UDF

2014, മാർച്ച് 31, തിങ്കളാഴ്‌ച

സലീം രാജ്‌ ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസ്‌ സിബിഐക്കു വിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു

സലീം രാജ്‌ ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസ്‌ സിബിഐക്കു വിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. സിബിഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്നു നേരത്തെ തന്നെ സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയപ്പോള്‍, ഒരു പൗരനെന്ന നിലയില്‍ എന്നെ കേള്‍ക്കാതെയാണ്‌ അതു നടത്തിയത്‌. എന്നെ കേള്‍ക്കാന്‍ അവസരം നല്‌കണമായിരുന്നു. എങ്കിലും പരാതിയില്ല. കോടതിയെ ദുര്‍ബലപ്പെടുത്തുന്ന ഒരു സമീപനവും തന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകില്ല. ഏതു കാര്യവും സംബന്ധിച്ച്‌ തുറന്ന അന്വേഷണം നടക്കണം. ജുഡീഷ്യല്‍ കമ്മീഷനോ, കോടതിയോ, ജനകീയ കോടതിയോ അന്വേഷിക്കട്ടെ. തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നില്‍ ഈ വിഷയം ഉണ്ട്. ജനകീയ കോടതി വിധി പറയട്ടെ.

ലാവ്‌ലിന്‍ കേസില്‍ 374 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു നഷ്‌ടപ്പെട്ടപ്പോള്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സിബിഐ അന്വേഷണത്തില്‍ നിന്നു രക്ഷപ്പെടാന്‍ സര്‍ക്കാരിന്റെ ചെലവില്‍ ലക്ഷങ്ങള്‍ വിനിയോഗിച്ച്‌ ഡല്‍ഹിയില്‍ നിന്ന്‌ പ്രഗത്ഭരായ അഭിഭാഷകരെ കൊണ്ടുവന്നു. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന്‌ ഞാന്‍ ഒരു രൂപ പോലും സിബിഐ അന്വേഷണം തടയാന്‍ വിനിയോഗിച്ചിട്ടില്ല. മറിച്ച്‌, സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ്‌. കടകംപള്ളി ഭൂമികേസ്‌ ആദ്യം ഉണ്ടായപ്പോള്‍ കോടിയേരി ബാലകൃഷ്‌ണനായിരുന്നു ആഭ്യന്തരമന്ത്രി. ഈ ക്രിമിനല്‍ കേസ്‌ അദ്ദേഹം 2011ല്‍ സിവില്‍ കേസാക്കി റഫര്‍ ചെയ്‌തു കളഞ്ഞു.

കഴിഞ്ഞ ജൂണ്‍ മുതല്‍ പ്രതിപക്ഷം തന്നെ വളഞ്ഞിട്ട്‌ ആക്രമിക്കുകയാണ്‌. കരിങ്കൊടി കാട്ടുക, സെക്രട്ടേറിയറ്റ്‌ വളയുക, കല്ലെറിയുക, ഉപരോധിക്കുക തുടങ്ങിയ എല്ലാവിധ പ്രാകൃത സമരമുറകളും അവര്‍ പ്രയോഗിച്ചു. ഇതിനെതിരേ ജനങ്ങള്‍ പ്രതികരിക്കും. ജനങ്ങളുടെ മുന്നില്‍ ഒരു തുറന്ന പുസ്‌കമായി താന്‍ കഴിഞ്ഞ അമ്പതു വര്‍ഷവും പൊതുരംഗത്തുണ്ട്. ഏറ്റവും വലുത്‌ മന:സാക്ഷിയാണ്‌. അതിനു മുമ്പില്‍ ഉത്തമബോധ്യത്തോടെ നില്‌ക്കാന്‍ കഴിയുന്നു എന്നതാണ്‌ എന്റെ ശക്തി.