UDF

2020, ഏപ്രിൽ 18, ശനിയാഴ്‌ച

സ്പ്രിൻക്ലർ കരാർ സംശയം ജനിപ്പിക്കുന്നത്



'സ്പ്രിങ്ക്ളര്‍ കമ്പനി ഇടപാട്: മുഖ്യമന്ത്രിയുടെ വിശദീകരണം അനിവാര്യം' 
‘മറുപടി വൈകുന്തോറും ജനങ്ങളുടെ ആശങ്ക വ്യാപിക്കും’


വിദേശ കമ്പനിയായ സ്പ്രിംഗ്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന സംശയം ജനിപ്പിക്കുന്നതാണ്. വിദേശ നിയമപ്രകാരം സംസ്ഥാനത്തിന് കരാര്‍ ഒപ്പിടാനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോ, മന്ത്രിസഭയുടെ അനുമതിയോ, വകുപ്പകളുടെയൊന്നും അനുമതി കരാറിനില്ല. ഒരു ഘട്ടംവരെ സൗജന്യമാണെന്നാണ് പറയുന്നതെങ്കിലും കരാര്‍ നീട്ടാനുള്ള വ്യവസ്ഥയുണ്ട്. അതുപ്രകാരം ഭാവിയില്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടാകും. കരാര്‍ ഒപ്പു വച്ചത് ബന്ധപ്പെട്ട ഒരു വകുപ്പും അറിയാതെയാണ്. നിയമ, ധന, ആരോഗ്യ വകുപ്പുകള്‍ കരാര്‍ കണ്ടിട്ടില്ല.


പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ച സമയത്ത് സര്‍ക്കാരിന്റെ കയ്യില്‍ കരാറുമായി ബന്ധപ്പെട്ട് ഒരു ഫയലുപോലുമില്ലന്ന കാര്യം വ്യക്തമാണ്. സംഭവത്തില്‍ മുഖ്യമന്ത്രി കൃത്യമായി വിശദീകരണം നല്‍കണം. കരാര്‍ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞ മറുപടി ജനങ്ങള്‍ക്ക് ബോധ്യമായിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞ മറുപടികള്‍ നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ്.

കരാര്‍ രേഖ സൈറ്റില്‍ നിന്നു കമ്പനി പിന്‍വലിച്ചു. ഇത് സംശയകരമാണ്. ഏതെങ്കിലും തരത്തില്‍ നിയമനടപടികള്‍ ഉണ്ടായി കമ്പനിക്ക് നഷ്ടം ഉണ്ടാവുകയാണെങ്കില്‍ അത് സംസ്ഥാന സര്‍ക്കാര്‍ നികത്തണം എന്നാണ് കരാറിലെ വ്യവസ്ഥ. ഇത് അസാധാരണമാണ്. ഇപ്പോള്‍ മാത്രമല്ല, കഴിഞ്ഞ പ്രളയകാലത്തും കമ്പനി ഇവിടെയുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. അന്ന് ഈ കമ്പനിയുടെ പങ്കെന്തായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

1991ല്‍ ഞാന്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ എഡിബിയും വേള്‍ഡ് ബാങ്കും നമ്മുടെ സംസ്ഥാനത്തെ സഹായിക്കാന്‍ മുന്നോട്ടുവന്നിരുന്നു. വിദേശ ഏജന്‍സികള്‍ ഇവിടെ വേണ്ടായെന്ന് പറഞ്ഞ് ആ ടീമിലെ അംഗങ്ങളെ കായികമായി കയ്യേറ്റം ചെയ്തു. പിന്നീടവരെ മുറിയില്‍ പൂട്ടിയിടുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തത് അന്ന് വലിയ വാര്‍ത്തായായിരുന്നു. പതിറ്റാണ്ട് മുന്‍പ് ഞാന്‍ മുന്നോട്ടുവച്ച കാര്യങ്ങള്‍ അവര്‍ ഇപ്പോള്‍ ചെയ്യുന്നത്. വിദേശ സഹായം സ്വീകരിക്കുന്നതില്‍ സന്തോഷമാണ്. ഇത്ര വര്‍ഷം വൈകിയല്ലോ ഇവര്‍ക്ക് ഇത് തോന്നാന്‍ എന്ന സങ്കടമേ എനിക്കുള്ളൂ.