UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ഒക്‌ടോബർ 20, ചൊവ്വാഴ്ച

വിമതര്‍ക്ക് ഒരവസരം കൂടി


കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്.സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് വിമതര്‍ക്ക് തിരിച്ചുവരാന്‍ ഒരവസരംകൂടി നല്‍കുമെന്ന് മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാസര്‍കോട്ട് പറഞ്ഞു. മുന്നണി സ്ഥാനാര്‍ഥിക്കെതിരായി പത്രിക നല്‍കിയവര്‍ വോട്ട് പിടിക്കാനിറങ്ങരുത്.

യോജിപ്പിനുവേണ്ടി പരമാവധി ശ്രമിച്ചിട്ടും നടക്കാത്ത സ്ഥലങ്ങളില്‍ സൗഹൃദ മത്സരത്തിനനുവദിക്കുന്നുണ്ടെങ്കിലും യു.ഡി.എഫ്.ഇതര കക്ഷികളുമായി കൂട്ടുകൂടുന്നത് അനുവദിക്കില്ല. ഇതുസംബന്ധിച്ച് പരാതി കിട്ടിയാല്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

യു.ഡി.എഫില്‍ വിമതപ്രശ്‌നം രൂക്ഷമാണെന്ന പ്രചാരണം ശരിയല്ല. കഴിഞ്ഞ മൂന്ന് ഉപതിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുമുണ്ടായതുപോലുള്ള വിജയം തദ്ദേശ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. ഐക്യത്തിന്റെ ഫലമാണ് തിരഞ്ഞെടുപ്പു വിജയങ്ങള്‍. ഐക്യം എന്ന് നഷ്ടപ്പെടുന്നോ അന്ന് പരാജയമുണ്ടാകുമെന്നും വളരെ പ്രതീക്ഷയോടെയാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പിനെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചെറിയാന്‍ ഫിലിപ്പിനെ ന്യായീകരിച്ച കോടിയേരി മാപ്പ് പറയണം


കാസര്‍കോട്: ഫേസ്ബുക്കിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ചെറിയാന്‍ ഫിലിപ്പിനെ ന്യായീകരിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ കനത്തവില നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ തിരഞ്ഞെടുപ്പ് പരിപാടിയായ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശത്തേക്കാള്‍ തന്നെ കൂടുതല്‍ വേദനിപ്പിച്ചത് കോടിയേരിയുടെ നിലപാടാണ്. ഇത് സ്ത്രീസമൂഹത്തിന് കൂടുതല്‍ അപമാനമാണുണ്ടാക്കിയത്.  ഇതുസംബന്ധിച്ച് കോടതിയില്‍ പോകുന്നതിനോട് യോജിപ്പില്ല. മറിച്ച് പ്രസ്താവനകള്‍ പിന്‍വലിച്ച് ചെറിയാന്‍ ഫിലിപ്പ് സ്ത്രീസമൂഹത്തോട് മാപ്പ് പറയുകയാണ് വേണ്ടത്. 

യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ ആറുമാസത്തെക്കാണെന്ന് സി.പി.എം. പ്രചരിപ്പിച്ചു. എന്നാല്‍, ജനങ്ങള്‍ നല്‍കിയ പിന്തുണകൊണ്ടാണ് ഈ കാലയളവില്‍ മുന്നോട്ട് പോയത്. സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. സര്‍ക്കാരിന് അനുകൂലമായി ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ ജനഹിതം തദ്ദേശ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. 

ഇന്ന് സി.പി.എം. തൊടുന്നതെല്ലാം അബദ്ധമാണ്. എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റിയതിനെതിരെ ജനവികാരം ഉയര്‍ന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. ഇന്ന് സി.പി.എം. ജനങ്ങളില്‍നിന്നകന്നു. ദേശീയതലത്തില്‍ യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതാണ് സി.പി.എം. ഇന്ന് രാജ്യത്തുതന്നെ ഒന്നുമല്ലാതാകുന്നതിന് ഇടയാക്കിയത്. 

മൂന്നാംമുന്നണി യു.ഡി.എഫിനെ ആശങ്കപ്പെടുത്തുന്നില്ല. യു.ഡി.എഫിന്റെ ഐക്യത്തിലും ശക്തിയിലുമാണ് ഞങ്ങള്‍ക്ക് വിശ്വാസം. എതിരാളികളുടെ ബലഹീനത യു.ഡി.എഫിന്റെ വിജയത്തിന് കൂടുതല്‍ ശക്തി പകരും. മറ്റുപല ഘടകങ്ങളും അനുകൂലമാണെങ്കിലും അതിന് അമിതവിശ്വാസം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

എപി ഉദയഭാനു മദ്യനയത്തിന്റെ ശില്‍പി


തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയ മദ്യനയത്തിന്റെ യഥാര്‍ത്ഥ ശില്‍പി എ.പി ഉദയഭാനു ആയിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വൈപ്പിന്‍ മദ്യദുരന്തത്തിന് ശേഷം ഉദയഭാനു കമ്മീഷനാണ് മദ്യലഭ്യത കുറച്ച് മദ്യനിരോധനം സാധ്യമാക്കണമെന്ന ആശയം മുമ്പോട്ടുവച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഭവനില്‍ എ.പി. ഉദയഭാനുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളരാഷ്ട്രീയത്തില്‍ ഉന്നതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു എ.പി. ഉദയഭാനു. ജനാധിപത്യത്തിലെ അധികാരസ്ഥാനങ്ങളിലൊന്നും കടന്നുവന്നിട്ടില്ലെങ്കിലും അദ്ദേഹം ജനങ്ങളുടെ മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അത് അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങളുടെ മഹത്ത്വം കൊണ്ടാണ്.


2015, ഒക്‌ടോബർ 18, ഞായറാഴ്‌ച

വ്യക്തിഹത്യ കോണ്‍ഗ്രസ് ശൈലിയല്ല


അവഹേളിച്ച് അപമാനിച്ച് വിജയിക്കുക എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമൂഹമാധ്യമങ്ങളിലൂടെ ആരെയും വ്യക്തിഹത്യ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ഐ.ടി. സെല്‍ സംഘടിപ്പിച്ച സമൂഹമാധ്യമ സെമിനാര്‍ ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മാത്രമല്ല, സാമൂഹിക, സാംസ്‌ക്കാരിക രംഗങ്ങളിലും സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ അനിവാര്യമാണ്. പാര്‍ട്ടി നയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. എതിരാളികള്‍ക്ക് അവരുടെ വിമര്‍ശനങ്ങള്‍ക്ക് മരുപടി നല്‍കാന്‍ ഉപയോഗിക്കുന്ന ഭാഷ നന്നായിരിക്കണം. എന്തൊക്കെ പ്രകോപനമുണ്ടായാലും ആരെയും വ്യക്തിഹത്യ നടത്തുന്നതിന് ശ്രമിക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസിന്റെ ഉന്നതമായ തത്വങ്ങളില്‍ ഊന്നിയാവണം സോഷ്യല്‍ മീഡിയായിലെ പ്രവര്‍ത്തനം. സത്യസന്ധമായ കാര്യങ്ങളേ പ്രചരിപ്പിക്കാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അധ്യക്ഷത വഹിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടും


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമായിരിക്കും തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്.ഭൂരഹിതര്‍ക്ക് ഭൂമിയും വീടും, രോഗികള്‍ക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കും 1500 കോടി രൂപയോളം ധനസഹായം എന്നിവ നല്‍കിയ ജനപക്ഷ സര്‍ക്കാരിനെ ജനങ്ങള്‍ പിന്തുണയ്ക്കും എന്നതില്‍ ഉറച്ച വിശ്വാസമുണ്ട്. 

കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും ഗതാഗതകുരുക്കഴിക്കാന്‍ ഉതകുന്ന മെട്രൊ പദ്ധതിയും പതിറ്റാണ്ടായുളള സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖവും കഴിഞ്ഞ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങാനൊരുങ്ങുകയും പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പുമൂലം നടക്കാതെപോകുകയും ചെയ്ത സ്മാര്‍ട് സിറ്റിയും ഈ സര്‍ക്കാരിനു തുടക്കം കുറിക്കുവാനും യാഥാര്‍ത്ഥ്യത്തിലേക്കെത്തിക്കുവാനും സാധിച്ചു. വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ വന്‍ പുരോഗതി ഉണ്ടായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എളുപ്പത്തിലാക്കാന്‍ നടത്തിയ പരിഷ്കാരങ്ങള്‍ ജനങ്ങളും സര്‍ക്കാരും തമ്മിലുളള അകലം കുറച്ചു.ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് കേരളത്തെ നയിക്കാന്‍ സാധിച്ചുവെന്നത് യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത മഹത്തായ കാര്യമാണ്. ഐടി, വ്യവസായ രംഗത്തെ പുരോഗതി കേരളത്തിന്‍റെ വികസനത്തിനു വഴിവച്ചു.

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് പുതിയതായി വന്ന വെളിപ്പെടുത്തലുകള്‍ പരിശോധിച്ച ശേഷം നിയമപരമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളല്ല പരിഗണിക്കേണ്ടത്. എസ്എന്‍ഡിപി - ബിജെപി സഖ്യം കേരളത്തില്‍ വിലപ്പോകില്ലെന്നും മുഖ്യന്ത്രി പറഞ്ഞു. 

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട


തിരുവനന്തപുരം: ആര്‍.എസ്.എസ്  -  എസ്.എന്‍.ഡി.പി ബന്ധത്തിന് പിന്നില്‍ താനാണെന്ന പിണറായി വിജയന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മതേതരത്വ വാദിയാണ് താനെന്നതിന് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് ചാടിക്കയറുകയാണ് പിണറായി. 

സി.പി.എം അണികള്‍ ബി.ജെ.പിയിലേക്ക് കൊഴിഞ്ഞുപോകുന്നതിലുള്ള അമര്‍ഷമാണ് പിണറായിക്ക്. എസ്.എന്‍.ഡി.പിയെ ആര്‍.എസ്.എസ്സിന് അടിയറവയ്ക്കാന്‍ ശ്രീനാരയണീയര്‍ അനുവദിക്കില്ല. രാഷ്ട്രീയ ലാഭത്തിനുവേണ്ടി പിണറായി വര്‍ഗീയതയെ താലോലിക്കുകയാണെന്നും  മുഖ്യമന്ത്രി പ്രസ്താവനയില്‍ ആരോപിച്ചു.

2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കേരളത്തിന് പേരുദോഷമുണ്ടാക്കുന്നു


കൊച്ചി: ചില സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികള്‍ മൂലം വിദേശ തൊഴില്‍ മേഖലയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കേരളത്തിന് പേരുദോഷമുണ്ടാക്കുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ മേഖലയിലുണ്ടാകുന്ന നിയന്ത്രണം സംസ്ഥാനത്തിന്റെ തൊഴില്‍ മേഖലയിലുള്ള സാധ്യതകള്‍ക്ക് മങ്ങലേല്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിയും ടൈംസ് ഓഫ് ഇന്ത്യയും മാന്‍പവര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിച്ച വിദേശ തൊഴില്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ അടിസ്ഥാനസൗകര്യ വികസനമുണ്ടായത് ഗള്‍ഫ് തൊഴില്‍മേഖലയിലേക്കുള്ള ഒഴുക്കോടെയാണ്. എന്നാല്‍ റിക്രൂട്ടിങ് മേഖലയിലെ വിവാദങ്ങള്‍ രാജ്യത്തിനപവാദമാകുകയാണ്. ചുരുക്കം ചിലര്‍ മൂലം റിക്രൂട്ടിങ് മേഖലയ്ക്കുതന്നെ ചീത്തപ്പേരുണ്ടായിരിക്കുകയാണ്. ഈ മേഖലയിലെ നിയന്ത്രണം പ്രായോഗികമല്ല. നിയമനങ്ങള്‍ ഗവ. ഏജന്‍സി വഴിയായാല്‍ റിക്രൂട്ടിങ് സാധ്യത കുറയ്ക്കും. കുവൈറ്റിലേക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായവര്‍ക്ക് ഉടന്‍ പോകാനുള്ള സൗകര്യമൊരുക്കാന്‍ ശ്രമിക്കുന്നുണ്ട്.

റിക്രൂട്ടിങ് സുതാര്യം ലളിതവുമാകേണ്ടതുണ്ട്. വിദേശത്ത് വിവിധ തൊഴിലുകളിലേക്ക് കേരളത്തിന് മുന്‍ഗണനയുണ്ട്. റിക്രൂട്ടിങ് മേഖലയിലെ അനാവശ്യ മത്സരങ്ങള്‍ ദോഷകരമാകാതെ നോക്കേണ്ടതുണ്ട്. എല്ലാ ആക്ഷേപങ്ങള്‍ക്കും പരിഹാരമുണ്ടാക്കി നിയമനങ്ങള്‍ സുതാര്യമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫിലുള്ള മലയാളികള്‍ ഇപ്പോള്‍ 35 ലക്ഷത്തിനടുത്താണെന്നും ഇതില്‍ 90 ശതമാനത്തോളം കഷ്ടപ്പെടുന്നവരാണെന്നും മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. നിര്‍മ്മാണ മേഖലകളിലും ഓയില്‍ കമ്പനികളിലും ജോലിയെടുക്കുന്നവരുടെ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതില്‍ നിന്നാണ് ഇത് മനസ്സിലായത്. റിക്രൂട്ടിങ് മേഖലയില്‍ കൂടുതല്‍ കേസുകള്‍ വന്നത് മൂലമാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ വന്നിരിക്കുന്നത്. ഗള്‍ഫിലെ തൊഴില്‍ മാര്‍ക്കറ്റ് നഷ്ടമാക്കരുത്. ഗവ. ഏജന്‍സിയെ റിക്രൂട്ടിങ് ചുമതലയേല്പിച്ചാല്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം മുഖ്യ പ്രഭാഷണത്തില്‍ കൂട്ടിച്ചേര്‍ത്തു.

2015, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

അക്ഷയയുടെ നിലനില്പില്‍ ആശങ്കവേണ്ട


മലപ്പുറം: ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ സംസ്ഥാനത്തിന് പ്രശസ്തിനേടിത്തന്ന അക്ഷയപദ്ധതിക്ക് കോട്ടംതട്ടാന്‍ അനുവദിക്കുകയില്ലെന്നും എന്തു വിലകൊടുത്തും പദ്ധതി നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അക്ഷയ നേരിടുന്ന വിവിധപ്രശ്‌നങ്ങളില്‍ അക്ഷയ ആന്‍ഡ് ആള്‍ ഐ.ടി. എന്റര്‍പ്രണേഴ്‌സ് എംപ്ലോയീസ് യൂണിയന്‍ (എ.ഇ.യു) ഉള്‍പ്പെടെ നടത്തിവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ചര്‍ച്ചയ്ക്കായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്ഷയ ആന്‍ഡ് ആള്‍ ഐ.ടി. എന്റര്‍പ്രണേഴ്‌സ് എംപ്ലോയീസ് യൂണിയന്‍ തയ്യാറാക്കിയ അക്ഷയ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളും പ്രതിവിധിയുമടങ്ങുന്ന നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി.


2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

തദ്ദേശ തിരഞ്ഞെടുപ്പും സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെ

ഒമ്പതിനുമുമ്പ് സീറ്റുവിഭജനം പൂര്‍ത്തിയാക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അത്രയും സീറ്റ് അതത് കക്ഷികള്‍ക്ക് എന്നതാണ് പൊതുതത്ത്വം.

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പും സംസ്ഥാനസര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫായിരിക്കും കൂടുതല്‍ സീറ്റ് നേടുകയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. യു.ഡി.എഫ്. നേതൃയോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒമ്പതിനുമുമ്പ് സീറ്റുവിഭജനം പൂര്‍ത്തിയാക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അത്രയും സീറ്റ് അതത് കക്ഷികള്‍ക്ക് എന്നതാണ് പൊതുതത്ത്വം. ഇതടിസ്ഥാനമാക്കി ധാരണയിലെത്തും. ഇക്കാര്യത്തില്‍ ജില്ലാ സംസ്ഥാനതലത്തില്‍ വ്യക്തമായ ധാരണയുണ്ട്.

മുന്നണി തീരുമാനത്തിനെതിരെ മത്സരിക്കുന്നവര്‍ കര്‍ശന നടപടി നേരിടേണ്ടിവരും. ഘടകകക്ഷികള്‍ പരസ്​പരം മത്സരിക്കില്ല. മുന്നണിക്ക് പുറത്ത് ഒരു കക്ഷിയുമായും സഖ്യമോ നീക്കുപോക്കോ ഉണ്ടാക്കില്ല. കോണ്‍ഗ്രസില്‍ നിന്ന് റിബല്‍ സ്ഥാനാര്‍ഥികളുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അത്തരക്കാര്‍ പാര്‍ട്ടിയിലുണ്ടാകില്ല. ഘടകകക്ഷികളും അതേ നിലപാടെടുക്കും.

ഐക്യമാണ് യു.ഡി.എഫിന്റെ ശക്തി. ഒരു കക്ഷിയുടെ പ്രശ്‌നം യു.ഡി.എഫിന്റെ പ്രശ്‌നമായാണ് കാണുന്നത്. ഇടുക്കിയിലെ പ്രശ്‌നം കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിവരുന്നു. മലപ്പുറത്ത് ലീഗും കോണ്‍ഗ്രസുമായുള്ള പ്രശ്‌നം കഴിഞ്ഞദിവസം സംസാരിച്ചു. ബാക്കിയുള്ളവയും ഉടന്‍ തീരും.


2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

ബഹിരാകാശനേട്ടങ്ങള്‍ മണ്ണിലേക്ക് എത്തിക്കാനായത് നേട്ടം


തിരുവനന്തപുരം: ബഹിരാകാശയുഗത്തിലെ നേട്ടങ്ങള്‍ മണ്ണിലേക്കും ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിക്കാനായത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌പേസ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ബഹിരാകാശ നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച സ്ഥാപനങ്ങള്‍ കേരളത്തിലാണ്. കൂടുതല്‍ വിജയങ്ങള്‍ക്ക് ജനങ്ങളും സര്‍ക്കാരും എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

68 കൊല്ലംകൊണ്ട് ഒന്നുമില്ലായ്മയില്‍ നിന്നാണ് നാം ബഹിരാകാശരംഗത്ത് ഇന്നത്തെ അവസ്ഥയിലെത്തിയത്. ഇതിലെ വിജയത്തിന്റെ നേട്ടങ്ങള്‍ കടന്നുചെല്ലാത്ത മേഖലകളില്ല. ടെലിമെഡിസിന്‍ മേഖലയിലും വിദ്യാഭ്യാസ മേഖലയിലുമൊക്കെ കടന്നു ചെല്ലുന്നവയാണവയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.