UDF

2013, ഡിസംബർ 12, വ്യാഴാഴ്‌ച

ആഭ്യന്തരം എന്നും കല്ലേറ് കൊള്ളുന്ന വകുപ്പ്

ആഭ്യന്തരം എന്നും കല്ലേറ് കൊള്ളുന്ന വകുപ്പ്-ഉമ്മന്‍ചാണ്ടി

 

തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കല്ലേറ് കിട്ടുന്ന വകുപ്പാണെന്നും മുമ്പും ആ വകുപ്പ് കൈകാര്യം ചെയ്തിരുന്നവര്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ടി.പി. വധക്കേസിലുണ്ടായതുപോലെ ഒരു പോലീസ് അന്വേഷണം മുമ്പ് കേരളത്തിലുണ്ടായിട്ടുണ്ടോ? പാര്‍ട്ടി പ്രതികളെ നല്‍കുന്ന വ്യവസ്ഥതി മാറ്റിയില്ലേ? മലബാറില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിച്ചത് ഷൂക്കൂര്‍ വധവും ടി.പി. വധവും ഫലപ്രദമായി അന്വേഷിച്ചതുകൊണ്ടാണ്. വാടകക്കൊലയാളികള്‍ മാത്രമല്ല, അവരെ അയച്ചവരും നിയമത്തിനുമുന്നില്‍ വരും എന്ന സ്ഥിതിവന്നു. അപ്പോള്‍ ഗൂഢാലോചനക്കാര്‍ പുറത്തുവരും. കുറ്റം ചെയ്തിട്ടുള്ള ഒരാളും രക്ഷപ്പെടില്ല.

വരുംദിവസങ്ങളില്‍ കേരളത്തിന് അത് ബോധ്യപ്പെടും-മുഖ്യമന്ത്രി പറഞ്ഞു. ടി.പി. വധക്കേസില്‍ സര്‍ക്കാരും സി.പി.എമ്മും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ടി.പി. വധക്കേസില്‍ 20 പേരെ ഒഴിവാക്കിയ നടപടിക്കെതിരെ നിയമപരമായ നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ഒരു മോഹവും പൂവണിയാന്‍ പോകുന്നില്ല. പാര്‍ട്ടിയില്‍നിന്ന് പൂര്‍ണ പിന്തുണ തനിക്ക് കിട്ടുന്നുണ്ട്. അക്കാര്യത്തില്‍ തനിക്ക് പൂര്‍ണസംതൃപ്തിയുമുണ്ട്. അതുപോലെതന്നെ യു.ഡി.എഫില്‍ നിന്ന് തനിക്ക് പൂര്‍ണ പിന്തുണയുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.