UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രസുരക്ഷ മുഖ്യമന്ത്രി നേരിട്ട് എത്തി പരിശോധിച്ചു

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രസുരക്ഷ മുഖ്യമന്ത്രി നേരിട്ട് എത്തി പരിശോധിച്ചു

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ അവലോകനം
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ക്ഷേത്രപരിസരത്ത് നടന്നു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ പടിഞ്ഞാറെ നടയില്‍ ക്ഷേത്രമതില്‍ക്കെട്ടിന്
പുറത്തെ പോലീസ് കണ്‍ട്രോള്‍ റൂമിലാണ് ഉന്നതതല അവലോകന യോഗം നടന്നത്.
ക്ഷേത്രത്തിന്റെ 'ബി' നിലവറ തുറക്കുന്നത് വിശ്വാസാചാരങ്ങള്‍
അനുസരിച്ചുവേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് യോഗത്തിന് ശേഷം
മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്
സുപ്രീം കോടതിയാണ്. നിലവറ തുറക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ
അഭിപ്രായം ആരാഞ്ഞാല്‍ കോടതിയെ ഇക്കാര്യം അറിയിക്കും.



ക്ഷേത്രത്തിന് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാക്രമീകരണങ്ങളില്‍
മുഖ്യമന്ത്രി തൃപ്തി രേഖപ്പെടുത്തി. രണ്ടുതരം സുരക്ഷയാണ് ക്ഷേത്രത്തിന്
വേണ്ടത്. അതിവേഗം നടപ്പിലാക്കേണ്ട സുരക്ഷാ സംവിധാനങ്ങള്‍ രണ്ടാഴ്ചക്കകം
പൂര്‍ത്തിയാക്കും. സ്ഥിരമായ സുരക്ഷ നവംബറിനുള്ളിലും നടപ്പാക്കുമെന്ന്
മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ക്ഷേത്രത്തിന് ഭീഷണിയൊന്നുമില്ലെന്നും
എന്നാല്‍ ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാകുന്നവിധം കുറ്റമറ്റരീതിയിലുള്ള
സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.



പടിഞ്ഞാറെനടയില്‍ നിന്ന് മതില്‍ക്കെട്ടിന് പുറത്തുകൂടി കാല്‍നടയായി
വടക്കേനടയിലെത്തിയാണ് അദ്ദേഹം ക്ഷേത്രസന്നിധി വിട്ടത്. മന്ത്രി വി.എസ്.
ശിവകുമാര്‍, കെ. മുരളീധരന്‍ എം.എല്‍.എ. എന്നിവരും ഡി.ജി.പി. അടക്കമുള്ള
ഉന്നതതല പോലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഉല്‌പാദനച്ചെലവിനനുസൃതമായുള്ള വില ക്ഷീരകര്‍ഷകന് ലഭിക്കണം

ഉല്‌പാദനച്ചെലവിനനുസൃതമായുള്ള വില ക്ഷീരകര്‍ഷകന് ലഭിക്കണം

തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന ഉല്പാദനച്ചെലവിനനുസൃതമായുള്ള വില
ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
അഭിപ്രായപ്പെട്ടു. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്റെ പ്രോഡക്ട്‌സ്
ഡെയറിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു.



ഉല്പാദനച്ചെലവിനെ അപേക്ഷിച്ച് സംസ്ഥാനത്ത് പാല്‍വില കുറവാണ്. സംസ്ഥാനത്ത്
ആവശ്യമായ പാല്‍ ഉല്പാദിപ്പിക്കുന്നില്ല. പ്രതിദിനം 4.5 ലക്ഷം ലിറ്റര്‍
പാലിന്റെ കുറവാണുള്ളത്. ഈ സ്ഥിതിയില്‍ മാറ്റമുണ്ടാവണമെന്നും മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി പറഞ്ഞു.



മന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷനായിരുന്നു. ഡെയറി വിപുലീകരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി കെ.സി.ജോസഫ് നിര്‍വഹിച്ചു.

2011, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

എന്‍ഡോസള്‍ഫാന്‍: 79 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നു മുഖ്യമന്ത്രി

എന്‍ഡോസള്‍ഫാന്‍: 79 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നു മുഖ്യമന്ത്രി


തിരുവനന്തപുരം: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക് 79 കോടി രൂപ മുടക്കി അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്താന്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.
ഇതില്‍ 85 ശതമാനം തുക നബാര്‍ഡും 15 ശതമാനം തുക സംസ്ഥാന സര്‍ക്കാരും
വഹിക്കും. ആസ്പത്രി, സ്‌കൂള്‍, തൊഴില്‍ദാന പദ്ധതികള്‍ തുടങ്ങിയ 119
പദ്ധതികളാണ് ദുരിതബാധിത പ്രദേശങ്ങളില്‍ നടപ്പാക്കുന്നത്. ആവശ്യമായ സ്ഥലം
പ്ലാന്‍േറഷന്‍ കോര്‍പ്പറേഷനില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കും.



മന്ത്രി കെ.പി. മോഹനന്‍, പി. കരുണാകരന്‍ എം.പി, കെ. കുഞ്ഞിരാമന്‍
എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ശ്യാമള ദേവി, നബാര്‍ഡ് ചീഫ്
ജനറല്‍ മാനേജര്‍ കെ.സി. ശശിധര്‍, ജില്ലാകളക്ടര്‍ കെ.എന്‍. സതീശ്, സബ്
കളക്ടര്‍ ബാല്‍ കിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോക്ലിയര്‍ പദ്ധതി രണ്ടാഴ്ചക്കകം

കോക്ലിയര്‍ പദ്ധതി രണ്ടാഴ്ചക്കകം


തിരുവനന്തപുരം: ബധിരരായ കുട്ടികള്‍ക്ക് ശസ്ത്രക്രിയയിലൂടെ കേള്‍വിശേഷി
ലഭിക്കുന്ന കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ രണ്ടാഴ്ചക്കുള്ളില്‍ നടപ്പാക്കാന്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.
ഇതിനായി 12 അംഗ സമിതി രൂപവത്കരിക്കും.

ഡോക്ടര്‍മാരുടെ ആറ് പ്രതിനിധികളും സര്‍ക്കാരിന്റെ നാല് പ്രതിനിധികളും
സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ ഒരു പ്രതിനിധിയും ബെന്നി ബഹനാന്‍
എം.എല്‍.എയും ഉള്‍പ്പെടുന്നതാണ് സമിതി.

പദ്ധതി എങ്ങനെ നടപ്പാക്കണം എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍
തയ്യാറാക്കാന്‍ യോഗം ഇവരെ ചുമതലപ്പെടുത്തി. വൈകല്യമുള്ള കുട്ടികളെ
കണ്ടെത്തുക, അവരുടെ ഓപ്പറേഷന്‍ നടത്തുക, അവരെ പുനരധിവസിപ്പിക്കുക
എന്നിവയുടെ വിശദാംശങ്ങളാണ് തയ്യാറാക്കേണ്ടത്. എല്ലാ മെഡിക്കല്‍
കോളേജുകളിലും ജില്ലാ ആസ്​പത്രികളിലും ഓഡിയോ ടെസ്റ്റിനുള്ള സംവിധാനം
ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നടപ്പാക്കാന്‍
പോകുന്ന സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി കോക്ലിയര്‍ പദ്ധതി
സംയോജിപ്പിക്കും. എന്നാല്‍ കുട്ടികളുടെ ഓപ്പറേഷന്‍ മൂന്ന് വയസ്സിനുള്ളില്‍
അടിയന്തരമായി ചെയ്യേണ്ട കാര്യമായതിനാല്‍ ആരോഗ്യപദ്ധതി നടപ്പാക്കുംവരെ
കോക്ലിയര്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ കാത്തിരിക്കുകയില്ലെന്ന്
മുഖ്യമന്ത്രി അറിയിച്ചു.

ഇത്തരമൊരു സംരംഭം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന ഗായകന്‍
കെ.ജെ.യേശുദാസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. നമ്മുടെ സൗഭാഗ്യം
മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള പദ്ധതിയാണിതെന്ന് യേശുദാസ്
ചൂണ്ടിക്കാട്ടി.

മന്ത്രിമാരായ കെ.എം.മാണി, കെ.ബാബു, അടൂര്‍ പ്രകാശ്, എം.കെ.മുനീര്‍, ബെന്നി
ബഹനാന്‍ എം.എല്‍.എ, ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


പുനരന്വേഷണം നടക്കട്ടെ

പുനരന്വേഷണം നടക്കട്ടെ


തിരുവനന്തപുരം: പാമോയില്‍ കേസിലെ വിജിലന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍
നല്‍കാമെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശമെങ്കിലും മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി ആ നിര്‍ദേശം നിരാകരിച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍
നല്‍കിയാല്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം വേണമെന്ന
വിജിലന്‍സ് കോടതി വിധിക്കെതിരെ സ്റ്റേ കിട്ടുമെന്നായിരുന്നു അഡ്വക്കേറ്റ്
ജനറലിന്റെ നിയമോപദേശം.

പുതിയ തെളിവുകളില്ലാതെ അന്വേഷണ ഏജന്‍സി എതിര്‍ത്തിട്ടും കോടതി പുനരന്വേഷണം
നിര്‍ദേശിച്ചത് ഹൈക്കോടതിയെ സമീപിച്ചാല്‍ സ്റ്റേ കിട്ടുമെന്നായിരുന്നു
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. ഇതിന് അടിസ്ഥാനമായ ഹൈക്കോടതി വിധികളും
അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി. വിജിലന്‍സ് കോടതിയുടെ ഉത്തരവ് അധികാരപരിധി
വിട്ടുള്ളതാണെന്നാണ് നിയമോപദേശത്തിലെ പരാമര്‍ശം. അന്വേഷണ ഏജന്‍സിയുടെ
കണ്ടെത്തല്‍ കോടതിക്ക് അംഗീകരിക്കുകയോ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍
തുടരന്വേഷണത്തിന് ഉത്തരവിടുകയോ ചെയ്യാം. എന്നാല്‍ തുടരന്വേഷണത്തിന്
മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ കോടതി കാരണം കണ്ടെത്തിയത് അധികാരപരിധിക്ക്
പുറത്താണെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്.

എന്നാല്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നത്
നിയമവഴിയില്‍ തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന
ചിന്തയ്ക്കിടയാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. അന്വേഷണം
വൈകിപ്പിച്ചെന്നും പരാതി വരും. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഈ വഴിപോയി
കൈപൊള്ളിയത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇടതുമുന്നണി
അധികാരത്തിലിരുന്നപ്പോള്‍ തന്നെയാണ് രണ്ടുപ്രാവശ്യവും ഇക്കാര്യത്തില്‍
അന്വേഷണം നടന്നത്. തന്നെ പ്രതിയാക്കാന്‍ എന്തെങ്കിലും വകുപ്പുണ്ടോയെന്ന്
അന്ന് തലനാരിഴ കീറി പരിശോധിച്ചതുമാണ്.

നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുന്‍ ജസ്റ്റിസ് സുബ്രഹ്മണ്യന്‍
പോറ്റിയെ ഫയല്‍ ഏല്പിച്ച് പ്രതിചേര്‍ക്കാന്‍ കഴിയുമോയെന്ന പരിശോധന
നടന്നിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കിയാല്‍ കേസ് തന്നെ
നിലനില്‍ക്കില്ലെന്നാണ് അന്ന് അദ്ദേഹം നല്‍കിയ നിയമോപദേശം.

മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിക്ക്
സമര്‍പ്പിക്കണം. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമോയെന്ന കാര്യവും
മറ്റും വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷമേ വിജിലന്‍സ് തീരുമാനിക്കൂ.

2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

ബധിര മൂക കുട്ടികള്‍ക്കായി കോക്ലിയര്‍ പദ്ധതി രണ്ടാഴ്‌ചയ്‌ക്കകം

ബധിര മൂക കുട്ടികള്‍ക്കായി കോക്ലിയര്‍ പദ്ധതി രണ്ടാഴ്‌ചയ്‌ക്കകം

തിരുവനന്തപുരം: ബധിര മൂക കുട്ടികള്‍ക്ക്‌ ഓപ്പറേഷനിലൂടെ സംസാരശേഷി നല്‌കുന്നതിനുള്ള കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടപ്പാക്കുന്നതിന്‌ 12 അംഗ സമിതി രൂപീകരിച്ചു. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പദ്ധതി തയാറാക്കി നടപ്പാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.

ഡോക്‌ടര്‍മാരുടെ ആറു പ്രതിനിധികളും സര്‍ക്കാരിന്റെ നാലു പ്രതിനിധികളും സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ ഒരു പ്രതിനിധിയും ബെന്നി ബഹനാന്‍ എംഎല്‍എയും ഉള്‍പ്പെടുന്നതാണു സമിതി.

പദ്ധതി എപ്രകാരം നടപ്പാക്കണം എന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ തയാറാക്കാന്‍ യോഗം
ഇവരെ ചുമതലപ്പെടുത്തി. വൈകല്യമുള്ള കുട്ടികളെ കണ്ടെത്തുക, അവരുടെ ഓപ്പറേഷന്‍ നടത്തുക, അവരെ പുനരധിവസിപ്പിക്കുക എന്നിവയുടെ വിശദാംശങ്ങളാണു തയാറാക്കേണ്ടത്‌. എല്ലാ മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലും ഓഡിയോ ടെസ്‌റ്റിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യരംഗത്ത്‌ സര്‍ക്കാരിനു വലിയ ലക്ഷ്യങ്ങളുണ്ട്‌. അതിലേക്കുള്ള ആദ്യത്തെ ചുവടാണിത്‌. ലോകനിലവാരത്തിലുള്ള ധാരാളം ചികിത്സാസൗകര്യങ്ങള്‍ കേരളത്തിലുണ്ട്‌. പക്ഷേ, അതു ലഭിക്കുന്നത്‌ സമ്പന്നര്‍ക്കു മാത്രമാണ്‌. കേരളത്തില്‍ ലഭ്യമായ ഏറ്റവും നല്ല ചികിത്സാസൗകര്യങ്ങള്‍ എല്ലാവര്‍ക്കും എത്തിക്കുക എന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യം. അതിന്‌ സമഗ്രമായ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതി ഉടനേ നടപ്പാക്കും.
അതുമായി കോക്ലിയര്‍ പദ്ധതി സംയോജിപ്പിക്കും. എന്നാല്‍, കുട്ടികളുടെ ഓപ്പറേഷന്‍ മൂന്നു വയസിനുള്ളില്‍ അടിയന്തരമായി ചെയ്യേണ്ട കാര്യമായതിനാല്‍ ആരോഗ്യപദ്ധതി നടപ്പാക്കുംവരെ കോക്ലിയര്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ കാത്തിരിക്കുകയില്ലെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.

ഇത്തരമൊരു പദ്ധതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന ഗായകന്‍ കെ.ജെ. യേശുദാസിനെ
മുഖ്യമന്ത്രി അഭിനന്ദിച്ചു. സാമൂഹിക ബാധ്യത ഏറ്റെടുത്ത്‌ അദ്ദേഹം വലിയൊരു പോരാട്ടമാണു നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

ബസ്‌ ചാര്‍ജ്‌ വര്‍ധന: അപാകത മന്ത്രി പരിശോധിക്കുമെന്ന്‌ ഉമ്മന്‍ ചാണ്ടി‍‍

ബസ്‌ ചാര്‍ജ്‌ വര്‍ധന: അപാകത മന്ത്രി പരിശോധിക്കുമെന്ന്‌ ഉമ്മന്‍ ചാണ്ടി‍‍

തിരുവനന്തപുരം: ബസ്‌ ചാര്‍ജ്‌ വര്‍ധനയുമായി ബന്ധപ്പെട്ട്‌ അപാകതയുണ്ടെങ്കില്‍ അക്കാര്യം ഗതാഗത മന്ത്രി വി.എസ്‌. ശിവകുമാര്‍ പരിഗണിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചെറിയ ദൂരങ്ങളിലേക്കുള്ള യാത്രക്കാരുടെ നിരക്കുകളില്‍ അപാകതയുണ്ടെന്ന്‌ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പുതുക്കിയ ബസ്‌ ചാര്‍ജ്‌ ഇന്നലെ നിലവില്‍വന്നതോടെ ഫെയര്‍ സ്‌റ്റേജ്‌ നിര്‍ണയത്തിലെ വന്‍തട്ടിപ്പിനെതിരേ ജനരോഷം വ്യാപകം. മിക്ക റൂട്ടിലും യാത്രക്കാര്‍ നല്‍കേണ്ടിവന്നതു പഴയ നിരക്കിന്റെ 30-40% അധികത്തുക. ഹ്രസ്വദൂരയാത്രക്കാരുടെ 'പോക്കറ്റടി'ക്കുന്ന വര്‍ധനയ്‌ക്കെതിരേയാണു വന്‍പ്രതിഷേധം. മിനിമം ചാര്‍ജ്‌ നാലില്‍നിന്ന്‌ ഒരുരൂപയാണു കൂടിയതെങ്കില്‍, നിലവില്‍ 5.50 രൂപ ടിക്കറ്റില്‍ യാത്ര ചെയ്‌തിരുന്നവര്‍ എട്ടുരൂപ (ഏകദേശം 50% വര്‍ധന) നല്‍കേണ്ടിവരുന്നതാണു വര്‍ധനയിലെ പ്രധാന അപാകതകളിലൊന്ന്‌.

സഭയ്‌ക്കുള്ളില്‍ കള്ളവോട്ട്‌: പ്രതിപക്ഷ നടപടി ഭീരുത്വമെന്ന്‌ മുഖ്യമന്ത്രി

സഭയ്‌ക്കുള്ളില്‍ കള്ളവോട്ട്‌: പ്രതിപക്ഷ നടപടി ഭീരുത്വമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പിന്റെ വീഡിയോ പ്രദര്‍ശനത്തില്‍നിന്ന്‌ പ്രതിപക്ഷം ഇറങ്ങിപ്പോയില്ലായിരുന്നു എങ്കില്‍ അവര്‍ക്ക്‌ തലയില്‍ മുണ്ടിട്ട്‌ നടക്കേണ്ടി വരുമായിരുന്നു എന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വയം ഉന്നയിച്ച ആരോപണത്തിന്റെ നിജസ്‌ഥിതി പരിശോധിക്കാന്‍ കിട്ടുന്ന അവസരത്തില്‍നിന്ന്‌ ഒളിച്ചോടുന്നത്‌ ഭീരുത്വമാണെന്ന്‌ അദ്ദേഹം ആരോപിച്ചു. വോട്ടെടുപ്പില്‍ യുഡിഎഫിന്റെ ഒരു എംഎല്‍എയ്‌ക്കു പകരം മറ്റൊരാള്‍ കള്ളവോട്ട്‌ ചെയ്‌തുവെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഇതേത്തുടര്‍ന്നാണ്‌ നടപടി ക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന്‌ മുഖ്യമന്ത്രി സ്‌പീക്കറോട്‌ അഭ്യര്‍ഥിച്ചത്‌.

തന്റെ കാറിന്റെ നിയമലംഘനം പിടിക്കാന്‍ മുഖ്യമന്ത്രിയുടെ വെല്ലുവിളി

തന്റെ കാറിന്റെ നിയമലംഘനം പിടിക്കാന്‍ മുഖ്യമന്ത്രിയുടെ വെല്ലുവിളി


തിരുവനന്തപുരം: മോട്ടോര്‍വാഹനവകുപ്പിലെയും പൊലീസിലെയും ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ വെല്ലുവിളി.

തന്റെ വാഹനം എപ്പോഴെങ്കിലും വാഹനനിയമം ലംഘിക്കുന്നെങ്കില്‍ കണ്ടുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ പരസ്യവെല്ലുവിളി.

തന്റെ വാഹനം വാഹനനിയമം ലംഘിക്കുന്നത് കണ്ടുപിടിക്കുന്നവര്‍ക്ക് സ്വന്തം
പോക്കറ്റില്‍ നിന്ന് പാരിതോഷികം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മോട്ടോര്‍ വാഹനവകുപ്പ് നടപ്പാക്കിയ എന്‍ഫോഴ്‌സ്‌മെന്റ് ഓട്ടോമേഷന്‍
പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ പ െങ്കടുക്കുകയായിരുന്നു മുഖ്യമന്ത്രി.

കള്ളന്മാരെ പിടിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് പണം
നല്‍കുന്നതെങ്കില്‍ വാഹന നിയമലംഘനത്തിന് തന്നെ പിടികൂടുന്നവര്‍ക്ക് തന്റെ
പോക്കറ്റില്‍ നിന്ന് അഞ്ഞൂറ് രൂപ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയെ പിടിച്ചാല്‍ മറ്റുള്ളവരെ അതേ കുറ്റത്തിന് പിടിക്കുമ്പോള്‍
പ്രതിഷേധം ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോട്ടോര്‍ വാഹന വകുപ്പില്‍ കൂടുതല്‍ തസ്തിക അനുവദിക്കുന്നത്
ധനവകുപ്പിന്റെ പരിശോധനയിലാണെന്നും അക്കാര്യത്തില്‍ ഉടന്‍ തീരുമാനം
ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചടങ്ങില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷനായിരുന്നു.

നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍സഹിതം
പകര്‍ത്തി പിഴ ഈടാക്കാന്‍ കഴിയുന്ന സംവിധാനമാണ് എന്‍ഫോഴ്‌സ്‌മെന്റ്
ഓട്ടോമേഷന്‍ പദ്ധതി. തുടക്കത്തില്‍ തലസ്ഥാനജില്ലയിലെ കവടിയാര്‍,
ഓവര്‍ബ്രിഡ്ജ്, ടെക്‌നോപാര്‍ക്ക് ജങ്ഷന്‍ എന്നിവിടങ്ങളിലാണ്  പദ്ധതി
നടപ്പാക്കുന്നത്.

കവടിയാര്‍, ഓവര്‍ബ്രിഡ്ജ് എന്നിവിടങ്ങളില്‍ ഇത്
നടപ്പായിക്കഴിഞ്ഞു.പ്രവര്‍ത്തനം വിലയിരുത്തിയശേഷം മറ്റ് ജങ്ഷനുകളിലും ഇത്
നടപ്പാക്കും.

നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍, വ്യാജരേഖകള്‍ എന്നിവ
കണ്ടെത്താന്‍ സഹായിക്കുന്ന വിധം മോട്ടോര്‍വാഹനവകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ്
വിഭാഗത്തിന്റെ ആധുനികവത്കരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എനിക്കെതിരെ ഒന്നും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല

എനിക്കെതിരെ ഒന്നും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല

തിരുവനന്തപുരം : ഇരുപത് വര്‍ഷമായി അന്വേഷിച്ചിട്ടും തനിക്കെതിരെ പാംഓയില്‍
കേസില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍
ചാണ്ടി പറഞ്ഞു. ഇടതുപക്ഷം ഭരിക്കുമ്പോഴാണ് രണ്ടുപ്രാവശ്യവും ഈ കേസില്‍
അന്വേഷണം നടന്നത്. എനിക്കെതിരെ എന്തെങ്കിലും തെളിവ് ശേഖരിക്കാന്‍ ഇതുവരെ
കഴിഞ്ഞിട്ടില്ല. ഈ കേസില്‍ അന്വേഷണം ആവശ്യപ്പെട്ടതുതന്നെ ഞാനാണ്.
ധാര്‍മികമായും നിയമപരമായും കേസിനെ നേരിടുമെന്നതാണ് നിലപാട്. ഈകാര്യം
നിയമസഭയിലും പുറത്തും പറഞ്ഞിട്ടുണ്ട്. രണ്ടുപ്രാവശ്യം അന്വേഷണം നടന്ന ഈ
കേസില്‍ മൂന്നാമതൊരു അന്വേഷണംകൂടി വേണമെന്നാണ് കോടതി നിര്‍ദേശിച്ചത്. അതിനെ
സ്വാഗതം ചെയ്യുന്നു. ഈ കേസ് സംബന്ധിച്ച നിലപാട് പാര്‍ട്ടി നേതൃത്വത്തെ
നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് അറിയിക്കുകയും ചെയ്യും-ഉമ്മന്‍ ചാണ്ടി
പറഞ്ഞു.