UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ഡിസംബർ 1, വ്യാഴാഴ്‌ച

മാലിന്യനിര്‍മാര്‍ജനത്തില്‍ ഗ്രാമസഭകള്‍ സജീവമാകണം - മുഖ്യമന്ത്രി



തിരുവനന്തപുരം: നാട്ടിലെ മാലിന്യനിര്‍മാര്‍ജനയജ്ഞത്തില്‍ ഗ്രാമസഭകള്‍ സജീവ പങ്ക് വഹിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

2010-11 വര്‍ഷത്തെ നിര്‍മല്‍ പുരസ്‌കാരം പഞ്ചായത്ത് ബ്ലോക്ക് ജില്ലാ പഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നേരത്തെ വളരെ സജീവമായിരുന്ന ഗ്രാമസഭകള്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ പിന്നാക്കംപോയി. മാലിന്യനിര്‍മാര്‍ജനം പ്രത്യേകയജ്ഞമായി തിരഞ്ഞെടുത്തിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ഗ്രാമസഭകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് കേരളത്തെ മാലിന്യനിര്‍മാര്‍ജന കാര്യത്തില്‍ ഒന്നാംസ്ഥാനത്തെത്തിക്കാന്‍ ഉത്സാഹിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയം ജില്ലയിലെ മീനടം ഗ്രാമപ്പഞ്ചായത്തിനും പാലക്കാട്ടെ പെരുമാട്ടിക്കും നിര്‍മല്‍ പുരസ്‌കാരത്തിന്റെ ട്രോഫികള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.

മാലിന്യമുക്ത കേരളം പരിപാടിയുടെ ഭാഗമായി ഒക്ടോബര്‍ 2 മുതല്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശുചിത്വപരിപാടികള്‍ ആവിഷ്‌കരിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗ്രാമവികസന വകുപ്പുമന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിക്ക്‌

മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിക്ക്‌

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ നിന്ന് ആവശ്യമുള്ളത്ര വെള്ളം നല്‍കാമെന്ന് പറഞ്ഞിട്ടും പുതിയ ഡാം നിര്‍മിക്കുന്നതിനെ എതിര്‍ക്കുന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ നിലപാട് മനസ്സിലാകുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ ആവശ്യം ആവര്‍ത്തിച്ച് ബോധ്യപ്പെടുത്താന്‍ വ്യാഴാഴ്ച താന്‍ ഡല്‍ഹിക്ക് പോകുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തെഴുതുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ, മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ 9-ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ബുധനാഴ്ച അര്‍ധരാത്രി ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തശേഷമാണ് ഈ തീരുമാനമെടുത്തത്.

കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്നതാണ് കേരളത്തിന്റെ സമീപനം. സുരക്ഷ ഉറപ്പാക്കാന്‍ പുതിയ ഡാം കെട്ടിയേ തീരൂ. നിലവിലെ ജലനിരപ്പ് 120 അടിയായി താഴ്ത്തുകയും വേണം. അതിനായി കേരളം ഒറ്റക്കെട്ടായി നിലകൊള്ളും. പുതിയ ഡാം കെട്ടിയാലും മുല്ലപ്പെരിയാറില്‍ നിന്ന് നിലവില്‍ തമിഴ്‌നാടിനുള്ള വെള്ളം ഒരു കുറവുമില്ലാതെ കൊടുക്കാമെന്ന് കേരളം ഉറപ്പുനല്‍കുകയാണ്. ഈ ഉറപ്പ് സ്ഥാപിക്കാന്‍ എന്ത് ചെയ്യാനും കേരളം സന്നദ്ധമാണ്.

''ഇരുപതിനായിരം കോടി രൂപ മുടക്കി കൂടംകുളത്ത് നിര്‍മിച്ച ആണവനിലയത്തെ സ്വന്തം ജനങ്ങളുടെ സുരക്ഷയെക്കരുതി എതിര്‍ക്കുകയാണെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നത്. അതുപോലെ നമ്മുടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത കേരള സര്‍ക്കാരിനുണ്ട്. ഇക്കാര്യം എന്തുകൊണ്ട് തമിഴ്‌നാട് മനസ്സിലാക്കുന്നില്ല ?'' - ഉമ്മന്‍ ചാണ്ടി ചോദിച്ചു. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ഡാമിന്റെ ജലനിരപ്പ് കുറയ്ക്കാനും ഇതിനുവേണ്ടി ജനറേറ്ററുകള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും കാരണവശാല്‍ മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടേണ്ടിവന്നാല്‍ അത് താല്‍ക്കാലികമായെങ്കിലും ഉള്‍ക്കൊള്ളാന്‍ ഇടുക്കി ഡാമിന് കഴിയണം. ജനറേറ്ററുകള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതുകൊണ്ട് ചിലപ്പോള്‍ വേനല്‍ക്കാലത്ത് ഊര്‍ജപ്രതിസന്ധിയുണ്ടാകുമെങ്കിലും ഇപ്പോള്‍ സുരക്ഷയ്ക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്നുതന്നെയാണ് ഞങ്ങളുടെ വിശ്വാസം. സാധാരണയായി രണ്ടുസംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത് കൊടുക്കുന്ന ജലത്തിന്റെ അളവിനെച്ചൊല്ലിയാണ്. എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അതൊരു പ്രശ്‌നമേയല്ല. തമിഴ്‌നാടിന് ലഭിച്ചുകൊണ്ടിരിക്കുന്ന ജലം അതേ അളവില്‍ നല്‍കുമെന്ന് ഞങ്ങള്‍ കേന്ദ്രത്തെയും അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിലപാട് കേരളത്തിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.




Govt firm on its stand for new dam: CM

കടല്‍മണല്‍ ഖനനം പഠനത്തിനുശേഷം മാത്രം മതി - മുഖ്യമന്ത്രി

തിരുവനന്തപുരം: കടല്‍മണല്‍ ഖനനം സംബന്ധിച്ച് വിശദവും ശാസ്ത്രീയവുമായ പഠനത്തിനുശേഷം മാത്രമേ തീരുമാനമെടുക്കൂയെന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ധീവരസഭാ നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

മത്സ്യത്തൊഴിലാളി മേഖലകളില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളെ ഉള്‍പ്പെടുത്തി ഉപദേശക സമിതികള്‍ രൂപവത്കരിക്കും. ദേശീയ ജലപാതയുടെ പേരില്‍ നീക്കംചെയ്യപ്പെട്ട ഊന്നിവലകള്‍ക്കും ചീനവലകള്‍ക്കും 16 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

1986ല്‍ കരുണാകരന്‍ മന്ത്രിസഭ ധീവരസമുദായത്തെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍ പിന്നീട് വന്ന നായനാര്‍ മന്ത്രിസഭയിലെ ഒരു മന്ത്രി ഈ തീരുമാനം റദ്ദാക്കിയെന്നുകാട്ടി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. എന്നാല്‍ ഒരു മന്ത്രിസഭാ തീരുമാനം റദ്ദാക്കാന്‍ ഒരു മന്ത്രിക്ക് മാത്രമായി കഴിയില്ല. മറ്റൊരു മന്ത്രിസഭാ തീരുമാനത്തിലൂടെയേ അത് കഴിയൂ. അതിനാല്‍ 1986-ലെ കരുണാകരന്‍ മന്ത്രിസഭയുടെ തീരുമാനം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന നിലപാട് സ്വീകരിച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്ന് ധീവരസംഘടനാ നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കി.

സമ്പാദ്യ-ആശ്വാസ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നതില്‍ എ.പി.എല്‍, ബി.പി.എല്‍. വേര്‍തിരിവ് ഒഴിവാക്കണമെന്ന ധീവരസഭയുടെ ആവശ്യം ചര്‍ച്ചയില്‍ അംഗീകരിച്ചു.

മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാരായ ആര്യാടന്‍മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു, എ.പി.അനില്‍കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

2011, നവംബർ 30, ബുധനാഴ്‌ച

ഉദ്യോഗസ്ഥരെ പഴിചാരി ഭരണകര്‍ത്താക്കള്‍ ഒഴിഞ്ഞുമാറുന്നതില്‍ കാര്യമില്ല: മുഖ്യമന്ത്രി

ഉദ്യോഗസ്ഥരെ പഴിചാരി ഭരണകര്‍ത്താക്കള്‍ ഒഴിഞ്ഞുമാറുന്നതില്‍ കാര്യമില്ല: മുഖ്യമന്ത്രി
                

   
കൊല്ലം: ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞുകൊണ്ടു ജനാധിപത്യ വ്യവസ്ഥയില്‍ ഭരണകര്‍ത്താക്കള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  നിയമങ്ങളും ചട്ടങ്ങളും അനുകൂലമല്ലാ തിരിക്കുമ്പോഴും പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു സ്വാതന്ത്ര്യം ഉണ്ടാകാതിരിക്കുമ്പോഴും മറുപടി പറയേണ്ടതു ഭരണകര്‍ത്താക്കളാണ്. നിയമവും ചട്ടവും ആവശ്യമെങ്കില്‍ മാറ്റണം. ഉദ്യോഗസ്ഥര്‍ക്കു പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നല്‍കണം. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ അനുമോദിക്കണം - ജനസമ്പര്‍ക്ക പരിപാടിക്കു തുടക്കം കുറിച്ചു മുഖ്യമന്ത്രി പറഞ്ഞു. 

ഒറ്റ ദിവസം കൊണ്ട് അടയുന്ന വാതിലല്ല ജനസമ്പര്‍ക്ക പരിപാടിയെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഫലം കാലാകാലങ്ങളില്‍ പരിശോധിക്കും. എല്ലാ ജില്ലയിലും ഞാന്‍ വീണ്ടും വന്നു കലക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു നടപടികള്‍ വിലയിരുത്തും. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഓരോ ജില്ലയുടെ ചുമതല നല്‍കും. 

വലിയ അനുഭവസമ്പത്താണിത്. ഭരണരംഗത്തെ കുരുക്കുകളും ജനങ്ങള്‍ എവിടെയൊക്കെ ബുദ്ധിമുട്ടുന്നെന്നും അറിയാനുള്ള അവസരം. ഡിസംബര്‍ 22ന് ആലപ്പുഴയില്‍ അവസാന ജനസമ്പര്‍ക്ക പരിപാടി കഴിയുമ്പോള്‍ 14 ജില്ലകളിലെയും പൊതുസ്വഭാവമുള്ള പരാതികള്‍ കണക്കിലെടുത്തു ജനങ്ങളെ വീര്‍പ്പുമുട്ടിക്കുന്ന നിയമങ്ങളും ചട്ടങ്ങളും മാറ്റാന്‍ തീരുമാനമെടുക്കും. 

എപിഎല്ലില്‍ നിന്നു ബിപിഎല്‍ കാര്‍ഡ് ആക്കാന്‍ ധാരാളം അപേക്ഷ ലഭിക്കുന്നുണ്ട്. ഇതില്‍ പലരും അര്‍ഹരാണ്. കേന്ദ്രം നിശ്ചയിച്ച മാനദണ്ഡ സംഖ്യയാണു പ്രശ്‌നം. കേന്ദ്ര സര്‍ക്കാരിനും ആസൂത്രണ കമ്മിഷനും ഇക്കാര്യത്തില്‍ നിവേദനം നല്‍കി. ഇനി അനുമതി കാക്കാതെ വ്യവസ്ഥകളും നിബന്ധനകളും വച്ചു ബിപിഎല്ലിലേക്കു മാറാന്‍ അര്‍ഹതയുള്ളവര്‍ക്ക് അനുമതി നല്‍കും - മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരായ കെ.ബി. ഗണേഷ്‌കുമാര്‍, ഷിബു ബേബിജോണ്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍. പീതാംബരക്കുറുപ്പ്, കലക്ടര്‍ പി.ജി. തോമസ് എന്നിവരും പ്രസംഗിച്ചു.


ജനസമ്പര്‍ക്കം പുതുചരിത്രമായി; 2100 പേര്‍ക്ക് ധനസഹായം

ജനസമ്പര്‍ക്കം പുതുചരിത്രമായി; 2100 പേര്‍ക്ക് ധനസഹായം



കൊല്ലം: അശരണരായ ആയിരങ്ങളുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള പരാതികള്‍ക്കു ശാശ്വതപരിഹാരം കാണാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടി ജില്ലയുടെ ഭരണചരിത്രത്തില്‍ പുതിയൊരധ്യായം രചിച്ചു. ഭക്ഷണവും വിശ്രമവും ഉപേക്ഷിച്ചു 14 മണിക്കൂറിലേറെ ഉമ്മന്‍ ചാണ്ടി ജനങ്ങളുടെ പരാതികള്‍ കേട്ടു. വന്‍ ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തില്‍ നിര്‍ണായക തീരുമാനങ്ങളാണ് എടുത്തത്.

എപിഎല്‍ കാര്‍ഡുകള്‍ ബിപിഎല്‍ കാര്‍ഡാക്കി മാറ്റാന്‍ ഏറെ അപേക്ഷകരുണ്ടായിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ കലക്ടര്‍ പി.ജി. തോമസും ഏറെപ്പേരെ ബിപിഎല്ലിലേക്കു മാറ്റാന്‍ ഉത്തരവിട്ടു. ഫാത്തിമ മാതാ കോളജില്‍ രാവിലെ 9.30ന് ആരംഭിച്ച പരിപാടി അര്‍ധരാത്രിയായിട്ടും അവസാനിച്ചില്ല. രാത്രി ഒന്‍പതു വരെയുള്ള കണക്കനുസരിച്ച് 2,100 പേര്‍ക്കു 90 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി അനുവദിച്ചു. ലഭ്യമായ കണക്കനുസരിച്ചു കൊട്ടാരക്കര താലൂക്കില്‍ 320 പേര്‍ക്കു 12.39 ലക്ഷം രൂപയും കുന്നത്തൂര്‍ താലൂക്കില്‍ 347 പേര്‍ക്കു 18.32 ലക്ഷം രൂപയും കരുനാഗപ്പള്ളി താലൂക്കില്‍ 450 പേര്‍ക്കു 19.72 ലക്ഷം രൂപയും പത്തനാപുരം താലൂക്കില്‍ 99 പേര്‍ക്ക് എട്ടു ലക്ഷം രൂപയും കൊല്ലം താലൂക്കില്‍ 700 പേര്‍ക്ക് 22.5 ലക്ഷം രൂപയുമാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ലഭിച്ചത്.

ഇതിനു പുറമേ വരള്‍ച്ചാ ദുരിതാശ്വാസമായി എട്ടര ലക്ഷവും മഴയില്‍ ഭാഗികമായി വീടു തകര്‍ന്നവര്‍ക്ക് 1.95 ലക്ഷം രൂപയും ദേശീയ കുടുംബക്ഷേമ പദ്ധതിപ്രകാരംം 150 പേര്‍ക്കു 15 ലക്ഷം രൂപയും വിതരണം ചെയ്തു. അന്തിമ കണക്കെടുക്കുമ്പോള്‍ ഒരു കോടിയിലേറെ രൂപ ധനസഹായമായി വിതരണം ചെയ്യുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജില്ലാ ഭരണകൂടം 90 ലക്ഷം രൂപയും 3,000 ചെക്ക് ലീഫുകളും കരുതിയിരുന്നു.


കേരളം ഇനി എന്ത് നല്‍കണമെന്ന് തമിഴ് നാട് പറയണം -മുഖ്യമന്ത്രി

കേരളം ഇനി എന്ത് നല്‍കണമെന്ന് തമിഴ് നാട് പറയണം -മുഖ്യമന്ത്രി

കൊല്ലം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മാണത്തെ എതിര്‍ക്കുന്ന തമിഴ്നാട്, ഇനി അവര്‍ക്ക് കേരളത്തില്‍ നിന്ന് എന്താണ് വേണ്ടതെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതിയ അണക്കെട്ട് നിര്‍മിച്ചാലും ഇപ്പോള്‍ നല്‍കുന്ന വെള്ളം ഒരു തുള്ളിപോലും കുറയാതെ നല്‍കാമെന്ന് പറഞ്ഞിട്ടും നമ്മുടെ ആശങ്ക തമിഴ്നാടിന് മനസ്സിലാവാത്തതില്‍ ദുഃഖമുണ്ട്. പുതിയ ഡാം നിര്‍മാണത്തില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടുപോകാന്‍ സംസ്ഥാനത്തിന് കഴിയില്ല. കൊല്ലത്തെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ നിലയില്‍ വെള്ളം നല്‍കാമെന്ന കാര്യത്തില്‍ ഏതുറപ്പിനും ഏത് കരാറിനും കേരളം ഒരുക്കമാണ്. കേരളത്തിന്‍െറ സുരക്ഷപോലെതന്നെ തമിഴ്നാടിന് വെള്ളം കൊടുക്കുന്നതും നമ്മള്‍ പ്രധാനമായിട്ടാണ് കാണുന്നത്. അവരുമായി നല്ല ബന്ധം നിലനിര്‍ത്തി പ്രശ്നം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പുതിയ അണക്കെട്ട് പണിയാന്‍ ഏത് മാര്‍ഗത്തിലും പണം കണ്ടെത്തും. തമിഴ്നാടിനോട് ചോദിക്കില്ല, എന്നാല്‍ കേന്ദ്രത്തോട് ചോദിക്കും.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‍െറ നിലപാട് കേന്ദ്രത്തെ പൂര്‍ണമായും ബോധ്യപ്പെടുത്തിയതുകൊണ്ടാണ് താന്‍ ദല്‍ഹിക്ക് പോകാത്തത്. കഴിഞ്ഞയാഴ്ച മന്ത്രിമാരെല്ലാം ദല്‍ഹിയില്‍ പോയി. ഈ വിഷയം ചര്‍ച്ചക്കെടുക്കുന്ന സമയത്ത് താന്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.

എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് ബി.പി.എല്‍ കാര്‍ഡ് നല്‍കാന്‍ കളക്ടര്‍ക്ക് അധികാരം-മുഖ്യമന്ത്രി

കൊല്ലം: എ.പി.എല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ബി.പി.എല്‍.കാര്‍ഡുകള്‍ നല്‍കാന്‍ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കുമെന്ന് മുഖ്യമന്ത്രി. ഇതു സംബന്ധിച്ച് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നത്. ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ യുക്തമായ പരിശോധന നടത്തിയാവും കളക്ടര്‍ തീരുമാനം കൈക്കൊള്ളുക.

എ.പി.എല്‍., ബി.പി.എല്‍. വേര്‍തിരിവ് സംബന്ധിച്ച ന്യൂനതകള്‍ കേന്ദ്രസര്‍ക്കാരിന്റെയും ആസൂത്രണ കമ്മീഷന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ജനസമ്പര്‍ക്കപരിപാടിയില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

മുല്ലപ്പെരിയാര്‍: നമ്മുടെ ആശങ്ക തമിഴ്‌നാട് മനസ്സിലാക്കാത്തതില്‍ ദുഃഖം - മുഖ്യമന്ത്രി




കൊല്ലം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നമ്മുടെ ആശങ്ക തമിഴ്‌നാട് മനസ്സിലാക്കാത്തതില്‍ താന്‍ ദുഃഖിതനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതിയ ഡാം നിര്‍മ്മിച്ചാലും തമിഴ്‌നാടിനുള്ള വെള്ളത്തില്‍ ഒരു തുള്ളിപോലും കുറയ്ക്കില്ലെന്ന് ഉറപ്പു നല്‍കാന്‍ തയ്യാറാണ്. വെള്ളമല്ല സുരക്ഷയാണ് ഇപ്പോള്‍ കേരളത്തിനാവശ്യം-മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് ജില്ലാതല ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ ഡാം പണിയാന്‍ കേന്ദ്രത്തിന്റെ സഹായം കേരളം തേടും. ബാക്കിത്തുക ധനകാര്യസ്ഥാപനങ്ങളില്‍നിന്നു വായ്പയെടുക്കും-ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിമാരായ തിരുവഞ്ചൂരും പി.ജെ.ജോസഫും പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രി ബന്‍സലിനെയും കണ്ട് എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തിക്കഴിഞ്ഞു. കേരളത്തിന്റെ നിലപാട് നേരിട്ട് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ താനും ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനസമ്പര്‍ക്ക പരിപാടിയില്‍ തന്റെ മുന്നിലെത്തുന്ന പരാതികളില്‍ തീര്‍പ്പുണ്ടാകാത്തവയ്ക്ക് പരിഹാരമുണ്ടാക്കാന്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഒരിക്കല്‍ക്കൂടി താനെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ പരാതിയിലും സ്വീകരിച്ച നടപടികള്‍ പരിശോധിക്കും. ജനസമ്പര്‍ക്കപരിപാടി നടന്ന അഞ്ച് ജില്ലകളിലും വളരെ ക്രിയാത്മകമായ സമീപനമായിരുന്നു ഉദ്യോഗസ്ഥരുടേത്. ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ട്. എന്നാല്‍ ചട്ടങ്ങള്‍ ജനങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ലക്ഷ്യത്തോടെ വിനിയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം-മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ് വളപ്പില്‍ നടന്ന ജനസമ്പര്‍ക്കപരിപാടിയില്‍ പതിനായിരത്തോളം പരാതികള്‍ക്കാണ് മുഖ്യമന്ത്രി തീര്‍പ്പു കല്പിച്ചത്. മന്ത്രിമാരായ ഷിബു ബേബിജോണ്‍, കെ.ബി.ഗണേഷ് കുമാര്‍, എന്‍.പീതാംബരക്കുറുപ്പ് എം.പി., കൊടിക്കുന്നില്‍ സുരേഷ് എം.പി. എന്നിവര്‍ സംസാരിച്ചു. കളക്ടര്‍ പി.ജി.തോമസ് ആമുഖപ്രസംഗം നടത്തി.





Janasamparkka Pripadi,Kollam

2011, നവംബർ 29, ചൊവ്വാഴ്ച

നദീസംരക്ഷണ അതോറിറ്റിക്ക് അംഗീകാരം -മുഖ്യമന്ത്രി

നദീസംരക്ഷണ അതോറിറ്റിക്ക് അംഗീകാരം -മുഖ്യമന്ത്രി



ആലുവ: നദീസംരക്ഷണ അതോറിറ്റി രൂപവത്കരിക്കുന്ന കാര്യം സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആലുവ അദൈ്വതാശ്രമം അങ്കണത്തില്‍ നടന്ന പെരിയാര്‍ നദീസംരക്ഷണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 44 നദികളുടെ സംരക്ഷണത്തിനായാണ് അതോറിറ്റി രൂപവത്കരിക്കുന്നത്.ഇതിന്‍െറ കരട് തയാറാക്കി നിയമവകുപ്പിന് അയച്ചു. ഉദ്യോഗസ്ഥര്‍ക്ക് പുറമെ ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്നതാണ് അതോറിറ്റി. ജല മലിനീകരണം, മണല്‍ കടത്ത്, കൈയേറ്റം തുടങ്ങിയവ ഇല്ലാതാക്കലാണ് ലക്ഷ്യം. പമ്പ, പെരിയാര്‍, ഭാരതപ്പുഴ എന്നീ നദികള്‍ക്കാണ് തുടക്കത്തില്‍ മുന്‍ഗണന. 44 നദികളുടെയും സംരക്ഷണത്തിനായി നിയമനിര്‍മാണം നടത്തും.

വേമ്പനാട് കായലിന്‍െറ സംരക്ഷണത്തിനായി 10 കോടി കേന്ദ്ര സര്‍ക്കാര്‍ തന്നിട്ടുണ്ട്. ഇനി 90 കോടി കൂടി അവര്‍ തരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

മാധ്യമങ്ങളുടെ വിമര്‍ശനം ജനാധിപത്യത്തിന്റെ ശക്തി : മുഖ്യമന്ത്രി

മാധ്യമങ്ങളുടെ വിമര്‍ശനം ജനാധിപത്യത്തിന്റെ ശക്തി : മുഖ്യമന്ത്രി


മീഡിയ വണ്‍ ടി.വി ചാനല്‍ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നു.
കോഴിക്കോട്: മാധ്യമങ്ങളുടെ ധീരവും ഗുണാത്മകവുമായ വിമര്‍ശനമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മീഡിയാ വണ്‍ ടി.വി ചാനലിന്റെ കോഴിക്കോട് വെള്ളിപ്പറമ്പിലുള്ള സ്റ്റുഡിയോ കോംപ്ലക്സിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ നന്മക്കും സാമൂഹ്യ പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ മീഡിയാ വണിന് സാധിക്കുമെന്നാണ് മാധ്യമം ദിനപത്രത്തിന്റെ അനുഭവം വെളിപ്പെടുത്തുന്നത്. അവഗണിക്കപ്പെട്ട ജനവിഭാഗങ്ങളെയും വേദനിക്കുന്നവരെ പരിഗണിക്കുകയും അവര്‍ക്കു പോരാടുകയും ചെയ്യുമ്പോഴാണ് മാധ്യമ ധര്‍മം പൂര്‍ത്തിയാവുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റുഡിയോ കോംപ്ലക്സിന്റെ രൂപരേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.