UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, മേയ് 9, ബുധനാഴ്‌ച

സര്‍വകലാശാല ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ തയാറെന്ന് മുഖ്യമന്ത്രി

സര്‍വകലാശാല ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ തയാറെന്ന് മുഖ്യമന്ത്രി

Imageതിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലകള്‍ക്കു കീഴില്‍ ഇതുവരെ നടത്തിയ ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന് സി.പി.എം തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സി.പി.എം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കു മന്ത്രിസഭായോഗത്തിനുശേഷം മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കാലിക്കറ്റ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തിനും തയ്യാറാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടതെന്ന് സി.പി.എം വ്യക്തമാക്കണം.
 
കേരള സര്‍വകലാശാലകളുടെയടക്കം ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഈ വിഷയത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണം. സര്‍വകലാശാലയുടെ ഒരിഞ്ച് ഭൂമിപോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ല. കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ചില പദ്ധതികള്‍ക്കു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യം സര്‍ക്കാരില്‍ ഉന്നയിക്കാന്‍ തീരുമാനിക്കുകയാണ് ചെയ്തത്. എന്നാല്‍, ഇത്തരമൊരു ആവശ്യം സര്‍ക്കാരിനു മുന്നില്‍ വന്നിട്ടില്ല. സംഭവം വിവാദമായ സാഹചര്യത്തില്‍ ഇതില്‍നിന്നും സര്‍വകലാശാല പിന്‍മാറുകയും ചെയ്തു. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടും സി.പി.എമ്മും എസ്.എഫ്.ഐയും പ്രതിഷേധവുമായി മുന്നോട്ടുപോവുകയാണ്. ജനാധിപത്യശൈലിയില്‍ സമരങ്ങളും വിയോജിപ്പും അറിയിക്കുന്നതില്‍ സര്‍ക്കാര്‍ എതിരല്ല. ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.
 
ഇക്കാര്യത്തില്‍ സര്‍ക്കാരിനു തുറന്ന സമീപനമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് എ.കെ.ജി സെന്ററിനുവേണ്ടി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയത്. സര്‍ക്കാര്‍ അനുവദിച്ച ഭൂമി തിരിച്ചുപിടിക്കില്ല. ഇതില്‍ രാഷ്ട്രീയമില്ല. കഴിയുന്നത്ര സമവായത്തിലൂടെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവണമെന്നാണ് ആഗ്രഹം. എന്നാല്‍, എല്ലാം കേട്ടും സഹിച്ചും കഴിയുമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറില്‍ വിട്ടുവീഴ്ച വേണ്ടെന്ന് മന്ത്രിസഭ; സുപ്രീം കോടതിയില്‍ വിഷയം ഉന്നയിക്കും

മുല്ലപ്പെരിയാറില്‍ വിട്ടുവീഴ്ച വേണ്ടെന്ന് മന്ത്രിസഭ; സുപ്രീം കോടതിയില്‍ വിഷയം ഉന്നയിക്കും

Image
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം സുപ്രീംകോടതിയില്‍ ശക്തമായി ഉന്നയിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും സുപ്രീംകോടതിയില്‍ കേസ് ശക്തമായി അവതരിപ്പാക്കാനും യോഗം തീരുമാനിച്ചു. സുപ്രീംകോടതി ഉന്നതാധികാര സമിതി പുതിയ ഡാമിന് പച്ചക്കൊടി കാട്ടിയിട്ടുണ്ടെന്നും സമിതയംഗം കെ ടി തോമസിന്റെ നിലപാട് പൊതുവില്‍ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കെ ടി തോമസ് നല്‍കിയ വിയോജനകുറിപ്പ് കേരളത്തിന്റെ വാദഗതികള്‍ മുന്‍നിര്‍ത്തി കൊണ്ടാണ്. കേരളത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് കെ ടി തോമസ് ഉന്നതാധികാര സമിതിയിലെത്തിയതെന്നും അല്ലാതെ കേരളത്തിന്റെ അഭിഭാഷകനായല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
 
തമിഴ്‌നാടിന് വെള്ളം നല്‍കി കൊണ്ട് പുതിയ ഡാം നിര്‍മ്മിക്കുകയെന്നതാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ ഒരു രഹസ്യഅജണ്ടയുമില്ല. പുതിയ ഡാം എന്ന ആവശ്യത്തിന് ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് അനുകൂലമാണ്.  ചിലവ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണെങ്കിലും പുതിയ ഡാമിന് ഉന്നതാധികാരസമിതി പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയാണ് അവസാന വാക്ക്. സുപ്രീംകോടതിയില്‍ കേരളം ശക്തമായ നിലപാടെടുക്കും. പുതിയ ഡാം എന്നത് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും വികാരമാണ്. പുതിയ ഡാം നിര്‍മ്മിക്കുന്നത് വരെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്നതാണ് കേരളത്തിന്റെ മറ്റൊരാവശ്യം. പുതിയ ഡാം നിര്‍മ്മിക്കുന്നതിന്റെ ചിലവ് പൂര്‍ണ്ണമായി വഹിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയാറാണ്. എത്ര പണം വേണ്ടി വന്നാലും ജനങ്ങളുടെ ജീവനാണ് വലുത്. ജലനിരപ്പ് 142 അടി ആക്കണമെന്ന ഉന്നതാധികാര സമിതി നിലപാടിനോട് കേരളത്തിന് യോജിപ്പില്ല. ഇക്കാര്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തും.
 
വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 136 അടിയില്‍ നിന്ന് ഉയര്‍ത്തരുതെന്ന ആവശ്യം വിയോജന കുറിപ്പില്‍ കെ ടി തോമസ് ഉന്നയിച്ചിട്ടുണ്ട്. കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കെ ടി തോമസ് പരമാവധി ശ്രമിച്ചിട്ടുണ്ട്. ഡാമിന്റെ സുരക്ഷിതത്വം സംബന്ധിച്ച വിഷയത്തില്‍ കെ ടി തോമസ് നേരെ കാര്യം അവതരിപ്പിച്ചിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ ആശങ്കജനകമായ ഒരു സാഹചര്യം സൃഷ്ടിക്കാതിരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കേരളത്തിന്റെ കേസ് നല്ലനിലയില്‍ തന്നെയാണ് വാദിച്ചത്. അത് കൊണ്ടാണ് ഇങ്ങിനെയൊരു റിപ്പോര്‍ട്ട് ഉണ്ടായത്. പി ജെ ജോസഫ് വകുപ്പ് മന്ത്രിയെന്ന നിലയില്‍ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ ഇടപെടലാണ് നടത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

നീര്‍ത്തട പദ്ധതി ഒരുവര്‍ഷം കൂടി നീട്ടും

നീര്‍ത്തട പദ്ധതി ഒരുവര്‍ഷം കൂടി നീട്ടും - മുഖ്യമന്ത്രി

 

തിരുവനന്തപുരം: സംയോജിത നീര്‍ത്തട പരിപാലന പദ്ധതി ഒരുവര്‍ഷം കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നീര്‍ത്തട പദ്ധതിയുടെ കാലാവധി നീട്ടുന്നതിനെക്കുറിച്ച് കേന്ദ്രവുമായി നടത്തിയ ചര്‍ച്ചകളില്‍ ധാരണയുണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു. ഒരുവര്‍ഷമാണ് പദ്ധതി നീട്ടുക. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ള പരാതികള്‍ തീര്‍ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 19 ന് നടത്തുന്ന സംസ്ഥാന സമിതിയോഗത്തില്‍, കുടിശ്ശികത്തുക കൊടുത്തുതീര്‍ക്കാനുള്ള തീരുമാനമുണ്ടാകും - മുഖ്യമന്ത്രി പറഞ്ഞു. ഫണ്ടില്ലാത്തതുകൊണ്ട് പദ്ധതി മുടങ്ങുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംയോജിത നീര്‍ത്തട പദ്ധതിക്ക് 150 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. 19.6 കോടി രൂപമാത്രമാണ് ഇതുവരെ ചെലവിടാനായത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാര്യക്ഷമമായി പണം ചെലവഴിക്കാനുള്ള ശുഷ്‌കാന്തി കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മന്ത്രി കെ.പി.മോഹനന്‍ അധ്യക്ഷനായിരുന്നു.

ജയിക്കാന്‍ ആരേയും കൊല്ലേണ്ട കാര്യമില്ല

ജയിക്കാന്‍ ആരേയും കൊല്ലേണ്ട കാര്യമില്ല-ഉമ്മന്‍ചാണ്ടി

നെയ്യാറ്റിന്‍കര: തിരഞ്ഞെടുപ്പു വിജയത്തിനായി യു.ഡി.എഫിന് ആരേയും കൊല്ലേണ്ട ദുര്‍ഗതിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരാളെ കൊന്നാലേ ജയിക്കാന്‍ കഴിയൂ എന്നു വന്നാല്‍ തോല്‍ക്കാനാണ് ഇഷ്ടമെന്ന് അദ്ദേഹം പറഞ്ഞു.

യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. നയിച്ച യുവജനയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയം അന്യോന്യം പോരാടാനുള്ളതല്ല. ജനനന്മയ്ക്കുവേണ്ടിയുള്ള മത്സരമാണ്. ഇന്ത്യയ്ക്ക് മാതൃകയായ കേരളം പ്രാകൃതസാഹചര്യത്തിലേക്ക് മടങ്ങേണ്ടതില്ല.

സി.പി.എമ്മിന്റെ നയം കാണുമ്പോള്‍ കേരളം 16-ാം നൂറ്റാണ്ടിലേക്ക് മടങ്ങുകയാണെന്ന് തോന്നുന്നു. ആശയരംഗത്തെ പരാജയം നേരിടാന്‍ കൊലക്കത്തിയുമായി ഇറങ്ങുന്നത് ആശാസ്യമല്ല. ആശയരംഗത്തെ തര്‍ക്കം ആശയപരമായി നേരിടണം. അണികളെ പിടിച്ചുനിര്‍ത്താന്‍ ഇന്ന് സി.പി.എമ്മിന് കഴിയുന്നില്ല. ഒഞ്ചിയത്തെ അനുഭവം അവരെ ഭയപ്പെടുത്തുകയാണ്-അദ്ദേഹം പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചുള്ള നിലപാടില്‍ സി.പി.എമ്മിനെ ഒന്നിച്ചുനിര്‍ത്താന്‍ നേതൃത്വത്തിന് കഴിയുന്നില്ല. കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കണം. ആര്‍.സെല്‍വരാജിന്റെ കുടുംബത്തെ വകവരുത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന് സി.പി.എം. മറുപടി പറയണം. ചന്ദ്രശേഖരനെ കൊന്നവരെയും പ്രേരണയായി ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആര്‍.സെല്‍വരാജിന്റെ വിജയം യു.ഡി.എഫ്. സര്‍ക്കാരിനും കേരളജനതയ്ക്കുംവേണ്ടി അവിടെയുള്ള വോട്ടര്‍മാര്‍ ചെയ്യുന്ന വലിയ സംഭാവനയായിരിക്കും. നേരിയ ഭൂരിപക്ഷം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ഒരിക്കലും തടസ്സമായിട്ടില്ല. എന്നാല്‍ അഞ്ചുകൊല്ലം ഭരിച്ച എല്‍.ഡി.എഫിന്റെ അജണ്ട പാര്‍ട്ടിയുടെയും പാര്‍ട്ടിക്കാരുടെയും തര്‍ക്കം പരിഹരിക്കുക എന്നതായിരുന്നു. ഇതിലൂടെ അവര്‍ അഞ്ചു വര്‍ഷം പാഴാക്കി-മുഖ്യമന്ത്രി പറഞ്ഞു.

പി.സി.വിഷ്ണുനാഥ് എം.എല്‍.എ. അധ്യക്ഷനായി. 

പുതിയ ഡാം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന് സുപ്രീം കോടതിയില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് അനുകൂലമാണ്. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശത്തോട് കേരളത്തിന് യോജിപ്പില്ല. കേരളത്തിന്റെ നിലപാട് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താനാവുമെന്ന് അദ്ദേഹം പറഞ്ഞു.

വ്യവസ്ഥകളോടെ ആണെങ്കിലും പുതിയ ഡാമിന് പച്ചക്കൊടി കിട്ടിയിട്ടുണ്ട്. അതിനാല്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പുതിയ ഡാമിന്റെ കാര്യത്തില്‍ കേരളത്തിന് അനുകൂലമാണെന്ന് കാബിനറ്റ് വിലയിരുത്തി. വിഷയത്തില്‍ അന്തിമ തിരുമാനം എടുക്കേണ്ടത് ഉന്നതാധികാര സമിതിയല്ല, സുപ്രീം കോടതിയാണ്. റിപ്പോര്‍ട്ട് സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ കേരളത്തിന്റെ നിലപാടുകള്‍ ശക്തമായി ഉന്നയിക്കും. 

പുതിയ ഡാം നിര്‍മ്മിക്കുന്നതുവരെ ഇപ്പോഴത്തെ ജലനിരപ്പ് നിലനിര്‍ത്തണമെന്നും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടും. പുതിയ ഡാം നിര്‍മ്മിക്കുന്നതിന്റെ ചിലവ് വഹിക്കാന്‍ സംസ്ഥാനം തയ്യാറാണ്. ജസ്റ്റിസ് കെ.ടി തോമസ് തന്റെ വിയോജനക്കുറിപ്പില്‍ കേരളത്തിന്റെ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജസ്റ്റിസ് തോമസ് കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചു


തിരുവനന്തപുരം: ജസ്റ്റിസ് കെ.ടി തോമസ് കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തനാണ്. അദ്ദേഹം ഒരു വാചകം പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദം ഉണ്ടായത്. ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതിന് അദ്ദേഹം കൂട്ടുനിന്നില്ല എന്ന് കരുതിയാല്‍ മതി. 

സംസ്ഥാനത്തിന്റഎ വാദഗതികള്‍ അദ്ദേഹത്തിന്റെ വിയോജന കുറിപ്പില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ജസ്റ്റിസ് തോമസ് ഉന്നതാധികാര സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയാണ്. എന്നാല്‍ അദ്ദേഹം കേരളത്തിന്റെ അഭിഭാഷകനല്ലെന്ന് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനവിഭവ മന്ത്രി പി.ജെ ജോസഫ് ആത്മാര്‍ത്ഥമായ സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ആശങ്കയും ആത്മാര്‍ത്ഥതയും മനസിലാക്കുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നെയ്യാറ്റിന്‍കരയില്‍ വിജയിക്കാന്‍ യുഡിഎഫിന് ആരുടേയും ജീവനെടുക്കേണ്ട

നെയ്യാറ്റിന്‍കര ഉപ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ യുഡിഎഫിന് ആരുടേയും ജീവനെടുക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ്-ഐ തൃക്കാക്കര ഈസ്റ്റ് മണ്ഡലം 15-ാം വാര്‍ഡ് കുടുംബസംഗമം അത്താണി ഐ. എം.ജി. ജങ്ഷനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. ഒഞ്ചിയത്ത് നടന്ന ആക്രമണങ്ങളില്‍ ഒരു പക്ഷത്ത് എപ്പോഴും സിപിഎം ആണ്. ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് പിണറായി മറുപടി പറയണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

വാര്‍ഡ് പ്രസിഡന്റ് പി.കെ. ഷൈജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബെന്നി ബെഹനാന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു.

2012, മേയ് 1, ചൊവ്വാഴ്ച

വയനാട്ടില്‍ മെഡിക്കല്‍ കോളജും ശ്രീചിത്തിര സെന്‍ററും ഈ വര്‍ഷം തന്നെ

വയനാട്ടില്‍ മെഡിക്കല്‍ കോളജും ശ്രീചിത്തിര സെന്‍ററും ഈ വര്‍ഷം തന്നെ -മുഖ്യമന്ത്രി

മാനന്തവാടി: വയനാട്ടില്‍ മെഡിക്കല്‍ കോളജും ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍െറ ആധുനിക സൗകര്യങ്ങളോടുകൂടിയ സെന്‍ററും ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

 
സംസ്ഥാന പട്ടികവര്‍ഗ ക്ഷേമ-യുവജന ക്ഷേമ വകുപ്പുകള്‍ മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ സംഘടിപ്പിച്ച ദേശീയ പട്ടികവര്‍ഗ മഹോത്സവം-ഗോത്രായനം- ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക പരിഗണനയുടെ ഭാഗമായാണ് ഇതു രണ്ടും ജില്ലക്ക് അനുവദിച്ചത്.


വയനാട്ടിലെ അരിവാള്‍ രോഗികള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തും. ഇവര്‍ക്ക് 1000 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാല ഭൂമി വിട്ടുകൊടുക്കില്ല

സര്‍വകലാശാല ഭൂമി വിട്ടുകൊടുക്കില്ല: മുഖ്യമന്ത്രി

 

 


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി സര്‍ക്കാര്‍ താത്പര്യത്തിന് വിരുദ്ധമായി ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന്റെ ഒരിഞ്ചു പോലും അനാവശ്യമായി നഷ്ടപ്പെടുത്തില്ല. സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കണമെങ്കില്‍ മന്ത്രിസഭ അറിയണം. മന്ത്രിസഭ അങ്ങനെയൊരു തീരുമാനമെടുത്തില്ല. 

ഭൂമി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടാന്‍ സര്‍വകലാശാല തീരുമാനിച്ചതായാണ് മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. പിന്നീട് അവര്‍ തന്നെ ആ തീരുമാനം റദ്ദാക്കി. നടക്കാത്ത ഒരു കാര്യത്തിന്റെ പേരിലാണ് വിവാദമത്രയും. ഈ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതി: ബധിരതയുള്ള എല്ലാ പാവങ്ങള്‍ക്കും ചികിത്സ

കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതി: ബധിരതയുള്ള എല്ലാ പാവങ്ങള്‍ക്കും ചികിത്സ -മുഖ്യമന്ത്രി 

 

കോഴിക്കോട്: സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതിക്ക് നിലവിലുള്ള പ്രായപരിധിയും ശസ്ത്രക്രിയയുടെ എണ്ണത്തിന്റെ പരിമിതിയും ഒഴിവാക്കി ബധിരതയുള്ള എല്ലാ പാവപ്പെട്ടവര്‍ക്കും ഈ ചികിത്സ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. 

ബധിരമൂകരായവര്‍ക്ക് ശബ്ദത്തിന്റെ വഴി തുറക്കുന്ന ശസ്ത്രക്രിയയ്ക്ക് സൗജന്യ കോക്ലിയര്‍ ലഭ്യമാകുന്ന 'ശ്രുതി തരംഗം' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവില്‍ മൂന്നുവയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് പദ്ധതി വഴി സൗജന്യ കോക്ലിയര്‍ ലഭിക്കുക. ഈ പരിധി എടുത്തുകളയും. നിലവില്‍ ഒരു വര്‍ഷം 200 പേര്‍ക്ക് ശസ്ത്രക്രിയയെന്ന പരിധിയും മാറ്റും. പണമില്ല എന്ന കാരണം കൊണ്ട് സംസ്ഥാനത്ത് ബധിരമൂകര്‍ ഉണ്ടാവരുത് -മുഖ്യമന്ത്രി പറഞ്ഞു.

മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കേണ്ടത്. ഒന്നാം ഘട്ടത്തില്‍ ജനനസമയത്തുതന്നെ ബധിരത തിരിച്ചറിയുന്ന എ.ബി. ആര്‍. സ്‌കാനര്‍ സംവിധാനം എല്ലാ മെഡിക്കല്‍കോളേജുകളിലും കര്‍ശനമായി സ്ഥാപിക്കും. 100 കുട്ടികള്‍ക്കുമുകളില്‍ ജനനം നടക്കുന്ന ആസ്​പത്രികളിലും ഈ സംവിധാനം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കും.

മൂന്നു വയസ്സിനുള്ളില്‍ തന്നെ ശസ്ത്രക്രിയ നടത്തുകയെന്നതാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടത്തിലാണ് സ്​പീച്ച് തെറാപ്പി വരുക. 100 ദിന കര്‍മ പരിപാടിയില്‍ നടപ്പിലാക്കിയ കരുതല്‍ നടപടികളാണ് സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് പദ്ധതിയും ഒരു രൂപയ്ക്ക് അരി വിതരണവും. 

'ശ്രുതിതരംഗം' പദ്ധതിയില്‍ ആദ്യ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബിയാന്‍ക എന്ന കുട്ടിക്ക് സമ്മാനം നല്‍കിക്കൊണ്ടാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ സാമൂഹിക ക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു.സാമൂഹ്യ ക്ഷേമവകുപ്പിന്റെ വെബ് സൈറ്റ് ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്റ്റാമ്പ് വില്പനയിലൂടെ സ്വരൂപിച്ച തുക സാമൂഹികസുരക്ഷാ മിഷനെ ഏല്‍പ്പിക്കുന്ന ചടങ്ങും നടന്നു
ശസ്ത്രക്രിയ നടത്തിയ ഡോ. നൗഷാദ്, ഡോ.കെ.ടി. രാമദാസ്, ഡോ.മനോജ്, ഡോ. എ രവി എന്നിവര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. 


എന്‍ഡോസള്‍ഫാന്‍: പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

എന്‍ഡോസള്‍ഫാന്‍: പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

 


 


കോഴിക്കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഒരു മാറ്റവുമില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം എടുത്തുവെന്നും എതിര്‍കക്ഷികളുടെ വാദം കേട്ടില്ലെന്നുമുള്ള ആരോപണം ഒഴിവാക്കുന്നതിന് വേണ്ടിയാണ് എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ കൂടി വിശദീകരണം തേടിയത്. സര്‍ക്കാറിന്റെ വാദം കുറ്റമറ്റതാക്കേണ്ട ബാധ്യത ഉദ്യോഗസ്ഥര്‍ക്കുണ്ട്. 

ഇതില്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. എന്നാല്‍ വസ്തുതകള്‍ക്ക് നേര്‍വിരുദ്ധമായ വാര്‍ത്തകളാണ് പലപ്പോഴും വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.