UDF

2017, ഫെബ്രുവരി 14, ചൊവ്വാഴ്ച

ഭരണസ്തംഭനം മൂലം പല മേഖലകളിലും സംസ്ഥാനത്തിനു നഷ്ടം


ഭരണസ്തംഭനം മൂലം പല മേഖലകളിലും സംസ്ഥാനത്തിനു നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. യാഥാർഥ്യ ബോധത്തിന്റെ പിൻബലത്തിലാണ് കഴിഞ്ഞ സർക്കാർ പല തീരുമാനങ്ങളും എടുത്തത്. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തെ തീരുമാനങ്ങൾ പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതി ഉണ്ടാക്കിയിട്ട് മാസങ്ങളായി. ഏതു കാര്യവും അന്വേഷിക്കുന്നതിന് എതിർപ്പില്ല. തങ്ങൾ എടുത്ത തീരുമാനത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തുകയോ പുനഃപരിശോധിക്കുകയോ ചെയ്യട്ടെ. അതിനെ സ്വാഗതം ചെയ്യുന്നു. അതിനു പകരം യുഡിഎഫ് സർക്കാർ എടുത്ത ചില തീരുമാനങ്ങൾ മരവിപ്പിക്കുകയും ചിലതു സാവധാനത്തിലാക്കുകയും ചെയ്തതു നിർഭാഗ്യകരമാണ്.

പല കാര്യങ്ങളിലും നടപടിക്രമങ്ങൾ പാലിച്ചു വരുമ്പോഴേക്കും സമയം നഷ്ടപ്പെടുകയാണ്. യഥാസമയം നടപടി സ്വീകരിക്കാത്തതിനാൽ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കേരളത്തിനു നഷ്ടമായി. വരൾച്ച മൂലം വിഷമിക്കുന്ന കൃഷിക്കാരെ സഹായിക്കാൻ ഒന്നും ചെയ്യാത്തതു മൂലം മറ്റുള്ളവർ രംഗത്തിറങ്ങേണ്ടി വരുന്നു. നീറ്റ് മലയാളത്തിൽ കൂടി അനുവദിക്കുന്നതിനു ശ്രമം നടത്തിയില്ല. എങ്കിലും എല്ലാം ശരിയാകുമെന്ന് കരുതാം. 

ഒരാളിന്റെയും എതിർപ്പില്ലാതെ കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് നടപ്പാക്കാനുള്ള പദ്ധതി കഴിഞ്ഞ സർക്കാരിന് ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റെ ഭാവി ഓർത്താണ് കഴിഞ്ഞ സർക്കാർ പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത്. അധികാരത്തിലെത്തിയാൽ ഉടൻ അതു പിൻവലിക്കുമെന്ന് പറഞ്ഞ എൽഡിഎഫ് എന്താണ് പിൻവലിക്കാത്തത്?

സാധാരണ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമ്പോൾ മാനസിക വെല്ലുവിളി നേരിടുന്നവരും ഓട്ടിസം ബാധിച്ചവരും ഫീസ് കൊടുത്തു പഠിക്കേണ്ട അവസ്ഥ പരിഹരിക്കുന്നതിനാണ് അവരുടെ സ്കൂളുകൾ എയ്ഡഡ് ആക്കി മാറ്റിയത്. അവയ്ക്ക് സ്റ്റാഫ് പാറ്റേൺ അനുവദിക്കാൻ സർക്കാർ തയാറില്ല. ഇതിന്റെ തുടർ നടപടികൾ മരവിപ്പിച്ചിരിക്കുകയാണ്. സ്വന്തമായി കോളജ് ഇല്ലാത്തവരും സമൂഹത്തിൽ പിന്തള്ളപ്പെട്ടവരുമായ 10 സമുദായങ്ങൾക്ക് കോളജ് അനുവദിച്ച കഴിഞ്ഞ സർക്കാരിന്റെ നടപടിയും പിടിച്ചു വച്ചിരിക്കുകയാണ്. ഇത്തരം കാര്യങ്ങളിൽ സാമൂഹിക നീതി പാലിക്കാൻ സർക്കാർ തയാറാകണം.

കേരളത്തിൽ അഴിമതി പൂജ്യമായെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സർവത്ര അഴിമതിയെന്നു പറഞ്ഞ് കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തെ കാര്യങ്ങൾ അന്വേഷിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് എവിടെയാണ്?