UDF

2017, ഒക്‌ടോബർ 12, വ്യാഴാഴ്‌ച

മുഖ്യമന്ത്രി കണ്ടെത്തിയ നിഗമനങ്ങൾ കമ്മീഷന്റെ ടേംസ് ഓഫ് റെഫറൻസുമായി ബന്ധപ്പെട്ടതല്ല.



കഴിഞ്ഞ 26/9/2017 -ന് സമർപ്പിച്ച സോളാർ കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച തീരുമാനങ്ങൾ ഇന്നലെ (11/10/2017) മുഖ്യമന്ത്രി പത്രസമ്മേളനത്തിലൂടെ പ്രസിദ്ധീകരിച്ചത് കണ്ടു. നിഗമനങ്ങളിൽ പരാമർശിക്കാത്ത കാര്യങ്ങളെപ്പറ്റി പോലുമുള്ള നിയമോപദേശങ്ങളും മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ നൽകുകയും ചെയ്തു.

റിപ്പോർട്ട് ലഭിച്ചാൽ സാധാരണ ചെയ്യാറുള്ളതുപോലെ ശുപാർശകളോ പ്രസക്തഭാഗങ്ങളോ മാധ്യമങ്ങൾക്കു നൽകാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി റിപ്പോർട്ട് ലഭിച്ച് 15 ദിവസം കഴിഞ്ഞിട്ടും അതിന് തയ്യാറായിട്ടില്ല . സാധാരണഗതിയിൽ റിപ്പോർട്ട് ലഭിച്ചാൽ മാധ്യമങ്ങൾക്ക് നല്കാറുണ്ട്. എന്നാൽ ഇതുസംബന്ധിച്ച നിയമോപദേശവും തീരുമാനങ്ങളും പ്രഖ്യാപിച്ചിട്ടും റിപ്പോർട്ടോ പ്രസക്തഭാഗങ്ങളോ പ്രസിദ്ധീകരണത്തിന് നൽകാത്തത് സംശയങ്ങൾ വർധിപ്പിക്കുന്നുണ്ട്.

കമ്മീഷന്റേതായി മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ കമ്മീഷന്റേതു തന്നെയാണോ എന്നും കമ്മീഷൻ തന്നെ എത്തിയ നിഗമനകൾക്ക് ആധാരമായ തെളിവുകൾ എന്തെല്ലാമെന്നും റിപ്പോർട്ട് പരിശോധിക്കാതെ പറയാൻ കഴിയില്ല.

"മുഖ്യമന്ത്രി കണ്ടെത്തിയ നിഗമനങ്ങൾ കമ്മീഷന്റെ ടേംസ് ഓഫ് റെഫറൻസുമായി ബന്ധപ്പെട്ടതല്ല."

വിവാദങ്ങൾ സൃഷ്ടിച്ചു ഭരണ പരാജയം മറച്ചുവെക്കാനും, മുഖം നഷ്ടപ്പെട്ട ഗവൺമെന്റിനെ രക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ മറ്റൊരു തന്ത്രമണിത്.

ശ്രദ്ധേയമായ കാര്യം മുഖ്യമന്ത്രിക്ക് മാത്രം അറിയാവുന്ന റിപ്പോർട്ടുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ഒക്ടോബർ എട്ടിന് വേങ്ങരയിൽ മുൻ മന്ത്രി ടി കെ ഹംസ വെളിപ്പെടുത്തിയെന്നതാണ്. ഗവൺമെന്റ് ലഭിച്ച റിപ്പോർട്ട് പാർട്ടി നേതൃത്വം ചർച്ച ചെയ്തിരുന്നോയെന്ന സംശയത്തെ ഈ സംഭവം ബലപ്പെടുത്തുന്നു.

കമ്മീഷൻ ഓഫ് എൻക്വിയറി ആക്ട് അനുസരിച്ച് നിയോഗിക്കുന്ന കമ്മീഷൻ ടേംസ് ഓഫ് റഫറൻസ് അനുസരിച്ചാണ് പ്രവർത്തിക്കുന്നതും റിപ്പോർട്ട് നൽകുന്നതും. എന്നാൽ റിപ്പോർട്ട് അതേപടി സ്വീകരിച്ചു എന്നു പറയുകയും അതിനിമേൽ നടപടി പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രി ടേംസ് ഓഫ് റഫറൻസ് സംബന്ധിച്ച് കമ്മീഷന്റ കണ്ടെത്തലുകൾ കുറിച്ചു നിശബ്ദത പാലി പാലിച്ചത് അത്ഭുതകരമാണ് . ടോംസ് ഓഫ് റഫറൻസിൽ പറഞ്ഞ കാര്യങ്ങളെപ്പറ്റി കണ്ടത്തലുകളൊന്നും പുറത്തുപറയാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ച നടപടികൾ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയാണ് എന്നത് വ്യക്തമാണ്.

സോളാർ ഇടപാട് സംബന്ധിച്ച് ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്കെതിരെ വളരെ ബാലിശമായ തരംതാണ ആരോപണങ്ങൾ കണ്ടെത്തി അപമാനിക്കാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും. സത്യത്തിൽ നിന്ന് വ്യതിചലിച്ച് ഞാനൊരിക്കലും സഞ്ചരിച്ചിട്ടില്ല. ആ വിശ്വാസമാണ് എന്റെ ഏറ്റവും വലിയ ശക്തി.

കമ്മീഷൻ റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ മുഴുവൻ ജനങ്ങളെ അറിയിക്കാതെ തങ്ങൾക്കു വേണ്ടത് മാത്രം വേണ്ട രീതിയിൽ പ്രസിദ്ധീകരിച്ചതും ഏകപക്ഷീയമായ നിയമ ഉപദേശം സ്വീകരിച്ചും പ്രഖ്യാപിച്ച നടപടിയെ നിയമപരമായി നേരിടും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്.

കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചു പൂർണമായും റിപ്പോർട്ട് കിട്ടാത്ത സാഹചര്യത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല. റിപ്പോർട്ടിന്റെ കോപ്പിക്ക് വേണ്ടി വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചിട്ടുണ്ട്. അത് ലഭിച്ചാൽ ഉടൻ മറ്റു നിയമ നടപടികളുമായി മുന്നോട്ടു പോകും.