UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2021, ഫെബ്രുവരി 11, വ്യാഴാഴ്‌ച

സാന്ത്വന സ്പര്‍ശം: ഓർമ്മവരുന്നത് ജനസമ്പര്‍ക്ക പരിപാടിക്കുനേരെ ഇടതുപക്ഷം നടത്തിയ അക്രമങ്ങള്‍

 


പിണറായി സര്‍ക്കാരിലെ  മന്ത്രിമാര്‍ പൊതുജന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടത്തിയ സാന്ത്വന സ്പര്‍ശം പരിപാടി കണ്ടപ്പോള്‍  ജനസമ്പര്‍ക്ക പരിപാടിക്കുനേരെ ഇടതുപക്ഷം നടത്തിയ അക്രമങ്ങള്‍ ഓര്‍മവരുന്നു.  

വില്ലേജ് ഓഫീസര്‍ ചെയ്യണ്ട ജോലി മുഖ്യമന്ത്രി എന്തിനു ചെയ്യണം എന്നായിരുന്നു ആക്ഷേപം. ജനങ്ങള്‍ക്ക് നല്കിയ ചെറിയ സഹായങ്ങളെ വന്‍ധൂര്‍ത്തായി പ്രചരിപ്പിച്ചു.  സിപിഎമ്മുകാര്‍ പലയിടത്തും  ജനങ്ങളെ തടയുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു.  എല്ലായിടത്തും കരിങ്കൊടി ഉയര്‍ത്തി.  കനത്ത സുരക്ഷയിലാണ് അന്നു മുഖ്യമന്ത്രിപോലും ജനസമ്പര്‍ക്ക വേദികളിലെത്തിയത്.

ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഈ പരിപാടികൊണ്ട് ആശ്വാസവും പ്രയോജനവും കിട്ടിയെന്നു തിരിച്ചറിഞ്ഞ സിപിഎം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍, പഴയതെല്ലാം വിഴുങ്ങിയാണ് അദാലത്ത് നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി ലംഘിച്ചു. അദാലത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ക്ക് കോവിഡ് ബാധിച്ചു.

എല്ലാ ജില്ലകളിലും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഒരിടത്തും അദാലത്തില്‍ പങ്കെടുത്തില്ല.

ജനസമ്പര്‍ക്ക പരിപാടിക്ക് പൊതുജനസേവനത്തിനുള്ള ഐക്യരാഷ്ട്രസംഘടനയുടെ അവാര്‍ഡ് ലഭിച്ചപ്പോള്‍ സിപിഎമ്മിന്റെ അസഹിഷ്ണുത മൂര്‍ധന്യത്തിലെത്തി. ജനസമ്പര്‍ക്ക പരിപാടി തട്ടിപ്പാണെന്നു ചൂണ്ടിക്കാട്ടി യുഎന്‍ ആസ്ഥാനത്തേക്ക്  ആയിരക്കണക്കിനു പരാതികളയച്ചു കേരളത്തെ നാണംകെടുത്തി. അവാര്‍ഡ് ദാനം ബഹ്‌റൈനില്‍ വച്ചായിരുന്നതിനാല്‍ കരിങ്കൊടിയുമായി അവിടെ എത്താനായില്ല. തിരിച്ച് തിരുവനന്തപുരത്തെത്തിയ തന്നെ വഴിനീളെ കരിങ്കൊടി കാട്ടിയാണ് സ്വീകരിച്ചത്.

2011, 2013, 2015 എന്നീ വര്‍ഷങ്ങളിലായി നടത്തിയ മൂന്നു ജനസമ്പര്‍ക്ക പരിപാടികളില്‍  11,45,449 പേരെയാണ് നേരില്‍ കണ്ടത്.   242.87 കോടി രൂപ  വിതരണം ചെയ്തു.  ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ 2004ല്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ 96,901 പരാതികള്‍ ലഭിക്കുകയും 42,151 എണ്ണത്തില്‍ അനുകൂല തീരുമാനം എടുക്കുകയും ചെയ്തു. 9.39 കോടി രൂപ വിതരണം ചെയ്തു. നാലു തവണ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ മൊത്തം 11,87,600 പേരെയാണ് നേരില്‍ കണ്ടത്. പാവപ്പെട്ടവര്‍, നിന്ദിതര്‍ , പീഡിതര്‍, രോഗികള്‍, നീതിനിഷേധിക്കപ്പെട്ടവര്‍, ആര്‍ക്കും വേണ്ടാത്തവര്‍, വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍. അങ്ങനെയുള്ളവരായിരുന്നു അവരേറെയും.

വ്യക്തിഗത പ്രശ്നങ്ങള്‍ പരിഹരിച്ചതോടൊപ്പം ജില്ല  നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളും പ്രഖ്യാപിച്ചു. അതു നടപ്പാക്കാന്‍ തുടര്‍ യോഗങ്ങളും നടത്തി. 45 പുതിയ സര്‍ക്കാര്‍ ഉത്തരവുകളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്നു ലഭിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ചത്. കേരളത്തെ കാലോചിതമാക്കിയ നടപടികളായിരുന്നു അവ.



2021, ഫെബ്രുവരി 10, ബുധനാഴ്‌ച

കോന്നി മെഡിക്കല്‍ കോളജ് വൈകിച്ചത് മൂന്നരവര്‍ഷം

 


മൂന്നരവര്‍ഷം വൈകിച്ചശേഷമാണ് കോന്നി മെഡിക്കല്‍ കോളജ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍  70 ശതമാനം പൂര്‍ത്തിയാക്കിയ മെഡിക്കല്‍ കോളജിന്റെ നിര്‍മാണം 5 വര്‍ഷം കിട്ടിയിട്ടും രാഷ്ട്രീയകാരണങ്ങളാല്‍ പൂര്‍ത്തിയാക്കാതെയാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍  ഉദ്ഘാടനം ചെയ്തത്. 300 കിടക്കകളുണ്ടെങ്കിലും 100 കിടക്കകള്‍ വച്ചാണ് ഉദ്ഘാടനം ചെയ്തത്. പ്രധാനപ്പെട്ട ഉപകരണങ്ങള്‍ ഇനിയും സ്ഥാപിക്കാനുണ്ട്.

പത്തനംതിട്ട ജില്ലയിലും കൊല്ലം ജില്ലയുടെ കിഴക്കന്‍ ഭാഗത്തുമുള്ളവര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും കോന്നി മെഡിക്കല്‍ കോളജ് ഏറെ പ്രയോജനം ചെയ്യും. അത്യാഹിത സന്ദര്‍ഭങ്ങളില്‍ ശബരിമല തീര്‍ത്ഥാടകര്‍ പലപ്പോഴും കോട്ടയം മെഡിക്കല്‍ കോളജിനെയാണ് ആശ്രയിക്കുന്നത്. അവിടെ എത്താനുള്ള ദൂരവും സമയനഷ്ടവും കാരണം  തീര്‍ത്ഥാടകര്‍ക്ക് ജീവഹാനി വരെ സംഭവിച്ചിട്ടുണ്ട്.

കോന്നി മെഡിക്കല്‍ കോളജ് യഥാസമയം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍  മൂന്ന്  ബാച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അവിടെ പഠിക്കുമായിരുന്നു.  

അടൂര്‍ പ്രകാശ് എംഎല്‍എ മുന്‍കയ്യെടുത്താണ് യുഡിഎഫ് സര്‍ക്കാര്‍ കോന്നി മെഡിക്കല്‍ കോളജിന് തുടക്കമിട്ടത്. 2011ലെ ബജറ്റില്‍ 25 കോടി രൂപ വകയിരുത്തുകയും ഡോ. പിജിആര്‍ പിള്ളയെ സ്‌പെഷല്‍ ഓഫീസറായി നിയമിക്കുകയും ചെയ്തു. 2013 ജനുവരിയില്‍ നിര്‍മാണപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. നബാര്‍ഡില്‍ നിന്ന്  142.5 കോടി കൂടി ലഭിച്ചതോടെ  167.5 കോടി രുപയാണ്  വക കൊള്ളിച്ചത്.

300 കിടക്കകളോടെ 3,30,000 ചതുരശ്രയടിയില്‍ കെട്ടിടം, അനുബന്ധ റോഡുകള്‍, 13.5 കോടി ചെലവില്‍ കുടിവെള്ള പദ്ധതി, 108 ജീവനക്കാര്‍, ഒ. പി വിഭാഗം എന്നിവയോടെ ഒന്നാം ഘട്ടം യുഡിഎഫ്  സര്‍ക്കാര്‍ പൂര്‍ത്തിയാക്കി.

ഇടതു സര്‍ക്കാര്‍ വന്നതോടെ  ആദ്യം കോന്നിയില്‍ നിന്നു  മെഡിക്കല്‍ കോളേജ് മാറ്റാനുള്ള ശ്രമം നടത്തി. സ്ഥലത്തെ പറ്റി ദുരാരോപണം,  നിര്‍മ്മാണം വൈകിപ്പിക്കല്‍, തീരുമാനങ്ങള്‍ വൈകിപ്പിക്കല്‍ തുടങ്ങിയവ കൂടാതെ  ഒ.പി വിഭാഗങ്ങള്‍ പൂട്ടിക്കുകയും ചെയ്തു. ഡോക്ടര്‍മാരെയും ജീവനക്കാരെയും പിന്‍വലിച്ചു. ഇതിനെതിരേ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കോന്നി മെഡിക്കല്‍ കോളജിന് വീണ്ടും ജീവന്‍ വച്ചതും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉദ്ഘാടനം ചെയ്തതും.

ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളുടെ മറവില്‍ ഉന്നതനിയമനങ്ങള്‍ വെള്ളപൂശാനാവില്ല

 


നിയമനം വിഎസിന്റെ കത്തുകൂടി പരിഗണിച്ച്

ഡല്‍ഹി കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ്  നിയമനങ്ങളുടെ മറവില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ഉന്നത പദവികളില്‍ നടത്തുന്ന നിയമവിരുദ്ധ നിയമനങ്ങളെ വെള്ളപൂശാനുള്ള ഇടതുസര്‍ക്കാരിന്റെ ശ്രമം വിലപ്പോകില്ല.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്കിയ കത്തുകളുടെ (22.2.2014, no.78/ lo/ 2014, ), (27.8.2013, 422/ lo, 2013) കൂടി അടിസ്ഥാനത്തിലാണ് 2015ല്‍ കേരള ഹൗസില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിച്ചത്.

കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ പിഎസ് സിക്കു വിട്ടതല്ല.  റൂംബോയ്, തൂപ്പുകാര്‍, ഡ്രൈവര്‍, കുക്ക്, ഗാര്‍ഡനര്‍ തുടങ്ങിയ താഴ്ന്ന വിഭാഗം തസ്തികളില്‍  ഡല്‍ഹിയിലുള്ളവരെയാണ് നിയമിച്ചത്. ലോക്കല്‍ റിക്രൂട്ട്‌മെന്റ് പ്രകാരമുള്ള ഈ നിയമനത്തില്‍ ഹിന്ദിക്കാര്‍ ഉള്‍പ്പെടെയുണ്ട്.   ഡല്‍ഹി എകെജി സെന്ററില്‍ ജോലി ചെയ്യുന്ന ഹിന്ദിക്കാരന്റെ ഭാര്യ ഉള്‍പ്പെടെ  എല്ലാ പാര്‍ട്ടികളുടെയും ആളുകളുണ്ട്. ഇഎംഎസ് സര്‍ക്കാരിന്റെ കാലം മുതല്‍ ലോക്കല്‍ റിക്രൂട്ട്‌മെന്റാണ് കേരള ഹൗസില്‍ നടന്നിട്ടുള്ളത്.

സ്‌പെഷല്‍ റൂള്‍സ് നിലവില്‍  വന്നശേഷവും ലോക്കല്‍ റിക്രൂട്ട്‌മെന്റിന്റെ അടിസ്ഥാനത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 5 പേരെ നിയമിച്ചു കഴിഞ്ഞു. 20 പേരെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.  

കേരള ഹൗസിലെ ഉയര്‍ന്ന തസ്തികകളിലുള്ള നിയമനം പിഎസ് സി വഴിയാണ്. അവര്‍ ഡല്‍ഹിയില്‍ ഡെപ്യുട്ടേഷനിലാണ് എത്തുന്നത്.  ഈ തസ്തികകളില്‍ പിഎസ്‌സിക്കു പുറത്ത് മറ്റൊരു നിയമനവും ഇതുവരെ നടന്നിട്ടില്ല.

ലാസ്റ്റ് ഗ്രേഡ് പോസ്റ്റുകളില്‍ കേരളത്തില്‍ നിന്നു നിയമനം നടത്തിയാല്‍ അവര്‍ ഒരിക്കലും ഡല്‍ഹിയില്‍ ജോലിയില്‍ തുടരില്ല. കേരളത്തിലെ ചില ജില്ലകളില്‍ പോലും സര്‍ക്കാര്‍ ജീവനക്കാരുടെ അഭാവം പ്രകടമാണ്. അതുകൊണ്ടാണ് കേരള ഹൗസില്‍  ലോക്കല്‍ റിക്രൂട്ട്‌മെന്റിലൂടെ എക്കാലവും നിയമനം നടന്നിട്ടുള്ളത്.

ഇപ്പോള്‍ പാര്‍ട്ടിക്കാരെ പിഎസ് സി തസ്തിക ഉള്‍പ്പെടെയുള്ള  ഉന്നതപദവികളില്‍ കൂട്ടത്തോടെ നിയമിക്കുന്നതും ഡല്‍ഹിയില്‍ നടന്ന ലാസ്റ്റ് ഗ്രേഡുകാരുടെ  നിയമനവും തമ്മില്‍ ഒരു താരതമ്യവുമില്ല.


2021, ഫെബ്രുവരി 7, ഞായറാഴ്‌ച

ജയലക്ഷ്മിക്കെതിരേ കള്ളക്കേസ് നടത്തിയവര്‍ക്ക് കനത്ത തിരിച്ചടി

 


നികൃഷ്ടമായ രാഷ്ട്രീയ ആക്രമണത്തിന് ഇരയായ മുന്‍ മന്ത്രി പികെ ജയലക്ഷ്മിക്കെതിരേയുള്ള അഴിമതി ആരോപണക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചെന്നും യാതൊരുവിധ ക്രമക്കേടും കണ്ടെത്തിയില്ലെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരേ കള്ളക്കേസ് ചുമത്തുന്ന ഇടതുസര്‍ക്കാരിനു കിട്ടിയ കനത്ത തിരിച്ചടിയായി

പികെ ജയലക്ഷ്മി പട്ടികവര്‍ഗ ക്ഷേമ യുവജനകാര്യ മന്ത്രിയായിരുന്നപ്പോള്‍ 2015-16ല്‍ ആദിവാസി ഭൂമി പദ്ധതിയില്‍ വന്‍ അഴിമതിയുണ്ടായി എന്നാണ് സിപിഎം  തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രചരിപ്പിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വയനാട്ടില്‍ നേരിട്ടെത്തിയാണ് അന്വേഷണം നടത്തിയത്. നാലുവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ്  കേസ് അവസാനിപ്പിച്ചത്.

സിപിഎമ്മിന്റെ കള്ളപ്രചാരണംമൂലം 2016ലെ തെരഞ്ഞെടുപ്പില്‍ നേരിയ വോട്ടിന് അവര്‍ തോറ്റു. മാനസികമായി തകര്‍ന്ന അവര്‍ മാസം തികയാതെ ആറാം മാസത്തില്‍ മകള്‍ക്ക് ജന്മം നല്കി. മൂന്നരമാസത്തോളം ആശുപത്രിയില്‍ ചികിത്സനടത്തിയശേഷമാണ് ആരോഗ്യത്തോടെ മകളെ കിട്ടിയത്. പരമ്പരാഗതമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ധാര്‍മിക മൂല്യങ്ങളിലും അടിയുറച്ച് ജീവിക്കുന്ന കുറിച്യ സമുദായത്തിനിടയില്‍ അപമാനിതയായി.

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ മികച്ച പ്രകടനം നടത്തിയ മന്ത്രിയാണ് ജയലക്ഷ്മി. കേരളത്തില്‍ ആദ്യമായാണ് ഒരു വനിത ആദ്യതെരഞ്ഞെടുപ്പില്‍ ജയിച്ച് 30-ാം വയസില്‍  മന്ത്രിയായത്. ഒരു മുന്‍പരിചയവും ഇല്ലാതെ എംഎല്‍എയും മന്ത്രിയുമായ അവര്‍ 5 വര്‍ഷം ഒരാരോപണവും ഉണ്ടാകാതെ മികച്ച രീതിതില്‍ പ്രവര്‍ത്തിച്ചു. ദക്ഷിണേന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു പട്ടികവര്‍ഗക്കാരി മന്ത്രിപദത്തിലെത്തിയത്. രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ട് പരിപാടിയിലൂടെയാണ് ജയലക്ഷ്മിയെ കണ്ടെത്തിയത്.

ഒരു സ്ത്രീയെന്നോ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ആളാണെന്നോയുള്ള  പരിഗണനപോലും ഇല്ലാതെയാണ് അവരെ തകര്‍ക്കാന്‍ നോക്കിയത്. ഇത് എല്ലാവര്‍ക്കും പാഠമാകണം.

2021, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

പാലക്കാട് മെഡിക്കല്‍ കോളേജ് ഒ.പി തുറന്നു ; നാടിന് ആശ്വാസം, യു.ഡി.എഫിന് അഭിമാനം

 


കാത്തിരിപ്പിനൊടുവില്‍ പാലക്കാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിമിതമായ തോതിലാണെങ്കിലും  ഒപി തുറന്നത് ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടിയാണ്.  

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ 2014ല്‍ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ മെഡിക്കല്‍ കോളജാണിത്.   ഇത് ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം അന്ന് എനിക്കു ലഭിച്ചിരുന്നു.

ഈ മെഡിക്കല്‍ കോളജിലെ 70 ശതമാനം സീറ്റുകള്‍ പട്ടികജാതിക്കാര്‍ക്കാണ്. 2 ശതമാനം പട്ടികവര്‍ക്കാര്‍ക്കും 8 ശതമാനം എസ്.സി.ബി.സിക്കുമാണ്. പൊതുവിഭാഗത്തിന് 20 ശതമാനം സീറ്റുണ്ട്.

ഈ കോളജില്‍ നിന്ന് പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തിനിടയില്‍ നിന്ന് 80 ഡോക്ടര്‍മാരാണ് ഒരു വര്‍ഷം പുറത്തിറങ്ങുന്നത്. ഇങ്ങനെയൊരു മെഡിക്കല്‍ കോളജ് സ്ഥാപിക്കാനായതില്‍ യുഡിഎഫിന് ഏറെ അഭിമാനമുണ്ട്. പട്ടികജാതി, പട്ടിക വകുപ്പ് മന്ത്രി ശ്രീ. എ.പി. അനില്‍കുമാറും, ശ്രീ. ഷാഫി പറമ്പിൽ എം.എൽ. എ.യും സ്തുത്യര്‍ഹമായ പങ്കുവഹിച്ചു.

വിദഗ്ധചികിത്സയ്ക്ക് തൃശൂരിലും കോയമ്പത്തൂരിലും പോകുന്ന പാലക്കാട്ടുകാര്‍ക്ക് ഇതൊരു അത്താണിയുമാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്ന നിലവാരത്തിലേക്ക് ഈ മെഡിക്കല്‍ കോളജ് എത്താനുള്ള കാര്യങ്ങള്‍ അടിയന്തരമായി ചെയ്തു തീര്‍ക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു.

2021, ഫെബ്രുവരി 4, വ്യാഴാഴ്‌ച

ശബരിമല വിഷയത്തിലെ നിശബ്ദത യുവതീപ്രവേശം സാക്ഷാത്കരിക്കാന്‍

 


ശബരിമല വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരും സിപിഎമ്മും ബിജെപിയും നിശബ്ദത പാലിക്കാന്‍ എടുത്ത തീരുമാനം വിശ്വാസികളോടു കാട്ടുന്ന കൊടുംവഞ്ചനയാണ്.  കേന്ദ്ര-  സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നിലുള്ള വഴികള്‍ കൊട്ടിയടച്ച് യുവതീപ്രവേശം ഭാവിയില്‍ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്താന്‍  സഹായകരമായ നിയമ നിര്‍മാണം നടത്തുമെന്നു   വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാ വിഭാഗവുമായും ചര്‍ച്ച നടത്തും.  ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍, ലിസ്റ്റ് 3, എന്‍ട്രി 28 പ്രകാരം  മതസ്ഥാപനങ്ങളെ സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമനിര്‍മാണം നടത്താന്‍ അധികാരമുണ്ട്.

വിധിക്കെതിരേ നല്കിയ  റിവ്യു ഹര്‍ജി ഉടന്‍ വാദത്തിനെടുക്കാനാവശ്യപ്പെട്ട് ഹര്‍ജി നല്കണമെന്ന്  ജനുവരി 25ന് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അതിനൊരു മറുപടി പോലും കിട്ടിയില്ല.  റിവ്യൂ ഹര്‍ജിയുള്ളതുകൊണ്ട് നിയമനിര്‍മാണം സാധ്യമല്ലെന്ന ഇടതുസര്‍ക്കാരിന്റെ നിലപാട് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ്.

ശബരിമലയില്‍ ഭൂരിപക്ഷവിധിക്കെതിരേ നല്കിയ അമ്പതോളം റിവ്യൂ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി സ്റ്റേ ചെയ്തിട്ടില്ല. യുവതീപ്രവേശം ഒരു വാള്‍പോലെ ഇപ്പോഴും വിശ്വാസികളുടെ തലയ്ക്കുമീതെ നില്ക്കുന്നു. സിപിഎമ്മും ബിജെപിയും  ഇതിനൊരു പരിഹാരം നിര്‍ദേശിക്കുന്നില്ല.  ശബരിമലയില്‍  ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തുമെന്നു പോലും പറയാന്‍ ഇടതുപക്ഷത്തിനു നാവുപൊന്തുന്നില്ല.  യുഡിഎഫിനു മാത്രമാണ് ഇക്കാര്യത്തില്‍ അന്നും ഇന്നും വ്യക്തയുള്ളത്.

2016 ഫിബ്രുവരി 4-ന് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ നല്കിയ  സത്യവാങ്മുലത്തില്‍ 10-നും 50-നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല അയ്യപ്പ ക്ഷേത്രത്തിനു ദര്‍ശനാനുമതി നല്‍കുന്നതിനെതിരെ നിയമപരമായും ആചാരാനുഷ്ഠാനപരമായും വസ്തുതാപരമായുമുള്ള വാദങ്ങള്‍ അക്കമിട്ട് നിരത്തി വാദിച്ചിരുന്നു. എന്നാല്‍,  ഇടതു സര്‍ക്കാര്‍ നിയമപരമായും വസ്തുതാപരമായുമുളള യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ചും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടുകള്‍ക്ക് കടകവിരുദ്ധമായും 10-നും 50-നുമിടയില്‍ പ്രായമുള്ള സ്തീകള്‍ക്ക് ദര്‍ശനാനുമതി നല്‍കണമെന്ന നിലപാട് ഹര്‍ജിക്കാരോടൊത്ത് സ്വീകരിച്ചതുകൊണ്ടാണ് ഇത്തരമൊരു വിധി ഉണ്ടായത്. കേസില്‍ അയ്യപ്പ ഭക്തര്‍ക്കനുകൂലമായി നിലപാടെടുത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, വിധിക്കുശേഷം നിലപാട് മാറ്റി അയ്യപ്പ ഭക്തന്മാര്‍ക്കെതിരെ സമീപനം സ്വീകരിച്ചത് സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കൊണ്ടാണ്.

വിധി ഉണ്ടായ ഉടനേ അതു നടപ്പാക്കാന്‍ കാട്ടിയ ധൃതിയും കോടിക്കണക്കിനു രൂപ ചെലവഴിച്ച് നിര്‍മിച്ച വനിതാമതിലും നവോത്ഥാന പ്രചാരണവുമൊക്കെ യുവതീപ്രവേശം നടപ്പാക്കാനുള്ള  ഗൂഢാലോചനയായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ മൗനം.


2021, ഫെബ്രുവരി 1, തിങ്കളാഴ്‌ച

പെട്രോള്‍ വില കുറയ്ക്കാത്തത് ജനദ്രോഹം

 


പെട്രോള്‍/ ഡീസല്‍ ഉല്പന്നങ്ങളുടെ വില കുതിച്ചു കയറി ജനജീവിതം മഹാദുരിതത്തിലായപ്പോള്‍ കേന്ദ്രബജറ്റില്‍ ഇളവുപ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. എക്‌സൈസ് നികുതി അല്പം കുറച്ചെങ്കിലും സെസ് ഏര്‍പ്പെടുത്തിയതോടെ വില  ഉയര്‍ന്നു നില്ക്കുന്നു.  ഇതു വലിയ ജനദ്രോഹം തന്നെയാണ്.

കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. കോവിഡ് കാലത്ത് ജനങ്ങള്‍ക്കു നേരിട്ടു പണം ലഭിക്കുന്ന ഒരു പദ്ധതിയും പ്രഖ്യാപിച്ചില്ല. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പടുത്തുയര്‍ത്തിയ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന പരിപാടി പൂര്‍വാധികം ഊര്‍ജിതമാക്കി. ദേശീയ പാതകള്‍ ജനങ്ങളുടെ പണം ഉപയോഗിച്ച് നിര്‍മിച്ചശേഷം ടോള്‍ പിരിവ് വിദേശ കുത്തകകളെയാണ് ഏല്പിക്കുന്നത്.

കഴിഞ്ഞ മാസം മാത്രം 7  തവണയാണ് പെട്രോള്‍ വില കൂട്ടിയത്. അന്താരാഷ്ട്രവിപണയില്‍ ബെന്റ് ഇനം ക്രൂഡിന് വില 2020 ജനുവരിയില്‍ 63.65 ഡോളറായിരുന്നത് ഇപ്പോള്‍ 55.61 ഡോളറായി കുറഞ്ഞുനില്കുമ്പോഴാണ് രാജ്യത്ത് വില കുതിക്കുന്നത്.  ഒരു ലിറ്റര്‍ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് എക്‌സൈസ് നികുതി. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് നികുതി ചുമത്തുന്നത്. കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്. പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 29.33ഉം  ഡീസലിന് 30.43ഉം രൂപയാണ്. ഇതിന്റെ മൂന്നിരട്ടിയോളം  വിലയിട്ടാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ പിഴിയുന്നത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ പെട്രോളിന് 9.48  രൂപയും  ഡീസലിന് 3.56 രൂപയായിരുന്നു എക്‌സൈസ് നികുതി.

യുഡിഎഫ് സര്‍ക്കാര്‍ പെട്രോള്‍/ ഡീസല്‍ വില കുതിച്ചു കയറിയപ്പോള്‍ 4 തവണ അധിക നികുതി വേണ്ടെന്നു വച്ച് 619.17 കോടിയുടെ സമാശ്വാസം നല്കി. ഇടതുസര്‍ക്കാര്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുവേളിയില്‍ മാത്രമാണ് ഒരു രൂപയുടെ ഇളവ് നല്കിയത്.



2021, ജനുവരി 31, ഞായറാഴ്‌ച

കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ വന്‍ പരാജയം

 


കോവിഡ് മഹാമാരി കടന്നുവന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ കോവിഡിനെ നിയന്ത്രിച്ചെങ്കിലും കേരളം വന്‍പരാജയമായി. ഇതെക്കുറിച്ചു പഠിക്കാന്‍ ബന്ധപ്പെട്ട എല്ലാ വിഭാഗം വിദഗ്ധരെയും ഉള്‍പ്പെടുത്തി അടിയന്തരമായി സമതി രൂപീകരിക്കണം.  

ഏതു മാനദണ്ഡം ഉപയോഗിച്ചാലും കേരളത്തിന്റെ പരാജയം സുവ്യക്തം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള 10 ജില്ലകളില്‍ 7ഉം കേരളത്തിലാണ്. രാജ്യത്ത് പ്രതിദിനമുള്ള കേസുകളില്‍ അമ്പതു ശതമാനവും ഇവിടെ. ആകെ കേസുകളില്‍ മൂന്നാമതും നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഒന്നാമതുമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരത്തില്‍. 3722 മരണങ്ങളുമായി രാജ്യത്ത് പന്ത്രണ്ടാമത്.  ഇതില്‍ കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സര്‍ക്കാരിന്റെ   കോവിഡ് ഡേറ്റ വിശ്വാസയോഗ്യമല്ലെന്നാണ് പ്രശസ്ത സാംക്രമികരോഗ വിദഗ്ധന്‍ ഡോ രാമന്‍ കുട്ടി ടൈംസ് ഓഫ് ഇന്ത്യ (30.1.21)യില്‍ ചൂണ്ടിക്കാട്ടിയത്.

കോവിഡ് പരിശോധനയിലെ ദയനീയ പരാജയമാണ് കേരളത്തിന്റെ തിരിച്ചടിക്കു കാരണം. ശനിയാഴ്ച 59,759 ടെസ്റ്റുകളാണ് നടന്നത്. ഇത് ഒരു ലക്ഷമെങ്കിലും ആക്കണമെന്ന് ആരോഗ്യവിദഗ്ധരും  സംഘടനകളും ദീര്‍ഘനാളായി ആവശ്യപ്പെട്ടതാണ്. കൂടുതല്‍ ടെസ്റ്റ് നടത്തിയാല്‍ കൂടുതല്‍ രോഗികളെ കണ്ടെത്തുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. ഒരു വര്‍ഷമായിട്ടും ടെസ്റ്റിംഗിനുള്ള ലബോറട്ടറി സംവിധാനങ്ങള്‍ വ്യാപിപ്പില്ല.  സര്‍ക്കാരിലെ തന്നെ വലിയൊരു വിഭാഗം വിദഗ്ധരെയും സ്വകാര്യമേഖലയെയും അവഗണിച്ചത് കോവിഡ് പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തി. സ്വകാര്യമേഖലയെ കൂടുതല്‍ സഹകരിപ്പിക്കുകയും  കൂടുതല്‍ ടെസ്റ്റുകളും ടെസ്റ്റിംഗ് സെന്ററുകളും ഏര്‍പ്പെടുത്തുകയും വേണം. കോവിഡ് ഡേറ്റ ഗവേഷകര്‍ക്ക് വിട്ടുകൊടുക്കണം.

കൂടുതല്‍ ജനസാന്ദ്രത  കേരളത്തിലാണെന്നും പ്രായമായവരും പ്രമേഹരോഗികളും  കൂടുതലാണെന്നും മറ്റുമാണ് സര്‍ക്കാരിന്റെ ന്യായീകരണം. തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിനെയും ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നു. കേരളത്തേക്കാള്‍ ജനസാന്ദ്രത കൂടിയ ഡല്‍ഹി, യുപി, പശ്ചിമ ബംഗാള്‍, ബിഹാര്‍ തുടങ്ങിയ  സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും  കോവിഡ് നിയന്ത്രിക്കപ്പെട്ടു.  പ്രമേഹരോഗികളുടെ കാര്യമെടുത്താലും കേരളത്തെക്കാള്‍ മുന്നില്‍  സംസ്ഥാനങ്ങളുണ്ട്. തദ്ദേശതെരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളിലും വന്‍ ജനകീയ പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങളിലും കോവിഡ് നിയന്ത്രണവിധേയമായി.




2021, ജനുവരി 29, വെള്ളിയാഴ്‌ച

ബൈപാസ് മൂന്നരവര്‍ഷം വൈകിപ്പിച്ചു

 


ഇടതുസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും മൂലം ആലപ്പുഴ ബൈപാസ് മൂന്നര വര്‍ഷം വൈകിയാണ് സാക്ഷാത്കരിച്ചത്. ഇതിന് ഇടതുസര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണം.

2017 ആഗസ്റ്റ് 14ന് പൂര്‍ത്തിയാക്കേണ്ട  പദ്ധതിയാണിത്.  എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 30 ശതമാനം പണി നടത്തിയിട്ടാണ്  2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടത്. സ്വന്തമായി ഒരു പദ്ധതിയുമില്ലാത്ത ഇടതുസര്‍ക്കാരിന് യുഡിഎഫിന്റെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചില്ല.

കേന്ദ്രചെലവില്‍ ദേശീയപാതയുടെ ഭാഗമായി ആലപ്പുഴ ബൈപാസ് നിര്‍മിക്കാനുള്ള ശ്രമം അനന്തമായി നീണ്ടപ്പോഴാണ്  ബൈപാസിന്റെ ചെലവ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ 50ഃ50 ആയി വഹിക്കാമെന്ന  സുപ്രധാന തീരുമാനം 2013 ആഗസ്റ്റ് 31ന്  എടുത്തത്. തുടര്‍ന്ന് നാലു ദശാബ്ദത്തിലധികം നിര്‍ജീവമായി കിടന്ന കൊല്ലം, ആലുപ്പുഴ ബൈപാസുകള്‍ക്ക് ജീവന്‍ കിട്ടി.  ഇന്ത്യയില്‍ ആദ്യമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി തുക വിനിയോഗിച്ച് ഒരു പദ്ധതി നടപ്പാക്കിയത്. ഇത് രാജ്യത്ത് പുതിയൊരു വികസന മാതൃക സൃഷ്ടിച്ചു. ബീച്ചിനു മുകളിലൂടെ പോകുന്ന എലവേറ്റഡ് ഹൈവെ എന്ന പ്രത്യേകതയും ആലപ്പുഴ ബൈപാസിനുണ്ട്.

സംസ്ഥാന വിഹിതമായി  കൊല്ലത്തിന് 352 കോടിയും ആലപ്പുഴയ്ക്ക് 348.43 കോടിയും അനുവദിച്ച് 2015 ഫെബ്രു 11ന് ഉത്തരവിറക്കി. 2015 മാര്‍ച്ച് 16 ന് പണി ആരംഭിച്ചു. 30 മാസത്തിനകം പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടു. പക്ഷേ മൂന്നര വര്‍ഷം വൈകിയാണ്  ഇപ്പോള്‍ പൂര്‍ത്തിയായത്.  

ആലപ്പുഴ ബൈപാസ് നിര്‍മാണത്തില്‍ കെസി വേണുഗോപാല്‍ എംപി നിര്‍ണായക പങ്കുവഹിച്ചു. 50ഃ50 എന്ന ആശയം അദ്ദേഹമാണ് ആദ്യമായി അവതരിപ്പിച്ചത്.   കൊല്ലം ബൈപാസും 50ഃ50 മാതൃകയിലാണ് നിര്‍മിച്ചത്. എംപിമാരായ എന്‍കെ പ്രേമചന്ദ്രനും എന്‍. പീതാംബര കുറുപ്പും കൊല്ലത്തിനുവേണ്ടി പ്രയത്‌നിച്ചവരാണ്.

2021, ജനുവരി 26, ചൊവ്വാഴ്ച

കര്‍ഷകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്

 


കര്‍ഷകസമരം ഇനിയും ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ അതു തീക്കളിയായി മാറും. രണ്ടു മാസമായി തെരുവില്‍ കഴിയുന്ന കര്‍ഷകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്. അവരുടെ ആവശ്യങ്ങളെ അവഗണിക്കരുത്. ഇത് രാജ്യത്തോടു കാട്ടുന്ന  വഞ്ചനയാണ്. അന്നമൂട്ടുന്ന കരങ്ങളാണ് കര്‍ഷകരുടേത്.

കര്‍ഷകരെ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്താം എന്നു കരുതരുത്. കര്‍ഷകര്‍ക്കൊപ്പം രാജ്യവും കോണ്‍ഗ്രസും ശക്തമായി നിലയുറപ്പിക്കും.

കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ മടിക്കുന്തോറും ഇതു കോര്‍പറേറ്റുകള്‍ക്കുള്ള കരിനിയമമാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്.

റിപ്പബ്ലിക് ദിനത്തില്‍ കവചിത വാഹനങ്ങളെക്കാള്‍ ശ്രദ്ധേയമായത് കര്‍ഷകരുടെ ട്രാക്ടറാണെന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിയണം.