UDF

2021, ഡിസംബർ 30, വ്യാഴാഴ്‌ച

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന കു​റ്റ​ബോ​ധം കാരണം

 


സംസ്ഥാനത്ത് ഏതെങ്കിലും വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ ചിലര്‍ വരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റബോധം മൂലം ഉണ്ടായതാണ്. കമ്പ്യൂട്ടര്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴും പാടത്ത് ട്രാക്ടര്‍ ഇറക്കിയപ്പോഴും തുടങ്ങി ‘ഗെയില്‍ പൈപ്പ് ലൈന്‍’ സ്ഥാപിക്കുമ്പോള്‍ വരെ അക്രമാസക്തമായ സമരത്തിലൂടെ അതിനെ അട്ടിമറിക്കാന്‍ ശ്രമിച്ച സി.പി.എം. നേതൃത്വത്തിന് വൈകിവന്ന വിവേകമാണ് മുഖ്യമന്ത്രിയുടെ ഈ കുമ്പസാരത്തിന് കാരണം.ഗെയി പൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത് 2021-ലാണെന്നും ഇത് പൂര്‍ത്തീകരിക്കാന്‍ എല്‍.ഡി.എഫ്. ഗവണ്‍മെന്റ് പരിശ്രമിച്ചുവെന്നതും യാഥാര്‍ത്ഥ്യം തന്നെയാണ്. എന്നാ ചില സത്യങ്ങള്‍ മുഖ്യമന്ത്രി മറക്കരുത്. ഗ്യാസ് ലൈന്‍ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി എഫ്.എ.സി.ടി., കൊച്ചി റീഫൈനറീസ്, കൊച്ചി സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍, ടി.സി.സി., നിറ്റഗെലാറ്റിന്‍ എന്നീ സ്ഥാപനങ്ങള്‍ക്കും കൊച്ചി സിറ്റി ഗ്യാസ് പ്രോജക്ടിനും ഗ്യാസ് എത്തിച്ചത് കഴിഞ്ഞ യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്തായിരുന്നു. രണ്ടാംഘട്ടത്തിന്റെ പൈപ്പ് ലൈന്‍ സ്ഥാപിച്ച് ഉപയോഗിക്കാനുള്ള അവകാശരേഖ സ്ഥലം അക്വയര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതും യു.ഡി.എഫിന്റെ കാലത്ത് തന്നെ. സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള 28 സ്ഥലങ്ങളില്‍ 17 എണ്ണത്തിനുള്ള സ്ഥലവും യു.ഡി.എഫിന്റെ കാലത്ത് ഏറ്റെടുത്തു. രണ്ടാംഘട്ടത്തിനുള്ള പൈപ്പും മറ്റ് അനുബന്ധ ഉപകരണങ്ങളും എല്ലാം യു.ഡി.എഫിന്റെ കാലത്തു തന്നെ ഗെയില്‍ ലഭ്യമാക്കുകയും ചെയ്തു.

പൈപപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചപ്പോള്‍ അതിനെതിരെ നടന്ന പ്രക്ഷോഭണം മൂലമാണ് പദ്ധതി നീണ്ടുപോയത് ആ സമരത്തിന്റെ മുന്‍പന്തിയില്‍ പല ത്രീവ്രവാദി സംഘടനകളോടൊപ്പം സി.പി.എമ്മും ഉണ്ടായിരുന്ന കാര്യം അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് നിഷേധിക്കാന്‍ കഴിയുമോ? എല്‍ .ഡി.എഫ് ഗവണ്‍മെന്റിലെ ഇപ്പോഴത്തെയും കഴിഞ്ഞ കാലത്തെയും മന്ത്രിമാര്‍ വരെ ആ സമരത്തിന്റെ നേതൃ രംഗത്ത് ഉണ്ടായിരുന്നുവെന്നത് അന്നത്തെ പത്രതാളുകള്‍ പരതിയാല്‍ മനസ്സിലാകും.

ഏതായാലും ഭരണത്തിലേയ്ക്ക് വന്നപ്പോള്‍ എല്‍ .ഡി.എഫിനുണ്ടായ മാറ്റം കേരളത്തിന് ആശ്വാസകരമാണ്. ഗെയിൽ പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തില്‍ നിന്നും എൽ .ഡി.എഫ്. പിന്‍മാറുക മാത്രമല്ല പദ്ധതി പൂര്‍ത്തിയാക്കാന്‍ എല്‍ .ഡി.എഫ്. ഗവണ്‍മെന്റ് സജീവമായി പരിശ്രമിക്കുകയും ചെയ്തു. അതുകൊണ്ടാണ് അത് വൈകിയാണെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഒരു റിലേ റയ്‌സില്‍ ഒരു ടീം വിജയിക്കുന്നതിന്റെ ക്രഡിറ്റ് അവസാനത്തെ ലാപ് ഓടുന്നവര്‍ക്ക് മാത്രമല്ല എന്ന യാഥാര്‍ത്ഥ്യം അവഗണിക്കരുതെന്ന് മാത്രം. വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതി രാഷ്ട്രീയ തര്‍ക്കങ്ങള്‍ പാടില്ലയെന്നത് എല്ലാക്കാലത്തും യു.ഡി.എഫ്. സ്വീകരിച്ച സമീപനമായിരുന്നു. അന്നെല്ലാം തങ്ങള്‍ക്ക് ഭരണമുണ്ടെങ്കിൽ വികസനം മതിയെന്ന മനോഭാവത്തോടെ മുഖം തിരിച്ചു നിന്ന സി.പി.എമമ്മിന് വൈകിയാണെങ്കിലും വിവേകം ഉണ്ടായത് നല്ല കാര്യമാണ്.