UDF

2016, ജൂൺ 9, വ്യാഴാഴ്‌ച

തോൽവിയിൽ ഉത്തരവാദിത്തമുള്ളവർ പദവിയിൽ തുടരുന്നത് ശരിയല്ല


ഉമ്മൻ ചാണ്ടി യുഡിഎഫ് ചെയർമാനായി തുടരും. യുഡിഎഫ് ഏകോപനസമിതി യോഗത്തിലാണ് തീരുമാനം. അതേസമയം, യുഡിഎഫ് ചെയർമാനാകാൻ പൂർണസമ്മതം അറിയിച്ചിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. തന്റെ നിലപാട് കോൺഗ്രസ് ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് തന്റെ അഭിപ്രായങ്ങൾ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. തോൽവിയിൽ ഉത്തരവാദിത്തമുള്ളവർ തുടരുന്നത് ശരിയല്ലെന്നാണ് തന്റെ നിലപാടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

യുഡിഎഫ് ചെയർമാൻ പദവി ഏറ്റെടുക്കണമെന്ന സമ്മർദം ശക്തമെങ്കിലും അതുവേണ്ടന്ന നിലപാടിലായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതൃപദത്തിലേക്കില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയതോടെ യുഡിഎഫിന്റെ നേതൃത്വത്തിൽ അദ്ദേഹം തുടരണമെന്ന ആവശ്യം ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല തന്നെ ഇക്കാര്യം ഉമ്മൻ ചാണ്ടിയോട് ആവശ്യപ്പെട്ടു. ഘടകകക്ഷി നേതാക്കളും ഈ അഭിപ്രായം പങ്കുവച്ചു. പി.കെ.കുഞ്ഞാലിക്കുട്ടിയാണ് യോഗത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരു നിര്‍ദേശിച്ചത്. ജോണി നെല്ലൂര്‍  പിന്താങ്ങി. ആദ്യമായാണ് യു.ഡി.എഫ്. ചെയര്‍മാന്‍  പദത്തിലും നിയമസഭാകക്ഷിനേതൃ പദവിയിലും രണ്ടുപേര്‍ വരുന്നത്.

പക്ഷേ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം കൂടി കണക്കിലെടുത്തു നിയമസഭാകക്ഷി നേതൃത്വം ഒഴിഞ്ഞ സാഹചര്യത്തിൽ മറ്റു പദവി ഏറ്റെടുക്കുന്നതു ശരിയല്ലെന്ന സമീപനത്തിലായിരുന്നു അദ്ദേഹം. സാങ്കേതികമായ പദവി ഉമ്മൻചാണ്ടിക്ക് ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഈ വാദത്തെ പിന്തുണയ്ക്കുന്നവരുടെയും അഭിപ്രായം.


നിയമസഭാകക്ഷി നേതാവും യുഡിഎഫ് ചെയർമാനും രണ്ടുപേരാകുന്നത് ഇതാദ്യമാണ്. നേതാക്കളുടെ നിർബന്ധത്തെത്തുടർന്നാണ് ഉമ്മൻ ചാണ്ടി സ്ഥാനമേറ്റെടുത്തതെന്നും ചെന്നിത്തല പറഞ്ഞു.