UDF

2014, മാർച്ച് 2, ഞായറാഴ്‌ച

സീറ്റ്ചര്‍ച്ച : മാധ്യമങ്ങള്‍ വിശ്വാസ്യത പുലര്‍ത്തണം

സീറ്റ്ചര്‍ച്ച : മാധ്യമങ്ങള്‍ വിശ്വാസ്യത പുലര്‍ത്തണം-ഉമ്മന്‍ചാണ്ടി


മലപ്പുറം: യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ കൂടുതല്‍ വിശ്വാസ്യത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് മലപ്പുറം ജില്ലാകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവേയാണ് മാധ്യമങ്ങളെ അദ്ദേഹം വിമര്‍ശിച്ചത്.

'രാവിലെ ലീഗുമായി ചര്‍ച്ചനടന്നു. ശേഷം കണ്‍വെന്‍ഷനായിരുന്നു. ഇതിനുപിന്നാലെ സോഷ്യലിസ്റ്റ് ജനതയുമായും സംസാരിച്ചു. ഇതിനിടെ ടി.വി വാര്‍ത്ത കണ്ട ഞങ്ങള്‍ ഞെട്ടിപ്പോയി. ലീഗുമായി തെറ്റിപ്പിരിഞ്ഞു എന്നനിലയിലായിരുന്നു വാര്‍ത്തകള്‍. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതിന് പണ്ട് മാധ്യമങ്ങള്‍ക്ക് ജാള്യതയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് മണിക്കൂറുകള്‍ക്കിടെ വാര്‍ത്തകള്‍ തെറ്റായി വന്നുകൊണ്ടേയിരിക്കുകയാണ്. സീറ്റ് വിഭജനത്തിന്റെ കാര്യം പുറത്തുപറയാറായിട്ടില്ല. ഏതായാലും മുന്നണി ഒറ്റക്കെട്ടായി ഒത്തൊരുമയോടെ തിരഞ്ഞെടുപ്പിനെ നേരിടും. രക്ഷായാത്ര നടത്തിയ സി.പി.എം സ്വന്തം നേട്ടങ്ങളോ നയങ്ങളോ അല്ല വിശദീകരിച്ചത്. ആകെ ഇപ്പോള്‍ അവര്‍ക്കുള്ളത് സി.ബി.ഐ പേടിയാണ്. കുറ്റം ചെയ്യാത്തവര്‍ അന്വേഷണത്തെ ഭയപ്പെടുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. ഇടതുമുന്നണി എല്ലാപ്രതീക്ഷയും 'കസ്തൂരിരംഗനില്‍' അര്‍പ്പിച്ചിരിക്കുകയാണ്. ജന പങ്കാളിത്തത്തോടെ പരിസ്ഥിതി സംരക്ഷിക്കണമെന്ന നിലപാടാണ് ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കുള്ളത്- ഉമ്മന്‍ചാണ്ടി പറഞ്ഞു.

ശുദ്ധമായ രാഷ്ട്രീയത്തിന്റെ നിലപാടാണ് അവതരിപ്പിക്കാനുള്ളതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു. നിലമ്പൂര്‍ കൊലപാതകം കോണ്‍ഗ്രസ് കൈകാര്യംചെയ്ത രീതിതന്നെ ഇതിനുദാഹരണമാണ്. പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഒരുപടികൂടി അപ്പുറത്തേക്ക് നടപ്പാക്കാനാണ് കോണ്‍ഗ്രസും ആഭ്യന്തരമന്ത്രിയും ശ്രമിച്ചത്. ഭക്ഷ്യസുരക്ഷ, വിവരാവകാശം, വിദ്യാഭ്യാസ അവകാശം , ലോക്പാല്‍ എന്നീ നിയമങ്ങള്‍ നടപ്പാക്കിയ സര്‍ക്കാരാണ് കേന്ദ്രത്തിലേത് എന്ന് വിമര്‍ശകര്‍ മനസ്സിലാക്കണം. പാളിച്ചപറ്റിയാല്‍ തിരുത്താന്‍ ഞങ്ങള്‍ക്ക് ഒരുമടിയുമില്ല- സുധീരന്‍ പറഞ്ഞു.

ന്യൂനപക്ഷത്തോട് മാപ്പുചോദിക്കുന്നുവെന്ന് ബി.ജെ.പി ഇപ്പോള്‍ പറയുന്നത് വോട്ടുതട്ടാനുള്ള തന്ത്രം മാത്രമാണെന്ന് കേന്ദ്ര സഹമന്ത്രി ഇ. അഹമ്മദ് കുറ്റപ്പെടുത്തി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ആര്‍ക്കും ചേരാവുന്ന അവസ്ഥയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തീവ്രവാദികളെയും വര്‍ഗ്ഗീയ വാദികളെയും അവസരവാദികളെയുമൊക്കെ ചേര്‍ക്കുന്ന പാര്‍ട്ടിയായി അത് അധഃപതിച്ചിരിക്കുകയാണ്- രമേശ് അഭിപ്രായപ്പെട്ടു.