UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ജൂലൈ 15, ബുധനാഴ്‌ച

നീതി ആയോഗ് ഉപസമിതി റിപ്പോര്‍ട്ട് ബുധനാഴ്ച പരിഗണിക്കരുത്


കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിമാരുടെ ഉപസമിതി അംഗീകരിച്ചശേഷം മാത്രമേ അന്തിമ റിപ്പോര്‍ട്ടായി നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിലില്‍ അവതരിപ്പിക്കാവൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.  ജൂലൈ 15 ന് ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗത്തില്‍ റിപ്പേര്‍ട്ട് അവതരിപ്പിക്കുമെന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍  ഈ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

മുഖ്യമന്ത്രിമാരുടെ ഉപസമിതിയില്‍ തന്നെ ഉള്‍പ്പെടുത്തിയതിന് പ്രത്യേക നന്ദിയുണ്ട്.  ഉപസമിതി മൂന്നു തവണ യോഗം ചേര്‍ന്നു.  ഉപസമിതിയിലെ എല്ലാ അംഗങ്ങളുടെയും അംഗീകാരത്തോടുകൂടി മാത്രമേ അന്തിമ റിപ്പോര്‍ട്ട് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കുവെന്ന് ജൂണ്‍ 27നു ഭോപ്പാലില്‍ ചേര്‍ന്ന ഉപസമിതി യോഗം തീരുമാനിച്ചിരുന്ന കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും


തിരുവനന്തപുരം: ജനകീയ പങ്കാളിത്തത്തോടെ സമയബന്ധിതമായി വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം എം.ജി. റോഡിനു കുറുകെ പവര്‍ ഹൗസ് റോഡിനെയും തകരപ്പറമ്പ് റോഡിനെയും ബന്ധിപ്പിച്ചുകൊണ്ടുളള തകരപ്പറമ്പ് മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സാമ്പത്തിക പരിമിതികള്‍ക്കിടയിലും 3397 കോടി രൂപ ചെലവഴിച്ച് 14 ജില്ലകളിലെയും പ്രധാന വികസന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തകരപ്പറമ്പ് റോഡ് വികസനത്തിന് ഒഴിപ്പിക്കേണ്ടിവന്ന വ്യാപാരികളെ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രത്യേക ശ്രദ്ധവേണ്ടവര്‍ക്ക് കരുതല്‍ നല്‍കലും സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


എം. എസ് വിശ്വനാഥന് ആദരാജ്ഞലികൾ


ഞാനാദ്യം എം. എൽ. എ ആകുന്നത്‌ 1970 ലാണ്. അതിനടുത്ത വർഷം, 1971ലാണ് എം. എസ് വിശ്വനാഥൻ ലങ്കാ ദഹനം എന്ന സിനിമയിലൂടെ അനശ്വരമായ 'ഈശ്വരനൊരിക്കൽ വിരുന്നിനു പോയി ...' എന്ന ഗാനവുമായി എത്തിയത്. പിന്നെയൊരുപാട് മറക്കാനാവാത്ത ഗാനങ്ങൾ അദ്ദേഹം മലയാളിക്ക് നൽകിയിട്ടുണ്ട്.

എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും, ഹിന്ദിയിലും സംഗീതമുദ്ര പതിപ്പിച്ച പ്രതിഭാധനനാണ് അദ്ദേഹം. അദ്ദേഹത്തിന് എന്റെ ആദരാജ്ഞലികൾ. 

2015, ജൂലൈ 14, ചൊവ്വാഴ്ച

സര്‍ക്കാരിന്റെ ലക്ഷ്യം യുവാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമം


തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനത്തിനോടൊപ്പം പുതുതലമുറയുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നത് വികസന രംഗത്തെ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ കേരള പരിപ്രേക്ഷ്യ പദ്ധതി 2030 -ന്റെ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ ദീര്‍ഘകാല വികസന ലക്ഷ്യം സംയോജിതമായി നടപ്പിലാക്കാനുള്ള, കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുമുള്ള കൂട്ടായ ശ്രമം ആണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ സഹകരണത്തോടെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ കേരള പരിപ്രേക്ഷ്യ പദ്ധതി എന്ന് മുഖ്യമന്ത്രി പറഞ്ഞു.  

സംസ്ഥാന ആസൂത്രണ മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള പരിപ്രേക്ഷ്യ പദ്ധതി 2030 നീതി ആയോഗ് അംഗം ഡോ.ബിബേക് ദെബ്രോയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. 

2015, ജൂലൈ 13, തിങ്കളാഴ്‌ച

പുതിയ പ്രസ് ക്ലബ് മന്ദിരം കോട്ടയത്തിന് അലങ്കാരം



കോട്ടയം: അക്ഷരങ്ങളുടെ നഗരമായ കോട്ടയത്തിന് അലങ്കാരമാണ് പുതിയ പ്രസ് ക്ലബ് മന്ദിരമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തു നിര്‍മിച്ച പ്രസ് ക്ലബ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ 
എന്‍.ജെ. തോമസ് ആന്‍ഡ് കമ്പനി എംഡി സിബി, ഇന്റീരിയല്‍ ഡിസൈന്‍ നിര്‍വഹിച്ച വിസ്ഡം സിറ്റിസ്‌കേപ്‌സ് ഇന്റീരിയേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ശ്രീഹരി എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. 2012 ഫെബ്രുവരിയിലാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തെ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ പ്രസ്‌ക്ലബ്ബിനായി നല്‍കിയത്. 120 മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരേസമയം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൗകര്യം പുതിയ മീഡിയ ഹാളിലുണ്ട്.  

അറ്റോര്‍ണിയുടെ നടപടിക്കെതിരെ പ്രധാനമന്ത്രിക്കു കത്തയയ്ക്കും


തിരുവനന്തപുരം : കേരളത്തിലെ ബാര്‍ ഉടമകള്‍ക്കുവേണ്ടി കേന്ദ്ര അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ ഹാജരായതിനെതിരേ കേരളത്തിന്റെ കടുത്ത പ്രതിഷേധം അറിയിച്ചുകൊണ്ട്  പ്രധാനമന്ത്രിക്ക്  കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കേസ് ജൂലൈ 28നു വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വരുമ്പോള്‍ ഒരു കാരണവശാലും ഇതാവര്‍ത്തിക്കരുതെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. 

സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിക്കൊണ്ടാണ് എജി ഇപ്രകാരം ചെയ്തത് എന്നത് നീതിബോധമുള്ളവരെ ഞെട്ടിപ്പിക്കുന്നതാണ്.  ഇത് അതീവ ഗുരുതരമായ വിഷയമാണെന്നും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും  മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക ഉത്തരവാദിത്വത്തോടെ നടപ്പാക്കുന്ന ഘട്ടംഘട്ടമായ മദ്യനിരോധന പരിപാടിക്ക് പൂര്‍ണ പിന്തുണ നല്കാനുള്ള ഉത്തരവാദിത്വമാണ് കേന്ദ്രത്തിനുള്ളത്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട യാതൊരു വിഷയവും ഇതിലില്ല. രാജ്യത്തോടും ജനങ്ങളോടും പ്രതിബദ്ധതയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ഉറച്ച പിന്തുണയാണു നല്‌കേണ്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

എജി ഹാജരാകുന്നതിനെക്കുറിച്ച് സുപ്രീം കോടതി തന്നെ ചോദ്യമുന്നയിച്ചിട്ടും അദ്ദേഹം മുന്നോട്ടു പോകുകയാണു ചെയ്തത്. ഇത് കേരളത്തോടു ചെയ്ത അനീതിയാണെന്ന്  മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

വയനാട് മെഡിക്കല്‍ കോളജ് മെഡിസിറ്റിയായി ഉയര്‍ത്തും


കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് ഒരു തുടക്കം മാത്രമാണെന്നും മെഡിസിറ്റിയായി ഉയര്‍ത്തുകയെന്നതാണ് സര്‍ക്കാരിന്റെ സ്വപ്നമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

വയനാട് മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപനം കല്‍പ്പറ്റയില്‍ നിര്‍വ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ കോളജ് ആധുനീക ചികിത്സാകേന്ദ്രമായി ഉയര്‍ത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മെഡിക്കല്‍ കോളജിന് 25 ഏക്കര്‍ സ്ഥലം മതിയായിരുന്നു. അത് മെഡിസിറ്റിയായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് 50 ഏക്കറാക്കി ഉയര്‍ത്തിയത്.

മെഡിസിറ്റിയായി ഉയര്‍ത്തുന്നതിനായാണ് 900 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയത്. വയനാടിനെ ഒരു പിന്നോക്കജില്ലയായിരിക്കാന്‍ പാടില്ലെന്ന ദൃഢനിശ്ചയം സര്‍ക്കാരിനുണ്ട്. അതിനായി സര്‍ക്കാരിന് ചില കാഴ്ചപ്പാടുകളുണ്ട്.

അതനുസരിച്ച് ആദ്യലക്ഷ്യം മെഡിക്കല്‍ കോളജായിരുന്നു. രണ്ടാമത് വയനാട് റെയില്‍പാതയാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുകയും അമ്പത് ശതമാനം വിഹിതം നല്‍കാന്‍ സമ്മതമാണെന്നും അറിയിച്ചിട്ടുണ്ട്.

എത്രയും വേഗം ഈ റെയില്‍പാത യാഥാര്‍ത്ഥ്യമാവാന്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാമത്തെ ആവശ്യം വയനാട് ബദല്‍ റോഡാണ്. നിലവിലുള്ള റോഡില്‍ എന്തെങ്കിലും തടസമുണ്ടായാല്‍ മണിക്കൂറുകളോളം ജനങ്ങള്‍ വഴിയില്‍ കിടക്കേണ്ട അവസ്ഥയാണ്. ഇത് സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ്.

ഏതാനം മാസങ്ങള്‍ക്കുള്ളില്‍ ഇത് ടെണ്ടര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. ജനപ്രതിനിധികളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇത്തരത്തിലൊരു വികസനമുന്നേറ്റത്തിന് കാരണം. വയനാട് ജില്ലക്ക് ഇത് മാത്രമല്ല, നിരവധി കാര്യങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. അതെല്ലാം വേഗത്തില്‍ നേടിയെടുക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ നടപടികളും സ്വീകരിക്കും.



സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്ത് ആകെ അഞ്ച് മെഡിക്കല്‍ കോളജ് മാത്രമാണുണ്ടായിരുന്നത്. ഇന്നാല്‍ ഇപ്പോഴത് 16 മെഡിക്കല്‍ കോളജ് എന്ന ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. വയനാട് ഇപ്പോള്‍ നേരിടുന്ന ഒരു പ്രധാനപ്രശ്‌നം വന്യമൃഗശല്യമാണ്.

വനാതിര്‍ത്തികളില്‍ താമസിക്കുന്ന ജനങ്ങളുടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ഒരിടത്ത് വനസംരക്ഷണവും, മൃഗസംരക്ഷണവും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മറുവശത്ത് ജനങ്ങളുടെ കൃഷിക്കും, സ്വത്തിനും, ജീവനും വിലയില്ലാത്ത അവസ്ഥയാണ്. വന്യമൃഗശല്യം പരിഹരിക്കാന്‍ കുറേക്കൂടി ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെഡിക്കല്‍ കോളജിനായി സ്ഥലം നല്‍കിയ എം ജെ വിജയപത്മനെ ആദരിച്ചു. 


2015, ജൂലൈ 12, ഞായറാഴ്‌ച

ദൃഢനിശ്ചയം കേരളത്തെ മുന്‍നിരയില്‍ എത്തിച്ചു


രാജ്യത്തെ ആദ്യ കൗശല്‍ കേന്ദ്ര ചവറയില്‍ തുറന്നു 

കൊല്ലം: മുമ്പില്ലാതിരുന്ന ദൃഢനിശ്ചയം കൈവരിച്ചപ്പോള്‍ കേരളം മാറ്റങ്ങളിലൂടെ മുന്നേറിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്രം ഡിജിറ്റല്‍ ഇന്ത്യ എന്ന പദ്ധതി മുന്നോട്ടുവച്ചപ്പോള്‍ കേരളം ഡിജിറ്റല്‍ കേരളമായി മാറിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ഗ്രാമീണ നൈപുണ്യവികസന കേന്ദ്രമായ കൗശല്‍ കേന്ദ്രയുടെ ഉദ്ഘാടനം ചവറയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള പരീക്ഷകളില്‍ കേരളം മുമ്പന്തിയിലെത്തിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം എങ്ങനെയാവണമെന്ന് നമുക്ക് തീരുമാനിക്കാനുള്ള അവസരം വന്നിരിക്കുകയാണ്. 

സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ ദേശീയ ശരാശരിയേക്കാള്‍ നാം മുന്നിലായി. ലോകത്ത് എവിടെ കലാപമുണ്ടായാലും ആദ്യം നിലവിളി ഉയരുന്നത് കേരളത്തിലാണ്. നമ്മുടെ ഉദ്യോഗാര്‍ഥകള്‍ക്ക് നാട്ടില്‍ത്തന്നെ തൊഴില്‍ നല്‍കാന്‍ അതുകൊണ്ട് നമുക്ക് സാധിക്കണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അഭിരുചി അറിഞ്ഞുള്ള പരിശീലനത്തിന് കൗശല്‍ കേന്ദ്രങ്ങളില്‍ സൗകര്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത മേഖലകളില്‍ മികവ് നല്‍കാന്‍ കൗശല്‍ കേന്ദ്രങ്ങള്‍


നാല് മേഖലകളിലായാണ് കൗശല്‍ കേന്ദ്രയുടെ പ്രവര്‍ത്തനം. ഉദ്യോഗാര്‍ഥികളുടെ അഭിരുചി മനസ്സിലാക്കി അവര്‍ക്ക് ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള അസസ്‌മെന്റ് ആന്‍ഡ് കരിയര്‍ ഗൈഡന്‍സ് സെല്‍, പുതു തലമുറയില്‍ വായനശീലം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ലോകത്തെ മികച്ച ലൈബ്രറികളെ കോര്‍ത്തിണക്കിയ ഡിജിറ്റല്‍ ലൈബ്രറി, ഇംഗ്ലീഷ്, ഹിന്ദി, ജര്‍മന്‍, ഫ്രഞ്ച്, സ്​പാനിഷ് തുടങ്ങിയ ഭാഷകളില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതിനുള്ള ലാംഗ്വേജ് ലാബ്, വിവിധ തൊഴില്‍ മേഖലകളില്‍ വീഡിയോ കോണ്‍ഫറന്‍സിങ് ഉള്‍പ്പെടെ ആധുനിക സാങ്കേതിക പരിശീലനങ്ങള്‍ നല്‍കുന്ന മള്‍ട്ടി സ്‌കില്‍ റൂം എന്നിവ ഒരു കുടക്കീഴില്‍ കൗശല്‍ കേന്ദ്രയില്‍ ഒരുക്കിയിരിക്കുന്നു. കേരളത്തിലെ യുവാക്കളെ അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള തൊഴിലിന് പ്രാപ്തരാക്കാന്‍ സഹായകമായ ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തും. അഭ്യസ്തവിദ്യരായ എല്ലാ യുവജനങ്ങള്‍ക്കും ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. വ്യാവസായിക പരിശീലന പങ്കാളികളുടെ സഹായത്തോടെ വിവിധ വിഷയങ്ങളില്‍ വര്‍ഷം മുഴുവന്‍ നീളുന്ന നൈപുണ്യ പരിപാടികളും നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ നേടു.


2015, ജൂലൈ 10, വെള്ളിയാഴ്‌ച

ജനസമ്പര്‍ക്കം; ധനസഹായം അനുവദിച്ചത് 170.73 കോടി


 മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ മൂന്നുഘട്ടങ്ങളിലായി 170.73 കോടി രൂപ ധനസഹായം അനുവദിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. ഒന്നാം ഘട്ടത്തില്‍ 22.68 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 44.05 കോടി രൂപയും മൂന്നാം ഘട്ടത്തില്‍ 104 കോടി രൂപയും വിവിധ ഇനങ്ങളിലായി ധനസഹായം അനുവദിച്ചു. 

പരിപാടിക്കായി പരസ്യം, പന്തല്‍, ഭക്ഷണം എന്നീ ഇനങ്ങളിലായി 4.42 കോടി രൂപ ഒന്നാം ഘട്ടത്തിലും 4.84 കോടി രൂപ രണ്ടാം ഘട്ടത്തിലും ചെലവായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മൂന്നാംഘട്ടത്തിലെ ചെലവിന്റെ കണക്ക് കിട്ടിയിട്ടില്ല. മൂന്നും ഘട്ടങ്ങളിലുമായി 1247792 അപേക്ഷകള്‍ ലഭിച്ചു.

സംസ്ഥാന സര്‍വീസില്‍ നിന്ന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഇതുവരെ 71603 ഉദ്യോഗസ്ഥര്‍ വിരമിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. സെക്രട്ടേറിയറ്റിലെ പൊതുഭരരണ വകുപ്പില്‍ നിന്ന് 471 പേര്‍ വിരമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ജൂലൈ 9, വ്യാഴാഴ്‌ച

പാഠപുസ്തക വിതരണം 20നു പൂർത്തിയാക്കണം


തിരുവനന്തപുരം∙ പാഠപുസ്തക വിതരണം 20നു പൂർത്തിയാക്കിയേ തീരൂ എന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കർശന നിർദേശം. അച്ചടി 17നു മുൻപ് തീർക്കുകയും ബയന്റിങ് 18ന് അവസാനിപ്പിക്കുകയും 19നു ജില്ലാ കേന്ദ്രങ്ങളിൽ വിതരണത്തിനെത്തിക്കുകയും വേണം. 20ന് ഇതു സ്കൂളുകളിൽ വിദ്യാർഥികളുടെ കൈവശം എത്തിയിരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഏതു മാർഗം ഉപയോഗിച്ചാണെങ്കിലും ഈ സമയത്തിനുള്ളിൽ അച്ചടി പൂർത്തിയാക്കിയിരിക്കണമെന്നു കെബിപിഎസ് അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വകാര്യ പ്രസിൽ കൊടുത്തോ അല്ലാതെയോ അച്ചടി പൂർത്തിയാക്കി നിശ്ചിത ദിവസത്തിനുള്ളിൽ പുസ്തകം ലഭിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ടെൻഡർ വിളിക്കാതെ സ്വകാര്യ പ്രസിനെ അച്ചടി ഏൽപ്പിക്കാൻ സാങ്കേതിക തടസമുണ്ടെന്ന് പ്രിന്റിങ് സെക്രട്ടറി രാജു നാരായണ സ്വാമി ചൂണ്ടിക്കാട്ടിയപ്പോൾ അച്ചടിച്ചുമതല കെബിപിഎസിന് ആണെന്നും നിശ്ചിത സമയത്തിനുള്ളിൽ അതു തീർക്കേണ്ട ഉത്തരവാദിത്തം അവർ ഏറ്റെടുക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. വീഴ്ച സംഭവിച്ചാൽ അവർ സമാധാനം പറയണം. ഏതു പ്രസിൽ എങ്ങനെ അടിക്കണമെന്നു കെബിപിഎസുകാർ നോക്കിക്കൊള്ളും.

ആകെ ആവശ്യമുള്ള 2,46,92,765 പുസ്തകങ്ങളിൽ 25 ലക്ഷം കൂടിയേ അച്ചടിക്കാനുള്ളൂവെന്ന് അധികൃതർ യോഗത്തിൽ അറിയിച്ചു. അച്ചടി പൂർത്തിയാക്കിയ 13 ലക്ഷം പുസ്തകങ്ങൾ ജില്ലാ കേന്ദ്രങ്ങളിൽ കെട്ടിക്കിടപ്പുണ്ട്. അത് ഇന്നും നാളെയുമായി വിതരണം ചെയ്യുന്നതിനു തപാൽ വകുപ്പിനെ സഹായിക്കാൻ ജില്ലാ ടെക്സ്റ്റ് ബുക്ക് ഓഫിസുകളിലെ ജീവനക്കാരെ പ്രത്യേകം നിയോഗിച്ചു. വലിയ വണ്ടിയിൽ പുസ്തകം കൊണ്ടു പോകുന്നതിനു കാത്തിരിക്കാതെ ചെറിയ വണ്ടികളിൽ എത്രയും വേഗം എത്തിച്ചു കൊടുക്കണമെന്നു തപാൽ വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്.