UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2021, മാർച്ച് 3, ബുധനാഴ്‌ച

വൻകിടപദ്ധതികൾക്ക് ഏറ്റവും കുതിപ്പേകിയത് കഴിഞ്ഞ യു ഡി എഫ് സർക്കാർ

 


ഒരു കാലത്ത് കേരളത്തിന് അന്യമായിരുന്ന വൻകിടപദ്ധതികൾക്ക് ഏറ്റവും കുതിപ്പേകിയത് കഴിഞ്ഞ  യു ഡി എഫ് സർക്കാരിന്റെ കാലത്താണ്. ഭാവിയിലുള്ള കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളെ മുൻനിർത്തിയാണ് അവ ഓരോന്നും നടപ്പാക്കിയത് . എന്നാൽ അവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ എൽ ഡി എഫ് സർക്കാർ പൂർണ്ണ പരാജയമാണ് .

#ldfagainstkeraladevelopment

#keralaelection2021

#election2021

2412 


യുവാക്കളുടെ അവകാശങ്ങളെ അടിച്ചമർത്താനാണ് ഇടതുസർക്കാർ ശ്രമിക്കുന്നതെങ്കിൽ ജനാധിപത്യപരമായി നേരിടും

 

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരുമാസമായി നടത്തിവരുന്ന "ഹം ചലേ" യുവജന പദയാത്രയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ "ഹം ചലേ" എന്ന 83 കിലോമീറ്റർ ദൂരം യുവജന പദയാത്രയിൽ പങ്കാളികളായ ഏവരെയും അഭിനന്ദിക്കുന്നു..

കേരളത്തിലെ യുവാക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ യൂത്ത് കോൺഗ്രസ് ഇന്ന് തെരുവിലാണ്. ജനാധിപത്യ മര്യാദകൾ പാലിച്ച് കൊണ്ട് പ്രതിഷേധിക്കുന്ന ചെറുപ്പക്കാരുടെ ശബ്ദം സർക്കാർ കേൾക്കുന്നില്ല. ന്യായമായ അവകാശങ്ങളെ അടിച്ചമർത്താനാണ് ഇടതുസർക്കാർ ശ്രമിക്കുന്നതെങ്കിൽ ജനാധിപത്യപരമായി നേരിടും.

ലക്ഷക്കണക്കിന് വരുന്ന ചെറുപ്പക്കാരുടെ പ്രതീക്ഷയായിരുന്ന പി എസ് സി യുടെ വിശ്വാസ്യത തകർത്തു. ഇടതു സർക്കാർ ചെറുപ്പക്കാരെ മാനസിക സംഘർഷത്തിലേക്ക് തള്ളിവിട്ടു. നടപടിക്രമങ്ങളെല്ലാം കാറ്റിൽപറത്തി പിൻവാതിൽ നിയമനം നടത്താനാണ് സർക്കാർ ആഗ്രഹിക്കുന്നത്. യുവാക്കൾക്ക് നീതി ലഭിക്കാൻ അവരുടെ ആവശ്യങ്ങൾ സംരക്ഷിക്കാൻ യുഡിഎഫ് ഒപ്പമുണ്ടാകും. 

 സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധിക്കുന്ന പിഎസ്‌സി ഉദ്യോഗാർത്ഥികളോട് ക്രൂരമായ സമീപനമാണ് ഇടതുസർക്കാർ സ്വീകരിച്ചത്. അവരെ പരസ്യമായി അധിക്ഷേപിച്ചു. യൂത്ത് കോൺഗ്രസ് ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി തെരുവിൽ ഇറങ്ങിയതോടെ സർക്കാർ പ്രതിരോധത്തിലായി. യൂത്ത് കോൺഗ്രസ് മുന്നോട്ടുവെച്ച ആവശ്യങ്ങൾക്ക് മുന്നിൽ സർക്കാർ കീഴടങ്ങി. 

 വാളയാറിലെ രണ്ട് പെൺകുട്ടികളുടെ ക്രൂരമായ കൊലപാതകത്തിൽ സർക്കാർ അജ്ഞത നടക്കുകയാണ്. ആ പെൺകുട്ടികളുടെ അമ്മയുടെ ദുഃഖം കേരളത്തിന്റെ ദുഃഖമാണ്. അന്വേഷണത്തിലെ വീഴ്ചകൾ കാരണമാണ് പ്രതികളെ വെറുതെ വിട്ടത്.ആ കുടുംബത്തിന്റെ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും നൽകും.



ഇന്ധന, പാചകവാതക വില: മോദിയും പിണറായിയും കണ്ണുംപൂട്ടിയിരിക്കുന്നു

 



ഇന്ധനവിലയും പാചകവാതക വിലയും റോക്കറ്റ് പോലെ കുതിച്ചുയരുമ്പോള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിസംഗരായി ജനങ്ങളെ മഹാദുരിതത്തിലേക്ക് തള്ളിവിട്ടു.

ലോക്ഡൗണ്‍ തൊട്ടുള്ള ഒരു വര്‍ഷത്തിനിടയില്‍ പെട്രോളിനും ഡീസലിനും കൂടിയത് ലിറ്ററിന് 20 രൂപ. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന് ആറുമാസത്തിനുള്ളില്‍ കൂടിയത് 238 രൂപ. രാജ്യത്തിന്റെ ചരിത്രത്തില്‍ കേട്ടുകേഴ്‌വി പോലുമില്ലാത്ത വര്‍ധനവാണിത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതും (619.17 കോടിരൂപ) യുപിഎ സര്‍ക്കാര്‍ സബ്‌സിഡി നല്കിയതും (1,25,000 കോടി രൂപ) നമ്മുടെ മുന്നിലുണ്ട്. അസം, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ നികുതിയിളവ് നല്കിയിട്ടുണ്ട്. ഇതു മാതൃകയാക്കാന്‍ മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും മടിക്കുന്നു.

ഒരു വര്‍ഷമായി മുടങ്ങിയ ഗാര്‍ഹിക പാചകവാതക സബ്‌സിഡി കേന്ദ്രം ഇതുവരെ പുനഃസ്ഥാപിച്ചില്ല. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കൂട്ടിയത് ഹോട്ടല്‍ വ്യവസായത്തിനും മറ്റും തിരിച്ചടിയാണ്. ജനജീവിതത്തിന്റെ സമസ്ത മേഖലകളും ഇപ്പോള്‍ വലിയ ദുരിതത്തിലാണ്. കോവിഡ് മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും പണപ്പെരുപ്പവും മൂലം വറചട്ടിയിലായ ജനങ്ങൾ ഇപ്പോള്‍ എരിതീയിലാണ്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നികുതിയാണ് യഥാര്‍ത്ഥ വില്ലന്‍. പെട്രോളിന്റെ അടിസ്ഥാന വില 32.27 രൂപയാണെങ്കില്‍ കേന്ദ്രനികുതി 32.90 രൂപയും സംസ്ഥാന നികുതി 20.86 രൂപയുമാണ്. ഡീസലിന്റെ അടിസ്ഥാനവില 33.59 രൂപയാണെങ്കില്‍ കേന്ദ്രനികുതി 31.8 രൂപയും സംസ്ഥാന നികുതി 16.08 രൂപയുമാണ്. രണ്ടു നികുതികളും കൂടി ചേര്‍ന്നാല്‍ അടിസ്ഥാന വിലയുടെ ഇരട്ടിയോളമാകും. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കാണിത്. 2014ല്‍ പെട്രോളിന് കേന്ദ്ര നികുതി 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുതാണ് ഇപ്പോള്‍ പതിന്മടങ്ങായി ഉയര്‍ത്തിയത്.

2021, മാർച്ച് 1, തിങ്കളാഴ്‌ച

ശബരിമല യുഡിഎഫിന് രാഷ്ട്രീയ ആയുധമല്ല പുണ്യഭൂമിയാണ്

 


ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു. ഇതിനു കടകവിരുദ്ധമായി യുവതികളെ കയറ്റണം എന്ന നിലപാടാണ് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരും പിണറായി സര്‍ക്കാരും സ്വീകരിച്ചത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും യുഡിഎഫ് നിയമപോരാട്ടം നടത്തി. യുഡിഎഫ് നിലപാട് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടാകുമായിരുന്നില്ല.

യുഡിഎഫ് സര്‍ക്കാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള പാതയില്‍ 12.67 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ സംരക്ഷിതമേഖലയില്‍ നിന്ന് നേടിയെടുത്തു.

നിലയ്ക്കലില്‍ 110 ഹെക്ടര്‍ വനഭൂമി ബേസ് ക്യാമ്പിന് ലഭ്യമാക്കി.

ശബരിമല വികസനം- 456.21 കോടി

ശബരിമല മാസ്റ്റര്‍ പ്ലാന്‍- 115 കോടി

ശബരിമല റോഡുകള്‍- 1041 കോടി

സീറോ വേസ്റ്റ് ശബരിമല- 10 കോടി

കണമലയില്‍ പാലം- 7 കോടി

മാലിന്യസംസ്‌കരണ പ്ലാന്റ് ആരംഭിച്ചു

പമ്പ മുതല്‍ സന്നിധാനം വരെ നടപ്പന്തല്‍

8 ക്യൂ കോംപ്ലക്‌സും അണ്ടര്‍പാസും

സ്വാമി അയ്യപ്പന്‍ റോഡ് ട്രാക്ടര്‍ ഗതാഗത യോഗ്യമാക്കി

പമ്പയില്‍ ആരോഗ്യഭവന്‍

നിലയ്ക്കലില്‍ നടപ്പാതകളോടുകൂടിയ 14 മീറ്റര്‍ വീതിയുള്ള റോഡുകള്‍, പതിനായിരം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം, 10 ലക്ഷം സംഭരണശേഷിയുള്ള ജലസംഭരണി, 2 കുഴല്‍ക്കിണറുകള്‍.

5വര്‍ഷ ഗ്യാരന്റിയോടെ 75.2 കി.മീ റോഡും 3 വര്‍ഷ ഗ്യാരന്റിയോടെ 124 കി.മീ റോഡും പുനരുദ്ധരിച്ചു.

തീര്‍ത്ഥാടകരില്‍ നിന്ന് കെഎസ്ആര്‍ടിസി ഈടാക്കിയിരുന്ന 20 ശതമാനം അധിക ബസ് ചാര്‍ജ് പിന്‍വലിച്ചു.



2021, ഫെബ്രുവരി 28, ഞായറാഴ്‌ച

വാളയാർ സംഭവം: സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന ഇടത് സർക്കാർ മറുപടി പറയണം

 


വാളയാറിലെ രണ്ട് പെൺകുഞ്ഞുങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ, ഗുരുതര വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇടതു സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്ത സംഭവം ഏറെ വേദനയോടെയാണ് കേട്ടത്.

സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന ഇടത് സർക്കാർ ഇതിന് മറുപടി പറയണം. കേരളത്തിന്റെ മണ്ണിൽ ഇനിയൊരമ്മയ്ക്കും ഈ ദുർഗതി ഉണ്ടാകരുത്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണം.

ഒരു മാസമായി വാളയാറിലെ പെൺകുട്ടികളുടെ അമ്മ നിരാഹാരസമരത്തിലാണ്. ആ സമരത്തിനുനേരെ മുഖം തിരിച്ച സമീപനമാണ് ഇടതുസർക്കാർ സ്വീകരിച്ചത്. 



തീരദേശത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെ കേരളത്തിലെ കടലിന്റെ മക്കള്‍ കടലിലെറിയും

 


എം.വിൻസെന്റ് എം.എൽ.എ നടത്തുന്ന സത്യാഗ്രഹ സമരത്തിൽ ഇടതു സർക്കാരിനെതിരായ മത്സ്യത്തൊഴിലാളികളുടെ വികാരമാണ് പ്രതിഫലിക്കുന്നത്.

പ്രതികൂല കാലാവസ്ഥയിലും സാഹചര്യങ്ങളിലും, ജീവൻ പണയം വച്ച് കടലിൽ പോയി കുടുംബം പുലർത്തുന്ന മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടാണ് ഇടതുസർക്കാർ സ്വീകരിക്കുന്നത്.

വിദേശ കമ്പനിക്ക് എല്ലാം തീറെഴുതികൊടുക്കാനാണ് ഇടതു സർക്കാർ ശ്രമിച്ചത്. അത് രേഖകൾ സഹിതം  പ്രതിപക്ഷ നേതാവ് പുറത്ത് കൊണ്ടുവന്നപ്പോൾ കോൺഗ്രസ് കേരളത്തെ അപമാനിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മത്സ്യതൊഴിലാളികളെ ഒറ്റുകൊടുത്ത സർക്കാരിന്റെ കൂട്ടുകച്ചവടം പൊളിച്ചതാണ്  മുഖ്യമന്ത്രി കണ്ടുപിടിച്ച കുറ്റം.

പ്രതിപക്ഷനേതാവ് കൃത്യമായ തെളിവോടെയാണ് ഈ കൂട്ടുകച്ചവടം പുറത്തുവിട്ടത്. മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന കരാർ നിയമം തയ്യാറാക്കിയ ഇടത് സർക്കാരിനെ കടലിന്റെ മക്കൾ കടലിലെറിയുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.


ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ അട്ടിമറിച്ചതും തകർത്തതും സിപിഎം

 


എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ യുഡിഎഫ് എതിര്‍ക്കുകയാണെന്നു വിലപിക്കുന്ന മുഖ്യമന്ത്രി എല്‍ഡിഎഫിന്റെ ചരിത്രം മറക്കുകയും മറയ്ക്കുകയും ചെയ്യരുത്.  ജനോപകരപ്രദമായ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും എതിര്‍ക്കുകയും തകര്‍ക്കുകയും ചെയ്തത് സിപിഎമ്മാണ്.  അഴിമതിയില്‍ മുങ്ങിയ  ആഴക്കടല്‍ മത്സ്യബന്ധനം പോലുള്ള പദ്ധതികളെയാണ് യുഡിഎഫ് എതിര്‍ത്തത്. അത് സിപിഎമ്മിനും സര്‍ക്കാരിനും അംഗീകരിക്കേണ്ടി വന്നു.

എല്‍ഡിഎഫ് എതിര്‍ത്ത ചില പദ്ധതികള്‍ ഇപ്രകാരം.

വിഴിഞ്ഞം പദ്ധതിഃ സംസ്ഥാന സര്‍ക്കാരിന് 3500 കോടി രൂപ നിക്ഷേപമുള്ള പദ്ധതിയില്‍ 6000 കോടിയുടെ അഴിമതിയാണ് പിണറായി വിജയന്‍ ആരോപിച്ചത്.  ഇതേക്കുറിച്ച് ഈ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ വച്ച്  അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല. ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിനു വിട്ടിരിക്കുകയാണ്.

കണ്ണൂര്‍ വിമാനത്താവളംഃ  റണ്‍വെയുടെ നീളം കൂട്ടണം, കൂടുതല്‍ സ്ഥലം എടുക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കണ്ണൂര്‍ വിമാനത്താവള പദ്ധതിയെ എതിര്‍ത്തത്. എന്നാല്‍ 5 വര്‍ഷം കിട്ടിയിട്ടും ചെറുവിരല്‍ അനക്കിയില്ല. തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയപ്പോള്‍ 5000 ഏക്കര്‍ സ്ഥലം എടുക്കാന്‍ 12,000 കോടി മാറ്റിവയ്ക്കും എന്നൊരു പ്രഖ്യാപനം നടത്തി.

ലൈറ്റ് മെട്രോഃ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോപദ്ധതി ഇ ശ്രീധരനെയും ഡല്‍ഹി മെട്രോയെയും ഒഴിവാക്കിയാണ് അട്ടിമറിച്ചത്.

ഗെയില്‍ പദ്ധതിഃ സിപിഎം ചില സംഘടനകളുമായി ചേര്‍ന്ന് പദ്ധതി പ്രദേശത്ത് വന്‍ സമരം അഴിച്ചുവിട്ടു. ഭൂമിക്കടിയിലെ ബോംബ് എന്നായിരുന്നു വിശേഷണം.

ദേശീയപാതഃ ദേശീയപാതയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കലിനെതിരേയും സിപിഎം സമരം നടത്തി. സര്‍വെക്കല്ലുപോലും ഇടാന്‍ സമ്മതിച്ചില്ല.

സ്മാര്‍ട്ട് സിറ്റിഃ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കെതിരേ കോടയില്‍ കേസുവരെ ഫയല്‍ ചെയ്ത് പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചു.

സ്വാശ്രയ കോളജ്ഃ സ്വാശ്രയ കോളജിനെതിരേ അഴിച്ചുവിട്ട വന്‍പ്രക്ഷോഭത്തിലാണ് കൂത്തുപറമ്പ് വെടിവയ്പ്പ് ഉണ്ടായത്. പിന്നീട് എംവി രാഘവനെ സിപിഎം കൊണ്ടുനടക്കുന്നതും പാര്‍ട്ടി തന്നെ സ്വാശ്രയ കോളജ് തുടങ്ങുന്നതും നേതാക്കളുടെ മക്കള്‍ സ്വാശ്രയ കോളജുകളില്‍ പഠിക്കുന്നതും കേരളം കണ്ടു.

ഓട്ടോണമസ് കോളജ്ഃ 2011ല്‍ രാജ്യത്ത് 506 ഓട്ടോണമസ് കോളജ് ഉണ്ടായിരുന്നപ്പോഴാണ് കേരളത്തില്‍ ഓട്ടോണമസ് കോളജ് നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരേ ശക്തമായി രംഗത്തുവന്ന സിപിഎം ഗ്ലോബല്‍ വിദ്യാഭ്യാസ മീറ്റില്‍ വച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടിപി ശ്രീനിവാസനെ മര്‍ദിച്ചാണ് പക തീര്‍ത്തത്.

മെഡിക്കല്‍ കോളജുകള്‍ഃ യുഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ട 16 മെഡിക്കല്‍ കോളജുകളില്‍ 6 എണ്ണത്തെ ഇടതുപക്ഷം ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഫലമായി 2500 സര്‍ക്കാര്‍ എംബിബിഎസ് സീറ്റുകള്‍ നഷ്ടപ്പെട്ടു. പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സൗകര്യം നിഷേധിച്ചു. തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളജ്, ഇടുക്കി, കോന്നി, കാസര്‍കോഡ്, വയനാട്, ഹരിപ്പാട് എന്നിവയ്‌ക്കെതിരേയാണ് ഇടതുപക്ഷം നിഷേധാത്മക നിലപാട് സ്വീകരിച്ചത്.

കാരുണ്യഃ ഗുരുതരമായ 11 ഇനം രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് 2 ലക്ഷം രൂപവരെ അനായാസം ചികിത്സാ സഹായം കിട്ടുന്ന കാരുണ്യ പദ്ധതി ഇല്ലാതാക്കി. കാരുണ്യ ലോട്ടറി ആരോഗ്യവകുപ്പില്‍ നിന്ന് ധനവകുപ്പ് ഏറ്റെടുത്തതോടെ പദ്ധതിയുടെ നടത്തിപ്പിന് ഫണ്ട് ഇല്ലാതായി.

പങ്കാളിത്ത പെന്‍ഷന്‍ഃ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിനെതിരേ ഇടതുപക്ഷം രംഗത്തുവന്നു.  അധികാരത്തില്‍ വന്നാല്‍ ഈ പദ്ധതി റദ്ദാക്കുമെന്നു വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇടതുസര്‍ക്കാര്‍ കമ്മിറ്റിയെവച്ച് ജീവനക്കാരുടെ കണ്ണില്‍ പൊടിയിടുക മാത്രമാണ് ചെയ്തത്.

ജനസമ്പര്‍ക്ക പരിപാടിഃ ഇതിനെതിരേ എല്ലാ ജില്ലകളിലും വന്‍ പ്രക്ഷോഭം അഴിച്ചുവിടുകയും വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട ജോലിയാണെന്നു പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തവര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മന്ത്രിമാരെ വച്ച് ഇതേ പരിപാടി നടത്തി.

നെടുമ്പാശേരി വിമാനത്താവളം, കംപ്യൂട്ടര്‍വത്കരണം, ട്രാക്ടര്‍, പ്ലസ് ടു തുടങ്ങിയവയ്‌ക്കെതിരേയും സിപിഎം രംഗത്തുവന്നിരുന്നു. എല്ലാ പുരോഗമന, വികസന, ക്ഷേമ നടപടികളെയും എതിര്‍ത്ത ചരിത്രം മാത്രമേ സിപിഎമ്മിനുള്ളു.

2021, ഫെബ്രുവരി 25, വ്യാഴാഴ്‌ച

പുതിയ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശം, സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം

 


വിദേശത്തു നിന്ന് ഇന്ത്യയിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്കു മേല്‍ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പ്രവാസി സമൂഹം ഏറെ ആശങ്കയോടെയാണ് നോക്കികാണുന്നത്. ഇന്ത്യയിലേക്കു പോകുന്നവര്‍ നിര്‍ബന്ധമായും 72 മണിക്കൂര്‍ സമയപരിധിയിലുള്ള പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന നിബന്ധന പ്രാബല്യത്തില്‍ വന്നതോടെ നിരവധി പ്രവാസികളാണ് ദുരിതത്തിലാക്കിയത്.

കേന്ദ്രസര്‍ക്കാരിന്റെ ഈ മാര്‍ഗ്ഗിനിര്‍ദ്ദേശ പ്രകാരം നാലുപേരടങ്ങുന്ന കുടുംബത്തിന് ഇരുപതിനായിരത്തോളം രൂപയാണ് കൊവിഡ് പരിശോധനയ്ക്ക് മാത്രം നല്‍കേണ്ടിവരുന്നത്. 150 ദിര്‍ഹമാണ് യുഎഇയില്‍ ഒരാള്‍ക്ക് കൊവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത്. നാലുപേരടങ്ങുന്ന കുടുംബത്തിന് നാട്ടിലേക്ക് പോകാന്‍ ശരാശരി 600 ദിര്‍ഹം (പന്ത്രണ്ടായിരം രൂപയോളം) ആണ് ചെലവ്. നാട്ടിലെത്തിയാല്‍ വിമാനത്താവളത്തിലും സ്വന്തം ചെലവില്‍ പിസിആര്‍ പരിശോധന നടത്തണം. കോവിഡ് കാലത്ത് ശമ്പളം ലഭിക്കാതെയും, ജോലി നഷ്ടപ്പെട്ടും ബിസിനസ് തകര്‍ന്നടിഞ്ഞ് നാട്ടിലേക്ക് വിമാനം കയറുന്ന പ്രവാസിയെ സംബന്ധിച്ച് ഇത് ഏറെ ഗുരുതരമായ വിഷയമാണ്. പ്രവാസികളെ ബാധിക്കുന്ന ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ലാബുകളില്‍ സൗജന്യ പരിശോധന നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

2021, ഫെബ്രുവരി 24, ബുധനാഴ്‌ച

കേരളത്തിലെ ജനമനസ്സുകൾ യുഡിഎഫിന് പിന്നിൽ അണി ചേർന്നിരിക്കുന്നു.

 


പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിച്ച ഐശ്വര്യ കേരള  യാത്ര ശംഖുമുഖത്ത് സമാപിച്ചപ്പോൾ കേരളത്തിലെ ജനമനസ്സുകൾ യുഡിഎഫിന് പിന്നിൽ അണി ചേർന്നിരിക്കുന്നു.

ഐശ്വര്യത്തോടുകൂടിയുള്ള കേരളത്തെ  രാജ്യത്തിന് സംഭാവന ചെയ്യാൻ ഐക്യജനാധിപത്യമുന്നണി ഭരണത്തിൽ വരണം.

പത്ത് വോട്ടിനുവേണ്ടി വർഗീയത പരത്താൻ ശ്രമിക്കുന്ന ബിജെപിക്കും സിപിഎമ്മിനും നൽകുന്ന ശക്തമായ താക്കീതാണ് ഈ ജനസാഗരം. നമ്മൾ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. വിജയം നമുക്കുള്ളതാണ്.

 ഐശ്വര്യ കേരള യാത്രക്ക് നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു.



2021, ഫെബ്രുവരി 21, ഞായറാഴ്‌ച

‘ഉദ്യോഗാർത്ഥികളോട് സർക്കാർ കാട്ടുന്നത് ക്രൂരത, ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല’

 


പിഎസ് സിയുടെ പുതിയ ഭ്രാന്തന്‍ പരിഷ്‌കാരം  തൊഴില്‍രഹിതരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ  വെട്ടിനിരത്തും.  ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന ഈ നടപടി വരുംതലമുറയോടു കാട്ടുന്ന കൊടുംക്രൂരതയാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു കത്തു നല്കി.

പിഎസ് സി പരീക്ഷയെഴുതാന്‍  കണ്‍ഫര്‍മേഷന്‍ (അനുമതി) വേണമെന്ന വ്യവസ്ഥയും പിഎസ് സി പരീക്ഷയെഴുതാന്‍ പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷ പാസാകണമെന്ന നിബന്ധനയുമാണ് ലക്ഷോപലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിനയാകുന്നത്.

എസ്.എസ്.എല്‍.സി. മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള 191 തസ്തികകളിലേക്കുള്ള  പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷയ്ക്ക് ഇത്തവണ 24 ലക്ഷം പേരാണ് അപേക്ഷിച്ചത്.  പരീക്ഷയെഴുതാനായി കണ്‍ഫര്‍മേഷന്‍ (അനുമതി) ലഭിച്ചത് 16 ലക്ഷം പേര്‍ക്ക് മാത്രമാണ്. പരീക്ഷയുടെ പ്രാഥമിക ഘട്ടത്തില്‍ത്തന്നെ അപേക്ഷനല്‍കിയവരില്‍ 8 ലക്ഷത്തിലധികം പേര്‍  സെലക്ഷന്‍ പ്രക്രിയയില്‍ നിന്നും പുറത്തായി. 2018ല്‍ ആരംഭിച്ച ഈ പരിഷ്‌കാരം മൂലം തൊഴില്‍രഹിതരായ 8 ലക്ഷം ഉദ്യോഗാര്‍ത്ഥികളുടെ സര്‍ക്കാര്‍ സര്‍വ്വീസ് എന്ന സ്വപ്നമാണ് പിഎസ് സി ഒറ്റയടിക്ക് ഇല്ലതായത്.

പി.എസ്.സി. മുഖാന്തിരം ജോലി ലഭിക്കുന്നതിനായി പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷ  നടത്താന്‍ തീരുമാനിച്ചതാണ്  മറ്റൊരു  നടപടി.  ഒരേ അടിസ്ഥാന യോഗ്യതയുള്ള തസ്തികകളുടെ നിയമനത്തിനായി ആദ്യഘട്ടത്തില്‍ പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷ  നടത്തി അതില്‍ വിജയിച്ചവര്‍ക്ക് മാത്രമേ തുടര്‍ന്ന് അതതു തസ്തികകളില്‍ പരീക്ഷയെഴുതാനും റാങ്ക് ലിസ്റ്റില്‍ ഇടംനേടാനും ഇനി മുതല്‍ കഴിയൂ.  സ്‌ക്രീനിംഗില്‍ വലിയൊരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ പുറത്തുപോകും. അടുത്ത സ്‌ക്രീനിംഗ് പരീക്ഷ 3-5 വരെ വര്‍ഷം വൈകാന്‍ ഇടയുള്ളതിനാല്‍ അത്രയും കാലം ഇവര്‍ക്ക് മറ്റൊരു പരീക്ഷയില്‍ പങ്കെടുക്കാനാവില്ല.

191 തസ്തികളിലേക്കുള്ള പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷ  2021 ഫെബ്രുവരി 20, 25 മാര്‍ച്ച് 6, 13 എന്നീ തീയതികളിലാണ്. ആദ്യത്തെ പരീക്ഷ ഇന്നു കഴിഞ്ഞു. ഒരു ദിവസം 4 ലക്ഷം പേര്‍ എന്ന നിലയില്‍ 4 ദിവസങ്ങളിലായാണ്  പരീക്ഷ.

അപേക്ഷ നല്‍കുന്നവരെയെല്ലാം പരീക്ഷയില്‍ പങ്കെടുപ്പിച്ചിരുന്ന പി.എസ്.സിയുടെ നയമാണ് ഇപ്പോള്‍ തലതിരിഞ്ഞത്. കോവിഡ് മഹാമാരിയും സര്‍ക്കാരിന്റെ ബന്ധുനിയമനവും താത്ക്കാലിക നിയമനവും മറ്റും മൂലം അനേകായിരം പേര്‍ക്ക് അവസരം നഷ്ടപ്പെടുകയും  അവര്‍ തെരുവുകളില്‍ സമരം നടത്തുകയുമാണ്. അതിനിടയിലാണ് 8 ലക്ഷം പേരെ വഴിയാധാരമാക്കിയ ഈ നടപടി. ഇനിയുള്ള എല്ലാ പരീക്ഷകളിലും ഇതുപോലെ ലക്ഷക്കണക്കിന് യുവാക്കളെയാണ് വെട്ടിനിരത്താന്‍ പോകുന്നത്. ഇതു സ്‌ഫോടനാത്മകമായ അവസ്ഥയിലേക്ക് യുവാക്കളെ തള്ളിവിടും.

റൂള്‍സ് ഓഫ് പ്രൊസിഡ്യര്‍ (റൂള്‍ 2 എ) ഭേദഗതി വരുത്തിയാണ്  സ്‌ക്രീനംഗ് പരീക്ഷ  നടത്താന്‍ പി.എസ്.സി.യും സര്‍ക്കാരും തീരുമാനിച്ചത്. കാര്യമായ ചര്‍ച്ചയോ കൂടിയാലോചനയോ അഭിപ്രായ സമന്വയമോ കൂടാതെ കൈക്കൊണ്ടതാണ് ഈ തീരുമാനം.

അതീവ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നതിനാല്‍ ഈ പുതിയ സമ്പ്രദായം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിശദമായ  ചര്‍ച്ചകള്‍ക്കും കൂടിയാലോചനയ്ക്കും ശേഷം മാത്രമേ തുടര്‍ന്ന നടപടികളുമായി പിഎസ് സി മുന്നോട്ടുപോകാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണ്.

പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷയെ സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ഇടയില്‍ ഉയര്‍ന്ന് വന്നിട്ടുള്ള ആശങ്കകള്‍ ചുവടെ ചേര്‍ക്കുന്നു.

1. നാലു ഘട്ടങ്ങളില്‍ നടക്കുന്ന പ്രാഥമിക  സ്‌ക്രീനിംഗ് പരീക്ഷയില്‍   ഏതെങ്കിലും അടിയന്തിര സാഹചര്യത്തില്‍  പങ്കെടുക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുടര്‍ന്ന് നടക്കുന്ന ഇതേ പരീക്ഷയുടെ ഒരു ഘട്ടത്തിലും   പങ്കെടുക്കാനാവില്ല.  

2. അടുത്ത സ്‌ക്രീനിംഗ് പരീക്ഷ  3 മുതല്‍ 5 വര്‍ഷം വരെയുള്ള കാലയളവിലാണ് നടക്കാന്‍ സാധ്യതയുള്ളത്. അവസരം നഷ്ടപ്പെട്ടവര്‍ ഇത്രയും കാലം കാത്തിരിക്കണം. അപ്പോഴേക്കും പലര്‍ക്കും പ്രായപരിധി കവിഞ്ഞുപോകും.

3. നാലു ഘട്ടങ്ങളിലെ പരീക്ഷയ്ക്കും പ്രത്യേക ചോദ്യപേപ്പര്‍ ആണ് ഉപയോഗിക്കുന്നത്. വ്യത്യസ്ത നിലവാരത്തിലുള്ള ചോദ്യപേപ്പര്‍ ഉപയോഗിച്ച് നടത്തുന്ന പരീക്ഷകളില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പരീക്ഷാഫലം എന്തായിരിക്കും എന്ന കാര്യത്തില്‍ അവര്‍ക്ക് ആശങ്കയുണ്ട്.

4. വിവിധ നിലവാരത്തിലുള്ള ചോദ്യപേപ്പറുകള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷയായതിനാല്‍ റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിന് മുന്‍പ് മൂല്യനിര്‍ണ്ണയത്തില്‍ സ്റ്റാന്‍ഡര്‍ഡൈസേഷന്‍ നടത്തേണ്ടതാണ്.  അതുണ്ടാകുമോയെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അങ്ങേയറ്റം ആശങ്കയുണ്ട്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിനായി നടത്തിയ ഗസറ്റഡ് വിഭാഗം ജീവനക്കാരുടെ (സ്ട്രീം 3) പരീക്ഷ വ്യത്യസ്ത തീയതികളില്‍ വെവ്വേറെ ചോദ്യപേപ്പറുകള്‍ ഉപയോഗിച്ച് നടത്തിയെങ്കിലും റിസള്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് സ്റ്റാന്‍ഡര്‍ഡൈസേഷന്‍  നടത്തിയിട്ടില്ല.

5. എസ്.എസ്.എല്‍.സി. മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള 191 തസ്തികകള്‍ക്ക് വേണ്ടിയാണ് ഇപ്പോഴത്തെ പ്രാഥമിക പരീക്ഷ നടത്തുന്നത്. ഈ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് തുടര്‍ അതതു തസ്തികകളില്‍ നടക്കുന്ന തുടര്‍ പരീക്ഷകളില്‍ പങ്കെടുക്കാന്‍  അവസരം ലഭിക്കും.  റാങ്ക് ലിസ്റ്റുകളില്‍ ഒരേ ഉദ്യോഗാര്‍ത്ഥികള്‍ ഇടം പിടിക്കാനുള്ള  സാധ്യതയുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകളുടെയും മുന്‍വര്‍ഷം നടത്തിയ നിയമനത്തിന്റെയും എണ്ണത്തിന് ആനുപാതിമായി റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ പരിമിതമായ എണ്ണം ഉദ്യോഗാര്‍ത്ഥികളെ  മാത്രമേ ഓരോ റാങ്ക് ലിസ്റ്റിലും ഉള്‍ക്കൊള്ളിക്കാന്‍ കഴിയുകയുള്ളു. ഒരേ ഉദ്യോഗാര്‍ത്ഥിയെ തന്നെ വിവിധ തസ്തികകളിലേക്ക് നിയമന ശുപാര്‍ശ ചെയ്യേണ്ടി വരും. എന്നാല്‍ ഒരിടത്തു മാത്രമാണ് ഒരാള്‍ ജോലിയില്‍ പ്രവേശിക്കുക. മറ്റ് ഒഴിവുകളിലേക്ക് വീണ്ടും  നിയമനം നടത്തേണ്ടി വരും.  തന്മൂലം കാലാവധി തികയ്ക്കുന്നതിന് മുന്‍പ് റാങ്ക് ലിസ്റ്റുകള്‍ തീരാന്‍  സാധ്യതയുമുണ്ട്. നിയമന ശിപാര്‍ശ ചെയ്തവരുടെ എണ്ണം പെരുപ്പിച്ചു കാട്ടാന്‍ ഇതു സഹായിക്കുമെങ്കിലും ജോലി കിട്ടിയവരുടെ എണ്ണം കുറവായിരിക്കും.

6. പ്രാഥമിക പരീക്ഷയില്‍ പരാജയപ്പെടുന്നവര്‍ക്ക് അടുത്ത 3- 5 വര്‍ഷം ഒരു തസ്തികയില്‍ അപേക്ഷിക്കാനോ, ജോലി നേടാനോ സാധിക്കില്ല. ഇത് വിവിധ ജോലികള്‍ക്ക് അപേക്ഷിക്കാനും പങ്കെടുക്കാനും വിജയിച്ച് ജോലി നേടാനുമുള്ള അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശത്തിന്റെ നിഷേധമാണ്. എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിയില്ലെങ്കിലും എല്ലാവര്‍ക്കും തൊഴില്‍ നേടാനുള്ള പരീക്ഷകളടക്കമുള്ള സെലക്ഷന്‍ പ്രക്രിയകളില്‍ പങ്കെടുക്കാനുള്ള അവസര സമത്വം നിഷേധിക്കരുത് എന്ന് പരമോന്നത നീതിപീഠംപോലും വ്യക്തമാക്കിയിട്ടുണ്ട്.  

7. എലിമിനേഷന്‍ പ്രോസസ്സിന് വേണ്ടിയാണ് പരീക്ഷയെന്ന് വാദിച്ചാല്‍പ്പോലും സ്‌ക്രീനിംഗ് ടെസ്റ്റിന് ശേഷം അതത് തസ്തികകള്‍ക്കായി പ്രത്യേക പരീക്ഷകൂടി നടത്തുന്ന സാഹചര്യത്തില്‍ പിന്നെ എന്തിന് വേണ്ടിയാണ് ഈ പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷ നടത്തുന്നത് എന്ന ചോദ്യത്തിന്  വ്യക്തമായ ഉത്തരം നല്‍കാന്‍ പി.എസ്.സി.ക്ക് കഴിയുന്നില്ല.

8. എസ്.എസ്.എല്‍.സി. അടിസ്ഥാന യോഗ്യതയായ നിരവധി സാങ്കേതിക തസ്തികകളുണ്ട്.  സാങ്കേതിക മികവുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രാഥമിക പരീക്ഷയില്‍ ഒഴിവാക്കപ്പെടാന്‍ സാധ്യതയുണ്ട്. അത്തരക്കാര്‍ക്ക് ജോലി നഷ്ടപ്പെടുകയും പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്ന സാങ്കേതിക മികവ് കുറഞ്ഞവര്‍ക്ക് ജോലി ലഭിക്കുകയും ചെയ്യാം.  

ഓരോ തസ്തികകള്‍ക്കും വ്യത്യസ്തമായ നിയമനചട്ടങ്ങള്‍ നിലവിലുള്ളതിനാലും ഇത്തരം നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടില്ലാത്തതിനാലും ഏകീകൃത പരീക്ഷ നടത്തുന്നത് അഭികാമ്യമല്ലെന്നാണ് വിദഗ്ധാഭിപ്രായം. സ്‌പെഷ്യല്‍ റൂളിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രാഥമിക  സ്‌ക്രീനിംഗ് പരീക്ഷ പാസ്സാകുന്നവര്‍ക്ക് മാത്രം ജോലി ലഭിക്കുമെന്ന സാഹചര്യമുണ്ടായാല്‍ അത്  നിയമപോരാട്ടങ്ങള്‍ക്ക് വേദിയാകും.  നിലവിലുള്ള ഒഴിവുകള്‍ പോലും നികത്താന്‍ സാധിക്കാത്ത വിധം കോടതി ഇടപെടലുകള്‍ക്ക് വഴിയൊരുക്കും.    

റാങ്ക്‌ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നിഷേധിക്കുകയും പിന്‍വാതില്‍ നിയമനത്തിലൂടെ നിലവിലുള്ള തൊഴിലവസരങ്ങള്‍ ബന്ധുമിത്രാദികള്‍ക്ക്  മാറ്റിവെയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന്  പ്രക്ഷുബ്ധരായ  യുവതി-യുവാക്കളെ വീണ്ടും നിരാശയിലേക്കും മോഹഭംഗത്തിലേക്കും തള്ളിവിടുന്നതാണ് പുതിയ പരിഷ്‌കാരം. ഇക്കാര്യത്തില്‍ അടിയന്തിരമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും അനാവശ്യമായി നടത്തുന്ന പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷകള്‍ ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.