UDF

2016, ഒക്‌ടോബർ 23, ഞായറാഴ്‌ച

അമൽ കൃഷ്ണയുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു.



കോഴിക്കോട് കുണ്ടൂപറന്പിലെ മൂന്നാംക്ലാസുകാരൻ അമൽ കൃഷ്ണയുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ട്.

നടക്കാവ് ഗവ.ടിടിഐയോട് അനുബന്ധിച്ചുള്ള എൽ.പി സ്കൂളിന്റെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന എന്നെ 'ഉമ്മൻ ചാണ്ടി' എന്ന് അമലിന്റെ സഹപാഠിയായിരുന്ന ശിവാനി ഉറക്കെ വിളിച്ചു. ആ വിളിയായിരുന്നു എല്ലാത്തിനും തുടക്കം. തന്റെ സഹപാഠിക്ക് വീടില്ലെന്ന സങ്കടം പറഞ്ഞതിനെത്തുടർന്ന് ഞാൻ മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇലക്ഷൻ പ്രഖ്യാപിച്ചതിനാൽ സ്വാഭാവികമായി തുടർ നടപടികൾ മരവിപ്പിച്ചു. സർക്കാർ മാറിയതിനെത്തുടർന്ന് അമലിനു വാഗ്ദാനം ചെയ്ത സഹായം നൽകാൻ സാധിച്ചില്ല. അതിനാൽ ചില സുമനസുകളുടെ സഹകരണത്തോടു കൂടി 3 ലക്ഷം രൂപ സ്വരൂപിച്ചു ജൂലൈ 4 കോഴിക്കോടുളള അമല് ക്യഷ്ണയുടെ വീട്ടില് എത്തി നല്കി ഇതിനൊരു തുടക്കമിടാൻ സാധിച്ചു.

രണ്ട് നിലയുള്ള ഈ വീടിന് പതിനെട്ട് ലക്ഷം രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. താഴത്തെ നിലയിൽ അമലും കുടുംബവും, മുകളിലത്തെ നില സ്ഥിര വരുമാനാർത്ഥം വാടകയ്ക്ക് കൊടുക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ആദ്യത്തെ മൂന്ന് ലക്ഷം രൂപ തന്ന് സഹായിച്ച ശ്രീ പി.സി താഹിറിനോടും, ശ്രീ ഷാഫിയോടുമുള്ള എന്റെ നന്ദി ഈ സന്ദർഭത്തിൽ അറിയിക്കുന്നു. ബാക്കി തുക സ്വരൂപിച്ചു വീടിന്റെ പണി ദ്രുതഗതിയിൽ പൂർത്തീകരിക്കാൻ മുൻകൈ എടുക്കുന്ന നടക്കാവ് ഗവ. ടിടിഐ സ്കൂളിന്റെ PTA യുടെയും, നാനാ വിഭാഗത്തിൽപെട്ട ജനങ്ങളുടെയും പങ്ക് നമ്മുടെ സമൂഹത്തിന് തന്നെ മാതൃകയായി തീരുകയാണ്. ഈ സത്കർമ്മത്തിന് പങ്കാളികയായ ഇവരെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു.

ബഹുമാനപെട്ട റവന്യു മന്ത്രി ശ്രീ ഇ. ചന്ദ്രശേഖരൻ വീടിന് കഴിഞ്ഞ ആഴ്ച്ച തറക്കല്ലിട്ടു. അമൽ കൃഷ്ണയുടെ വീടെന്ന സ്വപ്നം ഉടൻ തന്നെ പൂർത്തിയാകട്ടെ എന്ന് ആശംസിക്കുന്നു.