UDF

2015, ജൂലൈ 29, ബുധനാഴ്‌ച

പെന്‍ഷന്‍ വരുമാന പരിധി ഒരുലക്ഷമായി ഉയര്‍ത്തി



വിവിധ പെന്‍ഷനുകളുടെ വരുമാന പരിധി ഒരുലക്ഷമായി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തത്വത്തില്‍ തീരുമാനമെടുത്തു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ലഭിക്കാനുള്ള വരുമാന പരിധി ഇതുവരെ 11,000 രൂപയായിരുന്നു. ഇത് ഒരുലക്ഷമായി ഉയര്‍ത്തി. ഒരുലക്ഷത്തില്‍ താഴെ വരുമാന പരിധി നിശ്ചയിച്ചിരുന്ന സമാനരീതിയിലുള്ള എല്ലാ പെന്‍ഷനുകളുടെയും വരുമാന പരിധി യും ഒരുലക്ഷമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ മന്ത്രിസഭ നിയോഗിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമനത്തിനായുള്ള വരുമാന പരിധി ആറുലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ നാലര ലക്ഷമായിരുന്നു പരിധി. ഇടുക്കി, മലപ്പുറം ജില്ലകളിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലേക്ക് 18 എല്‍.ഡി.വി ഡ്രൈവര്‍ ഗ്രേഡ് 2 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കി.

തളിപ്പറമ്പില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈയിം ട്രിബ്യൂണല്‍ സ്ഥാപിക്കാനും ജീവനക്കാരടക്കം ആവശ്യമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. കോട്ടയം കൂരോപ്പട ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുര്‍വേദ ആശുപത്രിയായി ഉയര്‍ത്തും. 
50 വര്‍ഷമായി താമസിച്ചിരുന്ന തൃശൂര്‍ സീതാറാം മില്ലിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക് നാല് സെന്റ് വീതം സ്ഥലം നല്‍കും. ഇവരുടെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മുദ്രപ്പത്ര രജിസ്‌ട്രേഷനും സൗജന്യമാക്കി. 

പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് പങ്കെടുക്കാതിരുന്നതിനാല്‍ ലൈറ്റ് മെട്രോ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനായില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ മാത്രമാണ് ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ നടന്നത്. എന്നാല്‍ തീരുമാനത്തില്‍ എത്തിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.