UDF

2016, മേയ് 16, തിങ്കളാഴ്‌ച

നെഞ്ചത്തു കല്ലെറിഞ്ഞിട്ടും സഹിച്ചു


ബിജെപി ഒരു കാരണവശാലും കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തിന്റെ മനസ് ബിജെപിയുടെ വിഭാഗീയ ചിന്താഗതിയോട് യോജിക്കുന്നില്ല. ഇടതുപക്ഷവുമായിചേർന്നു മൽസരിച്ചപ്പോഴും അക്കൗണ്ട് തുറക്കാനായിട്ടില്ല. പ്രധാനമന്ത്രിയുടെ സൊമാലിയ പരാമർശത്തിനു ജനം മറുപടി നൽകും. പരാമർശം ലോകമെമ്പാടുമുള്ള മലയാളികൾക്ക് അപമാനം. റബർ കർഷകൻ ഇത്രവലിയ കഷ്ടപ്പാടിലൂടെ കടന്നുപോകുമ്പോൾ കേന്ദ്ര സർക്കാർ ഇതു കണ്ടില്ലെന്നു നടിക്കുകയാണെന്നും മുഖ്യമന്ത്രി കോട്ടയം പ്രസ്ക്ലബ്ബിൽ നടന്ന നിലപാട് 2016 പരിപാടിയിൽ പറഞ്ഞു.

കേരളത്തിൽ മൽസരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. സിപിഎമ്മിന്റെ അക്രമത്തിനെതിരായ വിധിയെഴുത്താകും തിരഞ്ഞെടുപ്പു ഫലം. കെ.കെ.രമയ്ക്കെതിരെ നടന്നത് ക്രൂരമായ കടന്നാക്രമണമാണ്. ഇതു തികച്ചും അപലപനീയമാണ്. എത്ര സീറ്റ് കിട്ടും എന്നു പ്രവചിക്കുന്നില്ല. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റ് കിട്ടും. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുമായുള്ള തന്റെ അടുത്തബന്ധം സിപിഎം ഭയക്കുന്നതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ബിജെപി തന്നെ നേരിടുന്നത് രാഷ്ട്രീയമായി ആണെങ്കിൽ സിപിഎം തന്നെ കഴിഞ്ഞ അഞ്ചുവർഷവും നേരിട്ടത് വ്യക്തിപരമായ ആക്രമണത്തിലൂടെയാണ്. എത്രയോ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി വ്യക്തിപരമായി വേട്ടയാടി. സിപിഎം നേതാക്കൾ ജനങ്ങളുമായുള്ള എന്റെ ബന്ധത്തെയും അടുപ്പത്തെയും ഭയക്കുന്നു. ജനസമ്പർക്ക പരിപാടിയിൽ പോകുരുതെന്ന് സിപിഎം ജനങ്ങളെ വിലക്കി. പക്ഷേ സിപിഎം നേതാക്കളുടെ ബന്ധുക്കൾ ജനസമ്പർക്ക പരിപാടിയിൽ വന്നു.

ഇത്രയധികം ആക്ഷേപങ്ങളും ആരോപണങ്ങളും നേരിട്ട ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടുണ്ടോ? എന്റെ നെഞ്ചത്താണ് കല്ലെറിഞ്ഞത്. എല്ലാം ഞാൻ സഹിച്ചു. എവിടെയെങ്കിലും ഒരു ചെറിയ കല്ലേറുണ്ടായാൽ ഹർത്താൽ നടത്താൻ ചിലർ മടിക്കാറില്ല. ഞാൻ പറഞ്ഞു എനിക്ക് എറി കൊണ്ടതിന്റെ പേരിൽ ഹർത്താൽ പാടില്ല. ഒരു വാഹനവും തടഞ്ഞില്ല. ഒരു ഹർത്താൽ വന്നാൽ ഒരു ദിവസം സ്തംഭിക്കും. മൂന്ന് ദിവസം എടുക്കും സാധാരണ ജനജീവിതത്തിലേക്ക് വരാൻ.

ഇടതുസർക്കാരിന്റെ കാലത്ത് ഉദ്യോഗസ്ഥരെ പഴിചാരിയാണ് മന്ത്രിമാർ രക്ഷപ്പെട്ടത്. അഞ്ചുകൊല്ലത്തിനിടെ ഞാൻ ഒരു ഉദ്യോഗസ്ഥനെയും കുറ്റപ്പെടുത്തി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. എല്ലാത്തിന്റെയും ഉത്തരവാദിത്വം മുഖ്യമന്ത്രിയായ ഞാൻ ഏറ്റെടുത്തിട്ടേയുള്ളു. ഒരു പ്രശ്നത്തിൽ നിന്നും ഉത്തരവാദിത്വത്തിൽ നിന്നും ഞാനൊഴിഞ്ഞുമാറില്ല. ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും കാര്യത്തിൽ എനിക്ക് തന്നെയാണ് ഉത്തരവാദിത്വം–മുഖ്യമന്ത്രി പറഞ്ഞു