UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ജൂലൈ 29, വെള്ളിയാഴ്‌ച

തന്ത്രിക്ക് ശതാഭിഷേകം; ആശംസയേകി മുഖ്യമന്ത്രി




ചെങ്ങന്നൂര്‍: ശതാഭിഷിക്തനായ  ശബരിമല വലിയ തന്ത്രിയ്ക്ക് ആശംസയേകാന്‍ മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി താഴമണ്‍ മഠത്തിലെത്തി. ശബരിമല തന്ത്രിയായ കണ്ഠരരു മഹേശ്വരരാണ് 84ന്റെ നിറവില്‍ ശതാഭിഷിക്തനായത്. ഇന്നലെ രാവിലെ കുടുംബ ക്ഷേത്രത്തില്‍ വിവിധ പൂജകളും ഹോമങ്ങളോടുമാണ് ശതാഭിഷേക ചടങ്ങുകള്‍ ആരംഭിച്ചത്.

കുടുംബ ക്ഷേത്രത്തില്‍ നടന്ന ചടങ്ങ് ദര്‍ശിക്കാനും വലിയ തന്ത്രിക്ക് ആശംസകള്‍ നേരാനുമായി ബന്ധുക്കളും നാട്ടുകാരും അടക്കം നൂറുകണക്കിന് ആളുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും  എത്തിച്ചേര്‍ന്നത്. 10.15 ഓടെ തന്ത്രി കണ്ഠരരു മഹേശ്വരരേയും ഭാര്യ ദേവകീദേവി അന്തര്‍ജനത്തെയും പ്രത്യേക പീഠത്തിലിരുത്തിയശേഷം ആലുവാ തന്ത്ര വിദ്യാപീഠം ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കൃഷ്ണന്‍ നമ്പൂതിരിയും കണ്ഠരരു മോഹനരരും ചേര്‍ന്ന് വലിയ തന്ത്രിയുടെ ശിരസില്‍ ശതാഭിഷേക കലശാഭിഷേകം നടത്തിയതോടെ ചടങ്ങുകള്‍ക്ക് സമാപ്തിയായി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കെഎസ് വാസുദേവ ശര്‍മ, കൊടിക്കുന്നില്‍ സുരേഷ് എം പി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം രാജഗോപാലന്‍ നായര്‍  എന്നിവരും ആശംകള്‍ നേര്‍ന്നു.

മലയാളഭാഷ വളര്‍ത്താന്‍ ഒട്ടേറെ നടപടികളെടുത്തു

Imageന്യൂഡല്‍ഹി: മലയാളിയുള്ളിടത്തെല്ലാം  മലയാളം പഠിപ്പിക്കാനായുള്ള മലയാളം മിഷന്റെ ദേശീയതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ രൂപവല്‍ക്കരിക്കപ്പെട്ട ശേഷമുള്ള ആദ്യ അധ്യയനവര്‍ഷത്തിനാണ് മുഖ്യമന്ത്രി തിരി തെളിയിച്ചത്.

 മലയാളഭാഷ വളര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍  ഒട്ടേറെ നടപടികളെടുത്തിട്ടുെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മലയാളം സംസ്ഥാനത്ത് ഒന്നാം ഭാഷയാക്കി. മലയാളം സര്‍വ്വകലാശാല സ്ഥാപിക്കാനും തീരുമാനിച്ചു. ഈ വര്‍ഷം തന്നെ അതു യാഥാര്‍ഥ്യമാവും. ഡല്‍ഹി മാതൃകയില്‍ മുംബൈയിലും ചെന്നൈയിലും മലയാള പഠനകേന്ദ്രങ്ങള്‍ രൂപവല്‍ക്കരിച്ചു കഴിഞ്ഞു. കോയമ്പത്തൂര്‍, ദുബായ്, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ ഈ വര്‍ഷം പഠനകേന്ദ്രം തുടങ്ങാന്‍ നടപടിയെടുക്കും. മലയാളം മിഷന്‍ വെബ്‌സൈറ്റ് ഉടന്‍ സജ്ജമാക്കും. ഡല്‍ഹിയിലെ മലയാളം മിഷന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മലയാളം പഠിപ്പിക്കാനായി 2005 ല്‍ തനിക്കു കിട്ടിയ നിവേദനത്തെക്കുറിച്ച് ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി അനുസ്മരിച്ചു. മലയാളം പഠിപ്പിക്കാനായുള്ള ഡല്‍ഹി മലയാളികളുടെ കൂട്ടായ്മയെ അദ്ദേഹം പ്രശംസിച്ചു.

ചടങ്ങില്‍ ഡല്‍ഹി മലയാളം മിഷന്‍ പ്രസിഡന്റ് പ്രൊഫ. ഓംചേരി എന്‍.എന്‍.പിള്ള അധ്യക്ഷനായിരുന്നു. ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ്, എക്‌സൈസ് മന്ത്രി കെ.ബാബു, കൃഷിമന്ത്രി  കെ.പി.മോഹനന്‍ എന്നിവരുടെയും സാന്നിധ്യമുായിരുന്നു. 

2011, ജൂലൈ 28, വ്യാഴാഴ്‌ച

വനമേഖലകളിലെ മാവോവാദികളുടെ വ്യാപനം തടയാന്‍ നടപടി വേണം - മുഖ്യമന്ത്രി




  വനമേഖലകളിലെ മാവോവാദികള്‍ സാന്നിധ്യം ഉറപ്പിക്കുന്നത് തടയാന്‍ പോലീസ് നടപടികള്‍ ആവിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു.

വനമേഖലകളിലെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ പോലീസ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനത്തിനുണ്ടാകുന്ന വീഴ്ചയാണ് മാവോവാദികള്‍ക്ക് അനുകൂലസാഹചര്യമൊരുക്കുന്നതെന്നും ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

വര്‍ധിച്ചുവരുന്ന ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം അമര്‍ച്ചചെയ്യാന്‍ ഗുണ്ടാനിയമം കൂടുതല്‍ ശക്തമാക്കണമെന്ന് യോഗത്തില്‍ ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ആറുമാസത്തെ കരുതല്‍ തടങ്കല്‍ കഴിഞ്ഞ് പുറത്തുവരുന്നവര്‍ വീണ്ടും ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഇതുതടയാന്‍ കരുതല്‍ തടങ്കലിന്റെ കാലാവധി കൂട്ടണമെന്നായിരുന്നു നിര്‍ദേശം.

കൂര്‍ഗിലെ ആക്രമണം; മുഖ്യമന്ത്രി അന്വേഷണം ആവശ്യപ്പെട്ടു




കൂര്‍ഗില്‍ മലയാളികളായ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും നേരെയുണ്ടായ സാമൂഹികവിരുദ്ധ ആക്രമണങ്ങള്‍ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കര്‍ണാടക മുഖ്യമന്ത്രി ഡോ. ബി.എസ്. യദ്യൂരപ്പക്ക് കത്തയച്ചു.

കെ. സുധാകരന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകാത്ത സാഹചര്യത്തില്‍ മലയാളി വ്യാപാരികള്‍ കച്ചവടം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. ആക്രമണത്തിന് വിധേയരായ തലശ്ശേരി സ്വദേശികളായ ടി.പി. ഉസ്മാന്‍, പി.വി. മുനീര്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതിയുടെ പകര്‍പ്പും കത്തിനോടൊപ്പം അയച്ചിട്ടുണ്ട്.
 
 

കള്ളവോട്ട് ആരുടേതെന്ന് പറയണം - മുഖ്യമന്ത്രി




തിരുവനന്തപുരം: ധനവിനിയോഗ ബില്ലിന്റെ വോട്ടിങ്ങിനിടയില്‍ ആരാണ് കള്ളവോട്ട് ചെയ്തതെന്ന് പ്രതിപക്ഷനേതാവും ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും വെളിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്ന നിലപാട് നിര്‍ഭാഗ്യകരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ വോട്ട് ചെയ്തവരുടെ ലിസ്റ്റുണ്ട്. അതില്‍ ആരെങ്കിലും കള്ളവോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ നിയമസഭാ കക്ഷി നേതാവെന്ന നിലയില്‍ മറുപടി പറയാന്‍ താന്‍ ബാധ്യസ്ഥനാണ്. വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ട് ഒളിച്ചോടിയ ശേഷം അവരുടെ ജാള്യത മറയ്ക്കാന്‍ വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. ഇത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്.

വോട്ടെടുപ്പുസമയത്ത് ഭരണപക്ഷത്ത് 62 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന ആരോപണം പരിഹാസ്യമാണ്. വോട്ടിങ്ങിനായി ബെല്ലടിച്ച് തീരുന്നതുവരെ സഭയ്ക്കകത്ത് കയറുന്നവര്‍ക്ക് വോട്ട് ചെയ്യാം. ബെല്ലടിക്കുമ്പോള്‍ കെ.പി.സി.സി. പ്രസിഡന്റും താനും തന്റെ ഓഫീസിലിരിക്കുകയായിരുന്നു. ബെല്ലടികേട്ടപ്പോഴാണ് ഞങ്ങളും സഭയിലേക്ക് പ്രവേശിച്ചത്. അപ്പോള്‍ സഭയില്‍ 68 പേരുണ്ടായിരുന്നു. പിന്നീട് അച്യുതനും വര്‍ക്കല കഹാറും എത്തിയതോടെ എണ്ണം 70 ആയി. പ്രതിപക്ഷത്ത് 67 പേര്‍ മാത്രവും. സ്വന്തംമുഖം വികൃതമാകുന്നതിലുള്ള നാണക്കേട് മറച്ചുവെയ്ക്കാന്‍ വേണ്ടി കള്ളവോട്ട് നടന്നുവെന്ന് പ്രചരിപ്പിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു. ഒരു സമയത്തും ഗവണ്മെന്റിന് ഭൂരിപക്ഷം ഉണ്ടാകാതിരുന്നിട്ടില്ല.

മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളില്‍ ജനങ്ങള്‍ കൂവലോടെയാണ് സ്വീകരിക്കുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പ്രതിപക്ഷനേതാവ് കൂവാന്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു മറുപടി. പക്ഷേ, ജനങ്ങള്‍ അത് ഏറ്റുപിടിക്കാന്‍ തയ്യാറാകുന്നില്ല.
 

2011, ജൂലൈ 27, ബുധനാഴ്‌ച

നിയമം അനുവദിക്കുന്ന എല്ലാ കുടിയേറ്റക്കാര്‍ക്കും പട്ടയം: മുഖ്യമന്ത്രി



Imageതിരുവനന്തപുരം: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ ജില്ലാകളക്ടര്‍മാരുടെയും സെക്രട്ടറിമാരുടെയും വകുപ്പുമേധാവികളുടെയും വാര്‍ഷികയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അടിയന്തിരസാഹചര്യങ്ങള്‍ നേരിടുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമത ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വേങ്ങര അപകടത്തില്‍ പന്ത്രണ്ട് മണിക്കൂറിലേറെ ജീവനുവേണ്ടി യാചിച്ച ഒരാളെ നമുക്ക് രക്ഷിക്കാനായില്ല. എന്തൊക്കെ സംവിധാനങ്ങളുണ്ടായിരുന്നെങ്കില്‍ അത്തരമൊരു സന്ദര്‍ഭത്തില്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നോ അതൊക്കെ സജ്ജമാക്കാന്‍ ചീഫ് സെക്രട്ടറിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ക്രൈസിസ് മാനേജ്‌മെന്റ് ജില്ലാ കളക്ടര്‍മാരുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അക്കാര്യത്തില്‍ എന്തു സഹായത്തിനും സര്‍ക്കാര്‍ സദാ സന്നദ്ധമാണെന്നും അറിയിച്ചു. സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട സേവനം പൊതുജനങ്ങളുടെ നിയമപരമായ അവകാശമാക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഭരണത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാട് നൂറുദിനപരിപാടിയില്‍ വ്യക്തമാണ്. സുതാര്യതയും വേഗതയുമാണ് ഗവണ്‍മെന്റിന്റെ മുഖമുദ്ര. പൊതുജനങ്ങളെ സംബന്ധിച്ച് ഇന്ന് കിട്ടേണ്ട സേവനങ്ങള്‍ നാളേക്ക് മാറ്റിവെക്കാനാകില്ല. ഇക്കാര്യത്തില്‍ എല്ലാ സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും ബാധ്യതയുണ്ട്. വികസന പ്രവര്‍ത്തനങ്ങളായാലും, ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങളായാലും സമയബന്ധിതമായി നടപ്പാക്കാന്‍ കളക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
നിയമപരമോ സാങ്കേതികമോ ആയ തടസ്സമില്ലാത്ത കേസുകളില്‍ 1977 ജനുവരി ഒന്നിനു മുമ്പുള്ള എല്ലാ കുടിയേറ്റ കര്‍ഷകര്‍ക്കും  പട്ടയം നല്‍കുന്ന നടപടി ത്വരിതപ്പെടുത്തുവാന്‍ മുഖ്യമന്ത്രി കളക്ടര്‍മാരോട് ആവശ്യപ്പെട്ടു. കയ്യേറ്റമൊഴിപ്പിക്കുന്നതിലും ഇതു സംബന്ധിച്ച് കോടതിയില്‍ കേസ് നടത്തുന്ന കാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാരിന്റേത്. ആദിവാസികള്‍ക്കും പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്കും വേണ്ടി ചെലവഴിച്ചതിന്റെ ചെറിയൊരംശം പ്രയോജനം മാത്രമേ അവര്‍ക്ക് ലഭിച്ചിട്ടുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഇക്കാര്യം പ്രത്യേകം വിലയിരുത്തണമെന്ന് നിര്‍ദ്ദേശിച്ചു. ആറളം ഫാമിലെ ഭൂമിവിതരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഇത്തരത്തിലുള്ള ഒരു പരാജയമാണ്- മുഖ്യമന്ത്രി പറഞ്ഞു.അടിസ്ഥാനസൗകര്യവികസനത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ശരിയായ മാര്‍ക്കറ്റ് വില നല്‍കുക, വില നല്‍കിയശേഷം മാത്രം താമസക്കാരെ ഒഴിപ്പിക്കുക, വീട് നഷ്ടമാകുന്നവരെ പുനരധിവസിപ്പിക്കുക, തൊഴില്‍നഷ്ടം സംഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍-പൊതുമേഖലാസ്ഥാപനങ്ങളുമായി സഹകരിച്ച് തൊഴില്‍ലഭ്യമാക്കുക, പുതുതായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ഉപഭോക്താക്കളായി ഭൂമി നഷ്ടമാകുന്നവരെ പരിഗണിക്കുക തുടങ്ങിയവയാണ് സര്‍ക്കാരിന്റെ നയം.
 
അനധികൃതമായ മണലൂറ്റ് ഗുരുതരമായ സാമൂഹ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് ഒഴിവാക്കാനുള്ള നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കണം. ഇതിനായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നയങ്ങള്‍ ഉദ്യോഗസ്ഥര്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. ജനങ്ങള്‍ക്ക് ആവശ്യമായ സേവനം കൃത്യസമയത്ത് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. സേവനങ്ങള്‍ ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. റെറ്റ് ടു സര്‍വീസ് ആക്ട് നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും- മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളാണ് സംസ്ഥാനത്തുള്ളത്. മാലിന്യ സംസ്‌കരണത്തിലെ പിഴവ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് മറ്റുള്ള സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുള്ള ഉദാത്ത മാതൃകകള്‍ കണ്ടെത്തി അവ സംസ്ഥാനത്ത് നടപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കണം.

പട്ടാളക്കാര്‍ക്കായി സൈനിക് സെന്ററുകളും പോളി ക്ലിനിക്കുകളും ആരംഭിക്കും: മുഖ്യമന്ത്രി



Image പട്ടാളക്കാര്‍ക്കായി സൈനിക് കേന്ദ്രങ്ങളും പോളിക്ലിനിക്കുകളും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സെന്ററില്‍ നടന്ന കാര്‍ഗില്‍ ദിനാചരണവും യുദ്ധ വിധവകളെ ആദരിക്കലും ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് സൈനിക് സെന്ററുകള്‍ ആരംഭിക്കുന്നതിനായി തീരുമാനിച്ചിട്ടുള്ളത്.സൈനിക് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി സ്ഥലം വിട്ടു നല്‍കാന്‍ അതത് ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി.കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട്, കാസര്‍കോഡ്, കോഴിക്കോട് എന്നീ ആറു ജില്ലകളില്‍ സൈനികര്‍ക്കായി പോളിക്ലിനിക്കുകള്‍ ആരംഭിക്കും.ഇതിനായുള്ള നടപടികല്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍മാര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുള്ളതായും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനീകരുടെ വിധവകളായ 600 പേര്‍ക്ക് സൈനീക ക്ഷേമനിധിയില്‍ നിന്നും 2,000 രൂപ വീതം 12 ലക്ഷം ഇതിനായി തുക വകയിരുത്തിയിട്ടുണ്ടെന്നും അതു നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേരള സര്‍ക്കാര്‍ പട്ടാളക്കാരോടും വിമുക്തഭടന്‍മാരോടും അനുഭാവപൂര്‍വ്വമായ സമീപനമാണ് എന്നും സ്വീകരിച്ചിട്ടുള്ളത്.അതു തുടരും.ഇന്ന് ഇന്ത്യയുടെ ആത്മവിശ്വാസം ജവാന്‍മാര്‍ രാജ്യത്തിന് നല്‍കുന്ന ശക്തിയാണ്.രാജ്യം കാക്കുന്നതിനായി വീരമൃത്യു വരിച്ചവരെയും സര്‍വീസിലുള്ള ഭടന്‍മാരെയും ആദരിക്കുന്നതിനും ഓര്‍ക്കുന്നതിനും രാജ്യം എന്നും നിലപാടെടുക്കണം.അത് ഓരോ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്തവും ബാധ്യതയും അക്ഷന്തവ്യമായ കടമയുമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.കാര്യം കഴിയുമ്പോള്‍ ജവാന്‍മാരെ മാത്രമല്ല സഹായിച്ച പലരേയും മറക്കുന്നതാണ് സമൂഹത്തിന്റെ നിലപാട്.
 
എല്ലാ രംഗത്തും ഇതാണ് സ്ഥിതി.ഇതില്‍ മാറ്റം വരണമെന്ന് ചടങ്ങില്‍ പങ്കെടുത്ത കെ.മുരളീധരന്‍ എംഎല്‍എ പറഞ്ഞു.രാജ്യം കാക്കുന്നതിനായി വീരമൃത്യു വരിച്ച ഓരോ പട്ടാളക്കാരനില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് രാജ്യത്തെ കെട്ടിപ്പടുക്കണമെന്ന് ചടങ്ങില്‍ ഡോ.ശശി തരൂര്‍ എംപി പറഞ്ഞു.ദൈവങ്ങളും സൈനീകരും ഒരുപോലെയാണ്.ആപത്ഘട്ടങ്ങളില്‍ എല്ലാവരും ഇവരെ സ്മരിക്കും.എന്നാല്‍ പിന്നീട് രണ്ടു വിഭാഗങ്ങളെയും സൗകര്യപൂര്‍വ്വം മറക്കുന്ന നിലപാടാണുള്ളത്-പാങ്ങോട് കരസേനാസ്ഥാനത്തിന്റെ മേധാവി ബ്രിഗേഡിയര്‍ പ്രദീപ് നാരായണന്‍ പറഞ്ഞു.രാജ്യത്തിന്റെ നാളേയ്ക്ക് വേണ്ടി ഓരോ പട്ടാളക്കാരനും അവരുടെ ഇന്നത്തെ ജീവിതമാണ് ത്യജിക്കുന്നത്.സൈനീകരെ ആരും ഓര്‍ക്കുന്നില്ലെന്നത് ദുഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിമുക്തഭടന്‍മാരുടെയും സൈനികരുടെയും കാര്യങ്ങളില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അവരുടെ അപേക്ഷകള്‍ ചുവപ്പുനാടകളില്‍ കുടുങ്ങാതെ സഹായിക്കണമെന്നും കരസേനയുടെ ദക്ഷിണ മേഖലാ തലവന്‍ മേജര്‍ ജനറല്‍ വൈ.സി തരകന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.ബിഎസ്എന്‍എല്‍ മേദാവി പ്രമേചന്ദ്രയും ചടങ്ങില്‍ പങ്കെടുത്തു.നേരത്തേ സേനാ ആസ്ഥാനത്തെ യുദ്ധ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി റീത്ത് സമര്‍പ്പിച്ചു.യുദ്ധ വിധവകള്‍ക്കായി ബിഎസ്എന്‍എല്‍ ഏര്‍പ്പെടത്തിയ മൊബൈല്‍ഫോണുകള്‍ മുഖ്യമന്ത്രിയും മറ്റുള്ളവരും ചേര്‍ന്ന് സമ്മാനിച്ചു.ചടങ്ങുകള്‍ക്ക് മുന്നോടിയായി യുദ്ധ വിധവകളെ ആദരിക്കുന്നതിനായി പ്രത്യേകം നടന്ന ചടങ്ങില്‍ യുദ്ധ വിധവകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നവോദ്ധാന്‍ സംഘടനയുടെ പ്രസിഡന്റും കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ ഭാര്യയുമായ എലിസബത്ത് ആന്റണി പങ്കെടുത്തു.

വിവാദങ്ങളെ സുതാര്യത അകറ്റി നിര്‍ത്തും: മുഖ്യമന്ത്രി



Imageസുതാര്യത വിവാദങ്ങളെ അകറ്റി നിര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ലീലാ ഗ്രൂപ്പ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍നായരുടെ ആത്മകഥയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.വിവാദങ്ങളാണ് കേരളത്തിലെ ലാഭകരമായ ബിസിനസെന്ന് കൃഷ്ണന്‍നായര്‍ തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.
 
സുതാര്യമല്ലാത്ത പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ എല്ലാ കാര്യങ്ങളെയും വിവാദങ്ങളിലേക്ക് നയിക്കുന്നത്.് കാര്യങ്ങള്‍ സുതാര്യമല്ലാതാകുമ്പോഴാണ് വിവാദങ്ങളുണ്ടാക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് അവസരമൊരുക്കുന്നത്.ഈ തിരിച്ചറിവുള്ളതിനാലാണ് കേരള സര്‍ക്കാര്‍ എല്ലാ കാര്യങ്ങളിലും സുതാര്യത കൊണ്ടു വന്നിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.എല്ലാ കാര്യങ്ങളും ജനങ്ങളറിയണം.ജനങ്ങള്‍ക്ക് അറിയാന്‍ അവസരമുണ്ടാക്കിയതിനാല്‍ വിവാദങ്ങള്‍ക്കപ്പുറം കേരളം റിസള്‍ട്ടുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.കൃഷ്ണന്‍നായരുടെ ആത്മകഥ എതിര്‍പ്പുകളെയും പ്രതിസന്ധികളെയും അതിജീവിച്ചതിന്റെ മാതൃകയാണ്. വിജയത്തിന്റെ കഥയാണത്.ആത്മവിശ്വാസത്തോടെ വ്യവസായ മേഖലയിലേക്ക് ചുവടുവച്ച് ലോകശ്രദ്ധയും ബഹുമാനവും നേടിയ വ്യക്തമായണദ്ദേഹം.എന്നാല്‍ കേരളത്തില്‍ അദ്ദേഹത്തിന് ലഭിച്ച സ്വീകരണം നമ്മുടെ സംസ,്ക്കാരത്തിന് യോജിച്ചതായിരുന്നില്ല. എന്നാല്‍ അത്തരം എതിര്‍പ്പുകളെയും അതിജീവിച്ച് , വിവാദങ്ങളെയും വിജയിച്ച വ്യക്തിയാണ് കൃഷ്ണന്‍നായരെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൃഷ്ണന്‍നായരുടെ പുസ്തകത്തിന് ഇനിയും തുടര്‍ച്ചകളുണ്ടാകണം. അദ്ദേഹത്തിന്റെ വ്യവസായ മേഖല വഴി കേരളത്തിന്റെ ടൂറിസം രംഗത്ത് ഇനിയും പുരോഗതിയുണ്ടാക്കാനാകുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സംസ്ഥാനത്തുണ്ടാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രിയില്‍ നിന്നും പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങിക്കൊണ്ട് ശശി തരൂര്‍ എംപി പറഞ്ഞു.
 
വിദ്യാര്‍ഥികള്‍ക്ക് തന്റെ പുസ്തകം സൗജന്യമായി നല്‍കാനാണ് ഉദ്ിദേശിക്കുന്നതെന്നും ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ച്ചയുടെ പടവുകളിലേക്ക് താന്‍ ചവിട്ടിക്കയറിയതിന്റെ മാതൃക അവര്‍ക്ക് പകരണമെന്നും മറുപടി പ്രസംഗം നടത്തിയ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ പറഞ്ഞു.വളര്‍ച്ച എങ്ങിനെയെന്ന് പുസ്തകം വായിക്കുന്നതിലൂടെ വിദ്യാര്‍ഥികളിലേക്ക് പകരാനാകും.ആത്മവിശ്വാസവും മുന്നോട്ടേക്കുള്ള ലക്ഷ്യവും വിദ്യാര്‍തികള്‍ക്ക് ഊര്‍ജ്ജമാക്കി മാറ്റാന്‍ പുസ്തകത്തിന് കഴിയുമെന്നും അദ്ദേഹം കൃഷ്ണന്‍ നായര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കോവളം ലീലാ കെമ്പിന്‍സ്‌ക്കിയില്‍ നടന്ന ചടങ്ങ് ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ ഉദ്ഘാടനം ചെയ്തു.ഡോ.സി.കെ രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു.കൃഷ്ണലീല എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ ഇ-ബുക്ക് പതിപ്പും പുറത്തിറക്കി.രവി ഡിസി പുസ്തക പരിചയം നിര്‍വഹിച്ചു.ലീലാ ഗ്രൂപ്പ് എംഡിയും ജോയിന്റ് എംഡിയുമായ വിവേക് , ദിനേശ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

സ്ത്രീകളുടെ പരാതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം-മുഖ്യമന്ത്രി


തിരുവനന്തപുരം: ആദിവാസികളുടെയും സ്ത്രീകളുടെയും പരാതികള്‍ക്ക് പ്രത്യേക പരിഗണനയും പ്രാധാന്യവും നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജില്ലാ കലക്ടര്‍മാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശനനടപടി കൈക്കൊള്ളണം.  ചില സന്ദര്‍ഭങ്ങളില്‍ പരാതികള്‍ സ്വീകരിക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചസംഭവിക്കുന്നുണ്ട്.
വനമേഖല കേന്ദ്രീകരിച്ച് മാവോയിസ്റ്റ് സംഘടനകളുടെ പ്രവര്‍ത്തനം ശക്തമാകുന്നുവെന്ന വാദം ഗൗരവമായി കാണണം. ആദിവാസികളുടെ പരാതികളില്‍ നടപടികളുണ്ടാകാത്തതാണ് ഇത്തരം സംഘടനകള്‍ വളരാന്‍ പ്രധാന കാരണം. ഇത് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

ഗുണ്ടാവിരുദ്ധ നിയമം കര്‍ശനമായി നടപ്പാക്കണം. നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞശേഷം പുറത്തിറങ്ങുന്നവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പെടുന്നുണ്ട്. ഇത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കണം. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കല്‍ കാലാവധി ദീര്‍ഘിക്കിപ്പിക്കണം. പുതിയ ഗുണ്ടാപ്പട്ടിക തയാറാക്കി കര്‍ശനനടപടി കൈക്കൊള്ളണം.
ഗുണ്ടകളുടെ നഴ്‌സറിയായി മണല്‍മാഫിയകളുടെ പ്രവര്‍ത്തനം മാറുകയാണ്. മണല്‍മാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ കടവുകള്‍ കേന്ദ്രീകരിച്ച് തടയണം. അതിനായി കടവ്കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. എന്നാല്‍ പല ജില്ലകളിലും വ്യാപകമായി  മണല്‍ലോറികള്‍ പിടിച്ചെടുക്കുന്നുവെന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
മണല്‍ മാഫിയയെ തടയാനെന്ന രീതിയില്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കും നിര്‍മാണമേഖലക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിലയില്‍ മണല്‍ലോറികള്‍ പിടിച്ചിടരുത്.

മണിചെയിന്‍ മാതൃകയിലുള്ള തട്ടിപ്പുകളും ഗുണ്ടാആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം. കേസുകളുടെ അന്വേഷണം പൂര്‍ത്തീകരിച്ച് കോടതികളില്‍ കുറ്റപത്രവും എഫ്.ഐ.ആറും സമര്‍പ്പിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതായി പരാതിയുണ്ട്. അത് പരിഹരിക്കണമെന്നും ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു.

2011, ജൂലൈ 26, ചൊവ്വാഴ്ച

ഡോക്ടര്‍മാരുടെ സമരം എന്തിന് വേണ്ടിയെന്ന് വ്യക്തമാക്കണം


ഡോക്ടര്‍മാരുടെ സമരം എന്തിന് വേണ്ടിയെന്ന് വ്യക്തമാക്കണം
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ എന്തിന് വേണ്ടിയാണ് സമരം നടത്തുന്നതെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചര്‍ച്ചയില്‍ പ്രശ്‌നം അവസാനിപ്പിക്കാമെന്നിരിക്കെ തിങ്കളാഴ്ച മുതല്‍ എന്തിന്റെ പേരിലാണ് സമരം ആരംഭിച്ചതെന്ന് ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ സംസാരിക്കുകയും തിങ്കളാഴ്ച അന്തിമ ചര്‍ച്ച നടത്താമെന്ന് അറിയിപ്പ് നല്‍കുകയുമായിരുന്നു. ഇതിന് ശേഷമാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. ജനങ്ങളെ ദ്രോഹിക്കുന്ന സമരത്തിനിറങ്ങിയത് വേദനാജനകമാണ്. ഏത് സമയത്തും ആരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്- മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.
ബസ് ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുള്ള തീരുമാനം ബസ് ഉടമകളുമായി ചര്‍്ച്ച ചെയ്ത് ഗതാഗതമന്ത്രി അറിയിക്കും. മലബാറിലെ ഏഴു ജില്ലകളിലും തൃശൂരിലുമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 262 തസ്തികകള്‍ക്ക് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 239 ജൂനിയര്‍ ഗ്രേഡ് ടീച്ചര്‍മാരെയും 23 ഹയര്‍ ഗ്രേഡ് തസ്തികകളുമാണ് സൃഷ്ടിച്ചത്.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷക്ക് നേതൃത്വം നല്‍കാന്‍ പുതിയ പൊലീസ് സൂപ്രണ്ട് തസ്തിക സൃഷ്ടിച്ചു. ആന്റി പൈറസി സെല്‍ രൂപീകരിക്കുന്നതിന് എസ്.പിയടക്കം നാല് തസ്തികകള്‍ക്ക് അംഗീകാരം നല്‍കി. ഒരു ഡി.വൈ.എസ്.പിയും രണ്ട് എസ്.പിമാരുമാണ് മറ്റ് തസ്തികകള്‍. ആവശ്യമായ മറ്റ് തസ്തികകള്‍ പൊലീസ് വകുപ്പില്‍ നിന്ന് പുനര്‍വിന്യസിക്കും.
കാസര്‍കോട് വെടിവെപ്പ് സംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മീഷനെ പിന്‍വലിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. വെടിവെപ്പില്‍ മരിച്ച മുഹമ്മദ് ഷഫീഖിന്റെ കുടുംബത്തിന് ഹൈകോടതി വിധി പ്രകാരം അഞ്ച് ലക്ഷം രൂപ നല്‍കാനും ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ റിട്ട് പെറ്റീഷന്‍ പിന്‍വലിക്കാനും തീരുമാനിച്ചു. ചില ശിപാര്‍ശകളുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. പുതിയ മദ്യനയം അംഗീകരിച്ചു.
മഴയില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണി നടത്താന്‍ ഒരു പാക്കേജ് തയ്യാറാക്കാന്‍ പൊതുമരാമത്ത് മന്ത്രിയെ ചുമതലപ്പെടുത്തി. പാക്കേജ് ലഭിക്കുന്നതനുസരിച്ച് ആവശ്യമായ തുക അനുവദിക്കും. ദേശീയപാത വികസനത്തിന് സ്ഥലമെടുക്കുന്നതിനുള്ള പാക്കേജ് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരാതിക്കാരുമായും പുതിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചവരുമായും ചര്‍ച്ച നടത്തും. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.കെ ഇബ്രാഹീം കുഞ്ഞ് എന്നിവരായിരിക്കും ചര്‍ച്ച നടത്തുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.