UDF

2016, മേയ് 1, ഞായറാഴ്‌ച

പ്രതിപക്ഷത്തിനുപോലും പരാതി ഇല്ലാത്ത ഭരണം


സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന് പ്രതിപക്ഷം പോലും പറയുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വീഴ്ചയോ വാഗ്ദാനലംഘനമോ ഒരിടത്തും പറയാനില്ല. പ്രതിപക്ഷത്തിന്റെ ഏക ആയുധം വ്യാജ ആരോപണങ്ങളാണ്. വ്യാജ ആരോപണങ്ങളല്ലാതെ തെളിവിന്റെ ഒരു തുണ്ട് കടലാസ് പോലും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്സ്‌ക്ലബ്ബില്‍ കേരളസഭ-2016ല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സത്യമല്ലാത്ത ആരോപണങ്ങളാണ് വി.എസ് ഉന്നയിക്കുന്നത്. 31 കേസ്സിലെ പ്രതിയാണ് താനെന്ന് വി.എസ് ആരോപിക്കുന്നു. എഫ്‌ഐആര്‍ പോലുമില്ലാതെ എങ്ങിനെയാണ് കേസാവുക. വി.എസിന്റെ പ്രായം മാനിച്ചാണ് തനിക്കെതിരെ ഒരുപാട് ദുരാരോപണങ്ങള്‍ ഉന്നയിച്ചിട്ടും പ്രതികരിക്കാതിരുന്നത്. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന മറ്റു പലരെയും ബാധിക്കുന്ന വിഷയമാണിത്. ആരോപണവും അഴിമതിയും രണ്ടും രണ്ടാണ്. ആശയപരവും വസ്തുതാപരവുമായ വിമര്‍ശനങ്ങള്‍ക്ക് പകരം ദുരാരോപണം ആവര്‍ത്തിക്കുകയാണ്. തുടര്‍ച്ചയായി ആരോപണം ഉന്നയിച്ചാല്‍ ശരിയെന്ന് ധരിച്ചുകൊള്ളുമെന്നാണ് അവര്‍ കരുതുന്നത്. ജനങ്ങള്‍ക്ക് എല്ലാം മനസ്സിലാകും-മുഖ്യമന്ത്രി പറഞ്ഞു.
വി.എസ് ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം ഔദ്യോഗിക രേഖകളിലുണ്ട്. അദ്ദേഹം ഉന്നയിച്ച പാമോലിന്‍ കേസിനെ കുറിച്ചാണെങ്കില്‍ നിയമസഭാ രേഖകള്‍ നോക്കിയാല്‍ മതി. അന്നത്തെ കരുണാകരന്‍ മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു താന്‍. നിയമസഭയില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ മുഖ്യമന്ത്രിക്ക് പകരം മറുപടി പറഞ്ഞത് താനാണ്. പാമോയിലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ഒരു നഷ്ടവും ഉണ്ടായിട്ടില്ല. 8.42 കോടി രൂപയുടെ ലാഭമാണുണ്ടായത്. എന്നാല്‍ രണ്ടു കോടി രൂപ കൂടി ലാഭമുണ്ടാകുമായിരുന്നു എന്നാണ് പരാതി. അന്ന് പാമൊലിന്‍ ഇറക്കുമതിക്ക് കേരളത്തിന് പുറമെ അഞ്ച് സംസ്ഥാനങ്ങള്‍ക്കെ അനുമതിയുണ്ടായിരുന്നുള്ളൂ. വിമര്‍ശകര്‍ പറയും പ്രകാരമാണെങ്കില്‍ തീരെ പാമൊലിന്‍ ഇറക്കുമതിതന്നെ നടക്കുമായിരുന്നില്ല. ഇതിന്റെ എല്ലാ വസ്തുതകളും ആര്‍ക്കുമുമ്പിലും ഹാജരാക്കാമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പല മന്ത്രിമാരെയും പല പേരുകളിലാണ് വിളിച്ചിരുന്നത്. ഒരാളെ പോഴന്‍ എന്നാണ് വിളിച്ചിരുന്നത്. വി എസ് ഉപയോഗിക്കുന്ന അത്തരം വാക്കുകളുടെ അര്‍ത്ഥം തനിക്കറിയില്ല. അക്രമം നടത്താറില്ലെങ്കിലും കിട്ടിയതിനൊക്കെ പലിശസഹിതം തിരിച്ചുകൊടുക്കുമെന്നാണ് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പ്രസംഗം. പലിശ സഹിതം തിരിച്ചുകൊടുക്കുന്നതായിരിക്കും അദ്ദേഹത്തിന്റെ രീതി. എന്നാല്‍ തങ്ങള്‍ പലിശ ഇളവു ചെയ്തുകൊടുക്കുന്നവരാണ്. പാവങ്ങള്‍ അപേക്ഷയുമായി വരുമ്പോള്‍ ഇനിയും പലിശ ഇളവു ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലക്കാട് വ്യവസായ എസ്റ്റേറ്റില്‍ വിജയ് മല്ല്യക്ക് ഭൂമി നല്‍കിയതില്‍ ഈ സര്‍ക്കാറിന് ഒരു പങ്കുമില്ല. 1971ല്‍ കമ്മ്യൂണിസ്റ്റ് മന്ത്രി അങ്ങോട്ട് ചോദിച്ചാണ് മല്ല്യക്ക് ഭൂമി നല്‍കിയത്. കേരളത്തില്‍ വ്യവസായം വരാന്‍ നടത്തിയ ആ നീക്കത്തില്‍ തെറ്റുപറയാനാവില്ല. പാട്ടത്തിന് നല്‍കിയ ഭൂമിക്ക് 1980ല്‍ താല്‍ക്കാലിക പട്ടയം നല്‍കി. പിന്നീട് പട്ടയം നല്‍കാനായി വില നിശ്ചയിച്ചപ്പോള്‍ സെന്റിന് 20000 രൂപയാണ് നിശ്ചയിച്ചത്. ഇതിനെതിരെ അവര്‍ കോടതിയില്‍ പോയി. 2013ല്‍ കേസില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചതോടെ വിലയുടെ പലിശ കൂടി കണക്കാക്കി സെന്റിന് 70000 രൂപയാണ് നിശ്ചയിച്ചത്. നിയമ പ്രകാരം നിരവധി വര്‍ഷങ്ങളായി തുടര്‍ന്ന നടപടി ക്രമത്തില്‍ ജില്ലാ കലക്ടറും കോടതിയുമാണ് തീരുമാനങ്ങളെടുത്തത്. എന്നിട്ടും യുഡിഎഫ് സര്‍ക്കാര്‍ ഭൂമി ദാനം നടത്തി എന്ന് വ്യാജ പ്രചാരണം നടത്തുകയാണ് ചിലര്‍.
 
ന്യൂനപക്ഷ വോട്ട് ലാക്കാക്കിയാണ് പിണറായി വിജയന്‍ യുഡിഎഫ്-ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നത്. അത് അവര്‍ക്ക് തന്നെ തിരിച്ചടിയാവും. ബിജെപിയുമായി ചരിത്രത്തില്‍ ഒരിക്കല്‍പോലും ഒന്നിച്ചിട്ടില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ആര്‍എസ്എസും ബി ജെ പിയുമായി കൂട്ടുകൂടിയ ചരിത്രം സിപിഎമ്മിനാണ്. 1977ല്‍ പഴയ ജനസംഘക്കാരുമായി കൂട്ടുകൂടുകയും കെജി മാരാര്‍ക്കൊപ്പം വേദി പങ്കിടുകയും ചെയ്തയാളാണ് പിണറായി വിജയന്‍. ആ തെരഞ്ഞെടുപ്പില്‍ സംഘ്പരിവാര്‍ ബാന്ധവത്തിന് സിപിഎമ്മിനെ ജനം പാഠം പഠിപ്പിച്ചു. 111 സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ എത്രയോ തവണ ജനസംഘത്തിനും പിന്നീട് ബി ജെ പിക്കുമൊപ്പം സി പി എം കൂട്ടുകൂടി. 1989ല്‍ ഡല്‍ഹിയില്‍ നടന്നിരുന്ന ചൊവ്വാഴ്ച മീറ്റിംഗുകളില്‍ എല്‍ കെ അദ്വാനിയും ഇ എം എസുമെല്ലാം ഒന്നിച്ചിരുന്നാണ് കരുക്കള്‍ നീക്കിയത്. 2008ല്‍ ആണവകരാറിന്റെ പേരില്‍ ഒന്നാം യു പി എ സര്‍ക്കാറിനെ താഴെയിറക്കാന്‍ ബി ജെ പിയുമായി ചേര്‍ന്നവരാണ് സി പി എം. എന്നിട്ടാണ് പിണറായി വിജയന്‍ ബി ജെ പി ബന്ധം ആരോപിച്ച് പഠിപ്പിക്കാന്‍ വരുന്നത്.

അസഹിഷ്ണുതക്കെതിരെ യോജിക്കേണ്ട നിര്‍ണായക ഘട്ടമായിരുന്നു ബീഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പ്. ആര്‍ ജെ ഡിയും ജെ ഡി യുവും കോണ്‍ഗ്രസ്സുമെല്ലാം ഗ്രാന്റ് അലയന്‍സ് ഉണ്ടാക്കി ബി ജെ പിയെ ചെറുത്തപ്പോള്‍ വോട്ടുകള്‍ ഭിന്നിപ്പിക്കാനായിരുന്നു അവിടെ സി പി എം ശ്രമം. അവര്‍ക്ക് കെട്ടിവെച്ച കാശ് പോലും ലഭിച്ചില്ലെങ്കിലും ബി ജെ പിക്ക് 11 സീറ്റുകള്‍ അധികം ലഭിക്കാന്‍ അതു കാരണമായി. ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കാനുള്ള സമയത്തൊന്നും സി പി എമ്മിനെ എവിടെയും കണ്ടിട്ടില്ല.
കംപ്യൂട്ടറിനെതിരെ സമരം നയിച്ചവര്‍ തെറ്റായ നിലപാട് തിരുത്തുന്നത് സന്തോഷകരമാണ്. എന്നാല്‍ ഒരു സങ്കടം ബാക്കിയാണ്. കാല്‍ നൂറ്റാണ്ടിന്റെ എതിര്‍പ്പുമൂലം ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ അവസരമാണ് നഷ്ടമായത്. ഐ.ടി രംഗത്ത് ഒന്നാമതെത്തേണ്ടിയിരുന്ന കേരളം അഞ്ചു വര്‍ഷം കൊണ്ട് ഏറെ മുന്നോട്ടുപോയി. 3000 കോടിയില്‍ നിന്ന് 15000 കോടിയായി കേരളത്തിന്റെ ഐടി കയറ്റുമതി വര്‍ധിപ്പിച്ചു. പക്ഷെ, ഒന്നാം സ്ഥാനത്തുള്ള കര്‍ണ്ണാടകയുടേത് 1.5 ലക്ഷം കോടിയാണ്. നമ്മുടേതിന്റെ പത്തിരട്ടി. 2020ല്‍ ഐ ടിയും അല്ലാതെയുമായി എല്ലാവര്‍ക്കും കേരളത്തില്‍ ജോലി ഉറപ്പാക്കും. മാവൂര്‍ റയോണ്‍സ് ഭൂമിയിലെ വ്യവസായവും കോംട്രസ്റ്റ് നവീകരണവുമെല്ലാം വൈകാതെ യാഥാര്‍ത്ഥ്യമാവും.
 
പിണറായി വിജയന്‍ മാധ്യമങ്ങളെ കാണാതെ മുങ്ങിനടക്കുകയാണെന്ന അഭിപ്രായം തനിക്കില്ല. അദ്ദേഹം വാര്‍ത്താ സമ്മേളനങ്ങള്‍ റദ്ദാക്കുന്നത് തൊണ്ടവേദന ആയതുകൊണ്ടായിരാക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.