UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, മാർച്ച് 31, ശനിയാഴ്‌ച

ഷുക്കൂര്‍ വധം പൊലീസിന് തീരാകളങ്കം

ഷുക്കൂര്‍ വധം പൊലീസിന് തീരാകളങ്കം 


ഷുക്കൂര്‍ വധം പൊലീസിന് തീരാകളങ്കം -മുഖ്യമന്ത്രി

തിരുവനന്തപുരം:  മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്‍െറ വധം കേരള പൊലീസിന് തീരാകളങ്കം ചാര്‍ത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരാളെ വധിക്കുന്നത് തടയാന്‍ പൊലീസിന് സാധിച്ചില്ല എന്നത് അപമാനകരമാണ്. കഴിഞ്ഞവര്‍ഷം കേരള പൊലീസിന് സംഭവിച്ച ഏറ്റവും വലിയ വീഴ്ച. പൊലീസ് ആസ്ഥാനത്തെ അത്യാധുനിക കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വിഭാഗം ജനങ്ങള്‍ക്കും സാമൂഹികനീതി ഉറപ്പുവരുത്തിയാല്‍ സമുദായിക സംഘര്‍ഷങ്ങളും തീവ്രവാദപ്രവര്‍ത്തനങ്ങളും ഒരു പരിധി വരെ തടയാന്‍ കഴിയും. തീവ്രവാദ സംഘടനകള്‍ സംസ്ഥാനത്തെ ലക്ഷ്യമിടുന്നുണ്ട്. സാമുദായിക സംഘര്‍ഷങ്ങളും വളരുന്നു. സമുദായിക സംഘര്‍ഷങ്ങളും തീവ്രവാദപ്രവര്‍ത്തനങ്ങളും തടയുകയെന്നത് പൊലീസിന്‍െറ മാത്രം ഉത്തരവാദിത്തമായി കാണുന്നില്ല. ഇക്കാര്യത്തില്‍  സര്‍ക്കാറിനും ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. സമൂഹം ഭയാശങ്കയോടെ കാണുന്ന കുറ്റകൃത്യങ്ങള്‍ ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തില്‍ വിചാരണ ചെയ്ത് ആറുമാസത്തിനുള്ളില്‍ പ്രതികളെ ശിക്ഷിക്കുന്നതിനുള്ള നടപടികളെ കുറിച്ച്  ആലോചിച്ചുവരികയാണ്.

മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ പൊലീസിനു കഴിഞ്ഞു. നയതന്ത്രപ്രാധാന്യമുള്ള സംഭവത്തില്‍ കേരള പൊലീസിന്‍െറ ഇടപെടല്‍ ദേശീയതലത്തില്‍ തന്നെ പ്രശംസ നേടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2012, മാർച്ച് 30, വെള്ളിയാഴ്‌ച

ബാര്‍ ലൈസന്‍സ് ഇനി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം

ബാര്‍ ലൈസന്‍സ് ഇനി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം


 


തിരുവനന്തപുരം: ബാര്‍ ലൈസന്‍സുകള്‍ ഇനി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള മദ്യനിരോധന സമിതിയുടെ മുഖപത്രമായ പ്രൊഹിബിഷന്‍ മാസികയുടെ പ്രകാശന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വിനോദസഞ്ചാര വികസനത്തിന്റെ പേരില്‍ മദ്യശാലകള്‍ അനുവദിക്കില്ല. മദ്യനിരോധനാധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ബില്‍ മെയില്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. മദ്യത്തില്‍ നിന്നുള്ള വരുമാനം യഥാര്‍ഥവരുമാനമായി കാണുന്നില്ല. മദ്യ ഉപയോഗത്തിലൂടെ വരുമാനത്തിന്റെ പത്തിരട്ടി സമൂഹത്തിന് നഷ്ടമാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രൊഹിബിഷന്‍ മാസികയുടെ ആദ്യപ്രതി കവയിത്രി ബി. സുഗതകുമാരിക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ബെസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ അദ്ധ്യക്ഷനായിരുന്നു. 

2012, മാർച്ച് 29, വ്യാഴാഴ്‌ച

പി.എസ്.സി ജീവനക്കാരുടെ കുറവ് പരിഹരിക്കും

പി.എസ്.സി ജീവനക്കാരുടെ കുറവ് പരിഹരിക്കും

തിരുവനന്തപുരം: പി.എസ്.സിയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇത് സംബന്ധിച്ച് പി.എസ്.സി സമര്‍പ്പിച്ച അപേക്ഷ ധനവകുപ്പിന്‍െറ പരിഗണനയിലാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള പബ്ളിക് സര്‍വീസ് കമീഷന്‍ നടപ്പാക്കുന്ന ഓണ്‍ലൈന്‍ വണ്‍ടൈം രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുതാര്യത കൈവരിച്ചപോലെ കാര്യക്ഷമതയും നേടണം. അതിന് സര്‍ക്കാറിന്‍െറ  പിന്തുണയുണ്ടാകും. സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യങ്ങള്‍ ആലോചിക്കണം.

പി.എസ്.സിയുടെയും സര്‍ക്കാറിന്‍െറയും ഭാഗത്തുനിന്ന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. ഇനി അത് ആവര്‍ത്തിക്കാത്തവിധം കാര്യക്ഷമതക്ക് മുന്‍തൂക്കം നല്‍കണം. വികലാംഗര്‍ക്ക് നല്‍കുന്നത് മൂന്നുശതമാനം സംവരണം മാത്രമാണ്. ഇത് എട്ടുവര്‍ഷമായി കൊടുത്തിട്ടില്ല. 2007 വരെയുള്ള വികലാംഗരുടെ ഒഴിവുകള്‍ 1039 എണ്ണം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി റിപ്പോര്‍ട്ട് ചെയ്യാനുള്ളത് 139 എണ്ണമാണ്. ഇതില്‍ 57 എണ്ണം കേസുകളുമായി ബന്ധപ്പെട്ട് തടസ്സമുള്ളതാണ്. പി.എസ്.സി വഴി 25,000നും 40,000നും ഇടയിലുള്ളവര്‍ക്ക് ജോലികിട്ടുമ്പോള്‍ കിട്ടാത്തവരുടെ എണ്ണം 25 ലക്ഷത്തിലധികമാണ്. പി.എസ്.സിയുടെ കാലതാമസം ജോലിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ലക്ഷങ്ങളുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷകൊടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കുറക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫയര്‍മാന്‍ ട്രെയ്നി തസ്തികയുടെ വിജ്ഞാപനം അപ്ലോഡ് ചെയ്താണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. വിജ്ഞാപനം പുറപ്പെടുവിച്ച് ഒരു വര്‍ഷത്തിനകം എല്ലാ റാങ്ക്ലിസ്റ്റുകളും പ്രസിദ്ധീകരിക്കുക എന്നതിന്‍െറ ഭാഗമായാണ് വണ്‍ടൈം രജിസ്ട്രേഷന്‍ നടപ്പാക്കുന്നത്. പി.എസ്. സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സി. ബിനോയ്, അംഗം കെ.എന്‍. മോഹനന്‍ നമ്പ്യാര്‍, പരീക്ഷാ കണ്‍ട്രോളര്‍ മുഹമ്മദലി വാലഞ്ചേരി, കെ. മുരളീധരന്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു.

വിദ്യാഭ്യാസ വായ്പയുടെ റവന്യു റിക്കവറി നിര്‍ത്തും

വിദ്യാഭ്യാസ വായ്പയുടെ റവന്യു റിക്കവറി നിര്‍ത്തും 


വിദ്യാഭ്യാസ വായ്പയുടെ റവന്യു റിക്കവറി നിര്‍ത്തും -മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പകളുടെ പലിശബാധ്യത ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ റവന്യു റിക്കവറി നടപടികളും ആറുമാസത്തേക്ക് നിര്‍ത്തിവെക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നടപടികള്‍ നിര്‍ത്താന്‍ ബാങ്കുകളോടും ആവശ്യപ്പെടുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.  2003 മുതല്‍ ’09 വരെയുള്ള വിദ്യാഭ്യാസ വായ്പയുടെ പലിശബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയില്‍ ധനമന്ത്രി കെ.എം. മാണി ഉറപ്പ് നല്‍കിയിരുന്നു. ഇതിനായി ബാങ്കുകളുടെ യോഗം വിളിക്കും. പിഴപ്പലിശ ബാങ്കുകള്‍ ഒഴിവാക്കണം. 2009നുശേഷമുള്ള വായ്പകളില്‍ കേന്ദ്രമാണ് പലിശ സബ്സിഡി നല്‍കുന്നത്.

 
മെറിറ്റ് സീറ്റുകളിലേക്ക് മാത്രമേ വായ്പ നല്‍കൂവെന്ന ബാങ്കുകളുടെ നിലപാട് ശരിയല്ല. കോളജിന് സര്‍ക്കാര്‍ അംഗീകാരമുണ്ടെങ്കില്‍ ജാമ്യമില്ലാതെ നാലുലക്ഷം വരെ വായ്പ നല്‍കണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. ഇത് പാലിക്കാത്തതിനെതിരെ നിരവധി പരാതികള്‍ ലഭിക്കുന്നു. ചിലര്‍ അമിത പലിശ ഈടാക്കുന്നു. ബാങ്കുകളുടെ ഈ നിലപാടിനോട് യോജിപ്പില്ല. താന്‍ നേരത്തെ യോഗം വിളിച്ച് സര്‍ക്കാര്‍ നിലപാട് ബാങ്കുകളെ അറിയിച്ചിരുന്നു. കേന്ദ്ര ധനമന്ത്രി വിളിച്ച യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ വീണ്ടും ബാങ്കുകളുടെ യോഗം വിളിക്കാന്‍ ധനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

 
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച്  നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച്31ന്എത്ര  പേര്‍ വിരമിക്കുമായിരുന്നോ അത്രയും ഒഴിവുകളില്‍ സൂപ്പര്‍ ന്യൂമററിയായി നിയമനം നടത്തും. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ചില ഉത്തരവുകള്‍ കൂടി പുറപ്പെടുവിക്കാനുണ്ട്. അത് ഉടനെയുണ്ടാകും. എല്ലാ ദിവസവും ഇതിന്‍െറ പുരോഗതി വിലയിരുത്തും.
നടപ്പുവര്‍ഷത്തെ പദ്ധതി വിനിയോഗം 90 ശതമാനം കടക്കുമെന്ന് മന്ത്രിസഭ വിലയിരുത്തി. ഫെബ്രുവരി 28 വരെ 60 ശതമാനമാണ് വിനിയോഗം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെക്കാള്‍ രണ്ട് ശതമാനം കൂടുതലാണ്.
മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ക്കുള്ള മോറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാനും തീരുമാനിച്ചു. മാര്‍ച്ച് 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി.  സഹകരണ റിസ്ക് ഫണ്ട് പ്രകാരമുള്ള ആനുകൂല്യം വായ്പാ തിരിച്ചടവ് സമയപരിധി കഴിഞ്ഞവര്‍ക്കും നല്‍കും. തിരിച്ചടവ് കൃത്യമായി നടത്തുന്നതിനിടെ മരിക്കുകയോ ഗുരുതരമായി രോഗം ബാധിക്കുകയോ ചെയ്യുന്ന ഘട്ടത്തിലാണ് ആനുകൂല്യം നല്‍കിയിരുന്നത്. ഇതില്‍ മാറ്റം വരുത്താന്‍ ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരും.സുസ്ഥിര നഗരവികസന പദ്ധതിയുടെ സമയപരിധി മൂന്നുവര്‍ഷം കൂടി നീട്ടും. 1422.4 കോടിയുടെ പദ്ധതിയാണ്. ടെന്‍ഡറില്‍ വന്ന വര്‍ധനയുടെ തുക നല്‍കാന്‍ മുന്‍സര്‍ക്കാര്‍ തയാറായിരുന്നില്ല. യു.ഡി.എഫ്സര്‍ക്കാര്‍ അത് നല്‍കും.

 
പാലക്കാട് പുതുശ്ശേരി പഞ്ചായത്തില്‍ ചെറു ഇലക്ട്രോണിക്സ്പാര്‍ക്ക് സ്ഥാപിക്കാന്‍ വ്യവസായ വകുപ്പിന്‍െറ 30 ഏക്കര്‍ കെ.എസ്.ഐ.ഡി.സിക്ക് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.


ആദ്യ ടെലികോം ഇന്‍കുബേറ്റര്‍ കൊച്ചിയില്‍

ആദ്യ ടെലികോം ഇന്‍കുബേറ്റര്‍ കൊച്ചിയില്‍

 



ന്യൂഡല്‍ഹി: കാമ്പസുകളില്‍ നിന്ന് കമ്പനികള്‍ എന്ന സ്വപ്നവുമായി ഇന്ത്യയിലെ ആദ്യ ടെലികോം ഇന്‍കുബേറ്റര്‍ അടുത്തമാസം ഉദ്ഘാടനം ചെയ്യും. 'സ്റ്റാര്‍ട്ടപ്പ് വില്ലേജ്' എന്ന പേരില്‍ കൊച്ചിയിലാണ് നൂറു കോടി രൂപ മുടക്കി ഇന്‍കുബേറ്റര്‍ സ്ഥാപിക്കുന്നത്. വിദ്യാര്‍ഥികളുടെ ആയിരത്തിലേറെ സംരംഭങ്ങള്‍ ഇവിടെ തുടങ്ങാനാണ് ലക്ഷ്യമെന്ന് പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയില്‍ ആരംഭിക്കുന്ന ഇത്തരത്തിലുള്ള ആദ്യസ്ഥാപനമാകും ഇത്.

കളമശ്ശേരിയിലെ കിന്‍ഫ്ര ഹൈ ടെക് പാര്‍ക്കില്‍ കേരള സര്‍ക്കാര്‍ ഇതിനായി 15,000 ചതുരശ്ര അടി സ്ഥലം നല്‍കിക്കഴിഞ്ഞു. ഇതില്‍ ആദ്യ 5,000 ചതുരശ്ര അടി സ്ഥലത്ത് അടുത്തമാസം പ്രവര്‍ത്തനം തുടങ്ങാന്‍ സജ്ജമായിക്കഴിഞ്ഞു. പദ്ധതിയുടെ പിന്നീടുള്ള വികസനത്തിനാവശ്യമായ സ്ഥലവും സര്‍ക്കാര്‍ നല്‍കും.

സ്റ്റാര്‍ട്ടപ്പ് വില്ലേജിന് 4ജി ശൃംഖലയ്ക്കുപുറമെ ഏറ്റവും ആധുനിക ടെലികോം ലാബുകളുടെ പ്രയോജനവും ലഭ്യമാകും. വീഡിയോ കോണ്‍ഫറന്‍സിങ്, ഓഫീസ് സേവനം എന്നിവയ്ക്കു പുറമെ ബൗദ്ധികാവകാശം, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിലും സേവനം നല്‍കും. അമ്പതു ലക്ഷം രൂപ വരുമാനമുണ്ടാക്കുന്ന സംരംഭങ്ങള്‍ക്ക് മൂന്നുവര്‍ഷത്തെ സേവന നികുതിയിളവ് ഉള്‍പ്പെടെയുള്ള സൗജന്യങ്ങളും ഇവിടെ നല്‍കും.

കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ദേശീയ ശാസ്ത്ര-സാങ്കേതിക സംരംഭക വികസന ബോര്‍ഡ്, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് എന്നിവ ടെക്‌നോപാര്‍ക്കിലെ തന്നെ മൊബ്മി വയര്‍ലെസ് എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ടെക്‌നോപാര്‍ക്കില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ തുടക്കം കുറിച്ച മൊബ്മി വയര്‍ലെസ് ഇന്ന് ഈ രംഗത്തെ പ്രമുഖ കമ്പനികളിലൊന്നാണ്. ലാഭമുണ്ടാക്കാനല്ല, മറിച്ച് കേരളത്തിലെ യുവാക്കള്‍ക്കുവേണ്ടിയുള്ള പദ്ധതിയാണിതെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജ് ബോര്‍ഡ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യകളെ സംരംഭകര്‍ക്ക് പരിചയപ്പെടുത്തുന്ന ഇന്നവേഷന്‍ സോണും സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ പ്രത്യേകതയാകും.

2006 ല്‍ ടെക്‌നോപാര്‍ക്കില്‍ തുടങ്ങിയ ഇന്‍കുബേറ്റര്‍ ആറു വര്‍ഷംകൊണ്ട് ഇന്ത്യയിലെ മികച്ചതായി മാറിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ചീഫ് മെന്‍റര്‍ എന്ന നിലയില്‍ ഇന്‍കുബേറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ ക്രിസ് ഗോപാലകൃഷ്ണനായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി നിയന്ത്രണം വരും

വൈദ്യുതി നിയന്ത്രണം വരും

 

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. കേന്ദ്രപൂളില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്നതില്‍ കൂടുതലായി വൈദ്യുതി വിഹിതം കിട്ടിയില്ലെങ്കില്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കാന്‍ വൈദ്യുതി മന്ത്രിയേയും കെ.എസ്.ഇ.ബിയേയും ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയുടെ ടെന്‍ഡര്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ സമിതിയെ നിയോഗിച്ചു. 

പാക് കടലിടുക്ക് നീന്തിക്കടന്ന മുരളീധരനെ അഭിനന്ദിച്ച മന്ത്രിസഭ അദ്ദേഹത്തിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കാനും തീരുമാനിച്ചു. 

ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാര്‍ച്ച് 31 ന് വിരമിക്കുന്ന പി പ്രഭാകരന് പകരം അഡീഷണല്‍ ചീഫ് സെക്രട്ടറി ജെ ജയകുമാറിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു

മന്ത്രിതര്‍ക്കങ്ങള്‍ യു.ഡി.എഫ്. ചര്‍ച്ച ചെയ്യും

മന്ത്രിതര്‍ക്കങ്ങള്‍ യു.ഡി.എഫ്. ചര്‍ച്ച ചെയ്യും 


 


ന്യൂഡല്‍ഹി: മന്ത്രി ഗണേശ്കുമാറുമായി ബന്ധപ്പെട്ട് ബാലകൃഷ്ണപിള്ളയുടെ ആവശ്യവും അഞ്ചാം മന്ത്രിക്കായുള്ള ലീഗിന്റെ ആവശ്യവും യു.ഡി.എഫ്. ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

കെ.ബി. ഗണേശ്കുമാര്‍ ഉള്‍പ്പെടെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരെക്കുറിച്ചും തനിക്ക് നല്ല അഭിപ്രായമാണെന്നും എല്ലാവരും സമര്‍ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് മുസ്‌ലിം ലീഗ്. ആവശ്യമുന്നയിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ യു.ഡി.എഫാണ് തീരുമാനം എടുക്കുക. പരസ്​പരം ചര്‍ച്ചചെയ്തും എല്ലാവരുടെയും അഭിപ്രായമാരാഞ്ഞും തീരുമാനം എടുക്കുന്നതാണ് യു.ഡി.എഫിന്റെ ശൈലി. അനൂപ് ജേക്കബിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചോദ്യത്തിനും ഇക്കാര്യങ്ങള്‍ യു.ഡി.എഫ്. തീരുമാനിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി മത്സരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി മുഖ്യമന്ത്രി ചൊവ്വാഴ്ച ചര്‍ച്ച നടത്തി. പിറവം തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ , നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് എന്നിവ ചര്‍ച്ചാവിഷയമായി.

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ മലയാളികളെ മോചിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി വിദേശകാര്യ സെക്രട്ടറി രഞ്ചന്‍ മത്തായിയുമായി മുഖ്യമന്ത്രി ടെലിഫോണില്‍ ബന്ധപ്പെട്ടു.

2012, മാർച്ച് 27, ചൊവ്വാഴ്ച

കേന്ദ്ര പാക്കേജ് ഉടന്‍

കേന്ദ്ര പാക്കേജ് ഉടന്‍ 

 

ന്യൂഡല്‍ഹി: കടബാധ്യതാ സംസ്ഥാനങ്ങളുടെ പട്ടികയില്‍പ്പെടുത്തി കേരളത്തിന് കേന്ദ്രം സാമ്പത്തികപാക്കേജ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. തിങ്കളാഴ്ച ഡല്‍ഹിയില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ 2924 കോടിയുടെ വായ്പ എഴുതിത്തള്ളുന്നതും പാക്കേജിന്റെ ഭാഗമാണ്. ഇതിനുപുറമേ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം, വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന കൊല്ലം , ആലപ്പുഴ ബൈപ്പാസുകളുടെ നിര്‍മാണം, എന്നിവയും പാക്കേജിന്റെ ഭാഗമാണ്.

കേന്ദ്രആഭ്യന്തരമന്ത്രി പി. ചിദംബരവുമായി സംസ്ഥാനത്തെ തീരസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി ചര്‍ച്ചചെയ്തു. ഇറ്റാലിയന്‍ കപ്പലില്‍നിന്നുള്ള വെടിയേറ്റ് മത്സ്യത്തെഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസമായി ലഭിക്കേണ്ട തുക ഉടന്‍ നല്‍കുമെന്ന് മന്ത്രി അറിയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കടലാക്രമണംകൊണ്ട് തീരദേശത്തുണ്ടാകുന്ന നഷ്ടം, തീപ്പിടിത്തം കൊണ്ടുണ്ടാകുന്ന നഷ്ടം എന്നിവയെ ദുരന്ത ദുരിതാശ്വാസനിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ലിന് എത്രയുംവേഗം അനുമതി ലഭിക്കാന്‍ നടപടി സ്വീകരിക്കും.

കേന്ദ്ര കപ്പല്‍ഗതാഗതമന്ത്രി ജി.കെ. വാസനുമായും മുഖ്യമന്ത്രി ചര്‍ച്ചനടത്തി. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് കബോട്ടാഷ് നിയമത്തില്‍ ഇളവു നല്‍കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് തന്റെ മന്ത്രാലയം അനുകൂലമാണെന്ന് മന്ത്രി വാസന്‍ അറിയിച്ചു.

അടുത്തകാലത്ത് വിദേശകപ്പലുകളില്‍നിന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരേയുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ തീരമേഖലയില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി മന്ത്രി വാസനോട് അഭ്യര്‍ഥിച്ചു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തിവേണം കപ്പലുകള്‍ നീങ്ങേണ്ടതെന്ന് നിര്‍ദേശം നല്‍കിയതായി മന്ത്രി വാസന്‍ അറിയിച്ചു. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ മലയാളികളെ മോചിപ്പിക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി വാസനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒമ്പത് മലയാളികള്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലുണ്ടെന്നാണ് സര്‍ക്കാറിന് ലഭിച്ചിട്ടുള്ള വിവരം.

കൊച്ചി മെട്രോ: കേന്ദ്രമന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോ: കേന്ദ്രമന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

 

 


ന്യൂഡല്‍ഹി:കൊച്ചി മെട്രോ പദ്ധതി കേന്ദ്രമന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതിയെക്കുറിച്ച് ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു. 

വിവിധ പദ്ധതികള്‍ക്കായി കേന്ദ്രധനസഹായം തേടിയതില്‍ മുന്‍ഗണന കൊച്ചി മെട്രോയ്ക്കാണ്. ഇത്തവണത്തെ പൊതുബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ തുക നീക്കിവെച്ചിരുന്നു. കൊച്ചി മെട്രോ പദ്ധതി നടത്തിപ്പില്‍ ഇനി തടസ്സങ്ങളൊന്നുമില്ല. ജൈക്ക വായ്പ ലഭിക്കുന്നതിന് നിലവില്‍ തടസ്സങ്ങളൊന്നുമില്ല. പദ്ധതിയെക്കുറിച്ച് ധനമന്ത്രിയുമായി ചര്‍ച്ച നടത്തി. കൊച്ചി മെട്രോയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കിയതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. പദ്ധതി ഉടന്‍ കേന്ദ്രമന്ത്രിസഭ പരിഗണിക്കും- മുഖ്യമന്ത്രി പറഞ്ഞു. 

കുട്ടനാട് പാക്കേജിനെക്കുറിച്ചുള്ള അവലോകനം ചൊവ്വാഴ്ച നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ആസൂത്രണ കമ്മീഷന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പ്രതിനിധികളും കുട്ടനാട് പാക്കേജിന്റെ സൂത്രധാരനായ കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ.എം.എസ്. സ്വാമിനാഥനും യോഗത്തില്‍ പങ്കെടുക്കും. 

മലയാളം മിഷന്‍ രജിസ്ട്രാര്‍ നിയമനത്തില്‍ ചട്ടലംഘനമില്ല

മലയാളം മിഷന്‍ രജിസ്ട്രാര്‍ നിയമനത്തില്‍ ചട്ടലംഘനമില്ല

 

 


 
ന്യൂഡല്‍ഹി: മലയാളം മിഷന്‍ രജിസ്ട്രാറുടെ നിയമനത്തില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇപ്പോഴുള്ള രജിസ്ട്രാറെ മാറ്റണമെന്ന് ഒ.എന്‍.വി. കുറുപ്പ് അടക്കമുള്ള ഭരണസമിതിയംഗങ്ങള്‍ ആവശ്യപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഡെപ്യൂട്ടി റാങ്കിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഡയറക്ടര്‍ രജിസ്ട്രാറായി നിയമിക്കണമെന്ന് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിയമനവ്യവസ്ഥ ഭേദഗതി ചെയ്തിരുന്നു. ഇത് കണക്കിലെടുക്കാതെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവായ കെ.സുധാകരന്‍ പിള്ളയെ മലയാളം മിഷന്‍ രജിസ്ട്രാറാക്കിയത് ചട്ടവിരുദ്ധമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ''രജിസ്ട്രാറെ നിയമിച്ചിട്ട് ഏറെക്കാലമായി. ഇക്കാര്യത്തില്‍ ഒരു ചട്ടലംഘനവും നടന്നിട്ടില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിയമനവ്യവസ്ഥ ഭേദഗതി ചെയ്തുവെന്നത് ശരിയാണ്. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചിട്ടില്ല'' - മുഖ്യമന്ത്രി ഡല്‍ഹിയില്‍ വിശദീകരിച്ചു.