UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

LDF_Rule എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
LDF_Rule എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

വാളയാർ: പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ CBI അന്വേഷണം നടത്തണം


വാളയാറിൽ ചെറുപ്രായമുള്ള രണ്ട് പെൺകുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ നീതിന്യായ കോടതി വെറുതെ വിട്ടെന്ന വാർത്ത ഏറെ ഞെട്ടിക്കുന്നതാണ്. തെളിവുകളുടെ അഭാവമാണ് പ്രതികളെ വിട്ടയക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. സുതാര്യമായ രീതിയിൽ പോലീസ് അന്വേഷണം നടന്നിരുന്നെങ്കിൽ ഇളയ മകൾ എങ്കിലും മരണത്തിൽ നിന്നും രക്ഷപ്പെട്ടേനെ എന്നാണ് കുട്ടികളുടെ അമ്മ പറയുന്നത്. പോലീസിന്റേയും പ്രോസിക്യൂഷന്റേയും അനാസ്ഥ ഒന്ന് മാത്രമാണ് ഈ കുടുംബത്തെ കണ്ണീരിലാഴ്ത്തിയത്. കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് പ്രതിഭാഗം അഡ്വക്കേറ്റിനെ നിയമിച്ചതും പ്രതികളെ പോലീസ് സ്‌റ്റേഷനിൽ നിന്നും ഇറക്കിക്കൊണ്ട് പോയത് അരിവാൾ പാർട്ടിക്കാരാണെന്നുമുള്ള മരിച്ച കുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തലും കൂട്ടി വായിക്കുമ്പോൾ സർക്കാർ സംവിധാനങ്ങളുടെ സഹായം ഇരകൾക്കല്ല പ്രതികൾക്കാണ് കിട്ടിയത് എന്നത് പകൽ പോലെ വ്യക്തമാണ്. പ്രകടമായ ഗുരുതര വീഴ്ചകളെ മന്ത്രിമാർ പോലും അംഗീകരിക്കുന്നു. പ്രോസിക്യൂഷന്റെയും പോലീസിന്റെയും ഗുരുതരമായ വീഴ്ചകളിന്മേലുള്ള മുഖ്യമന്ത്രിയുടെ നിശബ്ദത ജനങ്ങളെ അത്ഭുതപ്പെടുത്തുന്നു.

കേസ് അന്വേഷണത്തിൽ പോലീസും കോടതിയിലെ കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചകളാണ് വരുത്തിയിട്ടുള്ളത്. ഏറ്റവുമധികം പരിഗണന ലഭിക്കേണ്ട ദളിത് വിഭാഗത്തിലെ പതിമൂന്നും ഒൻപതും വയസ്സുകൾ മാത്രം പ്രായമുണ്ടായിരുന്ന പിഞ്ചു കുഞ്ഞുങ്ങൾ ക്രൂരമായ പീഢനത്തിന് ഇരയാവുകയും ദാരുണമായി മരണപ്പെടുകയും ചെയ്ത അതീവ ഗുരുതരമായ ഈ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ CBI അന്വേഷണം നടത്തുക തന്നെ വേണം.

2019, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

പോലീസിനെ ഇനിയും വിമര്‍ശിക്കും


അഭിപ്രായപ്രകടനത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയ ഡിജിപിയും അനുമതി നല്കിയ മുഖ്യമന്ത്രിയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വായ്മൂടിക്കെട്ടുകയാണ്.

പ്രോസിക്യൂട്ട് ചെയ്ത് കോണ്‍ഗ്രസിനെ നിശബ്ദമാക്കാം എന്നു കരുതിയാല്‍ അതു കേരളത്തില്‍ നടപ്പില്ല. വിമര്‍ശനങ്ങളെ ഭയക്കന്നുവരാണ് അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നത്. നരേന്ദ്രമോദിയുടെ തെറ്റായ അതേ വഴികളിലൂടെയാണ് പിണറായി വിജയനും സഞ്ചരിക്കുന്നത്.

പോലീസിനെ വിമര്‍ശിച്ചതിനാണ് കെപിസിസി പ്രസിഡന്റിനെതിരേ കൊടുവാള്‍ ഓങ്ങുന്നത്. പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം ക്രമസമാധാനപാലന രംഗത്താണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉണ്ടായ മുപ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍, നിരവധി ലോക്കപ്പ് മരണങ്ങള്‍, ഉരുട്ടിക്കൊലകള്‍, സിപിഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരെ മര്‍ദിച്ചൊതുക്കല്‍ തുടങ്ങിയ കിരാതമായ പോലീസ് നടപടികളാണു കേരളം കണ്ടത്. ഇതിനെതിരേ ഡിജിപിയേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമര്‍ശിക്കും. സാധ്യമായ നടപടികള്‍ സ്വീകരിക്കും.

സിപിഎമ്മുകാരെയും പാര്‍ട്ടിക്കുവേണ്ടപ്പെട്ടവരെയും വഴിവിട്ട് സംരക്ഷിക്കുകയും രക്ഷിക്കുകയും ചെയ്ത നിരവധി പോലീസ് നടപടികള്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം എണ്ണിപ്പറഞ്ഞാല്‍ പോലീസിന്റെ തൊലിയുരിഞ്ഞുപോകും. ഈ പോലീസിനെ വെള്ളപൂശാന്‍ കോണ്‍ഗ്രസിനോ പ്രതിപക്ഷത്തിനോ കഴിയില്ല. കെപിസിസി പ്രസിഡന്റിനെതിരായ ഏതൊരു നീക്കവും നിയമപരമായും രാഷ്ട്രീയപരമായും നേരിടുക തന്നെ ചെയ്യും.


2019, ജനുവരി 8, ചൊവ്വാഴ്ച

ശബരിമല: കലാപങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്


സംസ്ഥാനത്ത് ഉണ്ടായ കലാപങ്ങളുടെയും സംഘർഷങ്ങളുടെയും കാരണം മുഖ്യമന്ത്രിയുടെ പിടിവാശിയും ധിക്കാരപരമായ നിലപാടും ആണ്.  സമാധാനപരമായി പരിഹരിക്കാമായിരുന്ന പ്രശ്‌നം സങ്കീർണമാക്കിയത് സംസ്ഥാന സര്‍ക്കാരാണ്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കടന്നാക്രമിക്കാൻ മന്ത്രിമാരും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നടത്തുന്ന ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. സുകുമാരന്‍ നായര്‍ ഉന്നയിച്ച വിമർശനങ്ങൾ പരിശോധിച്ച് തെറ്റുകൾ തിരുത്തുന്നതിന് പകരം വിമർശകരെ ഭീഷണിപ്പെടുത്താനാണ് സി.പി.എമ്മും ഗവൺമെന്‍റും ശ്രമിക്കുന്നത്.

വിമർശനങ്ങളോട് മുഖ്യമന്ത്രിയും മന്ത്രിമാരും കാണിക്കുന്ന അസഹിഷ്ണുത അവരുടെ ഫാസിസ്റ്റ് പ്രവർത്തന രീതിയുടെ തെളിവാണ്. എന്ത് വിലകൊടുത്തും വിശ്വാസികൾ പോലും അല്ലാത്ത രണ്ട് സ്ത്രീകളെ പിൻവാതിലിലൂടെ ഗൂഢതന്ത്രങ്ങൾ ഉപയോഗിച്ച് സന്നിധാനത്തിൽ എത്തിച്ചതിന്‍റെ പിന്നിൽ ഗവൺമെന്‍റിന്‍റെ പിടിവാശിയും ധിക്കാരവുമാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനും വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും പോയത് എൻ.എസ്.എസ്. ജനറൽ സെക്രട്ടറിയല്ല, മറിച്ച് മുഖ്യമന്ത്രിയും ഗവൺമെന്‍റും ആണെന്ന് പൊതു സമൂഹത്തിന് തന്നെ ബോധ്യമായ കാര്യമാണ്. രണ്ട് വനിതകൾ ശബരിമലയിൽ ദർശനം നടത്തിയെന്ന് ആദ്യം വെളിപ്പെടുത്തിയ മുഖ്യമന്ത്രി തന്നെ തന്‍റെ അറിവോടെയല്ല ഇവര്‍ ദർശനം നടത്തിയതെന്ന് പറയുന്നത് ആരുംതന്നെ വിശ്വസിക്കുകയില്ലെന്നും പറഞ്ഞു.

സമുദായാചാര്യനായ മന്നത്തുപത്മനാഭന്‍റെ കാലം മുതൽ സമുദായ സൗഹാർദത്തിന് വേണ്ടി നിലകൊണ്ട എൻ.എസ്.എസ് വർഗീയത പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന കോടിയേരിയുടെ നിലപാട് സ്വന്തം പരാജയം മറച്ചുവെക്കാനുള്ള ഗൂഢതന്ത്രമാണ്. സമാധാനപൂർണമായി ഇത്രയുംകാലം നടന്ന ശബരിമല തീർഥാടനം സംഘർഷ കലുഷിതമാക്കിയതിന്‍റെയും വർഗീയ ചേരിതിരിവ് ഉണ്ടാക്കിയതിന്‍റെയും പൂർണമായ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും മാർക്‌സിസ്റ്റ് പാർട്ടിക്കുമാണ്. വിവാദങ്ങൾ പരിഹരിക്കാനല്ല ആളിക്കത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളെ എതിർക്കുന്നവരെ എല്ലാം ആർ.എസ്.എസുകാരായി ചിത്രീകരിക്കാനുള്ള സി.പി.എം തന്ത്രം കേരളത്തിൽ വിലപോകില്ലെന്നും  എൽ.ഡി.എഫ് ഘടക കക്ഷികൾ സമീപകാല സംഭവങ്ങളിൽ പുലർത്തുന്ന നിസംഗതയും നിശബ്ദതയും അവരുടെ പ്രസക്തി തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്.




2019, ജനുവരി 4, വെള്ളിയാഴ്‌ച

ശബരിമലയിലെ പുതിയ വിവാദം സര്‍ക്കാര്‍ ഗൂഡാലോചന


ശബരിമലയിലെ യുവതീപ്രവേശ വിഷയം സംബന്ധിച്ച പുതിയ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഗൂഢാലോചന നടത്തി. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം, മുഖ്യമന്ത്രി ഒരു പക്ഷം പിടിച്ച് വിഭാഗീതയ വളര്‍ത്തുകയാണ്.

സമൂഹത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്ക വിഷയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് പരിഹരിക്കാനാണ് ഗവര്‍മെന്റും മുഖ്യമന്ത്രിയും മുന്‍കൈയ്യടുക്കേണ്ടത്. അതിന് പകരം, ഒരു പക്ഷം പിടിച്ച് , വിഭാഗീതയ വളര്‍ത്തുന്നതിനുള്ള നടപടിയാണ് മുഖ്യമന്ത്രിയും സിപിഎമ്മും ചെയ്യുന്നത്. ഇത് സംസ്ഥാനത്തിനോ കേരളത്തിലെ ജനങ്ങള്‍ക്കോ ഒരിക്കലും ഗുണം ചെയ്യില്ല. മറിച്ച് ദോഷമേ ചെയ്യൂ. അതിനാല്‍ ഇനിയെങ്കിലും തെറ്റ് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. കേരളം ഇതുവരെ നേടിയിട്ടുളള എല്ലാ നേട്ടങ്ങളും നിഷ്പ്രഭമാക്കുന്നതാണ് ഈ പുതിയ സംഭവങ്ങള്‍. ഒപ്പം, ഇത് ജനങ്ങളെ വ്യത്യസ്ത ചേരികളിലാക്കി , ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കും.

യുഡിഎഫ് ഭരണക്കാലത്തും പല പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ആ പ്രശ്‌നങ്ങളില്‍ ഒന്നിലും പക്ഷം പിടിക്കുകയോ, തര്‍ക്കം കൂടുതല്‍ വഷളാക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍, സര്‍ക്കാരും മുഖ്യമന്ത്രിയും തെറ്റ് തിരുത്താന്‍ ഇനിയെങ്കിലും തയ്യാറാകണം.




2018, ഡിസംബർ 21, വെള്ളിയാഴ്‌ച

എൻഎസ്എസിനെ അപമാനിക്കുന്നത് വർഗീയ മതിലിന് ആളെക്കൂട്ടാൻ


എൻഎസ്എസിനെതിരേ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തുവന്നത് വർഗീയ മതിൽ കെട്ടിപ്പൊക്കാൻ വേണ്ടി മാത്രമാണ്. വർഗീയ മതിലിന് ആളെക്കൂട്ടാനുള്ള രാഷ്ട്രീയക്കളിയാണിത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിക്കുന്നതിനു പകരം എൻഎസ്എസിനെപ്പോലെയുള്ള സംഘടനകളെയും അതിന്റെ നേതൃത്വത്തെയും അവഹേളിക്കുകയാണ് ചെയ്യുന്നത്. മന്നത്തു പത്മനാഭൻ നവോത്ഥാന മുന്നേറ്റത്തിനും കേരള സമൂഹത്തിനും നല്കിയ വലിയ സംഭാവനകൾ ആർക്കാണു മറക്കാൻ കഴിയുക? നിരവധി മറ്റു സാമൂഹിക സംഘടനകളെയും ജനവിഭാഗങ്ങളെയും മാറ്റിനിർത്തി സിപിഎം കേരളത്തെ പിളർക്കാനാണു നോക്കുന്നത്. 

ജനങ്ങളെ വിഭജിച്ചുകൊണ്ട് ബിജെപി നടത്തുന്ന അതേ രാഷ്ട്രീയമാണു സിപിഎമ്മും പയറ്റുന്നത്. ബിജെപി അയോധ്യയെയും പശുവിനെയും കരുവാക്കുമ്പോൾ സിപിഎം ശബരിമലയെയും വർഗീയ മതിലി- നെയുമൊക്കെയാണ് അതിനായി ഉപയോഗിക്കുന്നത്. ഇതു തിരിച്ചറിഞ്ഞ നിരവധി സംസ്കാരിക സാമൂഹിക പ്രവർത്തകർ വർഗീയ മതിലിൽ നിന്നു പിന്മാറി. വർഗീയ മതിൽ കേരളത്തിന് അപമാനമാണ്. 

2018, ഡിസംബർ 13, വ്യാഴാഴ്‌ച

വനിതാ മതില്‍: ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തന്ത്രം


നവോത്ഥാനത്തിന്റെ കപട മുദ്രാവാക്യങ്ങളുമായി ഇടത് സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടത്താന്‍ പോകുന്ന 'സ്ത്രീകളുടെ മതില്‍' ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മറ്റൊരു തന്ത്രമാണ്. ജര്‍മ്മന്‍ ജനതയെ ഭിന്നിപ്പിച്ച ബര്‍ലിന്‍ വന്‍ മതില്‍ തകര്‍ന്നതുപോലെയുള്ള സ്വാഭാവിക പരിണാമമായിരിക്കും ഈ മതിലിനും ഉണ്ടാകാന്‍ പോകുന്നത്.

സുപ്രീംകോടതി വിധി പരിശോധിച്ച് ബന്ധപ്പെട്ടവരുമായി കൂടിയാലോടനകള്‍ നടത്തി സമവായം ഉണ്ടാക്കാന്‍ യാതൊരു ശ്രമവും നടത്താതെ വിധി പകര്‍പ്പ് ലഭിക്കുന്നതിന് മുന്‍പ് അത് നടപ്പിലാക്കാന്‍ മുഖ്യമന്ത്രി കാണിച്ച വ്യഗ്രത ദുരുദ്ദേശപൂര്‍ണ്ണമായിരുന്നു. പക്വതയോടെ ശബരിമല പ്രശ്‌നപരിഹാരത്തിന് പരിഹാരം കാണുവാന്‍ ശ്രമിക്കുന്നതിനു പകരം വര്‍ഗ്ഗീയ വാദികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ചത്. ഭരണകക്ഷി തന്നെ സ്‌പോണ്‍സര്‍ ചെയ്ത 'ചില വനിതകളെ' കനത്ത പൊലീസ് സംരക്ഷണയില്‍ സന്നിധാനത്ത് എത്തിക്കാന്‍ സര്‍ക്കാര്‍ കാണിച്ച വിവേക ശൂന്യമായ നടപടികളാണ് കലാപത്തിന് വഴിയൊരുക്കിയത്. ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കും സമരത്തിന് കളമൊരുക്കിയ പിണറായി സര്‍ക്കാര്‍ കേരള സമൂഹത്തില്‍ ഉണ്ടാക്കിയ വര്‍ഗ്ഗീയ ചേരിതിരിവിന് ചരിത്രം മാപ്പ് നല്‍കില്ല.

ചില സംഘടനങ്ങളുടെ യോഗത്തിന്‍ മറവില്‍ സ്ത്രീകളുടെ മതില്‍ സൃഷ്ടിക്കാനുള്ള പ്രഖ്യാപനം സി.പി.എമ്മിന്റെ രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. പ്രളയക്കെടുതില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് നാമമാത്രമായ സഹായം പോലും നല്‍കാന്‍ കഴിയാത്ത സര്‍ക്കാരാണ് മതിലിനായി ലക്ഷങ്ങള്‍ ചെലവിടാന്‍ പോകുന്നത്.

ജനങ്ങളുടെ ഇടയില്‍ മതിലുകള്‍ പൊളിച്ചും തകര്‍ത്തുമാണ് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനം മുന്നേറിയതും സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചതും. കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്ത് നശിപ്പിച്ച് ജനങ്ങളെ ഭിന്നചേരിയില്‍ ആക്കുവാനുള്ള നീക്കങ്ങളെ എല്ലാവരും യോജിച്ച് പരാജയപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. മതസൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നമുക്കു ഉയര്‍ത്തി പിടിക്കാം.


2018, മേയ് 25, വെള്ളിയാഴ്‌ച

തിരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍കരിക്കാനും ധ്രുവീകരണമുണ്ടാക്കാനും; വിലകുറഞ്ഞ തന്ത്രം സിപിഎമ്മിന്റെ പരാജയഭീതിയില്‍ നിന്ന്.


അയ്യപ്പസേവാസംഘം ആര്‍എസ്‌എസിന്റെ പോഷകസംഘടനയാണെന്ന കോടിയേരിയുടെ പരാമര്‍ശം;  ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍കരിക്കാനും ധ്രുവീകരണമുണ്ടാക്കാനും; വിലകുറഞ്ഞ തന്ത്രം സിപിഎമ്മിന്റെ പരാജയഭീതിയില്‍ നിന്നുമുണ്ടായതാണ്. 

 ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍ക്കരിക്കാനും ജനങ്ങളില്‍ വര്‍ഗീയ ധ്രുവീകരണം നടത്താനും സിപിഎം ശ്രമിക്കുകയാണ്. അഖില ഭാരത അയ്യപ്പസേവാസംഘം ആര്‍എസ്‌എസിന്റെ പോഷക സംഘടനയാണെന്നും ഇതിലെ ഭാരവാഹിയായതിനാലാണ് യുഡിഎഫ് അഡ്വ.ഡി.വിജയകുമാറിന് സീറ്റ് നല്‍കിയതെന്നും ഉള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശാഭിമാനിയിലെ ലേഖനം പരാജയഭീതിയില്‍ നിന്നുമുണ്ടായതാണ്.

അയ്യപ്പ സേവാസംഘം വര്‍ഗ്ഗീയ സംഘടനയല്ല. അത് ഒരു സേവന സന്നദ്ധ സംഘടനയാണ്. അയ്യപ്പ സേവാസംഘത്തെ ആര്‍എസ്‌എസുമായി ബന്ധപ്പെടുത്തി കോടിയേരി നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിക്കുന്നു. കാവി ഉടുക്കുന്നവരും ചന്ദനക്കുറി ഇടുന്നവരും അമ്പലത്തിൽ  പോകുന്നവരുമെല്ലാം ആര്‍എസ്‌എസ് ആണെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പ് രംഗത്ത് സിപിഎം ഒരിക്കലും ഉപയോഗിക്കാത്ത തന്ത്രമാണ് ചെങ്ങന്നൂരില്‍ പ്രയോഗിച്ചിരിക്കുന്നത്. വിഭാഗീയത സൃഷ്ടിച്ച്‌ വോട്ടു തട്ടാന്‍ ആര്‍എസ്‌എസും ബിജെപിയും നടത്തുന്ന അതേ നീക്കം തന്നെയാണ് ഇപ്പോള്‍ സിപിഎമ്മും നടത്തിയിരിക്കുന്നത്. വിജയകുമാര്‍ ഒരു മത സംഘടനയുമായി ബന്ധപ്പെട്ട ആളല്ല.

പതിറ്റാണ്ടുകളായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വിജയകുമാറിനെ ജനങ്ങള്‍ക്കറിയാം. ഇത്തരം പ്രചരണത്തിലൂടെ യുഡിഎഫിന്റെ ഒരു വോട്ട് പോലും കുറയില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ജനങ്ങള്‍ക്ക് മുമ്പിൽ  അവതരിപ്പിക്കാന്‍ രാഷ്ട്രീയ നേട്ടങ്ങളോ ഭരണനേട്ടങ്ങളോ ഇല്ലാത്തതിനാലാണ് ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത്. പ്രചരണം അവസാന ഘട്ടത്തിലെത്തിയപ്പോള്‍ പരാജയം നേരിടുമെന്ന പരിഭ്രാന്ത്ിയിലാണ് സിപിഎം. പ്രചരണത്തിന്റെ ആദ്യ റൗണ്ടില്‍ തന്നെ ബിജിപി താഴെ പോന്നു. എന്നാല്‍ ബിജെപി മുന്നേറുകയാണെന്ന ഭീതി ജനങ്ങള്‍ക്കിടയില്‍ പരത്തി വോട്ട് തട്ടാനാണ് സിപിഎം ശ്രമിക്കുന്നത്.  ഇതിനെ യുഡിഎഫ് ശക്തമായി നേരിടും.

വിജയകുമാറിനെ കുറിച്ചുള്ള പരാമര്‍ശം ആരും വിശ്വസിക്കില്ല. ഇത് സിപിഎമ്മിന് തിരിച്ചടിയാകും. ഇടതുപക്ഷം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒരിടത്തും ഭരണത്തിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്ന് പറഞ്ഞിട്ടില്ല. വി എസ് മാത്രമാണ് ഭരണത്തിന്റെ വിലയിരുത്തലെന്ന് പറഞ്ഞിട്ടുള്ളത്. പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഈ അഭിപ്രായം തന്നെയാണോ എന്നറിയാന്‍ ആഗ്രഹമുണ്ടെന്നും ദേശാഭിമാനിയില്‍ കോടിയേരി എഴുതിയ ലേഖനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. 


2018, ഫെബ്രുവരി 21, ബുധനാഴ്‌ച

യുഡിഎഫ് സർക്കാരിനെതിരെയുള്ള അന്വേഷണം എവിടെയെത്തി?


യുഡിഎഫ് ഭരണകാലത്തു എന്റെ  സർക്കാരിനെതിരെ ഉയർന്ന മൂന്ന് ആരോപണങ്ങളെക്കുറിച്ചുള്ള എൽഡിഎഫ് സർക്കാരിന്റെ അന്വേഷണം എവിടെപ്പോയി?

മെത്രാൻ കായൽ, ഹോപ് പ്ലാന്റേഷൻസ് എന്നൊക്കെ പറഞ്ഞ് അവസാനകാല മന്ത്രിസഭാതീരുമാനങ്ങളെക്കുറിച്ച് എന്തൊക്കെ ആരോപണങ്ങളാണ് അന്നത്തെ പ്രതിപക്ഷം ഉയർത്തിയത്? ഇതേക്കുറിച്ച് അന്വേഷിക്കാനായി എ.കെ.ബാലന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിയെ തന്നെ നിയോഗിച്ചിട്ടെന്തായി? 700 തീരുമാനമാണു മരവിപ്പിച്ചത്.

ഒന്നരവർഷം ആറേഴു മന്ത്രിമാരടങ്ങിയ ഉപസമിതി പരിശോധിച്ചിട്ട് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അവരുടെ റിപ്പോർട്ട് മന്ത്രിസഭയിൽ വച്ച് അംഗീകരിച്ചുവെങ്കിലും അക്കാര്യം പുറത്തുവിട്ടില്ല. നിയമസഭയിൽ എഴുതിച്ചോദിച്ചപ്പോൾ മാത്രം മറുപടി തന്നു. ഒരെണ്ണത്തിൽപ്പോലും വിജിലൻസ് കേസ് എടുക്കാനുള്ള സാഹചര്യമില്ലെന്നാണു വ്യക്തമായത്. ഇതൊന്നും നിങ്ങളാരും അന്വേഷിക്കുകയോ റിപ്പോർട്ട് ചെയ്യുകയോയില്ലല്ലോ. കാരണം അതിൽ വിവാദമില്ല. ബാർ കോഴക്കേസിന്റെ കാര്യത്തിൽ തങ്ങൾ അന്നു പറഞ്ഞതാണ് ഇപ്പോൾ അതിൽ ഉൾപ്പെട്ടയാൾ തന്നെ വെളിപ്പെടുത്തിയത്. സത്യത്തിന്റെ മഹത്വമാണ് ഇതിലൂടെ വ്യക്തമായത്. സിപിഎമ്മിന്റെ രാഷ്ട്രീയോദ്ദേശ്യം പുറത്തായിക്കഴിഞ്ഞു.

കെട്ടിച്ചമച്ച കേസായതുകൊണ്ടാണു യുഡിഎഫ് സർക്കാരിന്റെ കാലത്തെ അന്വേഷണത്തിൽ കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയത്. ഇപ്പോൾ ഇനിയും കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്നാണു പറയുന്നത്. സോളറിന്റെ കാര്യത്തിൽ മാനഭംഗക്കേസടക്കം ചുമത്താൻ പോകുകയാണെന്നാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നിട്ട് എന്തു ചെയ്യാൻ സാധിച്ചു? ആരാണ് അതു തടഞ്ഞത്? പ്രതിപക്ഷം സമരം ചെയ്തോ? നിയമത്തിന്റെ കരങ്ങൾ മുഖ്യമന്ത്രിയുടെ കയ്യിൽ കയറിപ്പിടിച്ചുവെന്നതാണു വസ്തുത.

‘മാണി മടങ്ങിവരും’

കെ.എം.മാണി യുഡിഎഫിലേക്കു തിരിച്ചുവരുമെന്ന പൂർണവിശ്വാസമാണ് ഉള്ളതെന്ന് ഉമ്മൻചാണ്ടി. സിപിഐക്ക് അദ്ദേഹത്തെ വേണ്ടായിരിക്കും. ഞങ്ങൾക്കു വേണമെന്നു തന്നെയാണ് ആഗ്രഹം. ഞങ്ങളാരും അദ്ദേഹത്തെ പറഞ്ഞുവിട്ടതല്ല. തിരിച്ചുവരാമെന്നു വ്യക്തമാക്കിയതുമാണ്.

2018, ഫെബ്രുവരി 17, ശനിയാഴ്‌ച

ആ 37 വെട്ട് സഹിക്കാവുന്നതിലും അപ്പുറം






  • മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണം. 
  • ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കുന്നതില്‍പൊലീസിന് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ട്.  

സിനിമാപ്പാട്ടിനെക്കുറിച്ചു വരെ പ്രതികരിക്കുന്ന മുഖ്യമന്ത്രി സ്വന്തം ജില്ലയിൽ ഒരു ചെറുപ്പക്കാരൻ നിഷ്ഠുരമായി കൊല ചെയ്യപ്പെട്ടിട്ടു മിണ്ടാത്തതെന്താണ്? ഈ നിശ്ശബ്ദത അദ്ഭുതപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമാണ്. കൊലയ്ക്കെതിരെ ശബ്ദിക്കാനാവാത്ത, യഥാർഥ പ്രതികളെ പിടിക്കാൻ പൊലീസിന് അനുവാദം കൊടുക്കാത്ത പിണറായിക്ക് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ ധാർമികമായി അർഹതയില്ല. മിനിറ്റുകൾക്കകം വിവരം കിട്ടിയിട്ടും തിരച്ചിലിനു പൊലീസ് മണിക്കൂറുകൾ വൈകിയത് എന്തുകൊണ്ടാണ്? ഏറ്റുമുട്ടലിലല്ല ഷുഹൈബ് കൊലപ്പെട്ടത്. നേരത്തേ കൊലവിളി നടന്നിട്ടുമുണ്ട്. അപ്പോൾ സിപിഎം നേതൃത്വത്തിന്റെ അറിവോടെതന്നെയാണ് ഈ കൊല. ഇതിലെ ഗൂഢാലോചന അന്വേഷിക്കണം.

ഗർഭസ്ഥ ശിശുവിനുപോലും രക്ഷയില്ല. കോഴിക്കോട് കോടഞ്ചേരിയിൽ ഗർഭിണിക്കു സിപിഎം പ്രവർത്തകന്റെ ചവിട്ടേറ്റതിനെത്തുടർന്നാണു ഗർഭസ്ഥ ശിശു മരിച്ചത്. ഷുഹൈബ് കേസിൽ യഥാർഥ പ്രതികളെ പിടികൂടിയില്ലെങ്കിൽ അതിശക്തമായ പ്രതികരണം ഉണ്ടാകും. ജനങ്ങളെ അണിനിരത്തി അക്രമരാഷ്ട്രീയത്തെ തുറന്നുകാട്ടും. 

ടിപി കേസിൽ ഗൂഢാലോചന അന്വേഷിക്കേണ്ടതില്ലെന്ന നിലപാടെടുത്തിട്ടില്ല. ആ ക്രൂരകൃത്യം ചെയ്തവരെ പിടികൂടിയശേഷം നിയമപരമായ സാഹചര്യം അനുസരിച്ചു നീങ്ങുകയാണു ചെയ്തത്. 

2017, ഡിസംബർ 5, ചൊവ്വാഴ്ച

ഇനി വിമര്‍ശിക്കാതെ വയ്യ

ഓഖി ദുരന്തമേഖലയിൽ വീണ്ടും എത്തിയപ്പോൾ

കഴിഞ്ഞ തവണ ഓഖി ദുരന്ത മേഖലയിൽ വന്നപ്പോള്‍ സര്‍ക്കാരിനെതിരെ ഒരക്ഷരം പറഞ്ഞിരുന്നില്ല. അഞ്ചാം ദിവസവും സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. 

ഒാഖി ചുഴലിക്കാറ്റിന്റെ കെടുതികളെ നേരിടാന്‍ സര്‍ക്കാര്‍ ഇനിയും ഉണര്‍ന്നിട്ടില്ല. സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണ് ദുരന്തത്തിന്റെ വ്യാപ്തികൂട്ടിയത്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ പരാജയമടഞ്ഞ സര്‍ക്കാര്‍ നാട്ടുകാരുടെ വേദന ഉള്‍കൊള്ളാനുള്ള മനസ് എങ്കിലും കാണിക്കണം.

2017, ഒക്‌ടോബർ 12, വ്യാഴാഴ്‌ച

മുഖ്യമന്ത്രി കണ്ടെത്തിയ നിഗമനങ്ങൾ കമ്മീഷന്റെ ടേംസ് ഓഫ് റെഫറൻസുമായി ബന്ധപ്പെട്ടതല്ല.



കഴിഞ്ഞ 26/9/2017 -ന് സമർപ്പിച്ച സോളാർ കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച തീരുമാനങ്ങൾ ഇന്നലെ (11/10/2017) മുഖ്യമന്ത്രി പത്രസമ്മേളനത്തിലൂടെ പ്രസിദ്ധീകരിച്ചത് കണ്ടു. നിഗമനങ്ങളിൽ പരാമർശിക്കാത്ത കാര്യങ്ങളെപ്പറ്റി പോലുമുള്ള നിയമോപദേശങ്ങളും മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ നൽകുകയും ചെയ്തു.

റിപ്പോർട്ട് ലഭിച്ചാൽ സാധാരണ ചെയ്യാറുള്ളതുപോലെ ശുപാർശകളോ പ്രസക്തഭാഗങ്ങളോ മാധ്യമങ്ങൾക്കു നൽകാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി റിപ്പോർട്ട് ലഭിച്ച് 15 ദിവസം കഴിഞ്ഞിട്ടും അതിന് തയ്യാറായിട്ടില്ല . സാധാരണഗതിയിൽ റിപ്പോർട്ട് ലഭിച്ചാൽ മാധ്യമങ്ങൾക്ക് നല്കാറുണ്ട്. എന്നാൽ ഇതുസംബന്ധിച്ച നിയമോപദേശവും തീരുമാനങ്ങളും പ്രഖ്യാപിച്ചിട്ടും റിപ്പോർട്ടോ പ്രസക്തഭാഗങ്ങളോ പ്രസിദ്ധീകരണത്തിന് നൽകാത്തത് സംശയങ്ങൾ വർധിപ്പിക്കുന്നുണ്ട്.

കമ്മീഷന്റേതായി മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ കമ്മീഷന്റേതു തന്നെയാണോ എന്നും കമ്മീഷൻ തന്നെ എത്തിയ നിഗമനകൾക്ക് ആധാരമായ തെളിവുകൾ എന്തെല്ലാമെന്നും റിപ്പോർട്ട് പരിശോധിക്കാതെ പറയാൻ കഴിയില്ല.

"മുഖ്യമന്ത്രി കണ്ടെത്തിയ നിഗമനങ്ങൾ കമ്മീഷന്റെ ടേംസ് ഓഫ് റെഫറൻസുമായി ബന്ധപ്പെട്ടതല്ല."

വിവാദങ്ങൾ സൃഷ്ടിച്ചു ഭരണ പരാജയം മറച്ചുവെക്കാനും, മുഖം നഷ്ടപ്പെട്ട ഗവൺമെന്റിനെ രക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ മറ്റൊരു തന്ത്രമണിത്.

ശ്രദ്ധേയമായ കാര്യം മുഖ്യമന്ത്രിക്ക് മാത്രം അറിയാവുന്ന റിപ്പോർട്ടുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ഒക്ടോബർ എട്ടിന് വേങ്ങരയിൽ മുൻ മന്ത്രി ടി കെ ഹംസ വെളിപ്പെടുത്തിയെന്നതാണ്. ഗവൺമെന്റ് ലഭിച്ച റിപ്പോർട്ട് പാർട്ടി നേതൃത്വം ചർച്ച ചെയ്തിരുന്നോയെന്ന സംശയത്തെ ഈ സംഭവം ബലപ്പെടുത്തുന്നു.

കമ്മീഷൻ ഓഫ് എൻക്വിയറി ആക്ട് അനുസരിച്ച് നിയോഗിക്കുന്ന കമ്മീഷൻ ടേംസ് ഓഫ് റഫറൻസ് അനുസരിച്ചാണ് പ്രവർത്തിക്കുന്നതും റിപ്പോർട്ട് നൽകുന്നതും. എന്നാൽ റിപ്പോർട്ട് അതേപടി സ്വീകരിച്ചു എന്നു പറയുകയും അതിനിമേൽ നടപടി പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രി ടേംസ് ഓഫ് റഫറൻസ് സംബന്ധിച്ച് കമ്മീഷന്റ കണ്ടെത്തലുകൾ കുറിച്ചു നിശബ്ദത പാലി പാലിച്ചത് അത്ഭുതകരമാണ് . ടോംസ് ഓഫ് റഫറൻസിൽ പറഞ്ഞ കാര്യങ്ങളെപ്പറ്റി കണ്ടത്തലുകളൊന്നും പുറത്തുപറയാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ച നടപടികൾ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയാണ് എന്നത് വ്യക്തമാണ്.

സോളാർ ഇടപാട് സംബന്ധിച്ച് ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്കെതിരെ വളരെ ബാലിശമായ തരംതാണ ആരോപണങ്ങൾ കണ്ടെത്തി അപമാനിക്കാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും. സത്യത്തിൽ നിന്ന് വ്യതിചലിച്ച് ഞാനൊരിക്കലും സഞ്ചരിച്ചിട്ടില്ല. ആ വിശ്വാസമാണ് എന്റെ ഏറ്റവും വലിയ ശക്തി.

കമ്മീഷൻ റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ മുഴുവൻ ജനങ്ങളെ അറിയിക്കാതെ തങ്ങൾക്കു വേണ്ടത് മാത്രം വേണ്ട രീതിയിൽ പ്രസിദ്ധീകരിച്ചതും ഏകപക്ഷീയമായ നിയമ ഉപദേശം സ്വീകരിച്ചും പ്രഖ്യാപിച്ച നടപടിയെ നിയമപരമായി നേരിടും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്.

കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചു പൂർണമായും റിപ്പോർട്ട് കിട്ടാത്ത സാഹചര്യത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല. റിപ്പോർട്ടിന്റെ കോപ്പിക്ക് വേണ്ടി വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചിട്ടുണ്ട്. അത് ലഭിച്ചാൽ ഉടൻ മറ്റു നിയമ നടപടികളുമായി മുന്നോട്ടു പോകും.

2017, ഓഗസ്റ്റ് 12, ശനിയാഴ്‌ച

ദൈവത്തിന്റെ സ്വന്തം നാട് എന്നത് വെറുമൊരു പരസ്യവാചകമല്ല, ആത്മാഭിമാനത്തിന്റെ അടയാളമാണ്‌


ദൈവത്തിന്റെ സ്വന്തം നാട് എന്നത് വെറുമൊരു പരസ്യവാചകമല്ല. ഓരോ മലയാളികളുടെയും ആത്മാഭിമാനത്തിന്റെ അടയാളമാണത്. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും കേരളം ഏറെ നാളായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടുകളായി എല്ലാ ദേശീയ സർവേകളിലും കേരളം മുൻനിരയിൽ തന്നെയാണ്. ഭൂരിഭാഗ മേഖലകളിലും ഒന്നാം സ്ഥാനത്തും. പ്രശസ്ത നോബൽ സമ്മാന ജേതാവ് ശ്രീ അമർത്യാസെൻ കേരളാ മോഡൽ വികസനത്തെ പ്രകീർത്തിച്ചത് അന്ന് ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകിയിരുന്നു.

ഭൂമിശാസ്ത്രപരമായും, മാനവശേഷി വികസനപരമായും ഈ കൊച്ചു കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണെന്നുള്ളതു നമുക്കെലാം അഭിമാനകരമാണ്. എന്നാൽ ഇന്ന് കേരളത്തെ താഴ്ത്തിക്കെട്ടാൻ കേന്ദ്ര സംസ്ഥാന ഭരണകക്ഷികൾ തമ്മിൽ മത്സരിക്കുന്നത് കാണുന്പോൾ നമുക്കെലാം ദുഃഖമാണ് തോന്നുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇവിടെയെത്തിയ പ്രധാനമന്ത്രി അന്ന് കേരളത്തെ സൊമാലിയയെന്നാണ് വിളിച്ചത്. ഇപ്പോൾ ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട നാടാണ് കേരളമെന്നു വിശേഷിപ്പിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചെയ്തതുപോലെ വർഗീയ ധ്രുവീകരണം അക്രമ രാഷ്ട്രീയവും തൊടുത്തുവിട്ട് കേരളത്തിലെ ജനങ്ങളെ വഴിതെറ്റിക്കാൻ അവർ ആദ്യം നോക്കി. അതിനു കഴിയാതെ വന്നപ്പോഴാണ് അവർ കേരളത്തിനെതിരെയുള്ള കുപ്രചരണനം അഴിച്ചുവിട്ടത്. ഇതിനെ മലയാളികൾ രാഷ്ട്രീയഭേതമന്യേ ഒറ്റകെട്ടായി നേരിടും.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരളാ സന്ദർശനത്തിന് ശേഷം ബിജെപി കേരളത്തിൽ നുഴഞ്ഞുകയറ്റത്തിനു അവസരം കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് മാർക്സിസ്റ് പാർട്ടി അവരെ അങ്ങോട്ടുപോയി ക്ഷണിച്ചുവരുത്തി ധാരാളം അവസരങ്ങൾ കൊടുത്തുകൊണ്ടിരിക്കുന്നത്. പല അടവുകളും പയറ്റി തകർന്ന് ബിജെപിക്ക്, വലിഞ്ഞു കയറി ചെന്ന് അവസരം ഉണ്ടാക്കി കൊടുക്കാനേ അടുത്തിടെ നടന്ന രാഷ്ട്രീയ സംഘർഷങ്ങളും അതിനോടനുബന്ധിച്ചു ഉണ്ടായ കൊലപാതകങ്ങളും ഉപകരിച്ചുള്ളു. കേരളത്തിൽ സംഘർഷാവസ്ഥ സൃഷ്ട്ടിച്ചു ദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റാൻ തക്കം പാർത്തിരുന്ന ബിജെപിയ്ക്ക് സിപിഎം ചുവന്ന പരവതാനി വിരിച്ചുകൊടുത്തു. ഒരു വർഷം മുൻപുവരെ ദേശീയ മാധ്യമങ്ങൾ കേരളത്തിന്റെ നേട്ടങ്ങൾ പ്രചരിപ്പിച്ചിന്നെങ്കിൽ, ഇപ്പോൾ നമ്മുടെ ഖജനാവിൽ നിന്ന് പണമിറക്കി ദേശീയ തലത്തിൽ പി ആർ ചെയ്യേണ്ട അവസ്ഥയിൽ എത്തി.



2017, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് കോടിയേരിയുടെ വരമ്പത്ത് കൂലി നയം


സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ വരമ്പത്ത് കൂലി നയമാണ്. ക്രമസമാധാന പ്രശ്‌നത്തില്‍ അതൃപ്തി അറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി സദാശിവം വിളിച്ചു വരുത്തിയത് സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കി.

സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും സംഘര്‍ഷം തടയുന്നതില്‍ പോലീസ് പരാജയപ്പെടുന്നു. മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ ‘കടക്ക് പുറത്ത്’ പരാമര്‍ശം ജനങ്ങളാണ് വിലയിരുത്തേണ്ടത്. ഓരോരുത്തരുടെയും സ്വഭാവത്തില്‍ പ്രത്യേകതകളുണ്ട്. ഇന്നലത്തെ യോഗത്തിന്റെ ദൃശ്യങ്ങള്‍ പ്രധാനപ്പെട്ടതായിരുന്നു. ഭരണകര്‍ത്താക്കള്‍ മിതത്വവും സഹിഷ്ണുതയും പുലര്‍ത്തണം. ഓരോരുത്തരുടെയും സ്വഭാവത്തില്‍ പ്രത്യേകതകളുണ്ട്.

2017, ജൂൺ 21, ബുധനാഴ്‌ച

മുഖ്യമന്ത്രിക്ക് നേരെ ശബ്ദമുയര്‍ത്തുന്നവരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു

കുട്ടിമാക്കൂല്‍ ദലിത് പീഡന കേസും ഫസല്‍വധ കേസും അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കണ്ണൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരു ശബ്ദിച്ചാലും അതിനെ അടിച്ചമര്‍ത്തുന്ന നയമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പുതുവൈപ്പ് പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്നു പ്രതിപക്ഷ നേതാവിനോടു സമ്മതിച്ചതിനു ശേഷം ആരോടും ആലോചിക്കാതെ പിറ്റേ ദിവസം തന്നെ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ജനത്തിനുനേരെ നരനായാട്ട് ആണ് അവിടെ നടത്തിയത്. 



നാട്ടുകാരുടെ ഭാഗത്തുനിന്ന് ഒരു പ്രകോപനവുമില്ലാതെ അവര്‍ക്കുനേരെ ക്രൂരമര്‍ദനം നടത്തി. ജനകീയ സമരങ്ങളോടു സിപിഎം നയം ഇതാണോ. ജനം പ്രതിഷേധിക്കുമ്‌ബോള്‍ എന്താണു പ്രശ്‌നമെന്നു ചര്‍ച്ച ചെയ്യാന്‍ തയാറാവണം. ഇതു രാഷ്ട്രീയമല്ല. വി.എസ്. അച്യുതാനന്ദനും സിപിഐയും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അവര്‍ സര്‍ക്കാരിനെ അട്ടിമറിക്കാനല്ലല്ലോ. അവിടെ പൊലീസ് നടത്തിയ ക്രൂരത ടിവിയില്‍ കണ്ടവരാണ് ഉടനെ അവിടേക്കുപോകണമെന്നു തന്നോട് ആവശ്യപ്പെട്ടത്. അവിടെ കണ്ട കാഴ്ച അത്യന്തം ഭീകരമായിരുന്നു.


എറണാകുളം ആശുപത്രിയില്‍ പരുക്കേറ്റ സമരക്കാരെ കണ്ടു തിരിച്ചു പോരുമ്പോൾ അവിടെ സിപിഐ പ്രവര്‍ത്തകരും പരുക്കേറ്റു കിടപ്പുണ്ടായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ചു സമരം ചെയ്തവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ചു എഐവൈഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനുനേരെ പ്രകോപനമില്ലാതെ ആക്രമിച്ചുവെന്നാണ് അവര്‍ തന്നോടുപറഞ്ഞത്. കേരളം എങ്ങോട്ടേക്കാണു പോവുന്നത്?


2017, മേയ് 30, ചൊവ്വാഴ്ച

പഴയ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സർക്കാരിന്റെ ഒരു വർഷം

എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു സമീപം ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികൾ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്നു.

യു‍ഡിഎഫ് സർക്കാരിന്റെ കാലത്തു ഉദ്ഘാടനം ചെയ്ത പദ്ധതികൾ വീണ്ടും ഉദ്ഘാടനം നടത്തുകയും മുൻ സർക്കാരിന്റെ കാലത്തു പൂർത്തിയാകാറായ പദ്ധതികൾ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുകയും മാത്രമാണു ഒരു വർഷത്തിനിടയിൽ പിണറായി സർക്കാർ നടപ്പാക്കിയത്.

ഒരുവർഷത്തിനിടയിൽ എന്തുനേടി എന്നു സർക്കാർ തിരിഞ്ഞു നോക്കണം. പരസ്യമായി പറയാൻ കഴിയില്ലെങ്കിലും സ്വയം ചിന്തിക്കാൻ അതു അവസരമാകും. വാഗ്ദാനവും പ്രവൃത്തിയും തമ്മിലുള്ള വലിയ അന്തരം അപ്പോൾ മനസിസാകും.

വി.എസ്.ശിവകുമാർ ആരോഗ്യ വകുപ്പു മന്ത്രിയിയിരുന്നപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിന് അനുബന്ധമായി വലിയൊരു ആശുപത്രി സമുച്ചയം നിർമിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ അത് ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ ഒരു ഉദ്യോഗസ്ഥൻ നോട്ടീസുമായി വരുന്നു. ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കണമെന്നു ആവശ്യവുമായാണ് വന്നത്. ഇതു മുൻപു ഉദ്ഘാടനം ചെയ്തതല്ലേ എന്നു ചോദിച്ചപ്പോൾ ഒന്നുകൂടി ഉദ്ഘാടനം ചെയ്യുന്നെന്നായിരുന്നു മറുപടി. പ്രവർത്തനോദ്ഘാടനമാണ് ഇതെന്നും പറഞ്ഞു. എന്നാൽ മുൻ മന്ത്രിയും എംഎൽഎയുമായ ശിവകുമാറിനെ ക്ഷണിച്ചില്ല. അന്വേഷിച്ചപ്പോൾ മുകളിൽ നിന്ന് അങ്ങനെ നിർദ്ദേശമുണ്ടെന്നായിരുന്നു മറുപടി.

യുഡിഎഫ് സർക്കാർ നേടിയെടുത്തതെല്ലാം ഇല്ലാതാക്കാനാണ് ഇടതു സർക്കാരിന്റെ ശ്രമം. ചവറയിൽ രാജ്യാന്തര നിലവാരത്തിൽ സ്കിൽ ഡവലപ്മെന്റ് അക്കാദമി യുഡിഎഫ് സർക്കാരിന്റെ കാലത്തു നിർമാണം പൂർത്തിയാകാറായതാണ്. പുതിയ സർക്കാർ വന്നശേഷം അതു സ്തംഭിച്ചു കിടക്കുകയാണ്.

പാരിപ്പള്ളി ഇഎസ്ഐ മെഡിക്കൽ കോളജ് സ്വകാര്യ മേഖലയ്ക്കു വിട്ടുകൊടുക്കും എന്ന അവസ്ഥ എത്തിയപ്പോഴാണു പെട്ടെന്ന് ഏറ്റെടുക്കാൻ തീരുമാനിച്ചത്. മെഡിക്കൽ ഓഫിസർമാർ ഉൾപ്പെടെയുള്ള നിയമനത്തിനു തസ്തിക സൃഷ്ടിച്ചപ്പോൾ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നു. അതിനാലാണ് നിയമനം നടത്താൻ കഴിയാതെ ആയത്. സർക്കാർ അധികാരത്തിൽ വന്നാലുടൻ മുഴുവൻ കശുവണ്ടി തൊഴിലാളികൾക്കും പണി കൊടുക്കുമെന്നു പറഞ്ഞവർക്ക് ഇപ്പോൾ മറുപടിയില്ല.


(24-May-2017, Kollam)

2017, മേയ് 16, ചൊവ്വാഴ്ച

നിയമവാഴ്​ച തകർന്നതി​ന്‍റെ ഉത്തരവാദിത്വം സിപിഎമ്മിന്


സംസ്ഥാനത്ത്​ നിയമവാഴ്​ച തകർന്നതി​​ൻറ ഉത്തരവാദിത്വത്തിൽ നിന്നും ഭരണകക്ഷിയായ മാർക്​സിസ്റ്റ്​ പാർട്ടിക്ക്​ ഒഴിഞ്ഞുമാറാനാവില്ല. 

അക്രമം അവസാനിപ്പിക്കുെമെന്ന്​ മുഖ്യമന്ത്രി നൽകിയ ഉറപ്പ്​ പാലിക്കാൻ അദ്ദേഹത്തിന്​ സാധിച്ചില്ല. രാഷ്​ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വ്യത്യാസമില്ല. എന്നാൽ, ഭരണകക്ഷി എന്ന നിലയിൽ നിയമവാഴ്​ച നിലനിർത്താൻ സി.പി.എമ്മിന്​ ഉത്തരവാദിത്വമുണ്ട്​. പ്രധാന പ്രശ്നങ്ങൾ അവഗണിച്ച്​ ​കോലാഹലങ്ങൾക്ക്​ പിറകെയാണ്​ സർക്കാർ പോകുന്നത്. ഡി.ജി.പിയെ മാറ്റിയതുമായി ബന്ധപ്പെട്ട്​ കോടതിയിൽ കേസ്​ നടത്താൻ കോടികളാണ്​ സർക്കാർ തുലച്ചത്.

 കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ബാധ്യത ഭരിക്കുന്ന പാര്‍ട്ടിക്കുണ്ട്. പക്ഷേ ഉത്തരവാദിത്തം മറന്നാണ് സിപിഎമ്മിന്‍റെ പ്രവര്‍ത്തനം.

(ഇന്ത്യൻ നാഷണൽ ആർട്ടിസ്​റ്റ്​ യൂണിയൻ കോൺഗ്രസ്​ സംസഥാന സമ്മേളന​ത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തക​രോട്​ സംസാരിക്കുകയായിരുന്നു)






2017, മേയ് 2, ചൊവ്വാഴ്ച

എല്ലാം ശരിയാക്കാൻ വന്നവർ എടുക്കുന്ന തീരുമാനങ്ങൾ തെറ്റുന്നു


മന്ത്രി എം.എം. മണിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടേണ്ടതായിരുന്നു ഇതു ചെയ്യാത്തതു ഗുരുതരമായ വീഴ്ചയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പുനർവിചിന്തനം നടത്തണം. ടി.പി.സെൻകുമാറിനെ ഡിജിപി ആയി നിയമിക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കിയേ തീരൂ. നിയമനം വൈകിപ്പിക്കാനുള്ള ശ്രമം ശരിയാണോയെന്നു സർക്കാർ ചിന്തിക്കണം.

രാഷ്ട്രീയ നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും സ്ത്രീകൾക്കും നേരെ മന്ത്രി എം.എം.മണി നടത്തിയ പരാമർശങ്ങളൊന്നും ശരിയല്ല. മന്ത്രി പാലിക്കേണ്ട മര്യാദയോ മിതത്വമോ മണി പാലിച്ചിട്ടില്ല. തെറ്റ് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടും തുടരുന്ന നിലപാട് അത്ഭുതപ്പെടുത്തുന്നു. എല്ലാം ശരിയാക്കുമെന്നു പറഞ്ഞു വന്നവർ എടുക്കുന്ന തീരുമാനങ്ങളെല്ലാം തെറ്റുകയാണ്.
.
മൂന്നാറിൽ പന്തലിൽ കയറി അക്രമം നടത്താനും പന്തൽ പൊളിക്കാനുമാണു ശ്രമം. സമരപന്തല്‍ പൊളിക്കാന്‍ സിപിഎം നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ജനാധിപത്യകേരളത്തിന് അപമാനമാണ് സിപിഎമ്മിന്റെ നടപടി. മാധ്യമപ്രവർത്തകർ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി നടപടിയെടുക്കാം. പക്ഷേ, എല്ലാവരെയും അടച്ചാക്ഷേപിക്കുന്നതും അവകാശം നിഷേധിക്കുന്നതും ശരിയല്ല.


2017, ഏപ്രിൽ 23, ഞായറാഴ്‌ച

സിപിഎം – സിപിഐ തർക്കം അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ


തൊടുപുഴയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ സിപിഎം–പോലീസ് ഭീകരതക്കും ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ നടന്ന പ്രതിഷേധ മാര്‍ച്ചും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള സിപിഎം – സിപിഐ തർക്കം അവരുടെ സ്വാർഥതാൽപര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി മാത്രമുള്ളതാണ്. സർക്കാരിന്റെ ഒരിഞ്ചു ഭൂമിപോലും നഷ്ടപ്പെടുവാൻ പാടില്ല. ഇക്കാര്യത്തിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. സർക്കാരിനെതിരെ സ്വന്തം മുന്നണിയിൽ നിന്നാണ് ആരോപണങ്ങൾ ഉയരുന്നത്. സിപിഎമ്മും സിപിഐയും ജനതാൽപര്യം സംരക്ഷിക്കാനല്ല പ്രവർത്തിക്കുന്നത്. സങ്കുചിതമായ പാർട്ടി താൽപര്യം സംരക്ഷിക്കാനാണ് ഇവരുടെ ശ്രമം. എതിർ പാർട്ടിക്കാരുടെ പേരിൽ കള്ളക്കേസ് എടുത്തും, അടിച്ചമർത്തിയും ഭരിക്കാമെന്ന് കരുതിയാൽ സർ സിപി രാമസ്വാമി അയ്യരുടെ കാര്യം പിണറായി വിജയൻ ഓർക്കണം. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചാൽ പിണറായി കനത്ത വില നൽകേണ്ടി വരും.

പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ യുഡിഎഫ് ഭരണകാലത്തെ അഴിമതികൾ കണ്ടു പിടിക്കാൻ സബ് കമ്മിറ്റിയെ നിയോഗിച്ചെങ്കിലും 11 മാസം കഴിഞ്ഞിട്ടും ഒരു റിപ്പോർട്ട് പോലും കൊടുക്കാൻ കഴിഞ്ഞില്ല. മലപ്പുറം ഉപതിരഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് ആദ്യം പറഞ്ഞവർ പിന്നീട് തിരുത്തി. കേരള ചരിത്രത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർക്കും കിട്ടാത്ത അത്രയും വോട്ട് നേടി പി.കെ.കുഞ്ഞാലിക്കുട്ടി വിജയിച്ചപ്പോൾ ജനരോഷത്തിൽ നിന്നും രക്ഷപ്പെടാനുള്ള കുതന്ത്രങ്ങൾ നെയ്യുകയാണ് സിപിഎം. പ്രതിപക്ഷം ഉയര്‍ത്തുന്ന എതിര്‍പ്പുകളെ അടിച്ചമര്‍ത്തുകയും ജനവികാരം അവഗണിച്ചും ഭരണം മുന്നോട്ടു കൊണ്ടുപോകാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ കേരളമാകെ മലപ്പുറം ആവര്‍ത്തിച്ചുകൊണ്ട് ജനാധിപത്യ കേരളം ശക്തമായി പ്രതികരിക്കും. പലവിധ അവകാശവാദങ്ങളുമായി അധികാരത്തിൽ വന്നവർക്ക് വിലക്കയറ്റം പോലും പിടിച്ചു നിർത്താൻ സാധിച്ചിട്ടില്ല. സർക്കാരിനെതിരെ സ്വന്തം പാർട്ടിയിൽ നിന്നാണ്‌ കൂടുതൽ കുറ്റപ്പെടുത്തലുകൾ ഉണ്ടാകുന്നത്.

കലാലയങ്ങളില്‍ ആകെ ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പോലീസ് സംരക്ഷണത്തില്‍ വ്യാപകമായ കലാപം അഴിച്ചുവിടുകയാണ്. തൊടുപുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തുന്ന അതിക്രമങ്ങളും കള്ളക്കേസ് എടുക്കലും അവസാനിപ്പിക്കുന്നതാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്ലത്.





2017, ഏപ്രിൽ 11, ചൊവ്വാഴ്ച

ഒരു കോൺഗ്രസ് പഞ്ചായത്തംഗം പോലും ബിജെപിയിലേക്കു പോകില്ല


കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ദിവാസ്വപ്നം മാത്രം. കോൺഗ്രസിന്റെ ഒരു പഞ്ചായത്ത് അംഗം പോലും ബിജെപിയിൽ പോകില്ല. 1984 ൽ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിയെ അധികാരത്തിലെത്തിച്ചത് സിപിഎം ആണ്. 

ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തിനെ പുറത്താക്കിയ സിപിഎമ്മിന്റെ നീതി ബോധം എന്തെന്ന് മനസ്സിലാകുന്നില്ല. ഷാജഹാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത കാര്യത്തിൽ തുറന്ന മനസ്സാണ് സർക്കാർ കാണിക്കേണ്ടിയിരുന്നത്.

കെ എം ഷാജഹാനോട് മാപ്പു പറഞ്ഞ് ജയില്‍ മോചിതനാക്കണം

ഷാജഹാനെ വിട്ടയ്ക്കാത്തതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം ആരംഭിച്ച ഷാജഹാന്റെ അമ്മ തങ്കമ്മയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു  

ജിഷ്ണുവിന്റെ ബന്ധുക്കളോടൊപ്പം എത്തിയ ഷാജഹാനെ ഗൂഢാലോചന ഇല്ലെന്ന് തെളിഞ്ഞിട്ടും വിട്ടയച്ചില്ലെങ്കില്‍ അത് മനുഷ്യാവകാശ പ്രശ്‌നമായി മാറും. ഗൂഢാലോചന നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. അല്ലെങ്കിലും എന്തിനു വേണ്ടിയാണ് ഗൂഢാലോചന എന്ന് ആലോചിക്കണം. ഷാജഹാന്‍ വെറും കാഴ്ചക്കാരനായിട്ടാണ് അവിടെ എത്തിയത്. ജിഷ്ണുവിന്റെ കുടുംബത്തിന്റെ കൂടെ എത്തിയവരെല്ലാം ഡി.ജി.പി ഓഫീസ് ആക്രമിക്കാന്‍ പോയവരല്ല. നീതി ലഭിക്കാത്ത ഒരു കുടുബത്തിന് പിന്തുണ നല്‍കാന്‍ വേണ്ടി എത്തിയവരാണ്.

ഷാജഹാനെ അറിയില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. അറിയാത്തവരുമായി എങ്ങനെയാണ് ഗൂഢാലോചന നടത്തുന്നതെന്ന് വ്യക്തമാക്കണം. സമരത്തിനെത്തിയ കുടുംബവുമായി ഒരിക്കല്‍ പോലും സംസാരിക്കാത്ത ഷാജഹാന്‍ തനിച്ചാണോ ഗൂഢാലോചന നടത്തിയത്. ഒരിക്കലും നീതികരിക്കാനാവത്ത നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്.

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ സമരം അവസാനിച്ചെങ്കിലും ഇത് സര്‍ക്കാരിനു വൈകിവന്ന വിവേകമാണ്.