UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ഏപ്രിൽ 14, ശനിയാഴ്‌ച

പലിശരഹിതവായ്‌പയെന്ന കര്‍ഷകരുടെസ്വപ്നം സാക്ഷാത്കരിക്കും

പലിശരഹിതവായ്‌പയെന്ന കര്‍ഷകരുടെസ്വപ്നം സാക്ഷാത്കരിക്കും

 

ചിറ്റൂര്‍: പലിശരഹിതവായ്പയെന്ന കര്‍ഷകരുടെസ്വപ്നം സാക്ഷാത്കരിക്കുന്നതിന് ശ്രമമാരംഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.


വെള്ളിയാഴ്ചരാവിലെ ചിറ്റൂരില്‍ രണ്ട് വ്യത്യസ്ത യോഗങ്ങളില്‍ പ്രസംഗിക്കയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാര്‍ഷികവായ്പകള്‍ക്ക് പലിശയിനത്തില്‍ നല്‍കിവരുന്ന സബ്‌സിഡികള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്കാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്.

നെല്ലുസംഭരണത്തിന്റെ വിലയായി കര്‍ഷകര്‍ക്ക് 75 കോടിരൂപ കഴിഞ്ഞദിവസം അനുവദിച്ചു. ചിറ്റൂര്‍ മേഖലയില്‍ ഇത് ലഭ്യമാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കും. ചിറ്റൂര്‍താലൂക്കിലെ കടുത്ത ജലക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും.

കുടുംബനാഥന്‍മരിച്ച് എത്രവര്‍ഷം കഴിഞ്ഞാലും കുടുംബത്തിന് നല്‍കുന്ന ആനുകൂല്യം അപേക്ഷ സമര്‍പ്പിച്ചാലുടന്‍ നല്‍കും. തുകയുടെപരിധി ഏപ്രില്‍ ഒന്നു മുതല്‍ 10,000ത്തില്‍നിന്ന് 20,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2 മാസത്തിനുള്ളില്‍ സൗദി ജയിലില്‍നിന്ന്‌ നാട്ടിലെത്തിയത്‌ ആറു മലയാളികള്‍

2 മാസത്തിനുള്ളില്‍ സൗദി ജയിലില്‍നിന്ന്‌ നാട്ടിലെത്തിയത്‌ ആറു മലയാളികള്‍
 

 
 സംസ്‌ഥാന സര്‍ക്കാര്‍ പ്രവാസി സ്വപ്‌നസാഫല്യം പദ്ധതി ആരംഭിച്ചു രണ്ടു മാസത്തിനുള്ളില്‍ സൗദി അറേബ്യയിലെ ജയിലില്‍നിന്നു നാട്ടിലെത്തിയത്‌ ആറു മലയാളികള്‍. ഒടുവില്‍ നാട്ടിലെത്തിയതു പാലക്കാട്‌ പള്ളിപ്പുറം ചെറുകുന്നുമ്മല്‍ ബൈജുവാണ്‌. 

11 മാസം റിയാദിലെ മലസ ജയിലിലായിരുന്നു ബൈജു. ഏറ്റവുമാദ്യം നാട്ടില്‍ എത്തിയതാകട്ടെ കോട്ടയം സ്വദേശി ചാണ്ടിക്കുഞ്ഞും. ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയതിനെത്തുടര്‍ന്നാണ്‌ ആദ്യ ഗുണഭോക്‌താവായി ചാണ്ടിക്കുഞ്ഞിനെ തെരഞ്ഞെടുത്തത്‌. ആറുമാസം മുമ്പു സൗദിയിലെത്തിയ ചാണ്ടിക്കുഞ്ഞിന്റെ രേഖകള്‍ കാണാതാവുകയായിരുന്നു.

ശിക്ഷാ കാലാവധി കഴിഞ്ഞും സൗദിയില്‍ ജയിലില്‍ കഴിയുന്നവരേയും രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ കുടുങ്ങിക്കിടക്കുന്നവരേയും നാട്ടിലെത്തിക്കാനാണു സംസ്‌ഥാന സര്‍ക്കാര്‍ പ്രവാസി സ്വപ്‌ന സാഫല്യം പദ്ധതി ആരംഭിച്ചത്‌. ഫെബ്രുവരി എട്ടിനു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണു പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌. 

സൗദിയിലെ പ്രമുഖ മലയാളി വ്യവസായ സംരംഭമായ ഐ.ടി.എല്‍. ആന്‍ഡ്‌ ഇറാം ഗ്രൂപ്പിന്റെ സഹകരണത്തോടെ നോര്‍ക്ക- റൂട്ട്‌സാണു പദ്ധതി നടപ്പാക്കുന്നത്‌. ഐ.ടി.എല്‍, ഇറാം ഗ്രൂപ്പാണു മടക്കയാത്രക്കുള്ള ടിക്കറ്റ്‌ നല്‍കുന്നത്‌. ജയിലില്‍ കഴിയുന്ന പ്രവാസികളുടെ വിവരങ്ങള്‍ ഗള്‍ഫ്‌ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ബന്ധപ്പെട്ട രാജ്യത്തെ അറിയിക്കാറില്ല. ബന്ധുക്കളും സംഘടനകളും ജനപ്രതിനിധികളും നല്‍കുന്ന വിവരമനുസരിച്ച്‌ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണു പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുന്നത്‌. 

യു.എ.ഇയിലും പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌. ഇതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കു ബജറ്റില്‍ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.

2012, ഏപ്രിൽ 12, വ്യാഴാഴ്‌ച

തീരുമാനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ആകണമെന്നില്ല

തീരുമാനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ആകണമെന്നില്ല


തിരുവനന്തപുരം: എല്ലാ തീരുമാനങ്ങളും എല്ലാ അവസരങ്ങളിലും നാം പൂര്‍ണമായി ആഗ്രഹിക്കുന്ന തരത്തിലായിരിക്കണമെന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നത് സാമുദായിക സന്തുലനത്തെ ബാധിക്കില്ലേയെന്ന ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് തീരുമാനങ്ങള്‍ എടുക്കേണ്ടി വരിക. ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തി ഏതെങ്കിലും സാമുദായിക വിഭാഗത്തോട് അനീതി ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുക. ഉണ്ടെന്ന് പറഞ്ഞാല്‍ അത് തിരുത്താന്‍ തയ്യാറാണ്. 

അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച എന്‍.എസ്.എസ്സിന്റെ വിമര്‍ശം ചൂണ്ടിക്കാണിച്ചപ്പോള്‍ ഞങ്ങളെ സ്തുതിക്കുന്ന അഭിപ്രായം മാത്രമല്ല വിമര്‍ശങ്ങളും ഞങ്ങള്‍ സ്വീകരിച്ച് വിലയിരുത്തുമെന്നായിരുന്ന മറുപടി. കോണ്‍ഗ്രസിലെ എതിര്‍പ്പുകളോട് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചു. ഓരോ സാഹചര്യം വിലയിരുത്തണം. ഓവറോളായ ലക്ഷ്യം കണ്ട് രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. 

തീരുമാനം ഇതായിരുന്നെങ്കില്‍ ഇത്രയും ചര്‍ച്ച നടത്താതെ നേരത്തെയെടുക്കാമായിരുന്നില്ലേയെന്ന ചോദ്യത്തിന് എല്ലാ തീരുമാനങ്ങള്‍ക്കും ഒരു സമയമുണ്ട്. ഈ തീരുമാനത്തിനുള്ള സമയം ഇന്നായിരുന്നു. ഇത് കീഴടങ്ങലല്ല, അടിച്ചേല്പിക്കലുമല്ല. യു.ഡി.എഫില്‍ ആരും ആര്‍ക്കും കീഴടങ്ങുന്നില്ല. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് പതിവ്- മുഖ്യമന്ത്രി പറഞ്ഞു. 

ശക്തിയുള്ള പാര്‍ട്ടിക്കേ ജനാധിപത്യ രീതിയില്‍ പ്രതികരിക്കാന്‍ കഴിയൂ. ഇനിയും മന്ത്രിസ്ഥാനം ഒഴിച്ചിടുന്നില്ലേയെന്ന ചോദ്യത്തിന് ഒരു മന്ത്രിസ്ഥാനം ആവശ്യമായി വന്നാല്‍ രണ്ടൊഴിവുണ്ടാകുമെന്നായിരുന്നു മറുപടി. 

കാന്‍സര്‍ രോഗികളുടെ പെന്‍ഷന് വരുമാനപരിധി ഉയര്‍ത്തി

കാന്‍സര്‍ രോഗികളുടെ പെന്‍ഷന് വരുമാനപരിധി ഉയര്‍ത്തി 

 

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വരുമാന പരിധി മൂന്ന് ലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കാന്‍സര്‍ രോഗികള്‍ക്ക് പ്രതിമാസം 525 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സ നടത്തുന്നവര്‍ക്കും ബാധകമാക്കിയിട്ടുണ്ട്.

ഐ.എച്ച്.ആര്‍.ഡിയുടെ ഭാഗമായി തുടങ്ങാനിരിന്ന ഐ.സി.ടി അക്കാദമിയെ കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ കീഴിലാക്കാനും മന്ത്രിസഭായോഗം തീരുമാനമെടുത്തിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് ഐ.എച്ച്.ആര്‍.ഡി. ഐ.ടി. ഇന്‍ഫ്രസ്ട്രക്ചര്‍ ലിമിറ്റഡ് ഐ.ടി വകുപ്പിന്റെ കീഴിലാണ്. മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ ഐ.സി.ടി അക്കാദമിയുടെ ഡയറക്ടറാകുന്നതുമായി ബന്ധപ്പെട്ട് വന്‍ വിവാദമുയര്‍ന്നിരുന്നു.

പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ എത്രയും വേഗം ലേലം ചെയ്ത് വില്‍ക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. വിലനിര്‍ണയം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയിട്ടുണ്ട്. യുവജനക്ഷേമകാര്യ വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സെക്ഷന്‍ അനുവദിക്കും. മലയോര വികസന ഏജന്‍സിയുടെ സ്‌പെഷ്യല്‍ ഓഫീസറായി ജോയിന്റ് ഡെവലപ്‌മെന്റ് കമ്മിഷണര്‍ എ.സ്റ്റാന്‍ലിയെ നിയമിച്ചിട്ടുണ്ട്. 

മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളില്‍ വിദേശ സഹായത്തോടെ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിക്ക് 1.48 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടെന്‍ഡര്‍ തുക കൂട്ടിനല്‍കാത്തതിനാല്‍ വിദേശ സഹായം നഷ്ടമാകുന്ന അവസ്ഥയുണ്ടെന്നും വിദേശ ഏജന്‍സികള്‍ക്ക് പിഴ നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത് ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഈ തുക നല്‍കുന്നത്. 

കൊല്ലം തുറമുഖ വികസന പദ്ധതിക്കായുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. 165 കോടി രൂപ ചെലവുവരുന്ന പദ്ധതി റിപ്പോര്‍ട്ടിനാണ് മന്ത്രിസഭ അനുമതി നല്‍കിയിട്ടുള്ളത്. തിരുവനന്തപുരത്ത് ഐ.എച്ച്.ആര്‍.ഡി ആസ്ഥാന മന്ദിരം പണികഴിപ്പിക്കാന്‍ പേട്ട വില്ലേജില്‍ 50 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ട്. പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രത്തിന് 25 ലക്ഷം രൂപ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. 

തീവണ്ടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹരിപ്പാട് സ്വദേശി സുള്‍ഫിക്കറിന് അഞ്ച് ലക്ഷം രൂപ ചികിത്സാ സഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. 

 

സ്വരമാധുരിക്ക് സഭയുടെ സ്‌നേഹതംബുരു

സ്വരമാധുരിക്ക് സഭയുടെ സ്‌നേഹതംബുരു

 

 



തിരുവനന്തപുരം: അമ്പതുവര്‍ഷംകൊണ്ട് അമ്പതിനായിരത്തിലധികം പാട്ടുകള്‍ പാടി, മലയാളിയുടെ സ്വകാര്യ അഹങ്കാരമായി മാറിയ കെ.ജെ. യേശുദാസിന് സംസ്ഥാന നിയമസഭയുടെ ആദരം.

1961-ല്‍ പാടിത്തുടങ്ങി 43 സംസ്ഥാന അവാര്‍ഡുകളും ഏഴ് ദേശീയ അവാര്‍ഡുകളും നേടിയ യേശുദാസ് മലയാളി ദിവസംതോറും കേള്‍ക്കുന്ന സ്വരമാധുരിയാണെന്ന് സ്​പീക്കര്‍ കാര്‍ത്തികേയന്‍. സംഗീതസാഗരത്തിന്റെ മറുകരയെത്തി നില്‍ക്കുമ്പോഴും വിനയാന്വിതനായി ജാതിഭേദം മതദ്വേഷം...എന്ന തന്റെ ആദ്യഗാനത്തിന്റെ ആശയത്തെ ജീവിതദര്‍ശനമായും സാമൂഹ്യവീക്ഷണമായും സൂത്രവാക്യമാക്കിയ വ്യക്തിത്വമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കാര്‍ത്തികേയന്‍ പറഞ്ഞു.

മനുഷ്യത്വത്തോടെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്ന യേശുദാസ്, മുന്‍കൈയെടുത്ത് ബധിര-മൂക വിദ്യാര്‍ഥികളുടെ ശസ്ത്രക്രിയയ്ക്ക് നല്‍കുന്ന ധനസഹായം അദ്ദേഹത്തിന് സഹപ്രവര്‍ത്തകരോടുള്ള ദീനാനുകമ്പയുടെ ലക്ഷണമാണെന്ന് ചടങ്ങ് ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിയമസഭയുടെ സ്‌നേഹോപഹാരമായി തങ്കവര്‍ണത്തിലുള്ള 'തംബുരു' മുഖ്യമന്ത്രി യേശുദാസിന് സമ്മാനിച്ചു.

75 വയസ്സ് കഴിഞ്ഞ തടവുകാരുടെ മോചനം ഉടന്‍

75 വയസ്സ് കഴിഞ്ഞ തടവുകാരുടെ മോചനം ഉടന്‍ 

 


തിരുവനന്തപുരം: എഴുപത്തിയഞ്ച് വയസ്സ് കഴിഞ്ഞ തടവുകാര്‍ ഉടന്‍ ജയില്‍ മോചിതരാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരക്കാര്‍ സമൂഹത്തിന് ദോഷംചെയ്യില്ലെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ജയില്‍മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.

ജയില്‍വകുപ്പ് സൗരോര്‍ജത്തിലേക്ക് മാറുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തടവുകാരുടെ മോചനത്തിന് സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തും.

ജയിലുകളില്‍ കഴിയുന്ന തടവുകാരോട് അനുഭാവപൂര്‍വമായ സമീപനമാണ് സര്‍ക്കാരിന്. ജയില്‍ ഉപദേശക ബോര്‍ഡ് ഉടന്‍ പുനഃസംഘടിപ്പിക്കും. സൗരോര്‍ജപദ്ധതി ഉള്‍പ്പെടെ ജയിലുകളില്‍ നടക്കുന്ന സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജയിലുകളില്‍ നടക്കുന്ന സൗരോര്‍ജ പദ്ധതി പാരമ്പര്യേതര ഊര്‍ജപദ്ധതിയുടെ തുടക്കമാകും. ഈ വര്‍ഷം 10,000 വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. വീടൊന്നിന് രണ്ടുലക്ഷം രൂപ ചെലവ്‌വരും. മൂന്നില്‍ ഒരു ഭാഗം കേന്ദ്ര സര്‍ക്കാരും ഒരു ഭാഗം സംസ്ഥാന സര്‍ക്കാരും സബ്‌സിഡിയായി നല്‍കും. ഇതില്‍നിന്നും 10 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയും. ഒരു വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി ഒരു ലക്ഷം വീടുകളിലേക്ക് വ്യാപിപ്പിക്കും. ഇതുവഴി 100 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന് ആര്യാടന്‍ പറഞ്ഞു.

ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ്, ഡി.ഐ.ജിയുടെ ക്വാര്‍ട്ടേഴ്‌സ്, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ക്വാര്‍ട്ടേഴ്‌സ്, ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സ്, അപ്പര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സ്, റസ്റ്റ്‌റൂം, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 

സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ് ഉദ്ഘാടനം ചെയ്തു

സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ് ഉദ്ഘാടനം ചെയ്തു


 



കണ്ണൂര്‍: സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ കലക്ടറേറ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. രാജ്യത്തിന്റെ പുരോഗതിക്ക് ശരിയായ ജാതിവിവര കണക്കുകള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ നഗരസഭാ പരിധിയില്‍ സെന്‍സസ് നടത്താനുള്ള കിറ്റ് എ.സജീവന് മുഖ്യമന്ത്രി കൈമാറി.

2012, ഏപ്രിൽ 10, ചൊവ്വാഴ്ച

പെന്‍ഷന്‍ പ്രായം; ഇടത് സര്‍ക്കാരിന്റെ അശാസ്ത്രീയ നടപടി പരിഷ്‌കരിയ്ക്കുകയിരുന്നുവെന്ന് മുഖ്യമന്ത്രി

 

പെന്‍ഷന്‍ പ്രായം; ഇടത് സര്‍ക്കാരിന്റെ അശാസ്ത്രീയ നടപടി പരിഷ്‌കരിയ്ക്കുകയിരുന്നുവെന്ന് മുഖ്യമന്ത്രി

Imageതിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയല്ല മറിച്ച് ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയ വിരമിക്കല്‍ തീയതി ഏകീകരണമെന്ന അശാസ്ത്രീയ സമ്പ്രദായത്തെ പരിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 
കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പെന്‍ഷന്‍പ്രായം ഉയര്‍ത്തുക എന്നത് ന്യായമായ ആവശ്യമാണ്. യുവാക്കളുടെ വിശ്വാസം കളഞ്ഞുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള കേരളത്തിലാണ് ഏറ്റവും കുറവ് പെന്‍ഷന്‍പ്രായം ഉള്ളത്.
 
കേരളത്തിനു പുറമെ ഛത്തീസ്ഗഡില്‍ മാത്രമാണ് പെന്‍ഷന്‍ പ്രായം 56 ആയി നിലനില്‍ക്കുന്നത്. മറ്റെല്ലായിടങ്ങളിലും ഇത് 58 ഓ അതിന് മുകളിലോ ആണ്. പെന്‍ഷന്‍പ്രായം 56 ആക്കിയതു വഴി യുവാക്കളുടെ തൊഴിലവസരങ്ങളെ ഇല്ലാതാക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്ന നടപടി സര്‍ക്കാര്‍ എടുത്തിട്ടില്ല.  ജനങ്ങളുടെ വിശ്വാസമാണ് സര്‍ക്കാരിന്റെ ശക്തി. വികസനവും കരുതലും ഒരുപോലെ മുന്നോട്ട് കൊണ്ട് പോയതുകൊണ്ടാണ് പിറവത്ത് യു ഡി എഫ് വിജയം കൈവരിച്ചത്. സര്‍ക്കാര്‍ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് വുന്നോട്ട് പോവണമെന്നാണ് യു ഡി എഫ് നയം. പരാജയം മറച്ച് വക്കാന്‍ ജീവനക്കാരെ പഴി പറയുന്ന രീതിയല്ല യു ഡി എഫ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വീസിലിരിക്കെ മരിച്ച സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഇ എന്‍ സുമതിയുടെ രണ്ട് കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണയിലാണെന്നും അദ്ദേഹം പറഞ്ഞു.
 

നൂറ് സ്‌കൂളുകളില്‍ കൂടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കും

 

നൂറ് സ്‌കൂളുകളില്‍ കൂടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കും

Imageതിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം നൂറ്  സ്‌കൂളുകളില്‍ കൂടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്റ്റുഡന്റ് പോലീസ് സമ്മര്‍ക്യാമ്പിന്റെ സമാപന സമ്മേളനം തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആവശ്യമെങ്കില്‍ കൂടുതല്‍ സ്‌കൂളുകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും. സംസ്ഥാനത്ത് ഏറ്റവും വിജയകരമായ രീതിയില്‍ നടപ്പിലാക്കിയ സ്റ്റുഡന്റ് പോലീസിനെക്കുറിച്ച് മറ്റുസംസ്ഥാനങ്ങള്‍കൂടി പഠിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  
 
സ്റ്റുഡന്റ് പോലീസിലൂടെ വിദ്യാര്‍ഥികള്‍ക്ക് വേണ്ട പരിശീലനവും, അനുഭവസമ്പത്തും, സാമൂഹ്യഅച്ചടക്കവും, രാജ്യത്തിനുവേണ്ടിയുള്ള കര്‍ത്തവ്യബോധവും വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. അതിനാല്‍ പദ്ധതിക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. മൂന്ന് ദിവസമായി നടന്നു വന്ന സ്റ്റുഡന്റ് പോലീസ് ക്യാമ്പില്‍ പങ്കെടുക്കാന്‍ കിട്ടിയ അവസരം ഏറ്റവും പ്രയോജനകരമായ രീതിയില്‍ വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി വിദ്യാര്‍ഥികളോട് പറഞ്ഞു.  

റോഡ് വികസനത്തിന് ടോള്‍ പിരിവ് അത്യാവശ്യം

റോഡ് വികസനത്തിന് ടോള്‍ പിരിവ് അത്യാവശ്യം

കല്‍പറ്റ: എല്ലാ സംസ്ഥാനങ്ങളിലും റോഡില്‍ ടോള്‍ പിരിവ് നടക്കുന്നുണ്ടെന്നും കേരളത്തില്‍ മാത്രമാണ് അതിനെതിരെ സമരം നടക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നാലുവരിപ്പാത നിര്‍മാണത്തിന് ടോള്‍ പിരിവ് അത്യാവശ്യമാണ്. കല്‍പറ്റ ബൈപാസ് റോഡിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

 
ചേര്‍ത്തല മുതല്‍ അങ്കമാലി വരെയാണ് കഴിഞ്ഞ സര്‍ക്കാര്‍ നാലുവരിപ്പാത പൂര്‍ത്തിയാക്കിയത്. അങ്കമാലി മുതല്‍ മണ്ണുത്തി വരെ യു.ഡി.എഫ് സര്‍ക്കാര്‍ അടിയന്തരമായി പൂര്‍ത്തിയാക്കി തുറന്നുകൊടുത്തു. എന്നാല്‍, തൃശൂരില്‍ ടോള്‍ പിരിവിനെതിരെ ചിലര്‍ സമരം നടത്തുന്നു. എതിര്‍ക്കുന്നവരെ മാറ്റിനിര്‍ത്തുന്ന സമീപനം സര്‍ക്കാറിനില്ല. എന്നാല്‍, ടോള്‍ പിരിവേ പറ്റില്ല എന്നത് ഖേദകരമാണ് -മുഖ്യമന്ത്രി തുടര്‍ന്നു.

 
തൃശൂരില്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിനാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.