UDF

2016, ജനുവരി 10, ഞായറാഴ്‌ച

നിരഞ്ജന്റെ കുടുംബത്തിന് 50 ലക്ഷം ധനസഹായം


തിരുവനന്തപുരം: പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നിരഞ്ജന്റെ ഭാര്യ ഡോ. രാധികയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. നിരഞ്ജന്റെ മകളുടെ വിദ്യാഭ്യാസ ചിലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും.

മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പാലക്കാട് എളമ്പുലാശേരിയിലെ സര്‍ക്കാര്‍ ഐ.ടി.ഐക്ക് നിരഞ്ജന്റെ പേര് നല്‍കും.

കാര്‍ഷിക കടങ്ങള്‍ക്ക് ജൂണ്‍ 30 വരെ മോറട്ടോറിയം പ്രഖ്യാപിച്ചു. അധ്യാപക പാക്കേജ് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും തീരുമാനമാകാത്തതിനാല്‍ അടുത്തയോഗത്തിലേക്ക് മാറ്റിവെച്ചു.

സി.പി.എമ്മിന് മദ്യനയമുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. അവരുടെ ഇപ്പോഴത്തെ നിലപാടില്‍ കള്ളക്കളിയുണ്ട്‌. മുയലിനൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയുമാണ് സി.പി.എം ചെയ്യുന്നത്. സര്‍ക്കാര്‍ മദ്യനയം സ്വീകരിച്ചപ്പോള്‍ ഒത്തുകളിയാണെന്ന് ആക്ഷേപിച്ചവര്‍ക്ക് കോടതി വിധി വന്നപ്പോള്‍ മറുപടിയില്ല.

തനിക്കെതിരെ നിയമനടപടിക്ക് ഡി.ജി.പി ജേക്കബ് തോമസിന് അനുമതി നല്‍കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ മന്ത്രിസഭാ യോഗം കൂട്ടായി അനുമതി നല്‍കേണ്ടതെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് മുമ്പാകെ കീഴടങ്ങാന്‍ പോയ വെള്ളാപ്പള്ളി നടേശനെ അനുഗമിച്ച ജെ.എസ്.എസ് നേതാവ് രാജന്‍ബാബുവിന്റെ നടപടി ന്യായീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി പറഞ്ഞു. യു.ഡി.എഫ് നിലപാട് അനുസരിച്ചല്ല രാജന്‍ബാബു പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.