UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, മാർച്ച് 22, ഞായറാഴ്‌ച

സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയവത്കരിക്കരുത്


മുളങ്കുന്നത്തുകാവ്: സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയത്തിനതീതമാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മാനവസംസ്‌കൃതി തൃശ്ശൂര്‍ കിലയില്‍ സംഘടിപ്പിച്ച സംസ്ഥാനതല ക്യാമ്പിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈബ്രറി കൗണ്‍സിലിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ മടിക്കില്ല. എന്നാല്‍, രാഷ്ട്രീയത്തിന്റെ പേരില്‍ ലൈബ്രറി കൗണ്‍സില്‍ പിരിച്ചുവിടാന്‍ ആലോചനയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാനവസംസ്‌കൃതി ചെയര്‍മാന്‍ പി.ടി. തോമസ് അധ്യക്ഷത വഹിച്ചു. 

2015, മാർച്ച് 19, വ്യാഴാഴ്‌ച

പാര്‍ട്ടി വക്താക്കളുടെ കാര്യം സുധീരന്‍ തീരുമാനിക്കും


 പാര്‍ട്ടി നിലപാടിനു വിരുദ്ധമായി പരസ്യനിലപാടു സ്വീകരിക്കുന്ന കെപിസിസി വക്താക്കളെ എന്തു ചെയ്യണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ തീരുമാനിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.   

കെ.എം. മാണി മന്ത്രിസ്ഥാനത്തു നിന്നു മാറണമെന്നു പറയുന്നതു പാര്‍ട്ടി നിലപാടല്ല. കോണ്‍ഗ്രസിന്റെ നിലപാട് കെപിസിസി പ്രസിഡന്റ് സുധീരനും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും യുഡിഎഫ് ചെയര്‍മാനുമായ താനും പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി വക്താവ് പന്തളം സുധാകരന്‍ ഫേസ് ബുക്കില്‍ നല്‍കിയതും മറ്റൊരു വക്താവ് അജയ് തറയില്‍ ചാനലില്‍ പറഞ്ഞതും പാര്‍ട്ടിയുടെ അഭിപ്രായമല്ല. കെ.എം. മാണി കുറ്റം ചെയ്തതായി തങ്ങള്‍ കരുതുന്നില്ല. 

ഇന്നുവരെ നടത്തിയ അന്വേഷണത്തിലും അതു തെളിഞ്ഞിട്ടില്ലെന്നാണു മാധ്യമങ്ങളില്‍ നിന്നു മനസിലാകുന്നത്. തെളിവു നല്‍കാന്‍ പോയവരെല്ലാം പുറത്തിറങ്ങി മാധ്യമങ്ങളോടു പറഞ്ഞതു ശരിയെങ്കില്‍ ഇക്കാര്യത്തില്‍ തെളിവില്ല.    ഈ വിഷയത്തില്‍ ആരെങ്കിലും പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടുണ്ടോയെന്നു കെപിസിസി പ്രസിഡന്റ് പറയും. അങ്ങനെയുള്ള വക്താക്കളെ എന്തു ചെയ്യണമെന്നും അദ്ദേഹം തീരുമാനിക്കും. ബാര്‍ കേസിലെ കുറ്റപത്രം സംബന്ധിച്ചു കെ.എം. മാണി ചാനലുകളോടു പറഞ്ഞത് എന്തെന്നു തനിക്ക് അറിയില്ല. 

കേസില്‍ നിയമപരമായ നടപടികളാണു നടക്കുന്നത്. കുറ്റപത്രം നല്‍കിയാലും രാജി വയ്ക്കില്ലെന്ന മാണിയുടെ പ്രസ്താവനയെക്കുറിച്ചു പത്രലേഖകര്‍ ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഇല്ലാത്ത പ്രശ്‌നത്തിനു മറുപടി പറയണമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിയമസഭയുടെ ഈ സമ്മേളനകാലത്തു ഡപ്യൂട്ടി സ്പീക്കര്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിനു, ക്യാമറ ഇല്ലായിരുന്നുവെങ്കില്‍ മറുപടി പറയാമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

പ്രതിപക്ഷം വിഡിയോ ദൃശ്യങ്ങള്‍ കാണിക്കാത്തത് എന്തേ?


 നിയമസഭയിലെ അക്രമങ്ങളുടെ 140 ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ച പ്രതിപക്ഷം എന്തുകൊണ്ടാണു വിഡിയോ ദൃശ്യങ്ങള്‍ കാണിക്കാത്തതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വനിതകളെ അവര്‍ ചാവേര്‍പ്പടയാക്കി. ആയിരത്തിലേറെ പേര്‍ നേരിട്ടു കാണുകയും നൂറോളം ക്യാമറകള്‍ കണ്‍തുറന്നിരിക്കിരിക്കുകയും ചെയ്ത ഇതുപോലൊരു സംഘര്‍ഷവേദിയില്‍ ലൈംഗിക ചുവയുള്ള പ്രവര്‍ത്തനം നടത്തിയെന്നു പറഞ്ഞാല്‍ ആരാണു വിശ്വസിക്കുക.

അല്ലെങ്കില്‍ അതിനുതക്ക തെളിവു കൊണ്ടുവരാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു. ജമീല പ്രകാശത്തെ  ആരെങ്കിലും ആക്രമിക്കുന്നതു താന്‍ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നിലപാടു ജനങ്ങള്‍ക്കു മുന്നില്‍ അവരെ വീണ്ടും അപഹാസ്യരാക്കും. ഇതൊന്നും പെട്ടെന്നുണ്ടായതല്ല, നേരത്തേ ആസൂത്രണം ചെയ്തതാണ് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. 

സംഘര്‍ഷത്തിനു നടുവിലേക്കു വനിതകളെ പറഞ്ഞുവിട്ടത് എന്തിനാണ്? സ്ത്രീകളെയും കുട്ടികളെയും ഇത്തരം സന്ദര്‍ഭങ്ങളില്‍ സംരക്ഷിക്കുകയല്ലേ വേണ്ടത്? എന്നിട്ട് അതീവ ഗുരുതര ആക്ഷേപവും ഉന്നയിക്കുന്നു. സ്ത്രീസംരക്ഷണ നിയമങ്ങള്‍ ദുരുപയോഗിക്കരുതെന്ന് എല്ലാവരും ആവശ്യപ്പെടുമ്പോഴാണ് ഇവിടെ അതു ചെയ്യുന്നത്. ഇത്തരം ദുഷ്പ്രചാരണം വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. അന്നത്തെ അക്രമങ്ങളുടെ വിഡിയോ ഒന്നിച്ചു കാണാമെന്നു താന്‍ പറഞ്ഞപ്പോള്‍ പ്രതിപക്ഷം തയാറായില്ല. സസ്‌പെന്‍ഷനിലായ എംഎല്‍എമാര്‍ക്ക് അതു ചോദ്യം ചെയ്യാന്‍ പോലും നിവൃത്തിയില്ല. കാരണം, അവര്‍ ചെയ്തതെന്തെന്ന് അത്ര പ്രകടമായി ജനങ്ങള്‍ കണ്ടതാണ്. തെറ്റു ചെയ്‌തെന്നു ജനത്തിനു ബോധ്യപ്പെട്ടവരെ മാത്രമേ സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളൂ.

മറ്റെന്തെങ്കിലും വികാരത്തിന്റെ പേരിലായിരുന്നെങ്കില്‍ എത്ര പേരെ സസ്‌പെന്‍ഡ് ചെയ്യണമായിരുന്നു. നിയമസഭയില്‍ നടന്നതെല്ലാം താന്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. സ്പീക്കറുടെ വേദിയില്‍ നടന്നതും കണ്ടു. മന്ത്രി കെ.എം. മാണി വന്നതും ബജറ്റ് അവതരിപ്പിച്ചതും തിരിഞ്ഞു നോക്കി കണ്ടു. എന്നാല്‍ ജമീല പ്രകാശത്തെ ഉപദ്രവിക്കുന്നതു കണ്ടില്ല. ആക്രമണത്തെയൊന്നും തനിക്കു പേടിയില്ല. അതുകൊണ്ടു സീറ്റില്‍ തന്നെ ഇരുന്നു. ആരെങ്കിലും തന്നെ ആക്രമിക്കാന്‍ ശ്രമിച്ചോയെന്ന് അറിയില്ല. തന്റെ പുറത്തേക്കു വന്നു വീണവരുണ്ട്. അതു മന:പൂര്‍വമായിരുന്നെന്നു കരുതുന്നില്ല. ബഹളത്തിനിടെ സംഭവിച്ചതാണ്. 

ഇതെല്ലാം 'പാര്‍ട്ട് ഓഫ് ദ് ഗെയിം ആണ്. തന്നെ സംരക്ഷിക്കാന്‍ ചുറ്റും ആളുകള്‍ നിന്നിരുന്നു എന്നതു ശരിയാണ്. സംഭവങ്ങളുടെ വിഡിയോ പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ പറ്റാത്തതാണെന്നു പറയുന്നതില്‍ അര്‍ഥമില്ല. അതു ടിവിയിലൂടെ എല്ലാവരും കണ്ടു കഴിഞ്ഞതല്ലേ. നിയമസഭയ്ക്കുള്ളിലെ ലഡു വിതരണം ഒഴിവാക്കേണ്ടതായിരുന്നു. എന്നാല്‍ സ്പീക്കറുടെ വേദി തകര്‍ത്ത് അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയതും ലഡു വിതരണം ചെയ്തതും ഒരുപോലെയാണോ? ബന്ധപ്പെട്ടവരില്‍നിന്നു നഷ്ടം ഈടാക്കാന്‍ നിയമ നടപടി ഉണ്ടാകും. ഇക്കാര്യത്തില്‍ മുന്‍വിധിയോ വൈരാഗ്യമോ ഇല്ല. കേസ് അതിന്റെ വഴിക്കു പോകും.

പ്രതിപക്ഷ നേതാവ് 13നു നല്‍കിയ പരാതിയില്‍ സ്ത്രീ പീഡനത്തെക്കുറിച്ചു പറഞ്ഞിരുന്നില്ല. വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ ആയിരുന്നു അന്നത്തെ പരാതി. സഭയിലെ  ബഹളത്തിന്റെ പേരില്‍ സ്ത്രീ പീഡനത്തിനു പൊലീസ് കേസ് എടുക്കാന്‍ പറ്റുമോയെന്നതു സ്പീക്കറുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.    

2015, മാർച്ച് 17, ചൊവ്വാഴ്ച

പ്രതിപക്ഷം ചെയ്തത് ശരിയാണോയെന്ന് അനുഭാവികളോട് തന്നെ ചോദിക്ക്


ബജറ്റ് ദിനത്തില്‍ നിയമസഭയിലുണ്ടായ സംഭവം കേരളത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സംഭവം നാണക്കേടുണ്ടാക്കി. പ്രതിപക്ഷം ചെയ്തത് ശരിയാണോയെന്ന് സ്വന്തം അനുഭാവികളോട് തന്നെ ചോദിച്ചു നോക്കണം. അനുരഞ്ജനത്തിന്റെ വഴിയടച്ചത് പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഒരു തെറ്റും ചെയ്യാത്ത യുഡിഎഫ് എംഎല്‍മാരെ ബലിയാടാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് അംഗങ്ങള്‍ക്കെതിരെ നേരത്തെ പരാതി പറഞ്ഞിരുന്നില്ല. പ്രതിപക്ഷത്തിനെതിരെ നടപടിയെടുത്തിരുന്നില്ലെങ്കില്‍ അക്രമം കാട്ടിയവരേക്കാള്‍ കുറ്റക്കാരനായേനേ. വി എസ് സഭയില്‍ നടത്തിയത് നേതാവിനു ചേരാത്ത പരാമര്‍ശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുമുന്നണിയുടെ സമനില തെറ്റി


ഇടതുമുന്നണിയുടെ സമനില തെറ്റിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനാധിപത്യരഹിതമായ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. മാര്‍ച്ച് 13 ന് നിയമസഭയെ ബന്ദിയാക്കിയ പ്രതിപക്ഷം മാര്‍ച്ച് 14 ന് കേരളത്തെയും ബന്ദിയാക്കി. നിയമസഭയിലെ ക്യാമറ പരിശോധിച്ചാല്‍ പ്രതിപക്ഷത്തെ ഒരു എംഎല്‍എയും രക്ഷപെടില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണ്, സഭയിലെ സംഭവങ്ങളുടെ ദൃശ്യം പരിശോധിക്കാന്‍ പ്രതിപക്ഷത്തെ ക്ഷണിക്കുകയാണ്. യുഡിഎഫിന്റെ ഏതെങ്കിലും എംഎല്‍എ അപമര്യാദയായി പെരുമാറിയോ എന്നു പരിശോധിക്കാം. ഇതിനു പ്രതിപക്ഷം തയാറല്ല. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതുവരെ ഇല്ലാത്ത ആരോപണങ്ങള്‍ ഭരണപക്ഷത്തിനെതിരെ ഉന്നയിച്ച് ആടിനെ പട്ടിയാക്കാനാണു പ്രതിപക്ഷം ശ്രമിച്ചത്. പ്രതിപക്ഷം സഭയുടെ എല്ലാ പരിപാവനതയും തകര്‍ത്തു. എല്ലാ മലയാളികള്‍ക്കും നാണക്കേടുണ്ടാക്കി. എന്നിട്ടും ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ പഴിചാരുന്നതിനു പ്രതിപക്ഷം വലിയവില നല്‍കേണ്ടിവരും. 

അക്രമസംഭവങ്ങള്‍ കേരളത്തിനാകെ നാണക്കേട്‌


നിയമസഭയിലെ അക്രമസംഭവങ്ങള്‍ കേരളത്തിന് ആകെ നാണക്കേടായ സംഭവമായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സഭയുടെ ചരിത്രത്തില്‍ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല.

പ്രതിഷേധത്തിന് പരിധിയും മിതത്വവും വേണം. പ്രതിപക്ഷം അതെല്ലാം മറന്നുവെന്നും ഭരണ കക്ഷി എംഎഎമാര്‍ക്ക് എതിരെ 13 ആം തീയതി ആക്ഷേപം പറഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണ കക്ഷിയിലെ ഒരു എംഎല്‍എയും ഡയസില്‍ കയറിയിട്ടില്ല. ഭരണ കക്ഷിയിലെ അംഗങ്ങള്‍ അവരവരുടെ സീറ്റിനടുത്താണ് ഇരുന്നത്. സംശയമുണ്ടെങ്കില്‍ ഒന്നച്ചിരുന്ന ദൃശ്യങ്ങള്‍ കാണാമെന്നും മുഖ്യമന്ത്രി. ജനങ്ങളുടെ പ്രതികരണം ഇടത് മുന്നണി അനുയായികളോട് ചോദിക്കട്ടെ എന്നും മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞു.

സിനിമ അവാര്‍ഡ്തുക കൂട്ടും

രാജ്യാന്തര ചലച്ചിത്രോത്സവം സമാപിച്ചു
കോട്ടയം: ചലച്ചിത്ര അവാര്‍ഡുകള്‍ക്കുള്ള സമ്മാനത്തുക കൂട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത് ഞായറാഴ്ച രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശകളെല്ലാം സമയബന്ധിതമായി നടപ്പിലാക്കും. സാധാരണക്കാരന്റെ വിനോദോപാധിയാണ് സിനിമ. ഈ പ്രാധാന്യം ഉള്‍ക്കൊണ്ടുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍തീര്‍ത്ത കോട്ടയത്തെ പ്രതിഭകളെ ആദരിച്ചുകൊണ്ടാണ് ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങിയത്. കോട്ടയത്ത് നടാടെ അരങ്ങേറിയ ചലച്ചിത്രോത്സവം പ്രതിനിധികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധനേടി. 1700 പ്രതിനിധികള്‍ നാലുദിവസമായി നടന്ന ഉല്‍സവത്തിനെത്തി.

കോട്ടയത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ അരവിന്ദന്റേയും ജോണ്‍ ഏബ്രഹാമിന്റേയും സ്മരണകള്‍ക്ക് ആദരംഅര്‍പ്പിച്ചാണ് ചടങ്ങുകള്‍ തുടങ്ങിയത്. അരവിന്ദന്റെ 14-ാം ചരമവാര്‍ഷികദിനമായിരുന്നു ഞായറാഴ്ചയെന്നതും ആകസ്മികതയായി.

മലയാളചലച്ചിത്രലോകത്ത് വേറിട്ട സംവിധാനമികവിലൂടെ സ്വന്തം ഇടംനേടിയ കെ.ജി. ജോര്‍ജിന് ഈരംഗത്തെ ആജീവനാന്ത സേവനങ്ങള്‍ക്കുള്ള അംഗീകാരംനല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു, പുരസ്‌കാരം സമ്മാനിച്ചു. സപ്തതിയിലെത്തിയ കെ.ജി.ജോര്‍ജ്, ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിച്ചാണ് ചടങ്ങിനെത്തിയത്. അംഗീകാരത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

2015, മാർച്ച് 16, തിങ്കളാഴ്‌ച

ഭിന്നശേഷിക്കാര്‍ സാങ്കേതിക വളര്‍ച്ചനേടണം


  ഭിന്നശേഷിക്കാര്‍ സാങ്കേതികമായ അറിവില്‍ ഉയര്‍ച്ച നേടേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിഭാഗവുമായി സഹകരിച്ച് പ്രത്യേക സംവിധാനം രൂപികരിച്ചട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് (കെഎഫ്ബി) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.     

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആകാശവാണി അവതാരക ലീലാമ്മ മാത്യു, കാഴ്ചയില്ലാത്തവരുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത അനന്ദു ശശികുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ റേഡിയോ വിതരണം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു.     

പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാര്

 
നിയമസഭയിലെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

 എന്നാല്‍ പ്രതിപക്ഷത്തിന്‍റെ എല്ലാ വ്യവസ്ഥകളും അംഗീകരിക്കാനാകില്ല. വനിതാ എം.എല്‍.എ മാര്‍ക്കെതിരെയുണ്ടായ അക്രമം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം ആറന്മുളയില്‍ പറഞ്ഞു.

 ബജറ്റ് അവതരണവേളയിലെ അക്രമസംഭവങ്ങളുടെ പ്രതിക്കൂട്ടില്‍നിന്നു രക്ഷപ്പെടാന്‍ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങളാണു പ്രതിപക്ഷം ഉന്നയിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വെള്ളിയാഴ്ച ഒരുകുറ്റവും പറയാതിരുന്നവര്‍ ഇന്നലെ പുതിയ ആരോപണവുമായി വന്നതിന്റെ ലക്ഷ്യം വേറെയാണ്. 

പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണ്, സഭയിലെ സംഭവങ്ങളുടെ ദൃശ്യം പരിശോധിക്കാന്‍ പ്രതിപക്ഷത്തെ ക്ഷണിക്കുകയാണ്. യുഡിഎഫിന്റെ ഏതെങ്കിലും എംഎല്‍എ അപമര്യാദയായി പെരുമാറിയോ എന്നു പരിശോധിക്കാം. ഇതിനു പ്രതിപക്ഷം തയാറല്ല. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതുവരെ ഇല്ലാത്ത ആരോപണങ്ങള്‍ ഭരണപക്ഷത്തിനെതിരെ ഉന്നയിച്ച് ആടിനെ പട്ടിയാക്കാനാണു പ്രതിപക്ഷം ശ്രമിച്ചത്. പ്രതിപക്ഷം സഭയുടെ എല്ലാ പരിപാവനതയും തകര്‍ത്തു. എല്ലാ മലയാളികള്‍ക്കും നാണക്കേടുണ്ടാക്കി. എന്നിട്ടും ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ പഴിചാരുന്നതിനു പ്രതിപക്ഷം വലിയവില നല്‍കേണ്ടിവരും. 

വിഷയവുമായി ബന്ധപ്പെട്ടു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സഭയില്‍ നടത്തിയ പ്രസംഗം ആ സ്ഥാനത്തിനു ചേര്‍ന്നതല്ല. അഞ്ചുപേര്‍ക്കെതിരെയാണ് സഭ നടപടിയെടുത്തത്. അവരോടു പുറത്തുപോകാന്‍ മൂന്നുതവണ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിച്ചു പുറത്താക്കാതിരുന്നത് കഴിഞ്ഞദിവസത്തെപ്പോലെ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ്. വെള്ളിയാഴ്ച സഭയ്ക്കുള്ളില്‍  അക്രമംനടത്തിയ പ്രതിപക്ഷം പിറ്റേന്ന് ഹര്‍ത്താല്‍ നടത്താനാണു ശ്രമിച്ചത്. ജനങ്ങളെ മറന്നുകൊണ്ടുള്ള അവരുടെ പ്രവൃത്തികള്‍ മുഖംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


റാണി, ചിത്തിര കായലുകളെ സംസ്ഥാനത്തിന്റെ മാതൃകാ നെല്‍കൃഷി കേന്ദ്രമാക്കും

കുട്ടനാട്ടിലെ ചിത്തിരക്കായല്‍ പാടശേഖരത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നു.

നിശ്ചയദാര്‍ഢ്യവും മനക്കരുത്തും വിജയിച്ചു; ചിത്തിരക്കായലില്‍ നൂറുമേനി വിളവ്. കര്‍ഷകജനതയുടെ ആഹ്ലാദാരവങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ചിത്തിരപ്പള്ളിക്കു സമീപം കായല്‍നിലത്തിറങ്ങി മുഖ്യമന്ത്രി പൊന്‍കതിരുകള്‍ കൊയ്‌തെടുത്തു. രണ്ടു പതിറ്റാണ്ടിലേറെ തരിശായിക്കിടന്ന ചിത്തിരക്കായലില്‍ നെല്‍കൃഷി പുനരാരംഭിച്ച ശേഷമുള്ള ആദ്യത്തെ വിളവെടുപ്പാണു മുഖ്യമന്ത്രി നിര്‍വഹിച്ചത്. 

വലിയ സംതൃപ്തി നല്‍കുന്ന അഭിമാന മുഹൂര്‍ത്തമെന്നു വിളവെടുപ്പിനുശേഷം മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വലിയ കൂട്ടായ്മയുടെ വിജയമാണിത്-കുട്ടനാട്ടില്‍ കൃഷിക്കു തുടക്കമിട്ട മുരിക്കനെ അനുസ്മരിച്ചുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കലക്ടര്‍ വഹിച്ച പങ്ക് എത്ര പ്രശംസിച്ചാലും മതിവരില്ല. കലക്ടര്‍ കര്‍ഷകമിത്രവും ജനകീയനുമായി മാറി. 

ചിത്തിരക്കായിലിലെ 325 ഹെക്ടറില്‍ 100 ഹെക്ടറിലാണ് ഇവണ കൃഷിയിറക്കിയത്. ഈ വര്‍ഷം തന്നെ ബാക്കി സ്ഥലത്തും തൊട്ടടുത്തുള്ള റാണി കായലിലും കൃഷി ചെയ്യണം. രണ്ടു കായലുകളെയും കേരളത്തിന്റെ മാതൃകാ നെല്‍കൃഷി കേന്ദ്രമാക്കുകയാണു ലക്ഷ്യം. നെല്ലു സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ഉടനെ വില ലഭിക്കാന്‍ മാത്രമായി 300 കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചതു നെല്‍കൃഷി ഉള്‍പ്പെടെ കാര്‍ഷിക മേഖലയെ നല്ലതുപോലെ കൊണ്ടുപോകാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതിന്റെ തെളിവാണ്. നെല്ലിന്റെ സംഭരണവില കൂട്ടാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. നീരയുടെ വരവോടെ നാളികേര മേഖലയില്‍ വലിയ മാറ്റമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചിത്തിരക്കായല്‍ മാതൃകയില്‍ ജില്ലയില്‍ തരിശുനിലം കൃഷിയോഗ്യമാക്കാനുള്ള വിപുലമായ പദ്ധതി തയാറാക്കാന്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. ചിത്തിരക്കായലില്‍ കൃഷി ചെയ്യാന്‍ മുന്നിട്ടിറങ്ങി വിജയിപ്പിച്ച കര്‍ഷക പ്രമുഖന്‍ ജോസ് ജോണ്‍ വെങ്ങാന്തറയെയും നെല്ലുല്‍പാദക സമിതി പ്രസിഡന്റ് വി. മോഹന്‍ദാസിനെയും തോമസ് ചാണ്ടി എംഎല്‍എ ആദരിച്ചു.