UDF

2015, ഏപ്രിൽ 17, വെള്ളിയാഴ്‌ച

ഘടകകക്ഷികളെ നിരീക്ഷിക്കുന്ന പാരമ്പര്യം യുഡിഎഫിന് ഇല്ല.


 യുഡിഎഫിലെ ഘടകകക്ഷികളെ ആരൊക്കെ സ്വാഗതം ചെയ്താലും ആരും മുന്നണി വിട്ടുപോകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഘടകകക്ഷികളെ പൊലീസിനെ ഉപയോഗിച്ചു നീരീക്ഷിക്കുന്ന പാരമ്പര്യം യുഡിഎഫിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ഇതുസംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കഴിഞ്ഞ നാലു കൊല്ലമായി പലരും യുഡിഎഫ് വിട്ടുപോകുമെന്നും സര്‍ക്കാര്‍ ഇപ്പോള്‍ വീഴുമെന്നുമൊക്കെയുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇത്രയും കാലമായിട്ടും മാധ്യമപ്രവര്‍ത്തകര്‍ക്കും സംശയം മാറുന്നില്ല. ഘടകകക്ഷികളില്‍ ആരെങ്കിലും വിട്ടു പോകുമെന്നു തനിക്ക് ഒരു സംശയവുമില്ല. ഘടകകക്ഷികളെ പൊലീസ് നിരീക്ഷിക്കുകയെന്ന സംഭവമേയില്ല. അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്നു പി.പി. തങ്കച്ചന്‍ നിഷേധിച്ചിട്ടുണ്ട്. 

ആഭ്യന്തര മന്ത്രിയും ഇക്കാര്യം വളരെ വ്യക്തമായി വിശദീകരിച്ചിരുന്നു. യുഡിഎഫ് ഭരിക്കുന്ന കാലത്ത് അത്തരം നിരീക്ഷണമോ, മറ്റു പ്രവര്‍ത്തനങ്ങളോ ഉണ്ടായിട്ടില്ല. ഇപ്പോള്‍ മാത്രമല്ല, ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ഡപ്യൂട്ടി സ്പീക്കറെ സമയമാകുമ്പോള്‍ തിരഞ്ഞെടുക്കും. അതിന് അടുത്ത നിയമസഭാ സമ്മേളനം വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.