UDF

2017, ജനുവരി 2, തിങ്കളാഴ്‌ച

പ്ലാസ്റ്റിക് കറൻസിയുടെ അച്ചടി ‘ഡിലാറ്യൂ’വിന് നൽകുന്നതിൽ ദുരൂഹത


നേരത്തെ ഇന്ത്യയിൽ കരിമ്പട്ടികയിൽ പെടുത്തിയിട്ടുള്ള ബ്രിട്ടീഷ് കമ്പനിയായ ഡി-ലാ-റ്യൂവിന് (De La Rue) പ്ലാസ്റ്റിക് കറൻസി അച്ചടിക്കുന്നതിന് കരാർ നൽകാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു.  കറൻസി നോട്ടുകൾ വിദേശത്ത് അച്ചടിക്കുന്നതു സംബന്ധിച്ച് പാർ‍ലമെന്റിന്റെ പബ്ലിക് അണ്ടർടേക്കിങ്സ് കമ്മിറ്റി 2013ൽ സമർപ്പിച്ച ശുപാർശകൾക്കു വിരുദ്ധമായി മോദി സർക്കാർ ഈ വിദേശ കമ്പനിയുമായി സഹകരിക്കുന്നതു വൻതോതിലുള്ള അഴിമതി ലക്ഷ്യമിട്ടാണെന്നും ഈ നീക്കം കള്ളനോട്ട് അച്ചടിക്കു സാധ്യതയുള്ളതും രാജ്യസുരക്ഷയെ ബാധിക്കുന്നതുമാണ്. 

രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ നിരോധിച്ച അതേ ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത സാങ്കേതിക ഉച്ചകോടിയുടെ മുഖ്യ സ്പോൺസർമാരിൽ ഒരാൾ ഈ കമ്പനിയായിരുന്നു. ഇതിന്റെ  തെളിവുകൾ ഞാൻ പത്ര സമ്മേളനത്തിൽ ഹാജരാക്കിയിട്ടുണ്ട്.   പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലും ഈ കമ്പനിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘1997-98 കാലഘട്ടത്തിൽ 100, 500 രൂപയുടെ ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള 360 കോടി നോട്ടുകൾ അച്ചടിക്കാൻ ഡിലാറ്യു ഉൾപ്പടെ മൂന്ന് വിദേശ കമ്പനികൾക്കു കരാർ നൽകിയിരുന്നു. ആദ്യമായാണ് ഇന്ത്യൻ കറൻസിയുടെ അച്ചടി ഇങ്ങനെ വിദേശ കമ്പനികളെ ഏൽപ്പിച്ചത്. വ്യത്യസ്ത രാജ്യങ്ങളിലായി ഇങ്ങനെ കറൻസി അച്ചടിച്ചതിൽ ഗുരുതരമായ അപകട സാധ്യതയുണ്ടെന്നും രാജ്യത്തെ സമ്പദ് ഘടനയെയും സുരക്ഷയെയും പരമാധികാരത്തേയും ബാധിക്കുമെന്നും പാർലമെന്റിന്റെ പബ്ലിക് അണ്ടർടേക്കിങ്സ് കമ്മിറ്റി വിലയിരുത്തി. ഈ കമ്പനികൾ കൂടുതൽ കറൻസികൾ അച്ചടിച്ചാൽ കണ്ടെത്താനാവില്ലെന്നും അത് തീവ്രവാദികളിലേക്കും കുറ്റവാളികളിലേക്കും എത്തുമെന്നും ചൂണ്ടിക്കാട്ടുകയും ചെയ്ത കമ്മിറ്റി ഭാവിയിൽ ഇന്ത്യൻ കറൻസി അച്ചടിക്കാൻ വിദേശ കമ്പനികളെ ഏൽപ്പിക്കരുതെന്ന് 2013 മാർച്ച് 20ന് സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്യുകയും കേന്ദ്ര സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തതാണ്.

ഡിലാറ്യു കമ്പനിയെ കേന്ദ്രം കരിമ്പട്ടികയിൽപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. അങ്ങനെയുള്ള കമ്പനിയെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി മോഡി സർക്കാർ സഹകരണം തുടരുന്നതിനു പിന്നിലെ താൽപര്യങ്ങൾ സംശയാസ്പദമാണ്. കറൻസി പിൻവലിക്കൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച അതേ ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന ഇന്ത്യ-യുകെ ടെക് സമ്മിറ്റിൽ ഈ കമ്പനി പ്ലാറ്റിനം സ്പോൺസറായിരുന്നു എന്നതും ആ സമ്മിറ്റ് നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ചേർന്നാണ് ഉദ്ഘാടനം ചെയ്തതെന്നതും ഇതിനൊപ്പം സംശയങ്ങൾ സൃഷ്ടിക്കുന്നതാണ്.

2013 മുതൽ 2015 വരെയുള്ള ഈ കമ്പനിയുടെ വാർഷിക റിപ്പോർട്ടുകളിൽ ഇന്ത്യയിൽ പ്രവർത്തനം ഉള്ളതായി പറയുന്നില്ലെങ്കിലും 2016 മാർച്ചിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യയിൽ 100% പ്രവർത്തനം ഉള്ളതായാണു രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രവുമല്ല കഴിഞ്ഞ ഏപ്രിലിനു ശേഷം ഈ കമ്പനിയുടെ ഓഹരി മൂല്യം 33.33% വർധിക്കുകയും ചെയ്തു. പ്രധാനമന്ത്രി നോട്ട് പിൻവലിക്കൽ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കാൻ ഏൽപ്പിച്ചിട്ടുള്ള വിദേശ കമ്പനികളിൽ ഡിലാറ്യുവും ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടും ഇതിനു പിന്നാലെ പുറത്തുവന്നു. സംശയാസ്പദമായ ഈ ഇടപാടിനെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണം.