UDF

2014, നവംബർ 20, വ്യാഴാഴ്‌ച

ഗള്‍ഫില്‍നിന്ന് തിരിച്ചത്തെിയ നഴ്സുമാര്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കും

ഗള്‍ഫില്‍നിന്ന് തിരിച്ചത്തെിയ നഴ്സുമാര്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കും –മുഖ്യമന്ത്രി



512 പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു


തിരുവനന്തപുരം: ആഭ്യന്തരകലാപത്തെ തുടര്‍ന്ന് ഇറാഖിലും ലിബിയയിലും കുടുങ്ങിയ നഴ്സുമാരെ തിരികെ എത്തിച്ചതുകൊണ്ട് മാത്രം സര്‍ക്കാറിന്‍െറ ഉത്തരവാദിത്തം അവസാനിക്കുന്നില്ളെന്നും അവര്‍ക്ക് സാമൂഹിക, സാമ്പത്തികസുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആദ്യഘട്ടത്തില്‍ വിദേശമലയാളികളുടെ സഹകരണത്തോടെ കുറേപ്പേര്‍ക്ക് തൊഴില്‍നല്‍കി. വിദേശജോലിക്കായി നൈപുണ്യം നല്‍കാനുള്ള മാര്‍ഗങ്ങള്‍ പുരോഗമിക്കുകയാണ്. കടക്കെണിയില്‍പെട്ട് വീടുംകുടുംബവും നഷ്ടപ്പെടുന്ന ദുരവസ്ഥ ആര്‍ക്കും വരില്ല. ഇറാഖ്, ലിബിയ എന്നിവിടങ്ങളില്‍നിന്ന് മടങ്ങിയത്തെിയ നഴ്സുമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിഷപ് പെരേര ഹാളില്‍ നടന്ന ചടങ്ങില്‍ പി.ആര്‍.ഡി സെക്രട്ടറി റാണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. നോര്‍ക്ക സി.ഇ.ഒ സുദീപ്, ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ ആശുപത്രി ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഗള്‍ഫിലെ നഴ്സിങ് പ്രവേശപരീക്ഷക്ക് വേണ്ട തയാറെടുപ്പുകള്‍ നല്‍കുമെന്ന് പ്രതിനിധികള്‍ അറിയിച്ചു.

പരീക്ഷ പാസാകാന്‍ വേണ്ട മാനസിക, അക്കാദമിക് പരിശീലനമാണ് നല്‍കുക. വ്യക്തിഗത അഭിമുഖത്തിലൂടെ നഴ്സുമാരെ തരംതിരിക്കും. അക്കാദമിക മികവിന്‍െറ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കും പ്രത്യേക പരിശീലനം നല്‍കും. വിവിധ ആശുപത്രി അധികൃതര്‍ നടത്തിയ അഭിമുഖത്തില്‍ 512 നഴ്സുമാര്‍ പങ്കെടുത്തു. ഇവരില്‍ 450ഓളം പേരെ ഇന്ത്യയിലും വിദേശത്തുമായി നിലവിലുള്ള ഒഴിവുകളിലേക്ക് പരിഗണിക്കാമെന്ന് അവര്‍ ഉറപ്പുനല്‍കി.യു.എ.ഇ യിലെ അല്‍ അഹല്യ ഹോസ്പിറ്റല്‍, എന്‍.എം.സി ഗ്രൂപ്, യൂനിവേഴ്സല്‍ ഹോസ്പിറ്റല്‍, ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ എന്നിവയുടെ പ്രതിനിധികളാണ് അഭിമുഖത്തിനായി എത്തിയത്.

നഴ്സുമാരുടെ നൂറിലേറെ ഒഴിവുകളാണ് അല്‍ അഹല്യ ഗ്രൂപ്പിന്‍െറ ആശുപത്രികളിലുള്ളത്. 220 പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു. ഇതില്‍ 150 ഓളം പേരരെയാണ് ജോലിക്ക് പരിഗണിക്കുന്നത്. ആസ്റ്റര്‍ ഹോസ്പിറ്റലിലേക്ക് 80 പേരെയും അല്‍-അബീര്‍, യൂനിവേഴ്സല്‍ ഗ്രൂപ്പുകളിലേക്ക് 100 പേരെ വീതവുമാണ് പരിഗണിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം കേന്ദ്രങ്ങളിലായിരിക്കും അഭിമുഖം.