UDF

2017, ഫെബ്രുവരി 20, തിങ്കളാഴ്‌ച

കാരുണ്യ പദ്ധതി നിർത്തലാക്കാനുള്ള ശ്രമം വളരെ ദുഃഖകരമാണ്


കഴിഞ്ഞ യുഡിഎഫ് ഗവണ്മെന്റ് കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് കാരുണ്യാ ബെനവലന്റ് ഫണ്ട്. കേന്ദ്ര സർക്കാരിന്റെയും മറ്റു സംസ്ഥാന സർക്കാരുകളുടെയും പ്രശംസ പിടിച്ചുപറ്റിയ ഒരു പദ്ധതിയാണ് കാരുണ്യാ ബെനവലന്റ് ഫണ്ട് സ്കീം. അന്നത്തെ ധനകാര്യ മന്ത്രി ശ്രീ കെ.എം മാണി ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ച ഈ പരിപാടി ഏറ്റവും വിജയകരമായി നാല് വർഷക്കാലവും യുഡിഫ് ഗവണ്മെന്റ് നടപ്പിലാക്കി. ആയിരത്തിൽപരം കോടി രൂപ ഏതാണ്ട് ഒരുലക്ഷത്തി ഇരുപതുനായിരത്തിൽപരം പേർക്ക് പ്രയോജനപ്പെട്ടു. ഇത് വളരെ ഗുരുതരമായ അസുഖം വന്നിട്ടുള്ളവർക്ക്‌ അതിന്റെ ചെലവ് വഹിക്കാൻ നിവർത്തിയില്ലാതെ നട്ടം തിരിയുന്ന കുടുംബങ്ങൾക്ക് ഒരു വലിയ ആശ്വാസമായിരുന്നു. അതുപോലെ ജീവിതകാലം മുഴുവൻ പ്രത്യേക വൈദ്യ സഹായം ഇല്ലാതെ ജീവൻ നിലനിർത്താൻ ആവാത്ത രോഗികളുണ്ട്, അങ്ങനെയുള്ള രോഗികൾക്ക് പരിധിയില്ലാതെ സഹായവും, ബാക്കിയുള്ളവർക്ക് രണ്ടു ലക്ഷം രൂപാ വരെ സഹായവും ലഭ്യമാകുന്ന ആ പദ്ധതി കേരളത്തിന് ഒരു ആശ്വാസമായിരുന്നു. ഈ മഹത്തായ പദ്ധതി നിർത്തലാക്കാനുള്ള ശ്രമം വളരെ ദുഖകരമാണ്.

ഞാൻ കാസർകോട് ജില്ലയിലെ ഒരു സാധു കുടുംബത്തിലെ ക്യാൻസർ വന്ന ഒരു രോഗിയേ കാണുവാൻ ഇടയായി. അവർ കാരുണ്യക്ക് വേണ്ടി അപേക്ഷ കൊടുത്ത്‌ കാത്തിരിക്കുകയാണ്, ഇതുവരെ ഒരു രൂപയും കിട്ടീട്ടില്ല എന്നവർ പറഞ്ഞു. ധനകാര്യ മന്ത്രിയാണെങ്കിലും, ആരോഗ്യമന്ത്രി ആണെങ്കിലും ഈ പദ്ധതി വഴി സഹായം ലഭിച്ച ഒരു പത്ത്‌ പേരോടെങ്കിലും സംസാരിച്ചാൽ കാരുണ്യാ ബെനവലന്റ് ഫണ്ട് സ്കീം ഒരിക്കലും നിർത്തലാക്കാൻ സാധിക്കുകയില്ല എന്ന വിശ്വാസമാണ് എനിക്കുള്ളത്. ഈ കാരുണ്യയുടെ പ്രയോജനം കൊണ്ട് ഇന്ന് ജീവിക്കുന്ന രോഗികളോടെങ്കിലും അന്വേഷിച്ചിട്ട് തീരുമാനം എടുക്കട്ടേ. ഇൻഷുറൻസ് സ്കീം ഒക്കെ എത്രയോ പ്രാവശ്യം നമ്മൾ കൊണ്ടുവന്നതാണ്, അതൊന്നും ഭലപ്രദമാകുന്നതായി കാണാൻ സാധിച്ചില്ല. അതുകൊണ്ട് ഇൻസൻസ് പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നത് വരെ ഈ കാരുണ്യ സ്കീം കഴിഞ്ഞ ഗവെർന്മെന്റ് നടത്തിയതുപോലെ തന്നെ തുടരണം എന്നാണ് എന്റെ അഭിപ്രായം. ഗവൺമെന്റിന് ഒരു ബാധ്യതയുമില്ലാതെ, ഈ പദ്ധതി നടപ്പിലാക്കാൻ സാധിക്കും എന്ന് കഴിഞ്ഞ ഗവണ്മെന്റ് തെളിയിച്ചതാണ്, ലോട്ടറിയിൽ നിന്ന് മാത്രം ലഭിക്കുന്ന വരുമാനം മതി. കാരുണ്യാ ലോട്ടറി എടുക്കാൻ ജനങ്ങൾ പൂർണ്ണ താല്പര്യവുമായി മുന്പോട്ട് വരികയാണ്, അതുമായി അവർ പൂർണ്ണമായി സഹകരിക്കുന്ന പ്രവണതയാണ് നമ്മൾ കണ്ടത്.

കാരുണ്യക്ക് വേണ്ടിയുള്ള വരുമാനം പ്രത്യേകമായിട്ട് കാണണം. ഈ ലോട്ടറിയുടെ വരുമാനം പൊതു ഘജനാവിലേക്കു കൊടുത്തിരുന്നെങ്കിൽ ബാധ്യത വന്നേനെ. കാരുണ്യക്ക് വേണ്ടിയുള്ള ലോട്ടറിയുടെ വരുമാനം പ്രത്യേകമായിട്ടു കണക്കുവച്ചു ലോട്ടറിക്ക് കൊടുക്കണം. കാരുണ്യ ലോട്ടറി വഴി ലഭിച്ച ഫണ്ട് പൂർണ്ണമായും ഇതിന് മാത്രം പ്രയോജനപ്പെടുത്തണം, അതുകൊണ്ട് യുഡിഫിന് ഒരു രൂപയുടെ ബാധ്യതപോലും ഇതിന് വേണ്ടി വന്നിട്ടില്ല . രണ്ടായിരം കോടി രൂപയുടെ ബാധ്യത വന്നിരിക്കുന്നു എന്ന് പറയുന്നത് എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. യുഡിഫിന് ഇല്ലാതിരുന്ന ബാധ്യത എങ്ങനെയാണ് ഇപ്പോൾ വരുന്നത്? അപ്പോൾ ഈ കഴിഞ്ഞ എട്ടുമാസം കൊണ്ട് കാരുണ്യയിൽ നിന്ന് ലഭിച്ച വരുമാനം ഈ ഫണ്ടിലേക്ക് വന്നിട്ടില്ലന്നാണ് ഞാൻ ഊഹിക്കുന്നത്. ഞാൻ മനസ്സിലാക്കുന്നത് ഈ സർക്കാർ ഈ വരുമാനം ബജറ്റിൽ കൊള്ളിച്ചിട്ടില്ലത്ത് കൊണ്ട് കാരുണ്യാ ലോട്ടറിയിൽ നിന്നു കിട്ടുന്ന വരുമാനവും പൊതു ഫണ്ടിലേക്ക് അടച്ചു കാണും. അതല്ലെങ്കിൽ ഒരിക്കലും ഇങ്ങനെയൊരു കുടിശ്ശിക വരുകയില്ല എന്ന് എനിക്ക് പൂർണ്ണമായ ഉറപ്പുണ്ട്.

ഈ പദ്ധതി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെങ്കിൽ എല്ലാ ശക്തികൊണ്ടും ഞങ്ങൾ എതിർക്കും. ഈ പദ്ധതി കഴിഞ്ഞ ഗവണ്മെന്റ് കൊണ്ടു വന്നതു കൊണ്ട് ഒരു നല്ല പദ്ധതി നിർത്തലാക്കണോ? ആ പദ്ധതി കുറച്ചുകൂടി മെച്ചപ്പെടുത്താനല്ലേ ഒരു രാഷ്ട്രീയ പാർട്ടി ചെയ്യണ്ടത്? ഞങ്ങൾ അഞ്ച് വർഷം അധികാരത്തിൽ ഇരുന്നപ്പോൾ, അതിന് മുൻപത്തെ ഇടത് പക്ഷ ഗവണ്മെന്റ് കൊണ്ടുവന്ന ഏതെങ്കിലും ഒരു നല്ല പദ്ധതി ഞങ്ങൾ ഇല്ലാതാക്കിയോ? 2001-2006 യുഡിഫ് ഗവണ്മെന്റ് മൂന്ന് രൂപക്ക് അരി കൊടുത്തപ്പോൾ, അത് കഴിഞ്ഞു വന്ന എൽ.ഡി.എഫ് ഗവണ്മെന്റ് രണ്ട് രൂപക്ക് അരി കൊടുത്തു, പിന്നീട് വന്ന ഞങ്ങൾ ഒരു രൂപക്ക് അരി കൊടുക്കുകയായിരുന്നു. യുഡിഫ് മൂന്ന് രൂപക്ക് അരി കൊടുത്തു. പിന്നീട് അത് സൗജന്യമാക്കി. അങ്ങനെയാണ് ഒരു പാർട്ടി ചെയ്യണ്ടത്. അല്ലാതെ ഒരു ഗവണ്മെന്റ് കൊണ്ട് വരുന്ന നല്ല ഒരു പരിപാടിയേ ഇല്ലാതെ ആക്കുകയല്ല. ഈ കാരുണ്യാ പദ്ധതിയിൽനിന്നുള്ള ഫണ്ടിൽനിന്നുള്ള സഹായം കൂടുതലായി ജനങ്ങൾക്ക് നൽകി കൊണ്ട് മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണ് ഈ സർക്കാർ ചെയ്യേണ്ടത്. ഈ പദ്ധതി നിർത്തലാക്കാനാണ് തീരുമാനമെങ്കിൽ കടുത്ത പ്രതിക്ഷേതത്തിന് ഇടയാക്കും. പലരുടെയും ജീവൻ നിലനിന്ന് പോകുന്നത് ഈ പദ്ധതിയിൽ നിന്നുള്ള സഹായംകൊണ്ടാണ് എന്ന് ഈ ഗവണ്മെന്റ് വിസ്മരിക്കരുത്.