UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ഏപ്രിൽ 29, ഞായറാഴ്‌ച

നര്‍മ്മത്തിലൂടെ മാര്‍ ക്രിസോസ്റ്റം സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നു

നര്‍മ്മത്തിലൂടെ മാര്‍ ക്രിസോസ്റ്റം സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നു
Image
തിരുവല്ല : സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന സകലസമുദായങ്ങളുടെയും ആചാര്യനാണ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. തിരുവല്ല പൗരാവലിയുടെ നേതൃത്വത്തില്‍ നടത്തിയ വലിയ മെത്രാപ്പോലീത്തായുടെ
തൊണ്ണൂറ്റിയഞ്ചാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുമേനിയ്ക്ക് അല്ലാതെ എല്ലാ സമുദായങ്ങളെയും ഒരുപോലെകൊണ്ടുവരുവാന്‍ ആര്‍ക്കും കഴിയില്ല. സ്വന്തം പ്രവൃത്തിയിലൂടെ തിരുമേനി നേടിയെടുത്ത ആദരം മറ്റാര്‍ക്കും നേടിയെടുക്കുവാന്‍ കഴിയില്ല. സമൂഹം അറിയേണ്ടകാര്യം നര്‍മ്മത്തിലൂടെ അവര്‍ക്ക് നല്‍കുകയാണ് തിരുമേനി ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തടവുകാരുടെ പുനരധിവാസം സമൂഹത്തിന്റെ ഉത്തരവാദിത്തം

തടവുകാരുടെ പുനരധിവാസം സമൂഹത്തിന്റെ ഉത്തരവാദിത്തം
Image
തൊടുപുഴ : ജയിലുകളില്‍ ശിക്ഷിക്കപ്പെട്ട് തടവനുഭവിക്കുന്നവരെ തിരികെക്കൊണ്ടുവന്ന് സമൂഹത്തിന്റെ ഭാഗമാക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അത്തരമൊരു സമീപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലുകളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിവരികയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
തൊടുപുഴ മുട്ടത്ത് ഇടുക്കി ജില്ലാ ജയിലിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു പ്രതേ്യക സാഹചര്യത്തില്‍ കുറ്റം ചെയ്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടവര്‍ എക്കാലത്തും കുറ്റവാളികളായി തുടരാന്‍ പാടില്ല. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ പുനരധിവാസം ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍  അത്തരം തടവുകാര്‍ക്ക് സമൂഹത്തിന്റെ ഭാഗമാകാന്‍ കഴിയും. അതിനുളള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ജയിലുകളില്‍ നടന്നുവരികയാണ്.
 
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ചപ്പാത്തി ഇപ്പോള്‍ പ്രശസ്തമാണ്. അതുണ്ടാക്കുന്നതുവഴി ജയിലിലെ വരുമാനം വര്‍ധിച്ചിട്ടുണ്ട്. പക്ഷേ വരുമാനത്തിനപ്പുറം അതിനൊരു സാമൂഹിക വശം കൂടിയുണ്ട്. ജയിലില്‍ ഇത്തരം തൊഴിലിലേര്‍പ്പെടുന്നവര്‍ പുറത്തുവരുമ്പോള്‍ നല്ല ശമ്പളത്തില്‍ ഹോട്ടലുകാര്‍ അവരെ കൊണ്ടുപോവുകയാണ്. തടവുകാര്‍ക്ക് പുറത്തുവരുമ്പോള്‍ത്തന്നെ തൊഴിലുറപ്പാക്കുന്ന ഒരു പുനരധിവാസ പ്രവര്‍ത്തനമായി അതുമാറുന്നു. ചപ്പാത്തിക്കു പുറമേ ഇനി ഇഡ്ഡലിയും ഉണ്ടാക്കി വില്‍ക്കുവാന്‍ തുടങ്ങുകയാണ്. അതുപോലെ  സൗരോര്‍ജ്ജമുപയോഗിച്ച്  വൈദ്യൂതി, വേസ്റ്റ് മാനേജ്‌മെന്റ് സ്‌കീം എന്നിവയൊക്കെ ജയിലുകളില്‍ നടക്കുന്ന സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളാണ്. ഇതിലെല്ലാം തടവുകാരെ പങ്കെടുപ്പിക്കുന്നതിലൂടെ അവരെ രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തടവുകാലത്തുതന്നെ പങ്കെടുപ്പിക്കുവാന്‍ കഴിയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജയിലുകളില്‍ കൂടുതലായി ആവിഷ്‌കരിക്കും.
 
സംസ്ഥാനത്ത് മലപ്പുറത്തെ തവന്നൂരിലും ഇപ്പോള്‍ തൊടുപുഴയിലെ മുട്ടത്തുമായി ജില്ലാ ജയിലുകള്‍ തുടങ്ങുകയാണ്. കാസര്‍കോട്, വയനാട്, പത്തനംതിട്ട തുടങ്ങി ജില്ലാ ജയിലുകളില്ലാത്ത മൂന്നു ജില്ലകള്‍ കൂടിയുണ്ട്. അവിടങ്ങളില്‍ ഏറ്റവും സൗകര്യമുളള ഒരു ജയിലിനെ ജില്ലാ ജയിലാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റിലീസ് കാലവധി പൂര്‍ത്തീകരിച്ചവരുടെ റിലീസ് വേഗത്തിലാക്കുന്നതിന് നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്നും 75 വയസ് പ്രായം കഴിഞ്ഞ തടവുകാരെയും രോഗത്തിനു അടിമകളായിട്ടുളളവരും പുറത്തേക്ക് വന്നാല്‍ ഒരുതരത്തിലും സമൂഹത്തിനു ദോഷകരമായി പ്രവര്‍ത്തനമുണ്ടാവില്ല എന്നുറപ്പുളളവരെയും റിലീസ് ചെയ്യുന്നതിന് ആലോചിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.

ആഭ്യന്തര കാര്‍ഷിക ഉത്പാദനത്തില്‍ സര്‍ക്കര്‍ പ്രത്യേക ശ്രദ്ധ ചെലുത്തും

ആഭ്യന്തര കാര്‍ഷിക ഉത്പാദനത്തില്‍ സര്‍ക്കര്‍ പ്രത്യേക ശ്രദ്ധ ചെലുത്തും: മുഖ്യമന്ത്രി
Imageതിരുവനന്തപുരം: ആഭ്യന്തര ഉത്പാദനത്തില്‍ കാര്‍ഷിക, വ്യാവസായിക മേഖലകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ആസൂത്രണബോര്‍ഡ് സംഘടിപ്പിച്ച
പ്രഭാഷണ പരമ്പര മസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിലവില്‍ ജി.എസ്.ഡി.പിയില്‍ സേവനമേഖല 69.7ശതമാനം നല്‍കുമ്പോള്‍ വ്യാവസായിക മേഖല 20.5 ശതമാനവും കാര്‍ഷിക മേഖല 9.8 ശതമാനവും സംഭാവനയാണ് നല്‍കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായേ തീരൂ. കാര്‍ഷിക രംഗത്ത് റബ്ബറുത്പാദനത്തില്‍ മാത്രമാണ് നമുക്ക് നേട്ടം കൈവരിക്കാനായത്. കേരളത്തിന്റെ സ്വന്തം ഉത്പന്നങ്ങളായ നെല്ലും നാളികേരവും നേട്ടങ്ങളുണ്ടാക്കിയില്ലെന്ന് മാത്രമല്ല പിന്നോട്ടടിക്കുകയും ചെയ്തു. മൂല്യവര്‍ധനവിലൂടെ നാളീകേരത്തിന് കൂടുതല്‍ വിപണി കണ്ടെത്തുന്നതിനെക്കുറിച്ച് മന്ത്രിസഭ രണ്ടു തവണ ചര്‍ച്ച ചെയ്തു. ആധുനിക കൃഷി രീതികളും മൂല്യവര്‍ധനവും ജൈവകൃഷിയും സംയോജിപ്പിച്ച് കാര്‍ഷികരംഗത്ത് മുന്നേറാമെന്നതാണ് സര്‍ക്കാരിന്റ സമീപനം.
 
ഇത് ബജറ്റില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍  എല്ലാ പഞ്ചായത്തിലുമൊരുക്കിയിട്ടുണ്ട്. എങ്കിലും പൂര്‍ണമായ പ്രയോജനം ലഭിച്ചിട്ടില്ല. കാര്‍ഷികമേഖലയ്ക്കു പുറമെ ഐ.ടി, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം മുതലായ മേഖലകളിലും കഴിയുന്നത്ര നേട്ടങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുടിവെള്ളടാങ്കറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അധികാരം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക്

കുടിവെള്ളടാങ്കറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അധികാരം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക്: മുഖ്യമന്ത്രി
Image
തിരുവനന്തപുരം: കുടിവെള്ളം കൊണ്ടുപോകുന്ന ടാങ്കറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള  അധികാരം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് ഉടന്‍ ഉത്തരവ് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും മഴക്കാലത്തിനു മുമ്പ് നടത്തേണ്ട ശുചീകരണപ്രവര്‍ത്തനങ്ങളെ കുറിച്ചും വിലയിരുത്താന്‍ വിളിച്ചുച്ചേര്‍ത്ത വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മഴക്കാലത്തെ പകര്‍ച്ച വ്യാധികള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍, വിവിധ വകുപ്പിലെ ഉദ്ദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. പരിസര ശുചിത്വം, മാലിന്യ നിര്‍മ്മാര്‍ജനം, കുടിവെള്ളത്തിന്റെ ശുദ്ധത തുടങ്ങിയ കാര്യങ്ങളില്‍ വിവിധ വകുപ്പുകളും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും കൂടുതല്‍ ശ്രദ്ധപതിപ്പിക്കണം.
 
ഹോട്ടലുകളിലെ ഭക്ഷ്യവസ്തുകളുടെ ഗുണനിലവാര പരിശോധ കര്‍ശനമാക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കും. ജലത്തിന്റെ ശുദ്ധത ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തണം. മലിനമായ ജലം കുടിക്കരുതെന്ന് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ അവരുടെ പരിധിയിലെ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. പകര്‍ച്ചാവ്യാധി, ശുചികരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് മെയ് രണ്ടിന് സംസ്ഥാനതല ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ ആരോഗ്യം, പഞ്ചായത്ത്, നഗരകാര്യം, ജലവിഭവം, കൃഷി, വിദ്യാഭ്യാസം, തുടങ്ങി വിവിധ വകുപ്പുകളിലെ മന്ത്രിമാരും വകുപ്പുതല ഉദ്ദ്യോഗസ്ഥരും പങ്കെടുക്കും. ഇതിന് പുറമെ ത്രിതലപഞ്ചായത്തുകളെ പങ്കെടുപ്പിച്ച് ജില്ലാതലത്തില്‍ മെയ് അഞ്ച്, ആറ്, ഏട്ട് തീയതികളില്‍ ജില്ലാതല ചര്‍ച്ചകളും നടത്തും.
 
എറണാകുളം ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എറണാകുളത്തുവച്ച് ജില്ലയുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആരോഗ്യമന്ത്രി, ജലവിഭവ മന്ത്രി, മറ്റു വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കുന്ന പ്രത്യേകയോഗം മെയ് ഏഴിന് ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

ഭൂമിദാനം സര്‍ക്കാരോ മന്ത്രിമാരോ അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി

ഭൂമിദാനം സര്‍ക്കാരോ മന്ത്രിമാരോ അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി

 

 




തിരുവനന്തപുരം: കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമിദാനം സംബന്ധിച്ച സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് കൈക്കൊണ്ട തീരുമാനം യു.ഡി.എഫ്. സര്‍ക്കാരോ വിദ്യാഭ്യാസമന്ത്രിയോ മറ്റ് മന്ത്രിമാരോ അറിഞ്ഞുകൊണ്ടുള്ളതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് എന്ത് തീരുമാനിച്ചാലും സര്‍ക്കാരിന്റെ ഒരിഞ്ചുഭൂമി കൈമാറ്റം ചെയ്യണമെങ്കിലും സര്‍ക്കാര്‍ തീരുമാനിക്കണം. ഭൂമി നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാനാണ് കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നത്. ആ തീരുമാനം സിന്‍ഡിക്കേറ്റ്തന്നെ പിന്നീട് പിന്‍വലിച്ചു. സര്‍ക്കാരിന്റെ ഒരിഞ്ച് ഭൂമിയും സംസ്ഥാന താല്പര്യത്തിന് വിരുദ്ധമായി ആര്‍ക്കും നല്‍കില്ല.

ഈ കാര്യത്തില്‍ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഡോ.എം.കെ.മുനീറും ശക്തമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകലാശാലയുടെ ഭൂമി എടുത്തശേഷം അളക്കാന്‍ സമ്മതിക്കാത്ത കേസ് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അത് പറഞ്ഞ് കലിക്കറ്റ് സര്‍വകലാശാലയിലെ ഇപ്പോഴത്തെ പ്രശ്‌നത്തെ താന്‍ ന്യായീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകലാശാലയുടെ ഭൂമി എടുത്തശേഷം അളക്കാന്‍പോലും അനുവദിക്കാത്ത കേസ് ഏതാണെന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. മുമ്പ് എ. കെ. ജി. സെന്ററിന് കേരള സര്‍വകലാശാലയുടെ ഭൂമി അനുവദിച്ചതിനെ ഉദ്ദേശിച്ചായിരുന്നു ചോദ്യം. അത്തരമൊരു സംഭവമുണ്ടെങ്കില്‍ ഭൂമി അളക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യത അല്ലേയെന്ന ചോദ്യത്തിന് വരട്ടെ നോക്കാമെന്നായിരുന്നു മറുപടി.

ഇക്കാര്യത്തില്‍ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ സര്‍വകലാശാലയുടെ ഭൂമിയെടുത്തശേഷം അളക്കാന്‍പോലും അനുവദിക്കാത്ത കേസ് ഏതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരറിവുമില്ല. ഇതുമായി ബന്ധപ്പെട്ട് വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.

കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് ജലം എന്ന കേരളത്തിന്റെ നിലപാടിനെ നിഷ്പക്ഷമതികള്‍ അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡീസല്‍വില നിയന്ത്രണം എടുത്തുകളയാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് കേരള സര്‍ക്കാരിന് യോജിപ്പില്ല. പെട്രോള്‍വില നിയന്ത്രണം എടുത്തുകളഞ്ഞ നടപടിയോടും തനിക്ക് യോജിപ്പില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണം

മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണം

 

 

തിരുവനന്തപുരം: വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണമെന്ന് മന്ത്രിസഭായോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കാന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ മത്സ്യമേഖലയിലുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് നടപടിയെടുക്കും. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ധനകാര്യമന്ത്രി, ഫിഷറീസ് മന്ത്രി, തൊഴില്‍മന്ത്രി, ഭക്ഷ്യമന്ത്രി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കടലിലെ കൊലക്കേസില്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ ഭാഗം വാദിക്കുന്നതിന് സീനിയര്‍ അഭിഭാഷകനെ ലഭ്യമാക്കും. ഇതിന് നടപടിയെടുക്കാന്‍ അഡ്വക്കേറ്റ് ജനറലിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്.എസ്.എല്‍.സി. ഫലം ഏപ്രില്‍ 26നു തന്നെ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടമാണ്. പാഠപുസ്തകവിതരണത്തിലും വലിയ നേട്ടം നേടാനായിട്ടുണ്ട്. 90 ശതമാനം പാഠപുസ്തകങ്ങളും ജില്ലകളിലെത്തിച്ചിട്ടുണ്ട്. മെയ് രണ്ടിന് മറ്റു ക്ലാസുകളിലെ ഫലം വരും. അതുകഴിഞ്ഞാലുടന്‍ പാഠപുസ്തക വിതരണം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് മോണോറെയില്‍: പ്രോജക്ട് റിപ്പോര്‍ട്ട് ജൂണ്‍ 15 നകം

 

കോഴിക്കോട് മോണോറെയില്‍: പ്രോജക്ട് റിപ്പോര്‍ട്ട് ജൂണ്‍ 15 നകം


 


തിരുവനന്തപുരം: കോഴിക്കോട് മോണോറെയിലിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ജൂണ്‍ 15 നകം സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇ.ശ്രീധരനോട് നിര്‍ദേശിച്ചു. മോണോറെയില്‍ സംബന്ധിച്ച് ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റെടുക്കാനുള്ള സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ പതിനഞ്ച് ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കണം. റെയില്‍വേയുടെ സ്ഥലം ഉപയോഗിക്കുന്നതിനുള്ള അനുവാദം വാങ്ങുന്നതിന് ഡല്‍ഹിയില്‍ റെയില്‍വെ മന്ത്രി ഉള്‍പ്പെട്ട യോഗം ചേരുകയും ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, പി.കെ.കുഞ്ഞാലിക്കുട്ടി,ഡോ.എം.കെ.മുനീര്‍, പി.കെ.അബ്ദുറബ്ബ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

2012, ഏപ്രിൽ 25, ബുധനാഴ്‌ച

കടലിലെ കൊല: ക്രിമിനല്‍കേസ് തുടരും

കടലിലെ കൊല: ക്രിമിനല്‍കേസ് തുടരും 


 


കൊച്ചി: കടലിലെ വെടിവെയ്പ്പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടാക്കിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിവെച്ചവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ക്രിമിനല്‍ കേസ് ഒത്തുതീര്‍ക്കുവാനുള്ള വ്യവസ്ഥ ഇന്ത്യന്‍നിയമത്തില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിന്‍കര ഭരണത്തിന്റെ വിലയിരുത്തലാകും

നെയ്യാറ്റിന്‍കര ഭരണത്തിന്റെ വിലയിരുത്തലാകും 

 


കൊച്ചി: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏത് ഉപതിരഞ്ഞെടുപ്പും ഭരണപക്ഷത്തിന്‍േറയും പ്രതിപക്ഷത്തിന്‍േറയും വിലയിരുത്തലായിരിക്കും. പിറവത്ത് വിലയിരുത്തുമെന്ന് ഞങ്ങളും പ്രതിപക്ഷവും ഒരുപോലെ പറഞ്ഞിരുന്നു. പിറവത്തെന്നപോലെ നെയ്യാറ്റിന്‍കരയിലും യുഡിഎഫിനനുകൂലമായ വിലയിരുത്തലുണ്ടാകും. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് സര്‍വ്വകലാശാല ഭൂമി കൈമാറ്റ പ്രശ്‌നത്തില്‍, സര്‍ക്കാര്‍ അറിയാതെ ഒരുതുണ്ട് ഭൂമിപോലും കൈമാറുവാന്‍ സര്‍വ്വകലാശാലയ്ക്കാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തീരുമാനിച്ചതുകൊണ്ട് മാത്രം ഭൂമി കൈമാറ്റം പൂര്‍ത്തിയാവില്ല. കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഭൂമിപ്രശ്‌നം. എന്നാല്‍ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടാതെ സര്‍ക്കാര്‍ തന്നെ സംരക്ഷിക്കും.

പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും

പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും

 




തിരുവനന്തപുരം: ഫണ്ട് വിനിയോഗത്തിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പഞ്ചായത്ത് ദിനാഘോഷവും സ്വരാജ് ട്രോഫി വിതരണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയന്ത്രണങ്ങളില്ലാതെ ചെലവഴിക്കാന്‍ പഞ്ചായത്തുകള്‍ക്ക് ഇപ്പോള്‍ പദ്ധതി വിഹിതത്തിന്റെ 20 ശതമാനം നല്‍കുന്നുണ്ട്. ഇത് കാര്യക്ഷമമായി ഉപയോഗിച്ചാല്‍ കൂടുതല്‍ തുക നല്‍കുന്ന കാര്യം പരിഗണിക്കും. പദ്ധതി വിഹിതം ചെലവഴിക്കുന്നതിലുള്ള പ്രായോഗിക പ്രശ്‌നങ്ങള്‍ ഓരോന്നും പരിഹരിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷം 95 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. ഇ-ഗവേണിങ് സിസ്റ്റം പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കണമെന്ന് മന്ത്രി കെ.എം.മാണി അഭിപ്രായപ്പെട്ടു. പോസ്റ്റ് ഓഫീസ് വഴി വസ്തു നികുതി സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഈ വര്‍ഷം 3000 ഗ്രീന്‍ഹൗസുകള്‍ സ്ഥാപിക്കുമെന്ന് മാണി പറഞ്ഞു. പഞ്ചായത്തുകള്‍ ഇതിന് മുന്‍കൈയെടുക്കണം.

ശുചിത്വഗ്രാമം, ഹരിതഗ്രാമം പദ്ധതിയുടെ ലോഗോ മന്ത്രി വി.എസ്.ശിവകുമാര്‍ പ്രകാശനം ചെയ്തു. മഴക്കാലത്തിനു മുന്‍പ് മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 27ന് യോഗം ചേരുമെന്ന് അദ്ദേഹം പറഞ്ഞു. 'പഞ്ചായത്തീരാജ്' മാസികയുടെ പ്രത്യേക പതിപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ പ്രകാശനം ചെയ്തു. അവതരണഗാന സി.ഡി മഞ്ഞളാംകുഴി അലി പ്രകാശനം ചെയ്തു. ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശോഭകോശി, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. മാത്യു, ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി എന്നിവര്‍ പ്രസംഗിച്ചു. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫികള്‍ സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ വിതരണം ചെയ്തു.