UDF

2016, ഒക്‌ടോബർ 8, ശനിയാഴ്‌ച

പിണറായി വിജയൻറെ ആക്ഷേപം സ്വന്തം പരാജയം മറച്ചു വയ്‌ക്കാനുള്ള തന്ത്രം


സ്വാശ്രയ മേഖലയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ശ്രീ ഏ.കെ. ആന്റണിയുടെ കാലത്തെ കരാറാണെന്ന് ബഹുമാനപെട്ട മുഖ്യമന്ത്രി പിണറായി വിജയൻറെ ആക്ഷേപം സ്വന്തം പരാജയം മറച്ചു വയ്‌ക്കാനുള്ള തന്ത്രമാണ്.

സ്വാശ്രയ മേഖലയ്ക്ക് പച്ചക്കൊടി കാണിക്കുവാനുള്ള ശ്രീ ഏ.കെ. ആന്റണിയുടെ തീരുമാനം ഉന്നത വിദ്യാഭ്യാസ രംഗത്തു ഉണ്ടാക്കിയ വൻപിച്ച മാറ്റം കേരളം എന്നും നന്ദിയോടുകൂടി സ്‌മരിക്കുകതന്നെ ചെയ്യും.

വിദ്യാഭ്യാസ രംഗത്തു ഉണ്ടായ മാറ്റങ്ങൾക്കനുസരിച്ചു വർദ്ധിച്ച സൗകര്യങ്ങൾ സൃഷ്ട്ടിക്കാൻ കേരളത്തിന് കഴിയാതെ പോയതുമൂലം ഉന്നത വിദ്യാഭാസം തേടി പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പഠനത്തിനായി കേരളം വിട്ടു പോകേണ്ട ദുരവസ്ഥക്ക് പരിഹാരം ഉണ്ടാക്കാനാണ് സ്വാശ്രയ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആന്റണി സർക്കാർ തീരുമാനിച്ചത്. 2001-വരെ കേരളത്തിൽ ആകെ അഞ്ച് സർക്കാർ മെഡിക്കൽ കോളേജും 12 എഞ്ചിനീയറിംഗ് കോളേജും മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് പുറമെ ഇപ്പോൾ 24 സ്വാശ്രയ മെഡിക്കൽ കോളേജുകളും 119 എഞ്ചിനീയറിംഗ് കോളേജുകളും ഒട്ടനവധി നഴ്സിംഗ്, ഫർമസി, മാനേജ്‌മന്റ് സ്റ്റഡീസ് സ്ഥാപനങ്ങളും ഉണ്ടായതിന് കാരണം ആന്റണി സർക്കാരിന്റെ തീരുമാനമാണ്.

സ്വാശ്രയ വിദ്യാഭ്യാസ രംഗത്തു ഇപ്പോൾ ഉണ്ടായ പ്രശ്നങ്ങളുടെ പൂർണ്ണമായ ഉത്തരവാദിത്വം പിണറായി സർക്കാരിന്റേത് തന്നെയാണ്. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ ചർച്ചകൾക്ക് പോയതുമൂലം മാനേജ്മെന്റിന്റെ അമിതമായ ആവശ്യങ്ങൾക്ക് സർക്കാർ വഴങ്ങേണ്ടി വന്നു. തങ്ങൾക്കു ലഭിച്ച ഫീസ് വർദ്ധനവ് അമിതമാണെന്ന ധാരണ മൂലമാണ് മാനേജ്‌മന്റ് തന്നെ വിട്ടുവീഴ്ചക്ക് തയ്യാറാകുന്നത് . എന്നാൽ മുഖ്യമന്ത്രിയുടെ നിലപാടാണ് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട കൂടുതൽ ആനുകൂല്യം നഷ്ട്ടപ്പെടുത്തിയത്.