ മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തില്‍ നിരാലംബര്‍ക്കായി നടപ്പിലാക്കുന്ന ആശ്രയ പദ്ധതി തുടങ്ങാന്‍ ചില പഞ്ചായത്തുകള്‍ മടികാണിക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആരും നോക്കാനില്ലാത്ത രണ്ടുശതമാനം ആള്‍ക്കാര്‍ സമൂഹത്തിലുണ്ട്. ഇവര്‍ക്കായാണ് സര്‍ക്കാര്‍ പഞ്ചായത്തുകള്‍ മുഖേന ആശ്രയപദ്ധതി നടപ്പിലാക്കുന്നത്. എന്നാല്‍ 124 പഞ്ചായത്തുകള്‍ ഇനിയും ഈ പദ്ധതിയോട് താല്‍പ്പര്യം കാണിച്ചിട്ടില്ല. എന്തുകൊണ്ട് ആശ്രയ നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന് ആ പഞ്ചായത്തുകള്‍ സര്‍ക്കാരിനെ അറിയിക്കണം. ആശ്രയ നടപ്പിലാക്കാത്ത പഞ്ചായത്തുകള്‍ക്ക് മറ്റ് സഹായങ്ങള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഞ്ചായത്ത് വകുപ്പിലെ പൗരാവകാശരേഖയുടെ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു. പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരെയും പഞ്ചായത്ത് പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും പൊതുമൊബൈല്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ സിംകാര്‍ഡ് വിതരണം മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് രമാകുമാരിയെ ഫോണ്‍ ചെയ്തുകൊണ്ട് മുഖ്യമന്ത്രി പൊതുമൊബൈല്‍ സംവിധാനത്തിന് തുടക്കം കുറിച്ചു. മന്ത്രി ഡോ.എം.കെ.മുനീര്‍ അധ്യക്ഷനായിരുന്നു.