UDF

2018, ഫെബ്രുവരി 21, ബുധനാഴ്‌ച

യുഡിഎഫ് സർക്കാരിനെതിരെയുള്ള അന്വേഷണം എവിടെയെത്തി?


യുഡിഎഫ് ഭരണകാലത്തു എന്റെ  സർക്കാരിനെതിരെ ഉയർന്ന മൂന്ന് ആരോപണങ്ങളെക്കുറിച്ചുള്ള എൽഡിഎഫ് സർക്കാരിന്റെ അന്വേഷണം എവിടെപ്പോയി?

മെത്രാൻ കായൽ, ഹോപ് പ്ലാന്റേഷൻസ് എന്നൊക്കെ പറഞ്ഞ് അവസാനകാല മന്ത്രിസഭാതീരുമാനങ്ങളെക്കുറിച്ച് എന്തൊക്കെ ആരോപണങ്ങളാണ് അന്നത്തെ പ്രതിപക്ഷം ഉയർത്തിയത്? ഇതേക്കുറിച്ച് അന്വേഷിക്കാനായി എ.കെ.ബാലന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിയെ തന്നെ നിയോഗിച്ചിട്ടെന്തായി? 700 തീരുമാനമാണു മരവിപ്പിച്ചത്.

ഒന്നരവർഷം ആറേഴു മന്ത്രിമാരടങ്ങിയ ഉപസമിതി പരിശോധിച്ചിട്ട് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അവരുടെ റിപ്പോർട്ട് മന്ത്രിസഭയിൽ വച്ച് അംഗീകരിച്ചുവെങ്കിലും അക്കാര്യം പുറത്തുവിട്ടില്ല. നിയമസഭയിൽ എഴുതിച്ചോദിച്ചപ്പോൾ മാത്രം മറുപടി തന്നു. ഒരെണ്ണത്തിൽപ്പോലും വിജിലൻസ് കേസ് എടുക്കാനുള്ള സാഹചര്യമില്ലെന്നാണു വ്യക്തമായത്. ഇതൊന്നും നിങ്ങളാരും അന്വേഷിക്കുകയോ റിപ്പോർട്ട് ചെയ്യുകയോയില്ലല്ലോ. കാരണം അതിൽ വിവാദമില്ല. ബാർ കോഴക്കേസിന്റെ കാര്യത്തിൽ തങ്ങൾ അന്നു പറഞ്ഞതാണ് ഇപ്പോൾ അതിൽ ഉൾപ്പെട്ടയാൾ തന്നെ വെളിപ്പെടുത്തിയത്. സത്യത്തിന്റെ മഹത്വമാണ് ഇതിലൂടെ വ്യക്തമായത്. സിപിഎമ്മിന്റെ രാഷ്ട്രീയോദ്ദേശ്യം പുറത്തായിക്കഴിഞ്ഞു.

കെട്ടിച്ചമച്ച കേസായതുകൊണ്ടാണു യുഡിഎഫ് സർക്കാരിന്റെ കാലത്തെ അന്വേഷണത്തിൽ കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയത്. ഇപ്പോൾ ഇനിയും കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്നാണു പറയുന്നത്. സോളറിന്റെ കാര്യത്തിൽ മാനഭംഗക്കേസടക്കം ചുമത്താൻ പോകുകയാണെന്നാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നിട്ട് എന്തു ചെയ്യാൻ സാധിച്ചു? ആരാണ് അതു തടഞ്ഞത്? പ്രതിപക്ഷം സമരം ചെയ്തോ? നിയമത്തിന്റെ കരങ്ങൾ മുഖ്യമന്ത്രിയുടെ കയ്യിൽ കയറിപ്പിടിച്ചുവെന്നതാണു വസ്തുത.

‘മാണി മടങ്ങിവരും’

കെ.എം.മാണി യുഡിഎഫിലേക്കു തിരിച്ചുവരുമെന്ന പൂർണവിശ്വാസമാണ് ഉള്ളതെന്ന് ഉമ്മൻചാണ്ടി. സിപിഐക്ക് അദ്ദേഹത്തെ വേണ്ടായിരിക്കും. ഞങ്ങൾക്കു വേണമെന്നു തന്നെയാണ് ആഗ്രഹം. ഞങ്ങളാരും അദ്ദേഹത്തെ പറഞ്ഞുവിട്ടതല്ല. തിരിച്ചുവരാമെന്നു വ്യക്തമാക്കിയതുമാണ്.