UDF

2020, ഏപ്രിൽ 29, ബുധനാഴ്‌ച

പ്രവാസികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരണം


ലോക്ക് ഡൌൺ തീരുന്നതിനു മുമ്പേ ചാര്‍ട്ടേഡ് വിമാനത്തില്‍ ഗള്‍ഫില്‍ നിന്നുള്ള പ്രവാസി മലയാളികളെ കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി നേടിയെടുക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്കി.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രവാസികളെ സ്വീകരിക്കാന്‍ കേരളം തയാറെടുത്തു കഴിഞ്ഞു. നിലവില്‍ വിമാന സര്‍വ്വീസുകള്‍ ഇല്ലാത്തതിനാല്‍ ചാര്‍ട്ടേഡ് വിമാനം ലഭിക്കാന്‍ എളുപ്പമാണ്. പൊതുവായ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ കേരളത്തിലേയ്ക്ക് നമ്മുടെ ആളുകളെ എത്തിക്കുവാന്‍ സാധിക്കണം.

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ നൂറുകണക്കിനു മലയാളി വിദ്യാര്‍ത്ഥികളെയും മറ്റുള്ളവരെയും നാട്ടിലേക്കു കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം. മാര്‍ച്ച് 31നു സര്‍വീസില്‍ നിന്നു വിരമിച്ച നിരവധി ജവാന്മാരും കേരളത്തിലേക്ക് മടങ്ങാന്‍ കാത്തിരിക്കുകയാണ്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍: അക്കാഡമിക് പ്രോജക്ടിന്റെ ഭാഗമായി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളത്തിലെ 5 നവോദയ സ്‌കൂളിലെ 100 വിദ്യാര്‍ത്ഥികള്‍. ഒരുമാസത്തിലേറെ ഈ കൊച്ചുകുട്ടികള്‍ സ്‌കൂള്‍ ഹോസ്റ്റലുകളില്‍ തുടരുകയാണ്.

മൈസൂര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിലെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 41 കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും ഉള്‍പ്പെടെ 126 പേര്‍. പ്രത്യേക പരിഗണന വേണ്ടുന്ന ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് മുന്‍തൂക്കം നല്‍കണം.

വിവിധ സ്ഥലങ്ങളില്‍ അകപ്പെട്ടിരിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍: മദ്രാസ് മെഡിക്കല്‍ മിഷനിലെ 85 ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍. പ്രത്യേക ബസുകളില്‍ വരാന്‍ താത്പര്യപ്പെടുന്ന അവര്‍ക്ക് പാസ് കിട്ടിയിട്ടില്ല.

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ മിഷന്‍ കോളേജില്‍ 170 നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും 85 പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും. തൂത്തുക്കുടി സെന്റ് ആന്‍സ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ 28 വിദ്യാര്‍ത്ഥികള്‍. ചെന്നൈ താംബരം എം.എ. ചിദംബരം സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ 8 വിദ്യാര്‍ത്ഥികള്‍. സേലം വിനായക മിഷന്‍ ഹോമിയോ മെഡിക്കല്‍ കോളേജിലെ 28 ഹൗസ് സര്‍ജന്‍മാര്‍. മംഗലാപുരം എ.ജെ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 40 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍. എംജിഎം ന്യൂ ബോംബെ കോളജ് ഓഫ് നഴ്‌സിംഗിലെ 57 വിദ്യാര്‍ത്ഥികള്‍.


മാര്‍ച്ച് 31 ന് സേവനം പൂര്‍ത്തിയാക്കിയ ഊട്ടി, ജബല്‍പൂര്‍, സെക്കന്തരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ ജവാന്മാര്‍ നാട്ടിലേയ്ക്ക് പുറപ്പെടാന്‍ പാസിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

കോവിഡ് 19 മഹാമാരി മൂലം ഗള്‍ഫിലെ പ്രവാസികളുടെ അവസ്ഥ ദിനംപ്രതി വഷളാകുന്ന സാഹചര്യത്തില്‍ അവരെ തിരികെ കൊണ്ടുവരാന്‍ മെയ് 3 വരെ കാത്തിരിക്കാതെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തു നല്കി. 

ഗള്‍ഫില്‍ ജോലി ചെയ്യുന്ന എല്ലാ രാജ്യങ്ങളിലെയും പൗരന്മാരെ അതതു രാജ്യങ്ങള്‍ തിരികെ കൊണ്ടുപോയി. ഇന്ത്യക്കാരെ ഘട്ടംഘട്ടമായി മടക്കിക്കൊണ്ടുവരാനുള്ള കാര്യത്തിലും ഇത് വരെ തീരുമാനം ആയിട്ടില്ല

ഗര്‍ഭിണികള്‍ അടക്കം ഉള്ള സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, വിസിറ്റിംഗ് വിസയില്‍ ഗള്‍ഫിലും മാലദ്വീപിലും കുടുങ്ങിയവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്കണം. തുടര്‍ന്ന് ബാക്കിയുള്ളവര്‍ക്കും മറ്റു രാജ്യങ്ങളിലുള്ളവര്‍ക്കും വരാന്‍ അവസരം ഉണ്ടാകണം.

മടങ്ങിവരുന്ന പ്രവാസികള്‍ക്കുവേണ്ടി കേരളത്തിലെ വിമാനത്താവളങ്ങള്‍ക്കു സമീപം ക്വാറന്റീന്‍ ക്യാമ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്.

ഗള്‍ഫിലെ പ്രവാസികള്‍ വളരെ ഗുരുതമായ അവസ്ഥയിലൂടെയാണു കടന്നുപോകുന്നത്. ലേബര്‍ ക്യാമ്പുകളില്‍ ചില സ്ഥലത്ത് അമ്പതു പേർ വരെ ഒന്നിച്ചാണു കഴിയുന്നത്. ഒരാള്‍ക്ക് രോഗംപിടിച്ചാല്‍ അതു മറ്റുള്ള എല്ലാവരിലും വലിയ പ്രത്യാഘാതം ഉണ്ടാക്കും. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മരുന്നും മറ്റു സൗകര്യങ്ങളും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ എംബസിക്ക് അടിയന്തരം നിര്‍ദേശം നല്കണമെന്നും ആവശ്യപ്പെട്ടു.

കോവിഡ് 19ന്റെ നിയന്ത്രണം മൂലമോ, വിമാനങ്ങള്‍ റദ്ദാക്കുന്നതു മൂലമോ യാത്ര മുടങ്ങുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വിമാനക്കമ്പനികള്‍ പാലിക്കുന്നില്ല. മാര്‍ച്ച് 24ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കേ ഇതു ബാധകമാകൂ എന്നാണ് വിമാനകമ്പനികളുടെ നിലപാട്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം ആരും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലാത്തതിനാല്‍ ഒരാള്‍ക്കുപോലും പ്രയോജനം കിട്ടില്ല. പ്രധാനമന്ത്രിയുടെ തീരുമാനം നടപ്പാകുന്നുവെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

#Covid19